ആദ്യ ക്യാംപസ് സിനിമ , കൊല്ലത്തിൻറേത് ; തൊഴിൽ – വിദ്യാഭ്യാസ പ്രസിദ്ധീകരണവും

Share:

– ഋതു രാജ്

പുത്തൻ സാങ്കേതിക സൗകര്യങ്ങൾ ക്യാമ്പസ് സിനിമ വ്യാപകമാക്കുമ്പോൾ ദക്ഷിണേന്ത്യയിൽ ആദ്യമായി ക്യാംപസ് സിനിമയുണ്ടായത് കൊല്ലത്തുനിന്നാണെന്നത് ഈ നഗരത്തിൻറെ പെരുമ കൂട്ടുന്നു.
ആദ്യ തൊഴിൽ വിദ്യാഭ്യാസ പ്രസിദ്ധീകരണം, ‘കരിയർ മാഗസിൻ ‘, (1984 ) ആദ്യ സോഷ്യൽ മീഡിയ നെറ്റ്‌വർക്ക് , ടെലിഫോൺ ഇ ഡയറക്ടറി ഡോട്ട് കോം ( 2002 – ഫേസ്ബുക് തുടങ്ങുന്നതിനു രണ്ടു വർഷം മുൻപ് ഡോ . എ പി ജെ അബ്ദുൾകലാം ചെന്നൈ അണ്ണാ സർവകലാശാലയിൽ തുടക്കം കുറിച്ചു ) ആദ്യ ഇ കൊമേഴ്സ് പ്ലാറ്റുഫോം , കാബൂളിവാല ഡോട്ട് കോം (2011 ) എന്നിവക്കുമുണ്ട് കൊല്ലത്തിൻറെ സുഗന്ധം. അതോടൊപ്പം രാജൻ പി തൊടിയൂർ എന്ന അസാധാരണ വ്യക്തിത്വവും.

ടൂർ ഗോപാലകൃഷ്ണൻ തുടങ്ങിവെച്ച കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനവും അദ്ദേഹത്തിൻറെ ചിത്രങ്ങളും മലയാള സിനിമക്കും സിനിമ ചരിത്രത്തിനും നൽകിയ സംഭാവനകൾ എക്കാലവും മലയാളി മനസ്സിലുണ്ടാകും. കേരളത്തിൽ ഫിലിം സൊസൈറ്റികൾ വ്യാപകമാവുകയും ലോകത്തിലെ മികച്ച ചലച്ചിത്ര രചനകൾ കാണാൻ അവസരമുണ്ടാകുകയും ചെയ്തപ്പോൾ കലാലയങ്ങളിലും ചലച്ചിത്ര മാധ്യമത്തെ കുറിച്ചുള്ള പുനർവിചിന്തനങ്ങൾ ഉണ്ടായി. കോളേജ് ഫിലിം ക്ലബ്ബുകൾ .അവിടെ നിന്നാണ് ക്യാമ്പസ്‌ സിനിമ കൾ പിറവി എടുത്തത്‌.

കൊല്ലം ഫാത്തിമ മാതാ കോളേജിലെ ഫിലിം ക്ലബ്‌ അന്ന് ഏറ്റവും സജീവമായിരുന്ന ഒന്നാണ്. അതുപോലെ മറ്റു പല കോളേ ജുകളും ഫിലിം ക്ലബുകൾക്ക് രൂപം നല്കി. അതിനു നേത്രുത്വം നൽകിയതും ചിത്രലേഖ യായിരുന്നു. ഫിലിം ക്ലബ്ബിൻറെ സെക്രട്ടറിയായിരുന്ന രാജൻ പി തൊടിയൂരും സുഹൃത്തുക്കളും ചേർന്നാണ് ‘ദി ഗ്യാപ് ‘ എന്ന ഹ്രസ്വ ചിത്രത്തിന് രൂപം നൽകുന്നത്. അതേക്കുറിച്ചു രാജൻ പി തൊടിയൂർ വിശദീകരിച്ചു.

” കോളേജ് വിദ്യാർഥിക ളുടെ സിനിമാ ചിന്തകൾ, ഉച്ചക്ക് ക്ലാസ്സ്‌ കട്ട്‌ ചെയ്ത് തിയേ റ്റ റിലേക്ക് മുങ്ങുക എന്നതിൽ നിന്നും സിനിമ എന്ന കലാ മാധ്യമത്തെ ക്കുറിച്ചും ലോകസിനിമയെ ക്കുറിച്ചും മനസിലാക്കുക, ക്ലാസ്സിക്ക് ചിത്രങ്ങൾ കാണുക, അവയെ കുറിച്ച് ചർച്ച ചെയ്യുക എന്നതിലെക്കെത്തിക്കുവാൻ ഫിലിം ക്ളബ്ബ് കാരണമായി . ഫാത്തിമ മാതാ കോളേജിലെ ഓഡിടോറിയം ലോക ക്ലാസ്സിക്കുകൾ പ്രദർ ശിപ്പിക്കുന്നതിനുളള വേദിയായി . ചാർളി ചാപ്ലിനും വിറ്റോറിയ ഡിസീകയും കാബിനെറ്റ്‌ ഓഫ് ഡോക്ടർ കലിഗരിയും അവിടെയെത്താൻ മുൻകൈ എടുത്തത്‌ അന്നത്തെ പ്രിൻസിപ്പൽ റോസാറിയോ അച്ചനും ജേക്കബ്‌ സാറും ജോർജ് സാറും ഒക്കെയാണ്. സിനിമയെ ക്കുറിച്ച് അന്നേ ‘സിനിരമ’ യിൽ എഴുതിയിരുന്നതിനാലാകം ഫാത്തിമ മാതാ കോളേജിലെ പെണ്‍കുട്ടികളുടെ ഇരിപ്പിടത്തിനു ചുറ്റും കറങ്ങിനടന്നി രുന്ന എന്നെ തോളിൽ കൈയിട്ട് പ്രിൻസിപ്പൽ അച്ചൻ മുറിയിൽ കൊണ്ടുപോയി ഫിലിം ക്ലബിൻറെ സെക്രട്ടറി ആക്കിയത്”.

‘അധികാരം ‘ കിട്ടിയപ്പോൾ ചിത്രലേഖ കോളേജ് ഫിലിം ക്ലബുകളെ അവഗണിക്കുന്നു എന്നപേരിൽ ‘സിനിരമ’ യിൽ എഴുതുകയും കുളത്തൂർ ഭാസ്‌കരൻ നായർ ചിത്രലേഖയിൽ വിളിച്ചു ഉടുപ്പിനു പിടിച്ചു ചോദ്യം ചെയ്തതും അടൂർജി ഇടപെട്ട് അടിയിൽ നിന്ന് രക്ഷപ്പെടുത്തിയതും ഓർമയിൽ തെളിഞ്ഞു നിൽക്കുന്നു. പക്ഷെ അടൂർജിയുമായി നീണ്ടു നിൽക്കുന്ന സൌഹൃദത്തിനു അത് കാരണമായി.

കോളേജ് ലൈബ്രറി യിൽ സിനിമയെ ക്കുറിച്ചുള്ള പുസ്തകങ്ങൾ വാങ്ങാൻ പൂനയിലെ ‘മാനി’ ബുക്ക്‌ സ്റ്റാൾ പറഞ്ഞു തന്നതും അടൂർജി. പുസ്തകങ്ങൾ വന്നപ്പോൾ ലോക സിനിമ കുറേക്കൂടി അടുത്തു. ചലച്ചിത്ര പ്രസ്ഥാനങ്ങൾ …അവാങ്ങ് ഗാദ് , ഫ്രീ ഫിലിം മൂവ് മെൻറ് , ന്യൂ വേവ് …ഗൊദാദ് ..ആൻഡി വാറോൾ …

അങ്ങിനെയാണ് ആദ്യത്തെ ക്യാമ്പസ്‌ സിനിമ ഫാത്തിമ കോളേജിൽ ജന്മം കൊള്ളുന്നത്‌. 1976-ൽ. ‘ദി ഗ്യാപ് ‘. സുബ്രമണ്യം നിർമ്മാതാവും സംവിധായകനുമായി .

_______________________________________________

ഗിന്നസ് റെക്കോർഡ് സർട്ടിഫിക്കറ്റ് ,ഡോ. എ പി ജെ അബ്ദുൾകലാം സുബ്രമണ്യത്തിനു നൽകിയപ്പോൾ .

________________________________________________

തോപ്പിൽ ഭാസിയും പി ഭാസ്കരനും അടൂർ ഗോപാലകൃഷ്ണനും കാമ്പിശ്ശേരി കരുണാകരനും തെങ്ങമം ബാലകൃഷ്ണനും അച്ചാണി രവിയും എസ് കെ നായരും ദേവാനന്ദും ബാലചന്ദ്ര മേനോനും സുരേഷ് ഗോപിയും ഹരികുമാറും ഒക്കെ പകർന്നു തന്ന ഊർജം അതിനു പിന്നിലുണ്ടായിരുന്നു.

എഴുപതുകളിൽ, മൂവി ക്യാമറ എന്നത് മലയാളി വിദ്യാർഥിയുടെ സ്വപ്നത്തിൽ പോലുമില്ലാത്ത കാലത്താണ് ഞങ്ങൾ ക്യാമ്പസ്‌ സിനിമയെ കുറിച്ച് ചിന്തിക്കുന്നത്. സുബ്രമണ്യ ത്തിൻറെ അച്ഛന് സ്റ്റുഡിയോ ഉണ്ട് സ്റ്റിൽ ക്യാമറയുണ്ട്. സൂര്യകുമാർ കെ ഷാ യുടെ വീട്ടിൽ മൂവി ക്യാമറയുണ്ട്. കൊഡാക് റിവേർസ് ഫിലിം ഇറക്കുന്നുണ്ട്. ഇത്രയുമായപ്പോൾ ധൈര്യമായി . ഞാൻ എഴുതിയ തിരക്കഥയും ഏവര്ക്കുമിഷ്ടമായി. സുബ്രമണ്യം സംവിധാനം. വേണു ബി നായർ സഹ സംവിധാനം. സൂര്യകുമാർ ക്യാമറ.

ആദ്യത്തെ വാർത്ത സിനിരമയിൽ പ്രസിദ്ധീകരിച്ചിട്ട് , കാമ്പിശ്ശേരി ചോദിച്ചു, ” ഇത് വല്ലതും നടക്കുവോടെ?”

അഭിനയിക്കാൻ ഒരു പെണ്‍കുട്ടിയെ തേടിയപ്പോഴും അത് തന്നെയായിരുന്നു ചോദ്യം. പക്ഷെ മോളി തയ്യാറായി. മറ്റൊരു പെണ്‍ കുട്ടിയെ കിട്ടാത്തത് കൊണ്ട് ഒരു അമ്മ വേഷം വേണ്ടെന്നു വെച്ചു . തോമസ്‌ പണിക്കർ, സാം , രാജശേഖരൻ , അപ്പുക്കുട്ടൻ , ഓമനക്കുട്ടൻ, പിയേർസണ്‍ , സ്കോബിൾ ജോർജ് എന്നിവരൊക്കെ അഭിനയിച്ചു. തിയാസ്‌ മുഹമ്മദ് , അനിൽ സേവിയർ തുടങ്ങിയവരുടെ പിൻബലം .

നാല്പതു മിനിട്ടോളം വരുന്ന ‘ദി ഗ്യാ പ്‌’ അദ്ധ്യാപകർക്കും പത്രക്കാർക്കും മുന്നിൽ പ്രദർശിപ്പിച്ചു. റൊസാറിയോ അച്ചൻ തോളിൽ തട്ടി. പത്രങ്ങൾ എഴുതി .

കേരളത്തിലെ ആദ്യത്തെ ക്യാമ്പസ്‌ സിനിമ , ‘ദി ഗ്യാ പ്‌’ .

മറ്റു കോളേജ് കളിലെ ചലച്ചിത്ര ക്യാമ്പ് കളിലേക്ക് ക്ഷണം. അങ്ങിനെ ഒരു ക്യാമ്പിൽ വെച്ചാണ്‌ സണ്ണി ജോസെഫിനെ പരിചയ പ്പെടുന്നത്. സണ്ണി പറഞ്ഞു, ”ഞങ്ങളും ഒരു ക്യാമ്പസ്‌ സിനിമ ആലോചിക്കുകയാണ്. സ്വിച്ച് ഓണ്‍ ചെയ്യാൻ വരണം”.

സണ്ണി ജോസഫ്‌, ഡെന്നിസ് ജോസഫ്‌, ഗായത്രി അശോകൻ , വയലാർ മാധവൻ കുട്ടി. അങ്ങനെ ഒരു സംഘം. ‘ഒടുക്കം’ അതായിരുന്നു സണ്ണിയുടെ ചിത്രം. കൊല്ലം എസ് എൻ കോളേജിൽ നിന്നുമുണ്ടായി ഒരു ക്യാംപസ് സിനിമ. ‘ചൂസ് യുവർ പാത്ത് ‘. ഇന്നത്തെ പ്രശസ്ത താരവും കൊല്ലം എം എൽ എ യുമായ മുകേഷും വേണുകുമാറും ഡി വേണുഗോപാലും ഒക്കെച്ചേർന്നാണ് അത് നിർമ്മിച്ചത്.


ഇന്നിപ്പോൾ ക്യാമ്പസ്‌ സിനിമ വ്യപകമാകുമ്പോൾ , യുവതലമുറയിൽ ചിത്രലേഖ പകർന്ന ഊർജം, ഒരു പുതിയ ചലച്ചിത്ര സംസ്കാരത്തിന് എത്ര മാത്രം ഉതകി എന്നത് കൂടി തിരിച്ചറിയണമെങ്കിൽ വിദ്യാലയങ്ങളിൽ നാല് ദശകങ്ങൾക്ക് മുൻപ് ജന്മ്മം കൊണ്ട ക്യാമ്പസ്‌ സിനിമ കൂടി അറിഞ്ഞിരിക്കണം.

സിനിമാപഠനം ഇന്നിപ്പോൾ സർവകലാശാലകളിൽ പഠനവിഷയമായിരിക്കുന്നു. പുതിയ സാങ്കേതിക സൗകര്യങ്ങൾ ‘മൊബൈൽ ഫോണ്‍’ ഉപയോഗിച്ചും സിനിമ എടുക്കാം എന്നതിൽ എത്തിച്ചിരിക്കുന്നു. അബുദാബി കൾച്ചറൽ ഫൌണ്ടേഷൻ നടത്തിയ ‘ക്യാമ്പസ്‌ ഫിലിം ഫെസ്റ്റിവലിൽ മുന്നൂറോളം ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്.

ആൻഡി വാറോൾ പറഞ്ഞതിന് കൂടുതൽ പ്രസക്തി ഏറുന്നു .

“ആർക്കും സിനിമയെടുക്കാം എങ്ങനെയും”.

പുത്തൻ സാങ്കേതിക സൗകര്യങ്ങൾ ക്യാമ്പസ് സിനിമ വ്യാപകമാക്കുമ്പോൾ ദക്ഷിണേന്ത്യയിൽ ആദ്യമായി ക്യാംപസ് സിനിമയുണ്ടായത് കൊല്ലത്തുനിന്നാണെന്നത് ഈ നഗരത്തിൻറെ പെരുമ കൂട്ടുന്നു.
ആദ്യ തൊഴിൽ വിദ്യാഭ്യാസ പ്രസിദ്ധീകരണം, ‘കരിയർ മാഗസിൻ ‘, (1984 ) ആദ്യ സോഷ്യൽ മീഡിയ നെറ്റ്‌വർക്ക് , ടെലിഫോൺ ഇ ഡയറക്ടറി ഡോട്ട് കോം ( 2002 – ഫേസ്ബുക് തുടങ്ങുന്നതിനു രണ്ടു വർഷം മുൻപ് ഡോ . എ പി ജെ അബ്ദുൾകലാം ചെന്നൈ അണ്ണാ സർവകലാശാലയിൽ തുടക്കം കുറിച്ചു ) ആദ്യ ഇ കൊമേഴ്സ് പ്ലാറ്റുഫോം , കാബൂളിവാല ഡോട്ട് കോം (2011 ) എന്നിവക്കുമുണ്ട് കൊല്ലത്തിൻറെ സുഗന്ധം.

( തിരക്കഥാകൃത്തും നടനും രാരീരം ഇൻഫോ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് സി ഇ ഒ യും ചലച്ചിത്ര നിർമ്മാതാവുമാണ് ലേഖകൻ )

Share: