പാസില്ലാതെ എത്തുന്നവരെ കേരളത്തിലേക്ക് കടത്തി വിടില്ല: മുഖ്യമന്ത്രി

Share:

ഇതരസംസ്ഥാനങ്ങളിൽ നിന്ന് പാസില്ലാതെ അതിർത്തിയിലെത്തുന്നവരെ കേരളത്തിലേക്ക് കടത്തി വിടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇപ്പോൾ പാസില്ലാതെയും പാസിന് അപേക്ഷിക്കാതെയും അതിർത്തിയിൽ എത്തുന്നവരുണ്ട്. ഇങ്ങനെ വരുമ്പോൾ അവിടെ ഏർപ്പെടുത്തിയിരിക്കുന്ന ക്രമീകരണങ്ങളുടെ താളംതെറ്റും. അതിർത്തിയിൽ ഏർപ്പെടുത്തിയിട്ടുള്ള ക്രമീകരണങ്ങളുമായി എല്ലാവരും സഹകരിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. പാസില്ലാതെ എത്തുന്നവരെ മടക്കിയയക്കും. പാസ് ലഭിച്ച ശേഷം മാത്രമേ ഇപ്പോൾ താമസിക്കുന്ന സ്ഥലത്തു നിന്ന് പുറപ്പെടാവൂ എന്ന് മുഖ്യമന്ത്രി പറഞ്ഞു.

അതിർത്തിയിൽ എത്തേണ്ട സമയം നിശ്ചയിച്ചു നൽകിയിട്ടുണ്ട്. ഇതനുസരിച്ചു വേണം വരേണ്ടത്. ഇത് അതിർത്തിയിലെ നടപടിക്രമം ലളിതമാക്കാൻ സഹായിക്കും. അതിർത്തി കടക്കുന്നവർ കൃത്യമായ സ്ഥലത്ത് എത്തുന്നുവെന്ന് ഉറപ്പാക്കുന്നത് പോലീസാണ്. നിശ്ചിത സ്ഥലത്തെത്തിയില്ലെങ്കിൽ അത് ചട്ടലംഘനമാണ്. ഇത്തരക്കാർക്കെതിരെ കർശന നടപടിയുണ്ടാവും. ഓരോ ചെക്ക്‌പോസ്റ്റിന്റേയും പരിധി കണക്കാക്കിയാണ് പാസ് ഓരോ ദിവസത്തേക്കും അനുവദിച്ചിരിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് 21812 പേർ കേരളത്തിലെത്തി. 54262 പേർക്കാണ് പാസ് അനുവദിച്ചത്.

അതിർത്തിയിലെത്തുന്നവരുടെ പരിശോധന വേഗത്തിലാക്കി പ്രവേശനാനുമതി നൽകുന്നതിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിനായി ജനമൈത്രി പോലീസിന്റെ സേവനവും തേടും. ജനങ്ങളെ നിയന്ത്രിക്കുന്നതിന് എല്ലാ ചെക്ക്‌പോസ്റ്റുകളിലും കൂടുതൽ പോലീസുകാരെ നിയോഗിക്കും.
മറ്റു സംസ്ഥാനങ്ങളിലുള്ള മലയാളികളെ സഹായിക്കുന്നതിന് രാജ്യത്തെ പ്രധാന നഗരങ്ങളിൽ ഹെൽപ് ഡെസ്‌ക്കുകൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ന്യൂഡൽഹി കേരളഹൗസ്, മുംബയ് കേരള ഹൗസ്, ചെന്നൈ, ബംഗളൂരു നോർക്ക ഓഫീസുകൾ എന്നിവിടങ്ങളിലാവും ഹെൽപ്‌ഡെസ്‌ക്ക്. ഇതോടൊപ്പം കാൾസെന്റർ സംവിധാനവും ഇവിടങ്ങളിലുണ്ടാവും.

വിദൂരസ്ഥലങ്ങളിൽ നിന്ന് ട്രെയിൻ മാർഗം മലയാളികളെ കൊണ്ടുവരാനുള്ള ശ്രമം തുടരുന്നു. ആദ്യത്തെ ട്രെയിൻ ഡൽഹിയിൽ നിന്ന് യാത്ര നടത്തുമെന്നാണ് പ്രതീക്ഷ. തീയതി ഉടൻ അറിയാം. ഇതിൽ വിദ്യാർത്ഥികൾക്കാണ് മുൻഗണന. മുംബയ്, ബംഗളൂരു, ചെന്നൈ തുടങ്ങിയ പ്രധാന നഗരങ്ങളിൽ നിന്ന് പ്രത്യേക ട്രെയിൻ സർവീസ് ആലോചിക്കുന്നുണ്ട്.

മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ആളെ എത്തിക്കാൻ തയ്യാറാണെന്ന് ടൂറിസ്റ്റ് വാഹന ഓപ്പറേറ്റർമാർ അറിയിച്ചിട്ടുണ്ട്. 493 വാഹനങ്ങൾ ടൂറിസം വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിദേശത്തു നിന്നെത്തി വീടുകളിൽ ക്വാറന്റൈനിൽ കഴിയുന്ന ഗർഭിണികളും വീട്ടുകാരും കർക്കശ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം. ഇവർ ആശുപത്രികളിൽ ചെക്ക്അപ്പിനു പോകുന്നതിന് മുമ്പ് ആരോഗ്യവകുപ്പിന്റെ കൺട്രോൾ റൂമിൽ ബന്ധപ്പെടണം. ഇഷ്ടമുള്ള ആശുപത്രിയിൽ ഈ ഘട്ടത്തിൽ പോകുന്നത് ആരോഗ്യത്തിന് ഹാനികരമായി മാറിയേക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Tagspass
Share: