കോവിഡ് : പോലീസ് നടപടി കർശനമാക്കും: മുഖ്യമന്ത്രി

Share:

തിരുഃ ശാരീരിക അകലം പാലിക്കുന്നത് ഉൾപ്പെടെയുള്ള ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കുന്നതിന് പൊലീസ് നടപടി ഊർജിതപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കടകൾ, ചന്തകൾ മുതലായ സ്ഥലങ്ങളിലും ഇത്തരം സ്ഥാപനങ്ങൾക്ക് അകത്തും ജനം കൂട്ടം കൂടുന്നത് അനുവദിക്കില്ല. സ്ഥാപനങ്ങൾ അണുവിമുക്തമാക്കണം. ഏറ്റവും കുറച്ച് ജീവനക്കാരെ മാത്രമേ നിയോഗിക്കാവൂ. നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നവരുടെ ഫോട്ടോയും മറ്റ് വിവരങ്ങളും പൊലീസ് ആസ്ഥാനത്തെ കൺട്രോൾ റൂമിന് അയച്ചു നൽകാൻ പൊതുജനങ്ങൾ തയ്യാറാകണം.
വിദേശങ്ങളിൽ നിന്ന് എത്തുന്നവർ വിമാനത്താവളങ്ങളിൽ നിന്ന് നേരെ വീടുകളിലേക്കാണ് പോകേണ്ടത്. വഴിയിൽ ബന്ധുവീടുകൾ ഉൾപ്പെടെ മറ്റു സ്ഥലങ്ങൾ സന്ദർശിക്കുന്നത് അനുവദിക്കില്ല. ഇത് പ്രത്യേകം ശ്രദ്ധിക്കാൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. കണ്ടെയ്ൻമെന്റ് മേഖലകളിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് പൊലീസ് സംവിധാനം കൂടുതൽ കർശനമാക്കും. ഇത്തരം സ്ഥലങ്ങളിൽ ആർക്കും ഒരിളവും അനുവദിക്കില്ല. എല്ലാ മാനദണ്ഡങ്ങളും പാലിച്ച് വാഹനപരിശോധന നടത്തും. അനുവദനീയമായ എണ്ണം ആൾക്കാരെ മാത്രമേ വാഹനങ്ങളിൽ യാത്ര ചെയ്യാൻ അനുവദിക്കൂ. രാത്രി ഒൻപതു മണിക്ക് ശേഷമുള്ള വാഹനഗതാഗതത്തിന് നിയന്ത്രണമുണ്ടായിരിക്കും. അവശ്യസർവീസുമായി ബന്ധപ്പെട്ട വാഹനങ്ങൾക്ക് മാത്രമേ ഇളവ് അനുവദിച്ചിട്ടുള്ളൂ.
ഇരുചക്രവാഹനത്തിൽ മാസ്‌ക്കും ഹെൽമെറ്റും ധരിക്കാതെ യാത്ര ചെയ്യുന്നവർക്കെതിരെ പോലീസ് കർശന നടപടി സ്വീകരിക്കും. എയർപോർട്ടുകളിൽ ഭക്ഷണം ലഭ്യമാക്കുമ്പോൾ അമിതവില ഈടാക്കരുത് എന്ന് നിർദേശം നൽകിയിട്ടുണ്ട്. ലഘുഭക്ഷണ സാധനങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കാൻ സർക്കാർ നടപടിയെടുക്കും. സിയാൽ എയർപോർട്ടിൽ കുടുംബശ്രീയുടെ ലഘുഭക്ഷണ വിതരണകേന്ദ്രം ഒരുക്കിയിട്ടുണ്ട്.
വിമാനത്താവളങ്ങളിൽ പ്രവാസി സഹോദരങ്ങൾ വരുമ്പോൾ സന്നദ്ധ സംഘടനകളുടെയും മറ്റും പേരിൽ സ്വീകരിക്കാൻ ആരും പോകേണ്ടതില്ല. വിമാനം ഇറങ്ങി വാഹനത്തിൽ പോകുന്നവരെ തടഞ്ഞുനിർത്തി വഴിയിൽ സ്വീകരണം നൽകുന്നതും അനുവദിക്കില്ല.
കോവിഡ് പരിശോധന നടത്തി രോഗമില്ലെന്ന് കണ്ടെത്തിയാൽ മൃതദേഹം കാലതാമസം ഇല്ലാതെ വിട്ടുകൊടുക്കും. കോവിഡ് പരിശോധനയ്ക്ക് സ്വകാര്യ ആശുപത്രികളും ലാബുകളും അമിതനിരക്ക് ഈടാക്കുന്നത് ഒഴിവാക്കാൻ നിരക്ക് ഏകീകരിക്കും.
ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമം ഉറപ്പാക്കേണ്ട ഉത്തരവാദിത്തം ജില്ലാ പൊലീസ് മേധാവിമാർക്കാണ്. ജില്ലാ പൊലീസ് മേധാവിമാർ പൊലീസ് പിക്കറ്റുകളും മറ്റു പരിശോധനസ്ഥലങ്ങളും സന്ദർശിക്കും. ക്വാറന്റൈനിൽ കഴിയുന്നവർ നിർദ്ദേശങ്ങൾ ലംഘിക്കാതെ വീടുകളിൽ തുടരുന്നുവെന്ന് ഉറപ്പാക്കാൻ നടപടി സ്വീകരിക്കും.

ഓരോ ദിവസത്തെയും യാത്രാ വിവരങ്ങൾ എല്ലാവരും എഴുതി സൂക്ഷിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സഞ്ചരിച്ച വാഹനങ്ങളുടെ നമ്പർ, സമയം, സന്ദർശിച്ച സ്ഥലങ്ങൾ, ഹോട്ടലിൽ പോയിട്ടുണ്ടെങ്കിൽ അതിന്റെ വിശദാംശം, സമയം തുടങ്ങി മുഴുവൻ വിവരങ്ങളും ബുക്കിലോ ഡയറിലിലോ ഫോണിലോ എഴുതി സൂക്ഷിക്കണം. ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി നൽകുന്ന കണക്കുകൾ പ്രകാരം ആഗസ്റ്റ് അവസാനത്തോടെ കേരളത്തിൽ ഉണ്ടാകാൻ സാധ്യതയുള്ള ആക്റ്റീവ് കേസുകളുടെ എണ്ണം വലുതാണ്. ഇത് നിലവിലുള്ള അവസ്ഥ വെച്ചുള്ള സൂചനയാണ്. ഇത് കുറയുകയോ കൂടുകയോ ചെയ്യാം. അതുകൊണ്ട് നിയന്ത്രണങ്ങൾ എല്ലാം പാലിക്കാനും തീരുമാനങ്ങൾക്ക് ആത്മാർഥമായ പിന്തുണ നൽകാനും ജനങ്ങൾ ഓരോരുത്തരും സന്നദ്ധരാകണം.

Share: