ക്യാമ്പസ് റിക്രൂട്ട്മെൻറ് : ടി.സി.എസ് മുപ്പതിനായിരത്തോളം പേരെ തിരയുന്നു
കഴിഞ്ഞ മൂന്ന് വർഷത്തിനിടയിലെ ഏറ്റവും വലിയ ക്യാമ്പസ് റിക്രൂട്ട്മെന്റിന് രാജ്യത്തെ ഏറ്റവും വലിയ തൊഴില്‍ ദാതാക്കളിൽ ഒരാളായ ടി.സി.എസ്. ( ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ) തയ്യാറെടുക്കുന്നു. ക്യാമ്പസ് റിക്രൂട്ട്മെൻറ് വഴി 28,000 തൊഴിലവസരങ്ങളാണ് ടി.സി.എസ് നികത്താൻ ഉദ്ദേശിക്കുന്നത്.
2018 ല്‍ ഇതുവരെ 16,000 പേരാണ് ക്യാമ്പസ് റിക്രൂട്ട്‌മെന്റിലൂടെ തെരെഞ്ഞടുക്കപ്പെട്ടത്.
ഇതില്‍ 10,227 പേര്‍ ജോലിയില്‍ പ്രവേശിച്ചതായി ടി.സി.എസ്. എക്‌സിക്യൂട്ടീവ് പ്രസിഡന്റ് അജോയ് മുഖര്‍ജി പറഞ്ഞു.
ആകര്‍ഷകമായ ശമ്പളവ്യവസ്ഥകളാണ് ടി.സി.എസ്. ജോലിക്കാര്‍ക്കായി നല്‍കിയിരിക്കുന്നത്.
ഐ.ടി. മേഖലയിലെ തുടക്കക്കാര്‍ക്ക് ശമ്പളം ഇരട്ടിയാക്കും. പ്രതിവര്‍ഷ ശമ്പളമായ മൂന്നര ലക്ഷം രൂപയില്‍ നിന്ന് ആറര ലക്ഷം രൂപയായിട്ടാണ് ടി.സി.എസ്. വര്‍ധിപ്പിച്ചത്.
കഴിഞ്ഞ ഒരു ദശാബ്ദമായി ഐ.ടി. മേഖലയില്‍ തുടക്കക്കാരുടെ ശമ്പളത്തില്‍ മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തിലാണ് ടി.എസി.ന്റെ പുതിയ തീരുമാനം.
വാര്‍ഷിക വരുമാനത്തില്‍ 20.7 ശതമാനം വളര്‍ച്ചയാണ് ടി.സി.എസ്. നേടിയത്.
ബാങ്കിങ്, ഫിനാന്‍ഷ്യല്‍ സര്‍വീസ് ആന്‍ഡ് ഇന്‍ഷുറന്‍സ് മേഖലകളില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ രാജേഷ് ഗോപിനാഥന്‍ വ്യക്തമാക്കി.
ഓണ്‍ലൈന്‍ പരീക്ഷ
ക്യാമ്പസില്‍ നിന്ന് നേരിട്ട് റിക്രൂട്ട് ചെയ്യുന്ന രീതി മാറ്റി ഇന്ത്യയിലെ മുഴുവന്‍ എഞ്ചിനീയറിങ് ബിരുധധാരികള്‍ക്കും പങ്കെടുക്കാവുന്ന തരത്തിലുള്ള ഓണ്‍ലൈന്‍ പരീക്ഷ അടിസ്ഥാനപ്പെടുത്തിയുള്ള റിക്രൂട്ട്‌മെന്റ് രീതിയാകും ടി.സി.എസ് അവലംബിക്കുക. രാജ്യത്തെ മുഴുവന്‍ എഞ്ചിനീയറിങ് ബിരുദധാരികള്‍ക്കും തുല്യ അവസരം നല്‍കുന്നതിനും മിടുക്കരായവരെ കണ്ടെത്തുന്നതിനുമാണ് ‘നാഷണല്‍ ക്വാളിഫയര്‍ ടെസ്റ്റ്’ എന്ന പേരില്‍ ഓണ്‍ലൈന്‍ പരീക്ഷ നടത്തുവാൻ ടിസിഎസ് തയ്യാറെടുക്കുന്നത്.
നിലവില്‍ 370 കോളജുകളിലാണ് ടിസിഎസ് കാമ്പസ് റിക്രൂട്ട്‌മെന്റ് നടത്തുന്നത്. എന്നാല്‍, ഓണ്‍ലൈന്‍ രീതിയിലേയ്ക്ക് മാറുമ്പോള്‍ ഇന്ത്യയിലെ നൂറ് നഗരങ്ങളില്‍ നിന്നായി 2000 കോളജുകള്‍ക്ക് അവസരം ലഭിക്കും.
ഇതിനോടകം 2,8,0000 വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നതായും 175 ശതമാനം വര്‍ധനവാണ് രജിസ്‌ട്രേഷനില്‍ ഉണ്ടായിരിക്കുന്നതെന്നും ടി.സി.എസ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഇത് ഒരുലക്ഷമായിരുന്നു.
ഓണ്‍ലൈന്‍ പരീക്ഷയ്ക്ക് ശേഷം വീഡിയോ അഭിമുഖം, മുഖാമുഖം എന്നിവയും ഉണ്ടായിരിക്കും. രാജ്യത്തുടനീളമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ റിക്രൂട്ട്‌മെന്റ് രീതി ഗുണം ചെയ്യുമെന്ന നിരീക്ഷണത്തിലാണ് ഇവര്‍.