You are here
Home > Articles > എൻട്രൻസ് പരീക്ഷക്ക് തയ്യാറെടുക്കുമ്പോൾ

എൻട്രൻസ് പരീക്ഷക്ക് തയ്യാറെടുക്കുമ്പോൾ

എൻട്രൻസ് പരീക്ഷകളുടെ സമയമായി. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ.) നടത്തുന്ന ജോയൻറ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ – മെയിന്‍ (ജെ.ഇ.ഇ. – മെയിന്‍) പരീക്ഷ 2019 ജനുവരി ആറിന് തുടങ്ങും.  കേരള എഞ്ചിനീയറിംഗ് എൻട്രൻസ് ഏപ്രിൽ മാസത്തിലും നീറ്റ് പരീക്ഷ (നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്) മെയിലും ഉണ്ടാകും.‘എൻറെ റേഡിയോ 91.2 ലെ ‘ ഇത്തിരി നേരം ഒത്തിരിക്കാര്യം’ പരിപാടിയിൽ എൻട്രൻസ് പരീക്ഷയെക്കുറിച്ചും ഉന്നത വിജയത്തിനായി കുട്ടികൾ സ്വീകരിക്കേണ്ട മാർഗ്ഗങ്ങളെക്കുറിച്ചും കരിയർ മാഗസിൻ ചീഫ് എഡിറ്റർ രാജൻ പി തൊടിയൂർ , മുംതാസ് രഹാസുമായി സംസാരിക്കുന്നു.

മുംതാസ് രഹാസ് : എൻട്രൻസ് പരീക്ഷക്ക് തയ്യാറെടുക്കുന്നവർ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്?

രാജൻ പി തൊടിയൂർ : പരീക്ഷയിൽ ജയിക്കുവാൻ കഠിനാധ്വാനവും ചിട്ടയോടെയുള്ള പഠനവും അത്യാവശ്യമാണ്. കഠിനാധ്വാനമെന്നു പറയുമ്പോൾ കൂടുതൽ സമയം പഠിക്കുക എന്നുള്ളതല്ല. മറിച്ചു കാര്യക്ഷമമായി പഠിക്കുക എന്നുള്ളതാണ്. സിലബസിനെക്കുറിച്ചു വ്യക്തമായ അറിവുണ്ടായിരിക്കണം. എൻട്രൻസിന്റെയും ബോർഡ് പരീക്ഷയുടെയും സിലബസ് ഏകദേശം ഒന്നുതന്നെയാണെങ്കിലും ചോദ്യോത്തര രീതി വ്യത്യസ്തമാണ്. എത്രയും വേഗം പരീക്ഷ എഴുതാൻ കഴിയുമെന്നുള്ളത് വളരെ പ്രധാനമാണ്. നല്ല രീതിയിൽ പഠിക്കുകയും മോക്ക് പരീക്ഷ നടത്തി വേഗത കൈവരിക്കുകയും വേണം.നല്ല ആത്മ വിശ്വാസത്തോടെ വേണം പരീക്ഷയെ സമീപിക്കാൻ.

മുംതാസ് രഹാസ് : ആത്മ വിശ്വാസം എങ്ങനെ വർധിപ്പിക്കുവാൻ കഴിയും?

രാജൻ പി തൊടിയൂർ : നന്നായി പഠിക്കുക എന്നുള്ളതാണ് ഏറ്റവും പ്രധാനം. എന്തിനെയും നേരിടാനുള്ള കഴിവ് തനിക്കുണ്ടെന്ന് സ്വയം ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുക. എല്ലാ ചോദ്യങ്ങൾക്കും ശരിയായി ഉത്തരമെഴുതാനുള്ള ശേഷി നമുക്കുണ്ടെന്ന് തോന്നിക്കഴിഞ്ഞാൽ പ്രകൃതിയിലെ എല്ലാ ശക്തിയും നമുക്ക് അനുകൂലമായി വരുമെന്ന് തോമസ് അൽവാ എഡിസൺ പറയുമായിരുന്നു.ആത്‌മ വിശ്വാസം നാം സ്വയം വളർത്തിയെടുക്കേണ്ടതാണ്.

എല്ലാ ദിവസവും പഠിച്ചു കഴിയുമ്പോൾ നമ്മിലേക്ക്‌ തന്നെ ഇറങ്ങി ചെല്ലുക. ആവർത്തിച്ച് പറയുക. ഞാൻ പഠിച്ചത് തന്നെയാണ് പരീക്ഷയിൽ ചോദിയ്ക്കാൻ പോകുന്നത്. എല്ലാറ്റിനും ശരിയായി ഉത്തരമെഴുതാൻ എനിക്ക് കഴിയും. പരമമായ ശക്തി എന്നോടൊപ്പമുണ്ടായിരിക്കും. ചിന്തിക്കുമ്പോൾത്തന്നെ ഉന്നത മാർക്ക് വാങ്ങി വിജയിക്കുന്നതായും മറ്റുള്ളവർ അഭിനന്ദിക്കുന്നതായും മനസ്സിൽ കാണുക. ആത്മവിശ്വാസം വളർത്തിയുടുക്കാൻ ഇത് വളരെയേറെ സഹായിക്കും.

മുംതാസ് രഹാസ് : മറ്റു പരീക്ഷകളിൽനിന്ന് എൻട്രൻസ് പരീക്ഷക്കുള്ള വ്യത്യാസമെന്താണ്?

രാജൻ പി തൊടിയൂർ : എല്ലാ ചോദ്യങ്ങൾക്കും നിർബന്ധമായും ഉത്തരമെഴുതണം. ചോയ്സ് ഇല്ല എന്നുള്ളത് പ്രത്യേകിച്ച് ശ്രദ്ധിക്കണം. എല്ലാ ചോദ്യങ്ങളും ഒബ്ജക്റ്റീവ് മൾട്ടിപ്പിൾ ശൈലിയിലുള്ളതായിരിക്കും. ചോദ്യങ്ങൾക്കെല്ലാം തുല്യ മാർക്ക് ആയിരിക്കും.ബുദ്ധിപൂർവ്വം ഉത്തരം കണ്ടെത്തേണ്ട ചോദ്യങ്ങൾ ധാരാളമായുണ്ടാകും. മയക്കുറവുള്ളതായി തോന്നാൻ സാധ്യതയുള്ളത് പ്രത്യേകം ശ്രദ്ധിക്കണം. ബുദ്ധിയോടൊപ്പം യുക്തിയും ഉപയോഗിക്കേണ്ട സാഹചര്യം വന്നുകൂടും. ചിലപ്പോൾ ഇൻ ഡിയറക്ടായുള്ള ചോദ്യങ്ങളും ഉണ്ടാകും.

മുംതാസ് രഹാസ് : പഠിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്?

രാജൻ പി തൊടിയൂർ : സിലബസ് നന്നായി മനസ്സിലാക്കുകയും ഒന്നും വിട്ടുകളയാതെ പഠിക്കുകയും ചെയ്യുക എന്നതാണ് ഏറ്റവും പ്രധാനം. പഠിക്കുന്നതിനായി വ്യക്തമായ ഒരു ടൈം ടേബിൾ ഉണ്ടാക്കുന്നത് നന്നായിരിക്കും. വിഷമമേറിയ വിഷയങ്ങൾക്ക് കൂടുതൽ സമയം മാറ്റിവെക്കാൻ ശ്രദ്ധിക്കണം. ഫോർമുലകൾ പഠിക്കുമ്പോൾ അതിലെ ആശയം നന്നായി മനസിലാക്കിവേണം ഹൃദിസ്ഥമാക്കാൻ. ഫോർമുലകളെല്ലാം മനഃപാഠമാക്കണം.കണക്ക് കൂട്ടാനുള്ള എളുപ്പവഴികൾ ശീലിക്കണം.മനക്കണക്ക് കൂട്ടാൻ പഠിക്കുന്നത് സമയം ലഭിക്കാൻ സഹായിക്കും.

മുംതാസ് രഹാസ് : എളുപ്പവഴികൾ , ഷോർട് കട്ടുകൾ , എന്തെകിലും?

രാജൻ പി തൊടിയൂർ : നന്നായി പഠിക്കുക എന്നതാണ് പ്രധാനം. എന്നാൽ ചില ചെറിയ എളുപ്പവഴികൾ ഉപയോഗിക്കാം. ബയോളജിയിലെ അസാധാരണ പദങ്ങൾ ഒരിടത്ത് എഴുതിവെച്ചു ആവർത്തിച്ച് അർത്ഥം ഉറപ്പാക്കുക. മാത്‍സ് ,കെമിസ്ട്രി , ഫിസിക്സ് വിഷയങ്ങളിലെ ഫോർമുലകളെല്ലാം ഒരിടത്ത് എഴുതിവെച്ചു പഠിക്കുക. പരീക്ഷ എഴുതുമ്പോൾ ചോദ്യങ്ങൾ മനസ്സിലാക്കുന്നതിനായി കൂടുതൽ സമയം കളയാതിരിക്കുക. അപ്പപ്പോൾ തന്നെ ഉത്തരം അടയാളപ്പെടുത്തിപ്പോകുക.വേഗം വായിച്ചു അറിയാവുന്ന ഉത്തരം വേഗത്തിൽ അടയാളപ്പെടുത്തുക. പ്രയാസമുള്ള ചോദ്യങ്ങൾ അവസാന റൗണ്ടിലേക്ക് മാറ്റിവെക്കുക. മൈനസ് മാർക്ക് ഉണ്ടെന്നുള്ളത് എപ്പോഴും ഓർക്കുക.

പരീക്ഷ എഴുതുന്നതിൻറെ വേഗം വർദ്ധിപ്പിക്കാൻ എല്ലാദിവസവും മോക്ക് എക്സാമിനേഷൻ ചെയ്തു ശീലിക്കുക. വെബ് സൈറ്റുകളിലും പുസ്തകങ്ങളിലുമുള്ള ചോദ്യോത്തരങ്ങൾ പരമാവധി പഠിക്കാൻ ശ്രമിക്കുക. ഇത്തരത്തിലുള്ള സൈറ്റുകളിൽ കയറി പരമാവധി പഠിക്കാനായി മൊബൈൽ ഫോൺ ഉപയോഗിക്കുക. വിജയം എപ്പോഴും നമ്മോടൊപ്പമാണെന്നു സ്വയം പറയുക. മന:ചിത്രം കാണുക. അത് മനസ്സിൽ ഉറപ്പിക്കുക. പരാജയത്തെക്കുറിച്ചുള്ള ചെറിയ ചിത്രത്തിന് പോലും മനസ്സിൽ ഇടം നൽകരുത്.

മുംതാസ് രഹാസ് : കേരളത്തിൽ ആകെ എത്ര മെഡിക്കൽ, ഡെന്റൽ, എൻജിനീയറിങ് കോളജുകളുണ്ട്? ∙

രാജൻ പി തൊടിയൂർ : എൻട്രൻസ് കമ്മിഷണർ പൂർണമായോ ഭാഗികമായോ പ്രവേശനം നൽകുന്ന കോളജുകളുടെ കണക്ക് :
മെഡിക്കൽ 30, ഡെന്റൽ 25, എൻജിനീയറിങ് + ആർക്കിടെക്ചർ 159 + 23, ഫാർമസി 40, ഹോമിയോപ്പതി അഞ്ച്, ആയുർവേദം 17, സിദ്ധ ഒന്ന്, യൂനാനി ഒന്ന്, ആഗ്രികൾച്ചർ മൂന്ന്, ഫോറസ്ട്രി ഒന്ന്, വെറ്ററിനറി രണ്ട്.

മുംതാസ് രഹാസ് : പ്ലസ്ടുവിൽ സംസ്ക‍ൃതം ഉപഭാഷയായി പഠിക്കുന്നവർക്ക് ആയുർവേദ ബിരുദ റാങ്കിങ്ങിനു കേരള എൻട്രൻസ് ആയിരുന്നെങ്കിൽ പത്തു മാർക്ക് കൂടുതൽ കിട്ടുമായിരുന്നു. നീറ്റ് വന്നതോടെ ആ സൗകര്യം നഷ്ടപ്പെടുകയില്ലേ? ∙

രാജൻ പി തൊടിയൂർ : ഇല്ല. നീറ്റ് യുജിയിലെ മൊത്തം മാർക്കിനോട് എട്ടു മാർക്ക് വിശേഷമായി കൂട്ടിച്ചേർത്തായിരിക്കും ആയുർവേദ റാങ്കിങ്.

മുംതാസ് രഹാസ് : എൻട്രൻസ് പരീക്ഷയിൽ ഇപ്പോൾ കാൽകുലേറ്റർ അനുവദിക്കുമെന്നു കേൾക്കുന്നതു ശരിയാണോ? ∙

രാജൻ പി തൊടിയൂർ : ശരിയല്ല. കാൽകുലേറ്റർ, ലോഗരിതം ടേബിൾ, മൊബൈൽ ഫോൺ, ഇലക്‌ട്രോണിക് ഉപകരണങ്ങൾ മുതലായവ പരീക്ഷാഹാളിൽ അനുവദിക്കില്ല. പരീക്ഷയ്‌ക്കുള്ള തയാറെടുപ്പ് അതനുസരിച്ചായിരിക്കണം.

മുംതാസ് രഹാസ് : ആയുർവേദ ബിരുദക്കാർക്ക് എംബിബിഎസിനു സംവരണമുണ്ടോ? ∙

രാജൻ പി തൊടിയൂർ : ഉണ്ട് . ആയുർവേദത്തിൽ ഡിഗ്രിയോ ഡിപ്ലോമയോ നേടിയവർക്ക് എൻട്രൻസ് പരീക്ഷയിലെ മാർക്ക് നോക്കി സർക്കാർ മെഡിക്കൽ കോളജുകളിൽ പ്രവേശനം നൽകുന്നതിനായി ഏഴ് എംബിബിഎസ് സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്.

മുംതാസ് രഹാസ് : നീറ്റിലെ റാങ്ക് അഖിലേന്ത്യാ തലത്തിലായതിനാൽ കേരളത്തിൽ പരീക്ഷ എഴുതുന്നവരുടെ റാങ്ക് തീരെ താണുപോകുമോ? ∙

രാജൻ പി തൊടിയൂർ : ഇല്ല. ദേശീയ ദേശീയ റാങ്ക്‌ലിസ്റ്റിൽനിന്ന് കേരളത്തിൽ പ്രവേശനത്തിന് അർഹതയുള്ളവരെ തിരഞ്ഞെടുത്ത് അവർ മാത്രമുൾപ്പെടുന്ന സംസ്ഥാന റാങ്ക്‌ ലിസ്റ്റ് തയാറാക്കും. അത് അടിസ്ഥാനമാക്കിയാണ് കേരളത്തിലെ സിലക്‌ഷൻ.

Top