27 – ജോലിസ്ഥിരത ഉറപ്പാക്കാന്‍…
ജോലിസ്ഥിരത ഉറപ്പാക്കാന്‍ ഒഴിച്ചുകൂടാന്‍
പറ്റാത്ത വ്യക്തിയായിത്തീരുക
എം ആർ കൂപ്മേയർ / പരിഭാഷ: എം ജി കെ നായർ
ഈ പരമ്പരയുടെ ഉദ്ദേശ്യം കൂടുതല്‍ നല്ല, അതില്‍ കൂടുതല്‍ നല്ല. ജോലികളിലേക്ക് നിങ്ങള്‍ക്ക് എങ്ങനെ ഉദ്ദ്യോഗക്കയറ്റം കിട്ടുമെന്ന് നിങ്ങളെ പഠിപ്പിക്കുകയെന്നതാണ്. ഓരോ ജോലിയും വര്ദ്ധിച്ചവരുമാനം നിങ്ങള്‍ക്ക് തരും – അതിലൂടെ നിങ്ങള്‍ എളുപ്പത്തില്‍ കൂടുതല്‍ ധനവാനാകും.
എന്നാല്‍ അത് ചെയ്യാന്‍ കഴിയുന്നതിനുമുമ്പ്, നിങ്ങള്‍ക്ക് ഇപ്പോഴുള്ള ജോലി ഉറപ്പാക്കാന്‍ കഴിയേണ്ടത് ആവശ്യമാണ്. കൂടുതല്‍ ജോലിഭദ്രതയോടെ കൂടുതല്‍ നല്ല ജോലികള്‍ കരസ്ഥമാക്കാനുള്ള ഒരു ‘സ്പ്രിംഗ് ബോര്‍ഡാ’യിരിക്കണം നിങ്ങളുടെ ഇപ്പോഴത്തെ ജോലി.
മെച്ചപ്പെട്ട സാങ്കേതികവിദ്യയും കമ്പ്യൂട്ടറൈസ് ചെയ്ത ഓട്ടമേഷനും കാരണം ഇല്ലാതാകാന്‍ പോകുന്ന ഒരു ലാവണത്തില്‍ ജോലിചെയ്താല്‍ ഒരു ഭാവിയും ഉണ്ടാവുകയില്ല.
തകര്‍ന്നുകൊണ്ടിരിക്കുന്ന ഒരു വ്യവസായത്തില്‍ ജോലിചെയ്താലും ഭാവിയുണ്ടാവുകയില്ല. അല്ലെങ്കില്‍ ഭാവിയില്‍ അതിജീവിക്കാന്‍ പ്രയാസമായ, കാര്യക്ഷമതയില്ലാത്ത ഒരു സ്ഥാപനത്തില്‍ ജോലിചെയ്താലും ഭാവിയുണ്ടാവുകയില്ല.
ഞാന്‍ ഒരു ചെറിയകുട്ടിയായിരുന്നപ്പോള്‍ ഉണ്ടായിരുന്നതുപോലെ, ഐസ്മാന് വരികയോ ഒരു വലിയ ഐസ് കട്ട ഐസ് ബോക്സില്‍ ഇപ്പോള്‍ വയ്ക്കുകയോ ഇപ്പോള്‍ പതിവില്ല. ഐസ് ബോക്സുകള്‍ ഇപ്പോള്‍ ആവശ്യമില്ലാതായി. ഐസ് വാഗണുകള്‍ വേണ്ട, ഐസ് മെന്‍ വേണ്ട. ഒരു വ്യവസായം മുഴുവന്‍…….. പോയിക്കഴിഞ്ഞു!
നമ്മുടെ രാജ്യത്തിന്റെ ചരിത്രം പരിശോധിച്ചാല്‍, ഒരിക്കല്‍ മിക്കജോലികളും ലഭിച്ചിരുന്നത് കൃഷിയിലായിരുന്നവവെന്ന് കാണാം – ചില വിദേശരാജ്യങ്ങളില്‍ ഇപ്പോഴും അങ്ങനെതന്നെ. എന്നാല്‍ , യുണൈറ്റഡ് സ്റ്റേറ്റ്സില്‍, ചെറുകിട കുടുംബ ഫാമുകളെ വലിയ ക്രോപ് – ഫാക്ടറികളായി സംയോജിപ്പിച്ച് വന്‍കോര്‍പ്പറേറ്റ് ഫാമിംഗ് പകരം വരുന്നതിനാല്‍, കൃഷിയില്‍ വെറും മൂന്നു ശതമാനം തൊഴില്‍ ശക്തിമാത്രമേ ആവശ്യമായി വരികയുള്ളു.
അനേകവര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ റൈസ് കൺസ്യൂമർ സര്‍വ്വീസിന്റെ (U.S.Rice Industry — Rice Consumer Service) പ്രസിഡന്റ് ആയിരുന്നപ്പോള്‍, യുണൈറ്റഡ് സ്റ്റേറ്റ്സിലെ നെല്‍കൃഷിയെ സംബന്ധിച്ച ഒരു ചലനചിത്രം നിര്‍മ്മിച്ചു. അതില്‍ വിത്തിടീല്‍, വളം ചേര്‍ക്കല്‍, കീടനിയന്ത്രണം തുടങ്ങിയവയെല്ലാം വിമാനത്തിലൂടെ ചെയ്യുന്നതായും വലിയ യന്ത്രങ്ങള്‍ കൊണ്ട് കൊയ്യുന്നതായും മെതിക്കുന്നതായും ചിത്രീകരിച്ചിരുന്നു. ഇതെല്ലാം ഇന്ന് സര്‍വ്വസാധാരണമാണ്. കൂടുതല്‍ വിളവുകള്‍ക്കും ഇത് ബാധകമാക്കിയിരിക്കുന്നു. 2020 ആകുമ്പോഴേക്കും കൃഷിയില്‍ വെറും മൂന്നുശതമാനം തൊഴില്‍ സാദ്ധ്യതയേ ഉണ്ടാവുകയുള്ളൂ.
2020 ആകുമ്പോഴേക്കും ആകെ തൊഴില്‍ ശക്തിയുടെ 16 ശതമാനം മാത്രമേ നിര്‍മ്മാണജോലികള്‍ക്ക് ആവശ്യമായി വരികയുള്ളൂ. കാരണം നീല കോളര്‍ ജോലികള്ക്കുപകരം പൂര്‍ണ്ണമായും കമ്പ്യൂട്ടറൈസ് ചെയ്ത ഓട്ടമേഷന്‍ നടപ്പിലാകും. ലേബര്യൂണിയനുകള് പ്രതിഷേധിച്ചു പണിമുടക്കിയേക്കാം. എന്നാല്‍ പണിമുടക്ക്, നിലവിലില്ലാത്ത ജോലികള്‍ക്ക് പകരം നില്ക്കുകയില്ല.
ഭാവിയിലെ അവശേഷിക്കുന്ന എല്ലാത്തരം ജോലികളും – 81 ശതമാനം – ആളുകളുമായി ഇടപെടുന്ന ജോലികളായിരിക്കും – പ്രൊഫഷണല്‍ സര്‍വ്വീസുകളും മറ്റുള്ള സർവ്വീസുകളും മറ്റുള്ള സര്‍വ്വീസുകളും.
അതിനാല്‍…… ജോലിയുറപ്പാക്കുന്നതിനുള്ള ആദ്യത്തെ ആവശ്യം ഭാവി വളര്‍ച്ചയുള്ള വ്യവസായത്തിലോ ഒരു ബിസിനസ്സിലോ ജോലി സമ്പാദിക്കുകയെന്നതാണ്.
അത്തരമൊരു ജോലികിട്ടിക്കഴിഞ്ഞാല്‍ ജോലിസ്ഥിരത ഉണ്ടാകണം – ജോലികിട്ടിയെങ്കിലും ജോലിസ്ഥിരതയ്ക്ക് ഉറപ്പില്ല.
ജോലിസ്ഥിരമാകാന് സാദ്ധ്യതയുണ്ട് – അതേജോലിക്ക് – നിങ്ങളുടെ ജോലിക്ക് – കാംക്ഷിക്കുന്ന മറ്റെല്ലാഅപേക്ഷകരേക്കാളും നിങ്ങള്‍ കൂടുതല്‍ വിലപ്പെട്ടവനായിത്തീര്ന്നാല്!
ജോലിക്കുവേണ്ടിയുള്ള മത്സരം വര്‍ദ്ധിച്ചുകൊണ്ടിരിക്കും.
ഈ പരമ്പരയുടെ ആരംഭത്തില്‍ കൊടുത്തിട്ടുള്ള സ്ഥിതിവരക്കണക്കുകള്‍ പരിശോധിച്ചാല്‍ മതി, ദശലക്ഷക്കണക്കിനുള്ള ആളുകള്‍ വ്യത്യസ്തജോലികള്ക്കുവേണ്ടി പരക്കം പായുന്നതും നിലവിലുള്ള ഒഴിവുകള്‍ക്ക് വേണ്ടി നടത്തുന്ന കടുത്ത മത്സരവും മനസ്സിലാക്കാന്‍.
അവരില്‍ അനേകം പേര് നിങ്ങളുടെ ജോലികിട്ടിയാല്‍ കൊള്ളാമെന്ന് ആകാംക്ഷയോടെ ആഗ്രഹിക്കുന്നവരാണ്! അതിനാല്‍ നിങ്ങളുടെ കമ്പനി മാനേജ്മെന്റിനു മുമ്പാകെ താഴെപ്പറയുന്നവിധത്തിലുള്ള സല്‍പ്പേര് സമ്പാദിക്കേണ്ടതുണ്ട്:
(1) നിങ്ങള്ക്കുപകാരം വരാന്‍ കാംക്ഷിക്കുന്ന ഏതൊരാളെക്കാളും നിങ്ങള്‍ വിലപ്പെട്ടവനാണെന്ന് തെളിയിക്കണം – കാരണം, നിങ്ങള്‍ മാനേജ്മെന്റിന് നിങ്ങളുടെ കഴിവ് തെളിയിച്ചുകൊടുത്തുകൊണ്ടിരിക്കണം…….
(2) ഉല്പന്നങ്ങളും വസ്തുക്കളും സമ്പ്രദായങ്ങളും സേവനങ്ങളും സംഘടനകളും പദ്ധതികളും – മെച്ചപ്പെടുത്തലുകള്‍ ആവശ്യമായതെല്ലാം – മെച്ചപ്പെടുത്താനുള്ള ആശയങ്ങളുടെ നിരന്തരമായ ഉറവിടം എന്ന നിലയില്‍ നിങ്ങള്‍ ഒഴിച്ചുകൂടാന്‍ പാടില്ലാത്ത വ്യക്തിയാണെന്ന് കാണിച്ചുകൊടുക്കണം.
വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു കമ്പനിക്ക്, മേല്‍ പറഞ്ഞ രണ്ടുഗുണങ്ങള്‍ നിങ്ങളെ അത്യന്താപേക്ഷിതനാക്കുന്നു.
കാരണം, ബിസിനസ് വിജയിക്കുകയോ പരാജയപ്പെടുകയോ ചെയ്യുന്നത് അതിന്റെ മെച്ചപ്പെടുത്തുന്നതിനുള്ള മാത്സര്യനിരക്കിനെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്.
അതിനാല്‍ സ്ഥാപനത്തിന്റെ മെച്ചപ്പെടുത്തലിനുള്ള മാത്സര്യനിരക്ക് വര്‍ദ്ധിക്കുന്നതിനുള്ള ആശയങ്ങള്‍ നിരന്തരം നിര്‍ദ്ദേശിക്കുന്ന ഏതു ജീവനക്കാരനും – ഏതുതരത്തിലായാലും – സ്ഥാപനത്തിന് പൂര്‍ണ്ണമായും ഒഴിച്ചുകൂടാന്‍ പാടില്ലാത്ത വ്യക്തിയായിത്തീരും.
മുകളില്‍ പറഞ്ഞവിധമായിരുന്നാല്, നിങ്ങളുടെ തസ്തിക കംപ്യൂട്ടറൈസ് ചെയ്ത് ഓട്ടമേഷന്‍ മൂലം വേണ്ടെന്നുവെച്ചാല്‍ പോലും നിങ്ങളുടെ കമ്പനി നിങ്ങളെ മറ്റൊരു ജോലിയില്‍ നിയമിക്കും. കാരണം, ഇന്നത്തെ, കടുത്തമത്സരത്തില്‍ മെച്ചപ്പെടുത്തുന്നത്തിനുള്ള ആശയങ്ങള്‍ നിരന്തരം ലഭിക്കുന്ന ഒരു സ്രോതസ്സ് വേണ്ടെന്നുവെയ്ക്കാന്‍ ഒരു കമ്പനിക്കും കഴിയുകയില്ല. അതിനാല്‍ നിങ്ങള്‍ നിങ്ങളുടെ കമ്പനിയില്‍ അത്യന്താപേക്ഷിതനായ ഒരു വ്യക്തിയായി തുടരും.
മെച്ചപ്പെടുത്തലുകള്‍ക്കുള്ള ആശയങ്ങളിന്മേല് നിരന്തര ഗവേഷണം നടത്തുന്ന റിസര്‍ച്ച് ഡിപ്പാര്ട്ട്മെമെൻറുകള് പല സ്ഥാപനങ്ങളിലുമുണ്ട്. എന്നാല്‍ അവരുടെ അടിയന്തരമായ പ്രവര്‍ത്തനങ്ങള്‍ ഉല്പന്നങ്ങള്, വസ്തുക്കള്‍, സമ്പ്രദായങ്ങള്‍ എന്നിവമെച്ചപ്പെടുത്തുന്നതില് കേന്ദ്രീകരിച്ചിരിക്കുന്നു.
ഭാവിക്കുവേണ്ടി സമ്പൂര്ണ്ണമെച്ചപ്പെടുത്തലാണ് ഞാന്‍ വിഭാവന ചെയ്യുന്നത്. പുത്തന്‍ ആശയങ്ങളുള്ള ആളുകള്‍ ഉള്‍ക്കൊള്ളുന്ന ഒരു സൃഷ്ട്യമുഖ വകുപ്പായിരിക്കണം. അത്, സാധനങ്ങള്‍ ആര്ജ്ജിക്കുന്നതുമുതല് ഉപഭോക്താവിന്റെ തൃപ്തിവരെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളുടെയും എല്ലാവിശദാംശങ്ങളും മെച്ചപ്പെടുത്തുന്നതിനുവേണ്ടി അവര്‍ പ്രവര്‍ത്തിക്കണം. ആ വകുപ്പിന്റെ തലവന്‍ മെച്ചപ്പെടുത്തലുകള്‍ക്കുള്ള ചുമതല വഹിക്കുന്ന വൈസ് പ്രസിഡന്റ് ആയിരിക്കണം.
അതേസമയം, നിങ്ങളുടെ ജോലിസ്ഥിരത ഉറപ്പുവരുത്തുന്നതിനും എളുപ്പത്തില്‍ കൂടുതല്‍ സമ്പന്നനാകുന്നതിനും നിങ്ങള്‍ക്ക് “ഏകാംഗ സമ്പൂര്‍ണ്ണ മെച്ചപ്പെടുത്തല്‍ വകുപ്പാ”യി പ്രവര്‍ത്തിക്കാം.
എങ്ങനെയെന്നു നോക്കുക:
നിങ്ങളുടെ കമ്പനിയുടെ ഉല്പന്നങ്ങള്, വസ്തുക്കള്‍, സമ്പ്രദായങ്ങള്‍, സേവനങ്ങള്‍, സംഘടനകള്‍, പദ്ധതികള്‍ – മെച്ചപ്പെടുത്തലുകള്‍ ആവശ്യമായതെല്ലാം – എന്നിവയുടെ ഒരു പട്ടിക തയ്യാറാക്കുക. എല്ലാറ്റിന്റെയും. കാരണം, എല്ലാം മെച്ചപ്പെടുത്താം.
സുപ്രധാനം! കഴിയുന്നിടത്തോളം ഏറ്റവും നന്നായി ഇതുചെയ്യുക. നിങ്ങളുടെ പരമാവധി അറിവിന്റെയും തടസ്സമില്ലാത്ത നിരീക്ഷണത്തിന്റെയും പിന്‍ബലത്തോടെ. കമ്പനി പ്രവര്‍ത്തനങ്ങളില്‍, വേണ്ടാത്തിടത്ത് തലയിട്ട് അവിടെയും ഇവിടെയും എത്തിനോക്കി നടക്കരുത്. അതുപോലെ മറ്റുള്ളവരെ നന്നാക്കാനെന്നഭാവത്തില് മറ്റുള്ളവരുടെ ജോലികളിലും ഇടപെടരുത്!
ഓര്‍മ്മിക്കുക, മെച്ചപ്പെടുത്തലിന് ചുമതലപ്പെടുത്തലിന് ചുമതലക്കാരനായ വൈസ്പ്രസിഡന്റ് നിങ്ങളല്ല….. ഇതുവരെ ആയിട്ടില്ല! അതിനാല്‍ അപ്രകാരം പെരുമാറരുത്. നിങ്ങള്‍ കമ്പനിയില്‍ തുടരുന്നുവെങ്കില്‍, അപ്രിയം സമ്പാദിക്കുവാനുള്ള സുനിശ്ചിതമാര്‍ഗ്ഗം മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപെടുന്നത്. ഫലമോ? ഉടന്‍തന്നെ ജോലിനഷ്ടപ്പെടുകയും ചെയ്യും!
വിവേകപൂര്‍വ്വം പെരുമാറാനും മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപെടാതിരിക്കാനും ശ്രദ്ധിക്കുക. അനാവശ്യചോദ്യങ്ങള്‍ ചോദിക്കരുത്. വേണ്ടാത്തതില് തലയിടരുത്. സര്‍വ്വോപരി, കാര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കുക. വേണ്ടെന്ന് ആരോടും പറയരുത്!
മറ്റുള്ളവരുടെ ജോലികളില്‍ ഇടപെടാതെയും കമ്പനിയുടെ ബിസിനസില്‍ കൈകടത്താതെയും കമ്പനിയുടെ ഉത്പന്നങ്ങളുടെയും വസ്തുക്കളുടെയും, സമ്പ്രദായങ്ങളുടെയും സേവനങ്ങളുടെയും സംഘടനകളുടെയും പദ്ധതികളുടെയും, നിങ്ങള്‍ക്ക് ചിന്തിക്കാവുന്ന സകലതിന്റെയും പദ്ധതികളുടെ പട്ടിക തയ്യാറാക്കുക. മറ്റാരുടെയും വികാരങ്ങളെ വ്രണപ്പെടുത്താതെ തന്നെ ഒരു വര്‍ഷത്തേക്കുള്ള നിര്‍ദ്ദേശങ്ങള്‍ സ്വകാര്യമായി സമാഹരിക്കാന്‍ നിങ്ങള്‍ക്കു സാധിക്കും. ഏതു ബിസിനസ്സിലും മെച്ചപ്പെടുത്താന്‍ കഴിയുന്ന കാര്യങ്ങളുടെ പട്ടിക മിക്കവാറും അപരിമിതമായിരിക്കും!
തുടര്‍ന്ന് 61 മാന്ത്രികചോദ്യങ്ങള്‍ (അദ്ധ്യായം 13) ഓരോന്നും നിങ്ങളുടെ പട്ടികയിലുള്ള ഓരോ കാര്യത്തിനും ബാധകമാക്കുക. ഒരു സമയത്ത് ഒന്ന് എന്ന കണക്കിന്.
സാദ്ധ്യമായ മെച്ചപ്പെടുത്തലുകള്‍ക്കുള്ള ആശയങ്ങള്‍ നിങ്ങളുടെ മനസ്സില്‍ സ്ഫുരിക്കുമ്പോള്ത്തന്നെ എഴുതിവെയ്ക്കുക. ഒരു സമയത്ത് നിങ്ങളുടെ പട്ടികയിലെ ഒരു കാര്യത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുക. നിങ്ങളുടെ കമ്പനി പ്രവര്‍ത്തനത്തെ സംബന്ധിച്ച മെച്ചപ്പെടുത്തലിനുള്ള ഓരോ ആശയവും എഴുതിവെയ്ക്കുക.
അതിനുശേഷം, പതിനെട്ടാം അദ്ധ്യായത്തില്‍ വിവരിച്ചിരിക്കുന്നതുപോലെ, നിങ്ങളുടെ കമ്പനിക്ക് ഗുണകരമെന്ന് നിങ്ങള്‍ വിശ്വസിക്കുന്ന മെച്ചപ്പെടുത്തലിനുള്ള ഒരാശയം വികസിപ്പിച്ചു കഴിഞ്ഞാല്‍, ബഹുമാനപുരസ്സരം അത് നിങ്ങളുടെ തൊഴില്‍ ദാതാവിനു മുമ്പാകെ സമര്‍പ്പിക്കുക. ഓര്‍ക്കുക. അഹങ്കാരത്തോടെയോ നീരസമുണ്ടാക്കത്തക്കവിധത്തിലോ ആയിരിക്കരുത്. സ്വയം കൂടുതല്‍ ഉപയോഗയോഗ്യനാകുന്നതിന് ശ്രമിച്ചതിനുള്ള ഗുണം അത് നിങ്ങള്‍ക്കു തരും.
ഒതുക്കത്തോടെയും ബഹുമാനപുരസ്സരവും അല്ല സമര്‍പ്പിക്കുന്നതെങ്കില്‍, മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശം വിമര്‍ശനത്തിന് പാത്രീഭൂതമാകും. പതിനെട്ടാം അദ്ധ്യായത്തില്‍ വിവരിച്ചിട്ടുള്ളതുപോലെ, കൂടുതല്‍ മുന്‍പരിചയമുള്ള വ്യക്തിയുടെ അഭിപ്രായം ആരായുന്നവിധത്തില് നിങ്ങളുടെ ആശയങ്ങള്‍ ചോദ്യരൂപത്തില്‍ അവതരിപ്പിക്കുന്നതാണ് ഏറ്റവും നല്ലമാര്‍ഗ്ഗം.
താഴെപ്പറയുന്നവിധത്തിലുള്ള ചോദ്യങ്ങള്‍ ചോദിക്കുക :
നമ്മുടെ സ്ഥാപനം ഇത്…… (നിങ്ങളുടെ ആശയം)…….. (ശ്രമിച്ചുനോക്കിയാല്‍ എന്താകുമെന്നാണ് അങ്ങുവിചാരിക്കുന്നത്?
നമ്മുടെ സ്ഥാപനം ഇത്………(നിങ്ങളുടെ ആശയം)………. പരീക്ഷിച്ചുനോക്കി…….. അത് ഗുണം ചെയ്യും എന്ന് അങ്ങുവിചാരിക്കുന്നുവോ?
(നിങ്ങളുടെ ആശയം) പരീക്ഷിച്ചുനോക്കിയാല്‍ ചെലവുകുറയ്ക്കാമെന്ന് അങ്ങു വിചാരിക്കുന്നുവോ?
ഗര്വോടെയുള്ളതാണെന്നു തോന്നാതെ, നീരസത്തിനു കാരണമാകാതെ കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനുള്ള ആശയങ്ങള്‍ക്കുവേണ്ടി പതിനെട്ടാം അദ്ധ്യായം വീണ്ടും വായിക്കുക.
നിങ്ങളുടെ തൊഴില്‍ ദാതാവിന് നിങ്ങളുടെ നിര്‍ദ്ദേശം പ്രായോഗികമല്ലെന്ന് തോന്നിയാല്‍, അതദ്ദേഹം പറയും; ഒരുപക്ഷെ, എന്തുകൊണ്ടെന്നും പറയു, അപ്പോള്‍ നിങ്ങള്‍ക്ക് സന്തോഷത്തോടെ പറയാം: “എന്റെ ആശയം കൂടുതല്‍ വികസിപ്പിച്ചെടുക്കുന്നതിനുമുമ്പേ പരിണതപ്രജ്ഞനായ അങ്ങയുടെ അഭിപ്രായം ആരാഞ്ഞത് അതുകൊണ്ടാണ്”.
നിങ്ങളുടെ ബോസിന് – അദ്ദേഹത്തിന്റെ ബിസിനസ്സിനെ സഹായിക്കമെന്ന് നിങ്ങള്‍ വിശ്വസിക്കുന്ന ഒരാശയത്തെക്കുറിച്ച് – പരിണതപ്രജ്ഞമായ അഭിപ്രായം ആരായുന്നതില്‍ നീരസം തോന്നേണ്ടകാര്യമില്ല.
എന്നിരുന്നാലും, നിങ്ങളുടെ തൊഴിലുടമ അദ്ദേഹത്തിന്റെ ബിസിനസ് മെച്ചപ്പെടുത്തുന്നതിനുള്ള നിങ്ങളുടെ ആശയങ്ങളേയും അവയെപ്പറ്റി അനുഭവ പരിചയത്തിന്റെ അടിസ്ഥാനത്തിലുള്ള അദ്ദേഹത്തിന്റെ സുചിന്തിതാഭിപ്രായം ചോദിക്കുന്നതിനെയും ഒന്നും നോക്കാതെ നിരുത്സാഹപ്പെടുത്തുന്നുവെങ്കില്, കൂടുതല്‍ പുരോഗമനപരമായ മറ്റൊരു ബിസിനസ്സില്‍, കൂടുതല്‍ പ്രതിഫലം കിട്ടുന്ന മറ്റൊരു ജോലിക്ക് ശ്രമിക്കുക.
മെച്ചപ്പെടുത്തുന്നതിനുള്ള ഏറ്റവും നല്ലതും ഏറ്റവും പ്രായോഗികവുമായ ആശയങ്ങള്‍ എല്ലാത്തലങ്ങളിലുമുള്ള ജീവനക്കാരില്‍ നിന്നുമാണ് ഉടലെടുക്കുന്നതെന്ന് വിജയം കൊയ്യുന്ന മാനേജ്മെന്റ്കള്‍ മുന്‍പെന്നത്തേക്കാളും ഇന്ന് മനസ്സിലാക്കുന്നു. അതിനാല്‍ ജീവനക്കാരുടെ നിര്‍ദ്ദേശങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പരിപാടികള്‍ പുരോഗമനം ആഗ്രഹിക്കുന്ന മിക്ക സ്ഥാപനങ്ങളും ആവിഷ്കരിച്ചിട്ടുണ്ട്.
ഓഫീസുകളിലും പ്ലാന്റുകളിലും എല്ലാം “ആശ്യനിര്ദ്ദേശങ്ങള്” സമര്‍പ്പിക്കാനുള്ള പെട്ടികള്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്നു. ക്യാഷ്ബോണസ്സുകള് വാഗ്ദാനം ചെയ്യുകയും സംഘടനയില്‍ ആകമാനം വലിയ പരസ്യം നല്‍കുകയും ചെയ്യുന്നു. ക്യാഷ്ബോണസ്സിന്റെ തുക നിശ്ചയിക്കുന്നത് നിര്‍ദ്ദേശത്തിന്റെ മൂല്യം അടിസ്ഥാനമാക്കിയാണ്. വളരെ ഉയര്‍ന്നതരത്തില്‍ ലാഭകരമായ ഒരു നിര്‍ദ്ദേശത്തിന് ആയിരക്കണക്കിന് ഡോളറുകള്ക്കുള്ള ക്യാഷ്ബോണസ് മിക്കപ്പോഴും നൽകാറുണ്ട്. സാധാരണയായി, ആശയങ്ങള്‍ രൂപപ്പെടുത്തിയെടുക്കുന്നതിന് ജീവനക്കാരുടെ പങ്കാളിത്തം നിരന്തരം ലഭിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി ഓരോ നിര്‍ദ്ദേശത്തിനും (അതിന്റെ മൂല്യം എത്രചെറുതായാലും) നാമമാത്രമായ സമ്മാനമെങ്കിലും നല്‍കുക പതിവായിട്ടുണ്ട്.
നിര്‍ദ്ദേശിക്കപ്പെട്ട മെച്ചപ്പെടുത്തലുകള്‍ക്ക് ജനറല്‍ മോട്ടോഴ്സ് പോലുള്ള വന്‍ കമ്പനികള്‍ ദശലക്ഷക്കണക്കിനു ഡോളറുകള്‍ ബോണസ്സായി കൊടുത്തിട്ടുണ്ട്.
മെച്ചപ്പെടുത്തലുകള്‍ക്ക് ആശയങ്ങള്‍ ചിന്തിച്ചെടുക്കുന്നതില് യഥാര്‍ത്ഥത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന ജീവനക്കാര്‍ ചില അവസരങ്ങളില്‍ അവരുടെ ശമ്പളത്തെക്കാള്‍ കൂടുതല്‍, നിര്‍ദ്ദേശങ്ങള്‍ക്കുള്ള ബോണസ് സമ്പാദിക്കുന്നു!
എന്നാല്‍ ലാഭകരമായ മെച്ചപ്പെടുത്തലുകള്‍ക്ക് ആശയങ്ങള്നിര്ദ്ദേശിക്കാന് നിങ്ങള്‍ ഒരു സ്ഥിര സ്രോതസ്സാണെന്നതിനാല് നിങ്ങള്‍ ഒഴിച്ചുകൂടാന്‍ പാടില്ലാത്ത വ്യക്തിയാണെന്ന സല്‍പ്പേര് നിങ്ങളുടെ കമ്പനിമാനേജ്മെന്റിന് ഉണ്ടാകുമെന്നതാണ് നിങ്ങള്‍ നിരന്തരം ആശയങ്ങള്‍ നിര്ദ്ദേശിച്ചുകൊണ്ടിരുന്നാലുള്ള പ്രധാന നേട്ടം.
ഒരു ബിസിനസ് വിജയിക്കുകയോ പരാജയപ്പെടുകയോ ചെയ്യുന്നത് അതിന്റെ മെച്ചപ്പെടുത്തലിനുള്ള മാത്സര്യനിരക്കിനെ ആശ്രയിച്ചാകയാല്‍ നിങ്ങള്‍ സ്വയം ഒഴിച്ചുകൂടാന്‍ പറ്റില്ലാത്ത വ്യക്തിയായിത്തീരാൻ ജോലിസ്ഥിരതയും ഉദ്ദ്യോഗക്കയറ്റവും വര്‍ദ്ധിച്ച വേതനവും ഉറപ്പാക്കണം. –
അങ്ങനെ എളുപ്പത്തില്‍ കൂടുതല്‍ സമ്പന്നനാകുക!