ഇലക്ട്രിസിറ്റി അപ്പലേറ്റ് അതോറിറ്റി ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം : സംസ്ഥാന ഇലക്ട്രിസിറ്റി അപ്പലേറ്റ് അതോറിറ്റി ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപ്പലേറ്റ് അതോറിറ്റിയുടെ കാലാവധി നിയമനം ഏറ്റെടുക്കുന്ന തിയതി മുതൽ മൂന്ന് വർഷത്തേക്കാണ്. 65 വയസ് പൂർത്തിയാകുന്നതുവരെ തസ്തികയിൽ തുടരും. അപ്പലേറ്റ് അതോറിറ്റി മറ്റ് പദവി വഹിക്കാൻ പാടില്ല. അപേക്ഷകർ അംഗീകൃത സർവകലാശാലയിൽ നിന്നും ഇലക്ട്രിക്കൽ എൻജിനിയറിങ് ബിരുദം നേടിയിരിക്കണം.
വ്യവസായ മേഖല/ഗവേഷണവും വികസനവും എന്നിവയിൽ ഏതെങ്കിലും സ്ഥാപനങ്ങളിൽ കുറഞ്ഞത് 10 വർഷത്തെയെങ്കിലും പ്രവൃത്തി പരിചയമുണ്ടാകണം. ഊർജ്ജ മേഖലയ്‌ക്കൊപ്പം വൈദ്യുത സംബന്ധമായ നിയമങ്ങൾ കൈകാര്യം ചെയ്തിരിക്കണം. വൈദ്യുത നിരക്കുകൾ സംബന്ധിച്ച കാര്യങ്ങളിൽ പ്രവൃത്തി പരിചയവും അത് സംബന്ധിച്ച നിയമങ്ങളിൽ പ്രാവീണ്യവും നേടിയിരിക്കണം.
അപേക്ഷകർ ഏതെങ്കിലും വൈദ്യുത ലൈസൻസി/സപ്ലൈയറുടെ ഉദ്യോഗസ്ഥനാകരുത്. അപ്പലേറ്റ് അതോറിറ്റിയുടെ വേതനം സംസ്ഥാന സർവീസിലെ ചീഫ് എൻജിനിയറുടെ ശമ്പളത്തിന് സമാനമായിരിക്കും. ഡെപ്യൂട്ടേഷനിലൂടെയാണ് നിയമനമെങ്കിൽ ചട്ട പ്രകാരമുള്ള അലവൻസുകൾക്ക് അർഹതയുണ്ടായിരിക്കും. മലയാള ഭാഷ കൈകാര്യം ചെയ്യാനുള്ള കഴിവ് അഭികാമ്യ യോഗ്യതയായി പരിഗണിക്കും.
വിശദ വിവരങ്ങൾ അടങ്ങുന്ന നിശ്ചിത പ്രൊഫോർമയിൽ തയ്യാറാക്കിയ അപേക്ഷ ഗവ:സെക്രട്ടറി, ഊർജ്ജ(എ)വകുപ്പ്, കേരള സർക്കാർ, ഗവൺമെന്റ് സെക്രട്ടറിയേറ്റ്, തിരുവനന്തപുരം-695 001 എന്ന വിലാസത്തിൽ കൈപ്പറ്റ് രസീത് സഹിതം രജിസ്റ്റേർഡ് തപാലിൽ അയയ്ക്കണം.
അപേക്ഷ ജനുവരി 29 വൈകുന്നേരം അഞ്ചുവരെ നൽകാം.
കേന്ദ്ര/സംസ്ഥാന സർക്കാർ, പൊതുമേഖല സ്ഥാപനങ്ങൾ, സ്വതന്ത്ര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവർ ഉചിത മാർഗ്ഗേണ അപേക്ഷകൾ നൽകണം. അപേക്ഷകൾ സംബന്ധിച്ച അന്വേഷണങ്ങൾ പരിഗണിക്കില്ല. സെർച്ച് കമ്മിറ്റി ശിപാർശ ചെയ്തു സമർപ്പിക്കുന്ന പാനൽ/സെലക്ട് ലിസ്റ്റിൽ നിന്ന് ഗവൺമെന്റ് നിയമാനുസൃതമായി നിയമനം നടത്തും.
വിജ്ഞാപനവും മറ്റ് വിവരങ്ങളും www.kerala.gov.in ൽ ലഭിക്കും.