സൗജന്യ കരിയര്‍ ഗൈഡന്‍സ് പരിശീലനം : അപേക്ഷ ക്ഷണിച്ചു
മുസ്ലിം, ക്രിസ്ത്യന്‍, ബുദ്ധ, ജൈന, സിഖ്, പാഴ്‌സി ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെടുന്ന ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് രണ്ട് ദിവസത്തെ സൗജന്യ കരിയര്‍ ഗൈഡന്‍സ് പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു. അഭിരുചിക്കനുസരിച്ച് ഉപരിപഠന മേഖലകള്‍ തെരഞ്ഞെടുക്കാനും വ്യക്തിത്വ രൂപീകരണത്തിനും വിദ്യാര്‍ത്ഥികളെ സഹായിക്കുകയാണ് ലക്ഷ്യം. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ ആദ്യ ദിനം ക്യാമ്പില്‍ താമസിക്കണം.
വാര്‍ഷിക പരീക്ഷയില്‍ ചുരുങ്ങിയത് 60 ശതമാനം മാര്‍ക്ക് നേടിയവര്‍ക്കാണ് പ്രവേശനം. ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്ക് എസ്.എസ്.എല്‍.സി പരീക്ഷയുടെ മാര്‍ക്കും മറ്റുള്ളവര്‍ക്ക് മുന്‍ വര്‍ഷത്തെ വാര്‍ഷിക പരീക്ഷയുടെ മാര്‍ക്കുമാണ് മാനദണ്ഡം.
30 ശതമാനം സീറ്റുകള്‍ പെണ്‍കുട്ടികള്‍ക്കും 20 ശതമാനം സീറ്റുകള്‍ മുസ്ലീങ്ങള്‍ ഒഴികെയുള്ള മറ്റ് മതന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും സംവരണം ചെയ്തിരിക്കുന്നു, മുന്‍ഗണനാ വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പരിഗണന നല്‍കും. ഒരു ക്യാമ്പില്‍ 100 വിദ്യാര്‍ത്ഥികള്‍ക്കാണ് അവസരം.
ഓരോ ജില്ലയിലും 10 ക്യാമ്പുകള്‍ വരെ നടക്കും. കരിയര്‍ ഗൈഡന്‍സ് വ്യക്തിത്വ വികസനം, നേതൃത്വ പാടവം തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധരായ പരിശീലകര്‍ ക്യാമ്പിന് നേതൃത്വം നല്‍കും. താല്‍പര്യമുള്ള സ്‌കൂളുകള്‍ അതത് പരിശീലന കേന്ദ്രം പ്രിന്‍സിപ്പലുമായി ബന്ധപ്പെടുക.
ജില്ലകളിലെ പരിശീലന കേന്ദ്രം സംബന്ധിച്ച വിവരങ്ങള്‍ www.minoritywelfare.kerala.gov.in ല്‍ ലഭ്യമാണ്.
അപേക്ഷ ജൂൺ 25 നകം നല്‍കണം.