വീടുകളിൽ ദേശീയ പതാക: എല്ലാവരും പങ്കാളികളാകണമെന്ന് മുഖ്യമന്ത്രി

Share:

തിരുവനന്തപുരം : ഇന്ത്യൻ സ്വാതന്ത്ര്യത്തിൻറെ 75-ാം വാർഷികാഘോഷമായ ആസാദി കാ അമൃത് മഹോത്സവത്തിൻറെ ഭാഗമായി  സ്വാതന്ത്ര്യ ദിനമായ ആഗസ്റ്റ് 15 വരെ കേരളത്തിലെ എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു.

സ്വാതന്ത്ര്യ ലബ്ധിക്കു വേണ്ടി പോരാടി ജീവത്യാഗം ചെയ്ത മഹാത്മാക്കൾക്ക് ആദരവ് അർപ്പിക്കുന്നതിനും സ്‌നേഹം വളർത്തുന്നതിനും ലക്ഷ്യമിട്ടുള്ള പരിപാടിയിൽ എല്ലാവരും പങ്കാളികളാകണം. വീടുകൾ, സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾ, ക്ലബ്ബുകൾ, വായനശാലകൾ എന്നിവിടങ്ങളിൽ ദേശീയ പതാക ഉയർത്തണം. ഇന്ത്യൻ ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിച്ചും ജനനൻമയും സുസ്ഥിര വികസനവും ഉറപ്പാക്കിയും നമുക്ക് മുന്നേറാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പതാക ഉയര്‍ത്തുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍

ഫ്‌ളാഗ് കോഡ് ഓഫ് ഇന്ത്യ 2002, ദേശീയ ബഹുമതികളോടുള്ള ആദരവ് സംബന്ധിച്ച 1971ലെ നിയമം എന്നിവ അനുസരിച്ചായിരിക്കണം ദേശീയ പതാക ഉയര്‍ത്തുന്നതും ഉപയോഗിക്കുന്നതും പ്രദര്‍ശിപ്പിക്കുന്നതും. 2002ലെ ഫ്‌ളാഗ് കോഡില്‍ 2021 ഡിസംബര്‍ 30നും 2022 ജൂലൈ 19നും ഭേദഗതി വരുത്തിയിരുന്നു.

-കോട്ടണ്‍/പോളിസ്റ്റര്‍/കമ്പിളി/ഖാദിസില്‍ക്ക് എന്നീ തുണികളില്‍
കൈത്തറി, നെയ്ത്ത്, മെഷീന്‍ എന്നിവ ഉപയോഗിച്ച്ദേശീയ പതാക നിര്‍മിക്കാം.

– ദേശീയ പതാകയുടെ അന്തസിനും ബഹുമതിക്കും യോജിക്കുന്ന നിലയില്‍ എല്ലാ ദിവസങ്ങളിലും ആഘോഷവേളകളിലും പൊതു-സ്വകാര്യ സ്ഥാപനങ്ങളിലെയോ വിദ്യാഭ്യാസ സ്ഥാപനത്തിലെയോ അംഗത്തിന് ദേശീയ പതാക ഉയര്‍ത്താം.

– പുതിയ ഭേദഗതി അനുസരിച്ച് ഓഗസ്റ്റ് 13 മുതല്‍ 15 വരെ പൊതുസ്ഥലത്തോ വീട്ടിലോ ഉയര്‍ത്തുന്ന പതാക രാത്രിയും പകലും പാറിക്കാം.

– ദീര്‍ഘചതുരാകൃതിയിലായിരിക്കണം ദേശീയപതാക. പതാക ഏതുവലുപ്പത്തിലുമാകാം, എന്നാല്‍ നീളവും ഉയരവും തമ്മിലുള്ള അനുപാതം 3:2 ആയിരിക്കണം.

– വേറിട്ടുനില്‍ക്കുന്നനിലയില്‍ ആദരവോടെയെ ദേശീയ പതാക പ്രദര്‍ശിക്കാവു.

– കേടുവന്നതോ മുഷിഞ്ഞതോ ആയ പതാക പ്രദര്‍ശിപ്പിക്കാന്‍ പാടില്ല

– തലകീഴായി ദേശീയ പതാക പ്രദര്‍ശിപ്പിക്കാന്‍ പാടില്ല

– ഏതെങ്കിലും വ്യക്തിക്കോ, വസ്തുവിനോ മുന്നില്‍ പതാക താഴ്ത്തിപ്രദര്‍ശിപ്പിക്കരുത്.

– ദേശീയ പതാകയേക്കാള്‍ ഉയരത്തിലോ, അരികുചേര്‍ന്നോ മറ്റു പതാകയോ കൊടിയോ സ്ഥാപിക്കരുത്. പതാക പറക്കുന്ന കൊടിമരത്തിലോ അതിനു മുകളിലോ പൂക്കളോ, പുഷ്പചക്രങ്ങളോ, ചിഹ്നങ്ങളോ അടക്കമുള്ള ഒരു വസ്തുവും സ്ഥാപിക്കരുത്.

– തോരണമോ, വര്‍ണ റിബണോ, കൊടികള്‍ ആയോ, മറ്റ് അലങ്കാരത്തിനുള്ള വസ്തുക്കള്‍ ആയോ ദേശീയ പതാക ഉപയോഗിക്കാന്‍ പാടില്ല.

– ദേശീയപതാക തറയിലോ, നിലത്തോ സ്പര്‍ശിക്കാനോ, വെള്ളത്തിലഴയാനോ പാടില്ല.

– ദേശീയപതാകയ്ക്കു കേടുവരുന്ന രീതിയില്‍ പ്രദര്‍ശിപ്പിക്കാനോ കെട്ടാനോ പാടില്ല

– ദേശീയ പതാക കെട്ടുന്ന കൊടിമരത്തില്‍ മറ്റു പതാകകള്‍ കെട്ടാന്‍ പാടില്ല.

– ദേശീയ പതാകയില്‍ ഒരു തരത്തിലുമുള്ള എഴുത്തുകളും പാടില്ല.

– കെട്ടിടങ്ങളുടെ മുന്‍വശത്തോ, ബാല്‍ക്കണിയിലോ, ജനല്‍പ്പടിയിലോ തിരശ്ചീനമായി സ്ഥാപിച്ച ദണ്ഡിലോ മറ്റോ ദേശീയപതാക സ്ഥാപിക്കുമ്പോള്‍ കുങ്കുമവര്‍ണഭാഗം ദണ്ഡിൻറെ അങ്ങേയറ്റത്തു വരുന്ന രീതിയില്‍ കെട്ടണം.

Tagsflags
Share: