ഡിജിറ്റൽ മുന്നേറ്റം തൊഴിലിനും വിദ്യാഭ്യാസത്തിനും : മുഖ്യമന്ത്രി
കൊച്ചി: ഡിജിറ്റൽ മേഖലയിലെ മുന്നേറ്റം വൻതോതിലുള്ള തൊഴിലവസരങ്ങൾക്കും വിദ്യാഭ്യാസരംഗത്തെ നൂതന പ്രവണതകൾ സംസ്ഥാനത്തു ലഭ്യമാക്കുന്നതിനും സഹായകമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനായി ഐടി പാർക്കുകളുടെ അടിസ്ഥാനസൗകര്യ വികസനം ഉൾപ്പെടെയുള്ള നടപടികൾ സർക്കാർ സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി ലെ മെറിഡിയൻ കണ്വൻഷൻ സെന്ററിൽ ആരംഭിച്ച ഹാഷ് ഫ്യൂച്ചർ ഗ്ലോബൽ ഐടി ഉച്ചകോടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാന്പത്തികരംഗത്തെ ഡിജിറ്റൽ മുന്നേറ്റത്തിനനുസൃതമായി വിദ്യാഭ്യാസ മേഖലയിലും കാതലായ മാറ്റങ്ങളുണ്ടാകണം. യുവാക്കളുടെ വിദ്യാഭ്യാസ, തൊഴിൽ വൈദഗ്ധ്യങ്ങളും വികസിപ്പിക്കേണ്ടതുണ്ട്. അതിനു മികച്ച പരിശീലനത്തിനും തൊഴിലിനും കേരളത്തിൽ അവസരമുണ്ടാകണം.
കേരളത്തിലെ ഐടി പാർക്കുകളുടെ വിസ്തൃതി കൂട്ടിയത് അടിസ്ഥാന സൗകര്യവികസനത്തിൽ നേട്ടമാകും. ഇതോടൊപ്പം ഡിജിറ്റൽ രംഗത്ത് ലോകോത്തര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളും ഒരുങ്ങണം. അതുവഴി കേരളത്തിന്റെ വിവരസാങ്കേതിക രംഗത്ത് പുത്തൻ ആശയങ്ങളും നൂതന സംരംഭങ്ങളും ഉണ്ടാകും. ഹാഷ് ഫ്യൂച്ചർ ഇതിലേക്കുള്ള സുപ്രധാന ചവിട്ടുപടിയാണ്.
അന്താരാഷ്ട്ര തലത്തിലെ മികച്ച പ്രഫഷണൽ സ്ഥാപനങ്ങളും വ്യക്തികളുമായി സഹകരണവും വാണിജ്യബന്ധങ്ങളും ഉണ്ടാക്കുകവഴി വിജ്ഞാന സമൂഹമായി കേരളത്തിനു വളരാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ആദ്യ സന്പൂർണ വൈഫൈ സംസ്ഥാനമെന്ന വലിയ കടന്പയിലേക്കു കേരളം ചുവടുവച്ചിരിക്കുകയാണ്. എല്ലാ പൗരന്മാർക്കും ഇന്റർനെറ്റ് അവകാശമായി സംസ്ഥാന സർക്കാർ നേരത്തേ പ്രഖ്യാപിച്ചതാണ്. അതിന്റെ ആദ്യപടിയായി സംസ്ഥാനത്ത് ആയിരം പബ്ലിക് വൈഫൈ സ്പോട്ടുകൾ സ്ഥാപിക്കുന്നതിനു തുടക്കമായി.
സർക്കാർ സേവനങ്ങൾക്കായുള്ള സംസ്ഥാനത്തിന്റെ ഔദ്യോഗിക മൊബൈൽ ആപ്പായ “എം കേരള’ മുഖ്യമന്ത്രി ചടങ്ങിൽ പുറത്തിറക്കി. ചീഫ് സെക്രട്ടറി പോൾ ആന്റണി, ഐടി സെക്രട്ടറി എം. ശിവശങ്കർ, ഐടി ഉന്നതാധികാര സമിതി ചെയർമാൻ എസ്.ഡി. ഷിബുലാൽ, ഹാഷ് ഫ്യൂച്ചർ കണ്വീനർ വി.കെ. മാത്യൂസ് എന്നിവർ പ്രസംഗിച്ചു.