ഉപചാരപദങ്ങള്‍

Share:

( ഇംഗ്ലീഷ് ഭാഷ സംബന്ധിച്ച പ്രാഥമിക പാഠങ്ങളാണ് ഈ പരമ്പരയിൽ പ്രതിപാദിക്കുന്നത്. ലോകനിലവാരത്തിൽ ഇംഗ്ലീഷിൽ സംസാരിക്കുന്നതിനു കൂടുതൽ കാര്യങ്ങൾ പഠിക്കേണ്ടതുണ്ട്. ബ്രിട്ടീഷ് ഇംഗ്ലീഷ് / അമേരിക്കൻ ഇംഗ്ലീഷിൽ സംസാരിച്ചു പഠിക്കുന്നതിനു info@careermagazine.in എന്ന ഇമെയിലിൽ ബന്ധപ്പെടുക .)

  • പ്രൊഫ. ബലറാം മൂസദ്

തു ഭാഷയ്ക്കും അതിന്‍റെതായ ഉപചാരപദങ്ങളുണ്ടല്ലോ. ഒരു നിലക്ക് പറഞ്ഞാല്‍ മലയാളത്തിൽ അവ വളരെ കുറവാണ്. ഒരാളെ കണ്ടു മുട്ടിയാല്‍ സന്തോഷമോ ബഹുമാനമോ പ്രകടിപ്പിക്കാ൯ ആംഗ്യങ്ങളും ചിരിയും അതുപോലെയുള്ള മറ്റു ചില്ലറ പരിപാടികളുമാണ് നമ്മുടെ സ്വത:സിദ്ധമായ രീതി. മടക്കികുത്തിയ മുണ്ട് താഴ്ത്തിയിടലാണ് ബഹുമാനം സൂചിപ്പിക്കാനുള്ള നമ്മുടെ ഏറ്റവും വാചാലമായ രീതി. പക്ഷെ ഇപ്പോള്‍ മിക്കവാറും എല്ലാവരും പാൻറ്സിലേക്ക് മാറിയതോടെ ആ രീതി നമുക്ക് നഷ്ടപ്പെട്ടുവരികയാണ്.

    ഇംഗ്ലീഷുകാർക്ക്  ഉപചാര പദങ്ങളുടെ കാര്യത്തില്‍ വലിയ നിഷ്കര്‍ഷയാണ്.  ഇംഗ്ലണ്ടിലെ വേശ്യാസ്ത്രീകള്‍ പോലും പണം പറ്റുമ്പോള്‍ താങ്ക് യു പറയാറുണ്ടത്രേ! ഇംഗ്ലീഷ്കാരുടെ ഭരണം ഇന്ത്യയില്‍ വന്നതോടെ ഇംഗ്ലീഷ് ഭാഷയും  അതുമായി ബന്ധപ്പെട്ട ഉപചാരപ്രയോഗങ്ങളും ഇന്ത്യ൯ ജീവിതത്തിന്‍റെയും ഭാഗങ്ങളായി ത്തീര്‍ന്നു. വാസ്തവത്തില്‍ ഇന്ന് ഇംഗ്ലീഷ് ഭാഷ അഭ്യസിക്കാ൯ തുടങ്ങേണ്ടത് ഉപചാര പ്രയോഗങ്ങളിലൂടെയാണ്. ഒന്നാം സ്റ്റാന്‍ഡേര്‍ഡിലോ, കെ.ജി ക്ലാസ്സിലോ ആദ്യമായി അഭ്യസിപ്പിക്കേണ്ടത് അവയാണെന്നും എനിക്ക് അഭിപ്രായമുണ്ട്.

കണ്ടു മുട്ടുമ്പോള്‍

രണ്ടു പേര്‍ തമ്മില്‍ കണ്ടുമുട്ടുമ്പോള്‍  പ്രയോഗിക്കുന്ന ഉപചാരപദങ്ങളാകട്ടെ ആദ്യം. Good morning എന്നോ Good afternoon, Good evening എന്നോ കണ്ടു മുട്ടുമ്പോള്‍ പറയുന്ന പതിവുണ്ടല്ലോ.(ഉച്ചവരെ Good morning, ഉച്ചയ്ക്ക് ശേഷം Good afternoon, വൈകുന്നേരമായാല്‍ Good eveninig എന്നതാണ് പൊതുനിയമം.) Goodnight എന്നത് കണ്ടുമുട്ടുമ്പോള്‍ പറയാനുള്ളതല്ല. മറിച്ച്, വേര്‍പിരിയുമ്പോള്‍ പറയാനുള്ളതാണ്  എന്ന് പ്രത്യേകം ശ്രദ്ധിക്കുക.

രൂപാന്തരങ്ങള്‍

Good morning പറയുന്നതിന് പകരം വെറും morning പറഞ്ഞാലും മതി. അതുപോലെ Hello Good morning എന്നും പറയാം. പക്ഷെ Hello ചേര്‍ക്കുന്നത് അടുത്ത സുഹൃത്ബന്ധം (intimacy) സൂചിപ്പിക്കുന്നു. സമന്മാര്‍ തമ്മിലോ തന്നെക്കാള്‍ താണവരെക്കാണുമ്പോഴോ ആണ് Hello ചേര്‍ത്തു പറയുക പതിവ്. തന്നെക്കാള്‍ ഉയര്‍ന്നവരോട് Hello ഉപയോഗിക്കുന്നതില്‍ താത്വികമായി തെറ്റില്ലെങ്കിലും ഒഴിവാക്കേണ്ടതാണ്. ഉദാഹരണത്തിന് ഒരു കോളേജ് വിദ്യാര്‍ത്ഥി പ്രിന്‍സിപ്പലിനെ കാണുമ്പോള്‍ Hello, Good Morning എന്നു പറയുന്നത് ശരിയായിരിക്കില്ല. ഒന്നും പറയാതിരിക്കുന്നതായിരിക്കും അതിലും ഭേദം!

Hello എന്ന പദം ബഹുമാനത്തിന്‍റെ അളവു താഴ്ത്തുന്നു. മറിച്ചാണ് Sir, Madam എന്നിവ ചേര്‍ത്താലുണ്ടാകുന്ന ഫലം. Good Morning, Sir എന്ന് അഭിസംബോധന ചെയ്യുന്നത് വളരെ ആദരപൂര്‍വ്വമുള്ളതാണ്. പറയുന്ന സ്വരം കൂടി വിനയപൂര്‍ണമായാല്‍ ഗംഭീരമായി.

Madam പ്രശ്നം

Good Morning, Madam എന്ന് പറയുന്നതില്‍ ഒരു കൃത്രിമത്വമില്ലേ എന്നു ചിലര്‍ക്കു തോന്നിയെങ്കില്‍ തെറ്റില്ല. ചില ഇന്ത്യന്‍ സ്ത്രീകള്‍ക്ക് ‘മേഡം’ വിളി ഇഷ്ടമല്ല. ‘മേടം! ഇടവമാ!’ എന്നു മറുപടി പറയുന്നവരുമുണ്ട്‌! അപ്പോള്‍ പിന്നെ എന്തുചെയ്യണം? പരിഷ്കാരികളായ സ്ത്രീകള്‍ക്ക് Madam രുചികരമാകും. മറ്റുള്ളവരുടെ കാര്യത്തില്‍ അത് ഒഴിവാക്കാം. പകരം  Good Morning, teacher!, Good Morning, doctor! Good Morning, boss! എന്നൊക്കെ പ്രയോഗിക്കാം. അതുമല്ലെങ്കില്‍ ബഹുമാനം നല്ലപോലെ ചലിച്ചുചേര്‍ത്ത സ്വരത്തില്‍ Good Morning! പറയാം.

    വാസ്തവത്തിൽ ഉച്ചരിക്കുന്ന ഉപചാരപദത്തേക്കാള്‍ പ്രധാനം അതിനു ഉപയോഗിക്കുന്ന സ്വരമാണ്. Good Morning എന്നത് തന്നെ അത്യന്ത ബഹുമാനത്തോടുകൂടിയോ, വെറും സാദാ മട്ടിലോ പരിഹാസസ്വരത്തിലോ ഒക്കെ നമുക്ക് പറയാ൯  കഴിയും. അതുപോലെ Thank You എന്നു ചിലര്‍ പറയുന്നത് കേട്ടാല്‍ ആര്‍ക്കാനും വേണ്ടി എഴുന്നെള്ളിക്കുകയാണോ എന്ന് തോന്നിപ്പോകും. ചിലരുടെ  Thank You / Thanks ആകട്ടെ, ഹൃദയത്തിന്‍റെ ഉള്ളിന്‍റെ ഉള്ളില്‍ നിന്നു വരുന്നതാണെന്നു തോന്നിപ്പോകും.

അമേരിക്കന്‍ മോഡൽ

കണ്ടുമുട്ടുമ്പോള്‍ വെറും Hello കൊണ്ടു കാര്യമൊപ്പിക്കാം, കണ്ടുമുട്ടുന്നത് തന്നെക്കാള്‍ ഉയര്‍ന്നവരല്ലെങ്കില്‍, പകരം അമേരിക്കന്‍ മോഡലില്‍ ‘ഹൈ’(Hi) എന്നും പറയാം.

തിരിച്ചു പറയേണ്ടത്

ഒരാള്‍ Good Morning പറഞ്ഞാല്‍ തിരിച്ചും Good Morning ആണു പറയേണ്ടത്. ‘അസലാം അലൈക്കും’ എന്ന് പറഞ്ഞാല്‍ ‘അലൈക്കും അസലാം’ എന്നു തിരിച്ചു പറയുന്ന രീതി ആവശ്യമില്ല. പിന്നെ അരത്തമാശയുടെ മട്ടില്‍ വേണമെങ്കില്‍ Very Good Morning! എന്നോ Better Morning! എന്നോ ഒക്കെ പ്രയോഗിക്കുന്നതില്‍ തെറ്റില്ല.

(തുടരും )

Share: