ഓഫിസുകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നത് ഉറപ്പാക്കണമെന്ന് ആരോഗ്യ വകുപ്പ്

385
0
Share:

ഓഫിസുകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്നു സ്ഥാപന മേധാവികള്‍ ഉറപ്പാക്കണമെന്നു ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.കെ.എസ്. ഷിനു അറിയിച്ചു. ഓഫിസില്‍ പ്രവേശിക്കുമ്പോഴും പുറത്തിറങ്ങുമ്പോഴും കൈകള്‍ സാനിറ്റൈസ് ചെയ്യണം. വായും മൂക്കും മൂടുന്ന രീതിയില്‍ മാസ്‌ക്ക് ധരിക്കണം. സംസാരിക്കുമ്പോള്‍ മാസ്‌ക് താഴ്ത്തരുത്. പൊതു ഇടങ്ങളില്‍ സ്പര്‍ശിച്ചാല്‍ ഉടന്‍ കൈകള്‍ സാനിറ്റൈസ് ചെയ്യണം. കൂട്ടം കൂടിയിരുന്നു ഭക്ഷണം കഴിക്കരുതെന്നും ഡി.എം.ഒയുടെ അറിയിപ്പില്‍ പറയുന്നു.

കോവിഡ് ലക്ഷണങ്ങളായ പനി, ചുമ, ക്ഷീണം, തലവേദന, ശരീരവേദന, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്, വയറിളക്കം, മണം, രുചി എന്നിവ അറിയാത്ത അവസ്ഥ തുടങ്ങിയവ അനുഭവപ്പെടുന്നവര്‍ റൂം ക്വാറന്റൈനില്‍ കഴിയേണ്ടതാണ്. ലക്ഷണങ്ങള്‍ തുടരുകയാണെങ്കില്‍ തൊട്ടടുത്തുള്ള ആരോഗ്യപ്രവര്‍ത്തകരെ വിവരമറിയിച്ചു കോവിഡ് ടെസ്റ്റിന് വിധേയമാകുക. കോവിഡ് ടെസ്റ്റ് നെഗറ്റീവ് ആയാലും രോഗലക്ഷണങ്ങള്‍ തീരുന്നതുവരെ ക്വാറന്റൈനില്‍ കഴിയേണ്ടതാണ്.

ഗര്‍ഭിണികള്‍, 10 വയസിനു താഴെയുള്ള കുട്ടികള്‍, 60 വയസിനു മുകളിലുള്ളവര്‍ എന്നിവര്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കുക. ഗര്‍ഭിണികള്‍ റൂം ക്വാറന്റനില്‍ത്തന്നെ കഴിയുക. പൊതുഇടങ്ങളില്‍ കൃത്യമായി സാമൂഹിക അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും കൈകള്‍ ഇടയ്ക്കിടെ അണുവിമുക്തമാക്കുകയും ചെയ്യുക. പൊതുസ്ഥലങ്ങളില്‍ തുപ്പരുത്. സമ്പര്‍ക്ക വ്യാപനവും ഉറവിടമറിയാത്ത രോഗികളുടെ എണ്ണവും കുടുന്ന സാഹചര്യത്തില്‍ കോവിഡ് പ്രതിരോധം സ്വന്തം ഉത്തരവാദിത്തമായി കരുതണമെന്നും ഡി.എം.ഒ. അഭ്യര്‍ഥിച്ചു..

Share: