അവകാശങ്ങളെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കണം: ഗവര്‍ണര്‍

303
0
Share:

വ്യക്തി എന്ന നിലയിലുള്ള അവകാശങ്ങളെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കി വളര്‍ത്താന്‍ രക്ഷകര്‍ത്താക്കള്‍ തയ്യാറാകണമെന്ന് ഗവര്‍ണര്‍ പി. സദാശിവം . പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ 130-ാം ജന്മദിനത്തില്‍ പൊതു വിദ്യാഭ്യാസ വകുപ്പും സംസ്ഥാന ബാല സാഹിത്യ അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച നെഹ്രുസ്മൃതി പരിപാടിയുടെ സമാപന സമ്മേളനം പട്ടം സെന്റ് മേരീസ് സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍.

കുട്ടികള്‍ പൂന്തോട്ടത്തിലെ പൂക്കളെപ്പോലെയാണ്. അവരെ അതീവ ശ്രദ്ധയോടെയും സ്‌നേഹത്തോടെയും പരിപാലിക്കണമെന്നാണ് നെഹ്രു വിശ്വസിച്ചിരുന്നതെന്ന് ഗവര്‍ണര്‍ പറഞ്ഞു. എല്ലാ കുട്ടികളും ഭരണഘടനയുടെ ആമുഖവും മൗലിക ധര്‍മങ്ങളും വായിച്ചിരിക്കണം. അവകാശങ്ങളെക്കുറിച്ചു മാത്രമല്ല, കടമകളെക്കുറിച്ചും ബോധവാന്മാരാകണം. ദേശീയപതാകയെയും ദേശീയ ഗാനത്തെയും മാനിക്കണം. പൊതുസ്ഥലങ്ങള്‍ക്കും പൊതുസ്വത്തുക്കള്‍ക്കും ഒരിക്കലും നാശനഷ്ടം വരുത്തരുത്. മതത്തിന്റെ പേരിലല്ല, ഇന്ത്യക്കാരന്‍ എന്നതിലാണ് എല്ലാവരും അഭിമാനിക്കേണ്ടത്. സുദീര്‍ഘമായ ഔദ്യോഗിക ജീവിതത്തിലൊരിക്കല്‍പോലും മതപരമായ ഒരു ചടങ്ങിലും താന്‍ പങ്കെടുത്തിട്ടില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

വിദ്യാഭ്യാസം എല്ലാ കുട്ടികളുടെയും മൗലികാവകാശമാണ്. ആറുമുതല്‍ 14 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് വിദ്യാഭ്യാസം സാര്‍വത്രികമാക്കുന്നതിന് പാര്‍ലമെന്റില്‍ നിയമം പാസാക്കിയിട്ടുണ്ടെങ്കിലും ഇന്ത്യയിലെ എത്രയോ കുട്ടികള്‍ക്ക് ഇന്നും പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിക്കുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കുട്ടികളുടെ വായനാശീലം പരിപോഷിപ്പിക്കാന്‍ ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന പരിപാടികളെ അദ്ദേഹം ശ്ലാഘിച്ചു. കുട്ടികളെ പുതിയ ലോകത്തേക്ക് നയിക്കുകയും ശരിയായ രീതിയില്‍ വാര്‍ത്തെടുക്കുകയും ചെയ്യുന്നതിന് ബാലസാഹിത്യ ഗ്രന്ഥങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. കുട്ടികളുടെ ബൗദ്ധിക വികാസത്തിനുതകുന്ന വിവരദായകവും ശാസ്ത്ര സംബന്ധിയുമായ പുസ്തകങ്ങള്‍ ധാരാളമായി അവര്‍ക്ക് ലഭ്യമാക്കണം. അച്ചടിച്ച പുസ്തകങ്ങള്‍ മാത്രമല്ല, ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളും മറ്റു പുതിയ സംവിധാനങ്ങളും കുട്ടികള്‍ക്ക് ലഭ്യമാക്കണം. വായന മനുഷ്യനെ പൂര്‍ണനാക്കുന്നു എന്ന ഫ്രാന്‍സിസ് ബേക്കണിന്റെ വാക്യം കുട്ടികള്‍ മനസ്സിലാക്കണം.

ഗ്രാമീണരായ കുട്ടികളുടെ ദാരിദ്ര്യാവസ്ഥയെക്കുറിച്ചും മറ്റും മനസ്സിലാക്കുവാനും കുട്ടികള്‍ ശ്രമിക്കണം. ലിംഗസമത്വം എല്ലാവര്‍ക്കും അവകാശപ്പെട്ടതാണെന്ന അറിവ് വീട്ടില്‍ നിന്നുതന്നെ അവര്‍ക്ക് ലഭിച്ചിരിക്കണം. തങ്ങള്‍ക്കുള്ള എല്ലാ അവകാശങ്ങളും തങ്ങളോടൊപ്പം പഠിക്കുകയും ജീവിക്കുകയും ചെയ്യുന്ന പെണ്‍കുട്ടികള്‍ക്കുമുണ്ട് എന്ന അറിവ് ഓരോ ആണ്‍കുട്ടിക്കുമുണ്ടാവണമെന്നും ഗവര്‍ണര്‍ പറഞ്ഞു.

ചടങ്ങില്‍ സ്വാതന്ത്ര്യ സമര സേനാനി കെ. പദ്മനാഭ പിള്ളയെ ഗവര്‍ണര്‍ ആദരിച്ചു. ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ എട്ട് പുതിയ പുസ്തകങ്ങള്‍ ഗവര്‍ണര്‍ പ്രകാശനം ചെയ്തു. മന്ത്രി എ.കെ. ബാലന്‍ അധ്യക്ഷത വഹിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ കെ.വി. മോഹന്‍കുമാര്‍, സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍, ഭരണസമിതി അംഗം ജി. രാധാകൃഷ്ണന്‍, തിരുവനന്തപുരം മേജര്‍ അതിരൂപത വികാരി ജനറല്‍ ഡോ. മാത്യു മനക്കരക്കാവില്‍ കോര്‍ എപ്പിസ്‌കോപ്പ, സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജോണ്‍ സി.സി., സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ എബി എബ്രഹാം തുടങ്ങിയവര്‍ സംബന്ധിച്ചു.

Share: