നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി-ജില്ലാ കളക്ടര്‍
🔹സമൂഹ വ്യാപനം ഒഴിവാക്കാന്‍ ജാഗ്രത തുടരണം
🔹സാമൂഹിക അകലം ഉറപ്പാക്കണം
🔹പോലീസ് നിരീക്ഷണം ഉര്‍ജ്ജിതം
കോട്ടയം : കൊറോണ വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു അറിയിച്ചു. ലോക് ഡൗണും നിരോധനാജ്ഞയും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ ഒരിടത്തും നാലു പേരില്‍ കൂടുതല്‍ കൂട്ടം കൂടുവാന്‍ പാടില്ല.
ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച ആരും നിലവില്‍ ചികിത്സയിലില്ലെങ്കിലും രോഗവ്യാപനം തടയുന്നതിന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും, ആരോഗ്യ വകുപ്പും നല്‍കിയിട്ടുള്ള നിര്‍ദേശങ്ങള്‍ നിര്‍ബന്ധമായും പാലിക്കേണ്ടതുണ്ട്. മൂവായിരത്തിലേറെ ആളുകള്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ഇതില്‍ രോഗബാധിത രാജ്യങ്ങളില്‍നിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നും വന്നവരും ഉള്‍പ്പെടുന്നു. രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ ഇരുന്നൂറോളം പേരും നേരിട്ടല്ലാതെ സമ്പര്‍ക്കം പുലര്‍ത്തിയ 93 പേരുമുണ്ട്.
ഇവരില്‍ ആര്‍ക്കും നിലവില്‍ രോഗലക്ഷണങ്ങള്‍ ഇല്ലെങ്കിലും വൈറസ് ബാധിച്ചുണ്ടെങ്കില്‍ ലക്ഷണങ്ങള്‍ പ്രകടമാകുന്നതിന് മുമ്പും സമ്പര്‍ക്കത്തില്‍ വരുന്നവരിലേക്ക് രോഗം പകരാന്‍ സാധ്യതയുണ്ട്.
നിരീക്ഷണ കാലയളവായ 28 ദിവസത്തിനുള്ളില്‍ രോഗം മറ്റുള്ളവരിലേക്ക് പടരാതിരിക്കുന്നതിനും സാമൂഹ്യ വ്യാപനം തടയുന്നതിനും വേണ്ടിയുള്ള മുന്‍കരുതലുകളാണ് ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും പോലീസും ഏര്‍പ്പെടുത്തിയിരിക്കുന്നത്. കോട്ടയം ജില്ല സുരക്ഷിതമായെന്ന മുന്‍വിധിയോടെ ലോക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് അനാവശ്യമായി വീടുവിട്ട് പുറത്തു സഞ്ചരിക്കുന്നത് സാമൂഹ്യ വ്യാപനത്തിനുള്ള സാധ്യത വര്‍ധിപ്പിക്കും-കളക്ടര്‍ മുന്നറിയിപ്പു
നല്‍കി.
ട്രഷറികള്‍, ബാങ്കുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, റേഷന്‍ കടകള്‍, മെഡിക്കല്‍ സ്റ്റോറുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ അത്യാവശ്യ കാര്യങ്ങള്‍ക്കായി സന്ദര്‍ശിക്കേണ്ടിവരുമ്പോള്‍ മുഖാവരണം ധരിക്കാനും എല്ലാ ബ്രേക്ക് ദ ചെയിന്‍ കിയോസ്കുകള്‍ പ്രയോജനപ്പെടുത്തി കൈകള്‍ ശൂചികരിക്കാനും ശ്രദ്ധിക്കണം. കാത്തു നില്‍ക്കേണ്ടിവരുന്ന സാഹചര്യത്തില്‍ സാമൂഹിക അകലം (കുറഞ്ഞത് ഒരു മീറ്റര്‍) പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ആവശ്യം സാധിച്ചാലുടന്‍ വീട്ടിലേക്ക് മടങ്ങണം.
നിയമ ലഘനങ്ങള്‍ കണ്ടെത്തുന്നതിന് ഡ്രോണ്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുടെ സഹായത്തോടെ പോലീസ് ജില്ലയില്‍ നിരീക്ഷണം വ്യാപകമാക്കിയിട്ടുണ്ട്. കര്‍ശന നടപടികളില്‍നിന്ന് ഒഴിവാക്കുന്നതിനായി നിര്‍ദേശങ്ങള്‍ പാലിക്കുവാന്‍ എല്ലാവരും ശ്രദ്ധിക്കണം.
ക്വാറന്‍റയിനില്‍ കഴിയുന്നവരെ ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളില്‍ സന്ദര്‍ശിച്ച് ആരോഗ്യ സ്ഥിതി വിലയിരുത്തിവരുന്നു. നിരീക്ഷണ കാലയളവില്‍ ആരോഗ്യ നിര്‍ദേശങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് കളക്ടറ്റേറ്റിലെ കണ്‍ട്രോള്‍ റൂമില്‍(1077) എന്ന നമ്പരില്‍ ബന്ധപ്പെടാം.7034322777 എന്ന നമ്പരില്‍ ഡോക്ടര്‍മാരുടെ ടെലി കൗണ്‍സലിംഗ് സേവനം ലഭ്യമാണെന്നും കളക്ടര്‍ അറിയിച്ചു.