മൂന്നു സുനിശ്ചിത മാര്‍ഗ്ഗങ്ങള്‍: മെച്ചപ്പെടുത്തുക! മെച്ചപ്പെടുത്തുക! മെച്ചപ്പെടുത്തുക!

Share:

എം ആർ കൂപ് മേയർ പരിഭാഷ: എം ജി കെ നായർ

എളുപ്പത്തില്‍ കൂടുതല്‍ സമ്പന്നനാകാനുള്ള മൂന്നു സുനിശ്ചിത മാര്‍ഗ്ഗങ്ങള്‍:-

(1) ഉല്പന്നങ്ങള്‍ മെച്ചപ്പെടുത്തുക:

“ഉല്പന്നങ്ങള്‍” എന്ന പദംകൊണ്ട് ഞാന്‍ വിവക്ഷിക്കുന്നത് പ്രത്യക്ഷമായ സകല വസ്തുക്കളെയുമാണ്‌. നിങ്ങള്‍ ഉപയോഗിക്കുകയോ നിര്‍മ്മിക്കുകയോ നിങ്ങള്‍ക്ക് ചിരപരിചിതമോ, ആയ ഉല്പന്നങ്ങളുടെ മെച്ചപ്പെടുത്തലിനെപ്പറ്റി ആശയങ്ങള്‍ സ്ഫുരിക്കാനാണ് കൂടുതല്‍ സാദ്ധ്യതയെന്നത് സുവ്യക്തമാണ്.

നിങ്ങളുടെ തന്നെ പ്രവര്‍ത്തനമണ്ഡലത്തിലുള്ള ഉല്പന്നങ്ങള്‍ മെച്ചപ്പെടുത്തുന്നതിലൂടെയാണ് നിങ്ങള്‍ക്ക് ബൃഹത്തും സത്വരവുമായ നേട്ടങ്ങള്‍ ഉണ്ടാകുവാന്‍ കൂടുതല്‍ സാദ്ധ്യതയെന്നതും ഒരു വസ്തുതയാണ്.

എതോരുല്പന്നവും ഏതെങ്കിലും വിധത്തില്‍ – മിക്കപ്പോഴും പലതരത്തില്‍ – മെച്ചപ്പെടുത്താവുന്നതിനാല്‍, നിങ്ങള്‍ വ്യക്തിപരമായി ബന്ധപ്പെട്ടിട്ടില്ലാത്ത ഉല്പന്നങ്ങളുടെയും മെച്ചപ്പെടുത്തലുകള്‍ക്കുള്ള ആശയങ്ങള്‍ നിങ്ങള്‍ക്കു സ്ഫുരിപ്പിക്കാവുന്നതാണ്.

ഫ്രഞ്ച് ഗണിതശാസ്ത്രജ്ഞന്‍ ജൂള്‍സ് ഹെന്‍ട്രി പോയ്ന്‍കേര്‍ ചൂണ്ടികാണിച്ചിട്ടുള്ളത് പോലെ, “ഉപബോധ മനസ്സില്‍ ഈ പ്രവര്‍ത്തനം (പ്രചോദിപ്പിക്കല്‍ അഥവാ ആശയസ്ഫുരണം) അതിനുമുമ്പും പിമ്പും ബോധപൂര്‍വ്വമായ പ്രവര്‍ത്തനം നടക്കുന്നില്ലെങ്കില്‍ അസാദ്ധ്യമാണ്; അല്ലെങ്കില്‍, എങ്ങനെയായാലും, പ്രയോജനരഹിതമാണ്.

ചിരപരിചിതമാല്ലാത്ത ഉല്പന്നങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ആശയങ്ങള്‍ സ്ഫുരിക്കുവാനും അവ ഫലപ്രദമാക്കുവാനും കഴിയുമെന്നു തന്നെയാണ് എൻറെ വ്യക്തിപരമായ അഭിപ്രായം. എന്നാല്‍ അതിനുള്ള സാദ്ധ്യത കുറവാണ്. ഒരുല്പന്നം നിങ്ങള്‍ നിര്‍മ്മിക്കുകയോ ഉപയോഗിക്കുകയോ ചെയ്യുമ്പോള്‍ പുനര്‍വിന്യസിക്കുകയോ രൂപാന്തരപ്പെടുത്തുകയോ, മാറ്റം വരുത്തുകയോ ചെയ്തു മെച്ചപ്പെടുത്താവുന്ന ഉല്പന്നത്തെപ്പറ്റിയുള്ള ചിരപരിചിതമായ വിവരങ്ങള്‍ നിങ്ങളുടെ ഉപബോധമനസ്സില്‍ (ആശയ നിര്‍മ്മാണ മണ്ഡലത്തില്‍) പ്രതിഷ്ഠാപനം ചെയ്യുകയാണ്ചെയ്യുന്നത്. തുടര്‍ന്ന് മെച്ചപ്പെടുത്തിയ ഉല്പന്നം കൂടുതല്‍ വികസിപ്പിക്കുന്നതിനു ശ്രമിച്ചുകൊണ്ട് – യഥാര്‍ത്ഥത്തിലോ ഭാവനയിലോ – നിങ്ങളുടെ പുതിയ ആശയത്തെ നിങ്ങള്‍ പരീക്ഷിക്കുകയും നിജസ്ഥിതി പരിശോധിക്കുകയും ചെയ്യുന്നു.

മിക്ക ഉല്പന്നങ്ങളും കണ്ടുപിടിച്ചതും ഇന്നത്തെ അവസ്ഥയില്‍ വികസിപ്പിച്ചെടുത്തതും അങ്ങനെയാണ്. നിങ്ങളും നിങ്ങളെപ്പോലെയുള്ളവരും ആ രീതിയില്‍ തന്നെയായിരിക്കും. മെച്ചപ്പെടുത്തലുകള്‍ക്കുള്ള എഴുപതുശതമാനം ആശയങ്ങളും (നിങ്ങളെപ്പോലെയുള്ള ) വ്യക്തികളില്‍ നിന്നുമാണ് ഉണ്ടാകുന്നത്; പ്രൊഫഷണല്‍ ഗവേഷകരില്‍ നിന്നുമല്ല!

(2) സമ്പ്രദായങ്ങള്‍ മെച്ചപ്പെടുത്തുക.

മിക്കവാറും എല്ലാകാര്യങ്ങളും ചെയ്യുന്നതിനുള്ള സമ്പ്രദായങ്ങള്‍ വളരെ വേഗം, ശക്തമായിമാറിക്കൊണ്ടിരിക്കുകയാണ്. അതിനാല്‍ മെച്ചപ്പെടുത്തുന്നതിനുള്ള സമ്പ്രദായങ്ങള്‍ക്കുള്ള ആശയങ്ങള്‍ സ്ഫുരിപ്പിക്കുന്നതിന് നിങ്ങള്‍ക്കുള്ള അവസരങ്ങള്‍ അപരിമിതമാണ്.

ഉല്പന്നങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള അതേ തത്ത്വങ്ങള്‍ സമ്പ്രദായങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും പ്രയോഗിക്കാവുന്നതിനാല്‍, അവ ഇവിടെ ആവര്‍ത്തിക്കുന്നതിനുപകരം, ഈ അദ്ധ്യായത്തിൻറെ തുടക്കത്തിലേക്കു തിരിഞ്ഞുനോക്കുന്നതിനും “ഉല്പന്നങ്ങള്‍”എന്നതിനു പകരം “സമ്പ്രദായങ്ങള്‍” എന്നു മാറ്റുവാനും ഞാന്‍ നിര്‍ദ്ദേശിക്കുന്നു.

ദയവായി ഇതു ചെയ്യുന്നുവെന്ന് ഉറപ്പുവരുത്തുക. കാരണം, നിങ്ങളെ സ്വയം കൂടുതല്‍ ഉപയോഗയോഗ്യനാക്കുവാനും അതുവഴി കൂടുതല്‍ എളുപ്പത്തില്‍ ധനവാനാക്കുവാനും ഉള്ള ഏറ്റവും എളുപ്പത്തിലുള്ളതും സുനിശ്ചിതവുമായ മാര്‍ഗ്ഗം ‘സമ്പ്രദായങ്ങള്‍’ മെച്ചപ്പെടുത്തുകയെന്നതാണ്. അതിനാല്‍ ഈ അദ്ധ്യായത്തിൻറെ ആദ്യ ഭാഗം വീണ്ടും വായിക്കുന്നുവെന്ന് ഉറപ്പുവരുത്തുക. “ഉല്പന്നങ്ങള്‍” എന്നതിനു പകരം “സമ്പ്രദായങ്ങള്‍” എന്നു മാറ്റുക.

ഇനി ഇപ്പോള്‍മുതല്‍, എല്ലായ്പ്പോഴും ചിന്തിക്കുക:

മെച്ചപ്പെടുത്തുക! മെച്ചപ്പെടുത്തുക! മെച്ചപ്പെടുത്തുക!

ആദ്യം ബോധപൂര്‍വ്വം, പിന്നെ അബോധപൂര്‍വ്വം, എല്ലായ്പ്പോഴും (താഴെപ്പറയുന്ന ചോദ്യങ്ങള്‍) സ്വയം ചോദിക്കുന്ന സ്വഭാവം ഉണ്ടാക്കുക:

ഈ ഉല്പന്നം അല്ലെങ്കില്‍ ഈ സമ്പ്രദായം, എങ്ങനെ മെച്ചപ്പെടുത്താം?

ഈ പദ്ധതി, പ്രവര്‍ത്തനം, അല്ലെങ്കില്‍ സംഘടന എങ്ങനെ മെച്ചപ്പെടുത്താം?

മിക്ക ആളുകള്‍ക്കും സര്‍ഗ്ഗാത്മകമായി, ക്രിയാത്മകമായി, ഉജ്ജ്വലമായി, എങ്ങനെ ചിന്തിക്കണമെന്ന് ഒരിക്കലും അറിയില്ല. അവര്‍ ചിന്തിക്കുന്നുണ്ട്, തീര്‍ച്ച. ചെയ്യാനുള്ള പ്രവൃത്തികളെപ്പറ്റിയുള്ള ദൈനംദിന ചിന്തകള്‍ പൊതുവെ വിരസമായ ദൈനംദിനകൃത്യങ്ങള്‍ക്കും സംഭവങ്ങള്‍ക്കുമപ്പുറം അവര്‍ അപൂര്‍വ്വമായേ ചിന്തിക്കാറുള്ളു.

ഇനി അതുപാടില്ല!!!

ഏറ്റവും കുറഞ്ഞ പക്ഷം, നിങ്ങളെ സംബന്ധിച്ചെങ്കിലും, കാരണം, അനിയന്ത്രിതമായ ക്രിയാത്മകചിന്തയുടെ പ്രചോദനാത്മകവും ഉജ്ജ്വലവുമായ ലോകത്തില്‍ നിങ്ങള്‍ ഇപ്പോള്‍ പ്രവേശിച്ചു കഴിഞ്ഞു!

ഇപ്പോള്‍ മുതല്‍ ഏറ്റവും പ്രചോദനാത്മകവും ഹര്‍ഷോജ്ജ്വലവുമായ വിധത്തില്‍ ചിന്തിക്കുവാന്‍ നിങ്ങള്‍ക്ക് സകലതുമുണ്ട്. അതെങ്ങനെ മെച്ചപ്പെടുത്താം?

മനപ്പൂര്‍വ്വ ഭാവനയോടെ, ക്രിയാത്മകമായി നിങ്ങള്‍ ചിന്തിക്കുമ്പോള്‍ നിങ്ങളുടെ ചിന്തയ്ക്ക് യാതൊരു പരിധിയുമില്ല!

ഒരാശയവും നിങ്ങള്‍ ഏറ്റവും നല്ലതെന്നുകരുതി സ്വീകരിക്കുന്നില്ല. എന്നാല്‍ അതെപ്പറ്റി തുടര്‍ന്നും ചിന്തിച്ചുകൊണ്ടിരിക്കും: മെച്ചപ്പെടുത്തിയതിനെ എങ്ങനെ കൂടുതല്‍ മെച്ചപ്പെടുത്താം!

61 മാന്ത്രിക ചോദ്യങ്ങള്‍ ഉപയോഗിച്ച് അവ നിങ്ങള്‍ പരിശോധിക്കുക. കൂടുതല്‍ മെച്ചപ്പെടുത്തലിന് അതുവഴി സാദ്ധ്യമായ എല്ലാ പക്ഷാന്തരവും പരിഗണിക്കുക.

അതിനാല്‍ പ്രചോദനാത്മകവും ഉജ്ജ്വലവും സര്‍ഗ്ഗാത്മകവും ക്രിയാത്മകാവുമായ ചിന്താസരണി ഒരു ജീവിതകാലം മുഴുവന്‍ നിങ്ങള്‍ക്കു മുമ്പിലുണ്ട്! ഉല്പന്നങ്ങളും സമ്പ്രദായങ്ങളും പദ്ധതികളും പ്രവര്‍ത്തനങ്ങളും സംഘടനകളും മെച്ചപ്പെടുത്തുന്നതിനുള്ള ആശയങ്ങള്‍ നിങ്ങള്‍ സ്ഫുരിപ്പിക്കും!

നിങ്ങള്‍ നിങ്ങളെത്തന്നെ കൂടുതല്‍ ഉപയോഗയോഗ്യനാക്കും!

അതുവഴി, കൂടുതല്‍ സമ്പന്നനാക്കും……… എളുപ്പത്തില്‍!

മെച്ചപ്പെടുത്തലുകള്‍ ഉപയോഗിക്കുന്നതിനുള്ള സുനിശ്ചിതവും ഏറ്റവും പ്രയോജനപ്രദവുമായ മാര്‍ഗ്ഗം നാം അന്വേഷിക്കാന്‍ പോകുന്നതേയുള്ളു – കൂടുതല്‍ സമ്പന്നനാകാന്‍….. എളുപ്പത്തില്‍ ! ഇതാ:

(3) സ്വയം മെച്ചപ്പെടുത്തുക:

സ്വയം മെച്ചപ്പെടുമ്പോള്‍ (നന്നാകുമ്പോള്‍) ഉടന്‍ നിങ്ങള്‍ കൂടുതല്‍ ഉപയോഗ്യനായിത്തീരുന്നു. എളുപ്പത്തില്‍, കൂടുതല്‍ സമ്പന്നനാകാനുള്ള സ്വര്‍ണ്ണത്താക്കോല്‍ ‘കൂടുതല്‍ ഉപയോഗയോഗ്യനയിരിക്കുക’ എന്നുള്ളതാണ്!

സ്വയം മെച്ചപ്പെടുത്തുമ്പോള്‍ നിങ്ങള്‍ കൂടുതല്‍ ഉപയോഗ്യയോഗ്യനാകുന്നു. അത് നിങ്ങളെ കൂടുതല്‍ വിലയുള്ളവനാക്കുന്നു. അത് നിങ്ങളെ എളുപ്പത്തില്‍ കൂടുതല്‍ ധനവാനാക്കുമെന്നു തീര്‍ച്ച. സ്വയം മെച്ചപ്പെടുത്തുന്നതിൻറെ പ്രാധാന്യം കണക്കാക്കുമ്പോള്‍, ഈഅദ്ധ്യായത്തിൻറെ ഹ്രസ്വമായ ബാക്കിഭാഗം സ്വയം മെച്ചപ്പെടുത്തുന്നതിനുള്ള തെളിയിക്കപ്പെട്ട വിജയമാര്‍ഗ്ഗങ്ങളുടെ പഠനം ആരംഭിക്കാന്‍ പോലും പര്യാപ്തമല്ല.

വാസ്തവത്തില്‍, സ്വയം മെച്ചപ്പെടുത്തല്‍ വളരെയേറെ പ്രധാനമാകയാല്‍ ഈ പുസ്തകത്തിൻറെ തുടര്‍ന്നുള്ള അനേകം അദ്ധ്യായങ്ങള്‍ നിങ്ങളെ കൂടുതല്‍ ഉപയോഗ്യയോഗ്യനും കൂടുതല്‍ വിലപ്പെട്ടവനും ആക്കുന്നതിനുവേണ്ടിയുള്ള തെളിയിക്കപ്പെട്ട വിജയമാര്‍ഗ്ഗങ്ങള്‍ക്കുവേണ്ടി മാറ്റിവയ്ക്കുകയാണ്.

നിങ്ങളെ സ്വയം മെച്ചപ്പെടുത്താനുള്ള ഒട്ടേറെ മാര്‍ഗ്ഗങ്ങള്‍ പഠിക്കുന്നതിലൂടെ നിങ്ങള്‍ കൂടുതല്‍ ഉപയോഗയോഗ്യനായിത്തീരുന്നു. അങ്ങനെ കൂടുതല്‍ വിലപിടിപ്പുള്ളവനായിത്തീരുന്നു. കാരണം, അതാണ് നിങ്ങള്‍ക്ക് ലഭിക്കുന്ന സ്വര്‍ണ്ണത്താക്കോല്‍ – കൂടുതല്‍ സമ്പന്നനാകാന്‍ ….. എളുപ്പത്തില്‍!

എന്നാല്‍ ,

(1) ഉല്പന്നങ്ങള്‍ മെച്ചപ്പെടുത്തുന്നത്തിലൂടെയും

(2) സമ്പ്രദായങ്ങള്‍ മെച്ചപ്പെടുത്തുന്നതിലൂടെയും എങ്ങനെ എളുപ്പത്തില്‍ കൂടുതല്‍ സമ്പന്നനാകാമെന്ന് ആദ്യം പഠിക്കുക.

മൂന്നു ലളിതമായ – എന്നാല്‍ പൂര്‍ണ്ണമായും അത്യാവശ്യമായ – പ്രവര്‍ത്തനങ്ങള്‍, ഉല്പന്നങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും സമ്പ്രദായങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ഉള്ള നിങ്ങളുടെ ആശയങ്ങള്‍ ഉപയോഗിച്ച് ഏറ്റവും വലിയ പ്രതിഫലം നേടുന്നതിന്, നിങ്ങള്‍ ചെയ്യേണ്ടതുണ്ട്.

അടുത്ത അദ്ധ്യായത്തില്‍ അവ മൂന്നും നിങ്ങള്‍ക്കു പഠിക്കാം………..

Share: