അസീം പ്രേംജി സർവകലാശാല : ഇപ്പോൾ അപേക്ഷിക്കാം
അസിം പ്രേംജി ഫൗണ്ടേഷന്റെ മേൽനോട്ടത്തിൽ ബംഗളൂരുവിൽ പ്രവർത്തിക്കുന്ന കൽപിത സർവകലാശാലയായ അസീം പ്രേംജി സർവകലാശാല നടത്തുന്ന ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. വിദ്യാഭ്യാസ, വികസന മേഖലകളിൽ പരിചയ സന്പന്നരായ യുവനിരയെ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന അസീം പ്രേംജി സർവകലാശാല സാമൂഹിക സേവന രംഗത്തും സന്നദ്ധ സംഘടനകളിലും മികച്ച അവസരം നൽകുന്ന കോഴ്സുകളാണ് നടത്തുന്നത്.
കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് അഡ്മിനിസ്ട്രേറ്റേഴ്സ്, കരിക്കുലം ഡിസൈനേഴ്സ്, പോളിസി സ്പെഷലിസ്റ്റ്, പ്രോഗ്രാം മാനേജർമാർ, സോഷ്യൽ എന്റർപ്രണർ, ടീച്ചർ എഡ്യൂക്കേറ്റർ, റിസർച്ചർ എന്നീ മേഖലകളിൽ തൊഴിൽ സാധ്യതയുണ്ട്. കൂടാതെ അസിം പ്രേജി ഫൗണ്ടേഷനും സന്നദ്ധ പ്രവർത്തകരെ വൻതോതിൽ നിയമിക്കുന്നുണ്ട്.
ബിരുദ കോഴ്സുകൾ: ബിഎ-ഇക്കണോമിക്സ്, ഹ്യുമാനിറ്റീസ്, ബിഎസ്സി-ഫിസിക്സ്,ബയോളജി എന്നിവയാണു മേജർ കോഴ്സുകൾ. കൂടാതെ ഡാറ്റാ സയൻസ്, അപ്ലൈഡ് മാത്തമാറ്റിക്സ്, എഡ്യൂക്കേഷൻ സ്റ്റഡീസ്, ഡെവലപ്മെന്റ് സസ്റ്റൈനബിലിറ്റി തുടങ്ങിയ മൈനർ കോഴ്സുകളിൽ നിന്നും തെരഞ്ഞെടുത്തവയും പഠിക്കണം. പ്ലസ്ടു പാസായവർക്കും അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. 140000 രൂപയാണ് വാർഷിക ട്യൂഷൻ ഫീസ്. അർഹരായവർക്കു സ്കോളർഷിപ് ലഭിക്കും.
ബിരുദാനന്തര ബിരുദ കോഴ്സുകൾ: എംഎ എഡ്യൂക്കേഷൻ, എംഎ ഡവലപ്മെന്റ്, എംഎ പബ്ലിക് പോളിസി ആൻഡ് ഗവേണൻസ്, മാസ്റ്റർ ഓഫ് ലോ എന്നിവയാണു പിജി പ്രോഗ്രാമുകൾ. എൽഎൽബി പാസായവർക്ക് ഒരു വർഷത്തെ മാസ്റ്റർ ഓഫ് ലോയ്ക്ക് അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തിൽ ബിരുദമാണു മറ്റു കോഴ്സുകൾക്ക് അപേക്ഷിക്കാനുള്ള യോഗ്യത. ദൈർഘ്യം രണ്ടു വർഷം.
ഫെബ്രുവരി 10ന് നടത്തുന്ന നാഷണൽ എൻട്രൻസ് ടെസ്റ്റിന്റെയും ഇന്റർവ്യുവിന്റെയും അടിസ്ഥാനത്തിലാണ് അഡ്മിഷൻ. തിരുവനന്തപുരം പരീക്ഷാ കേന്ദ്രമാണ്.
ബിരുദ കോഴ്സുകൾക്ക് ഡിസംബർ അഞ്ചിനകവും ബിരുദാനന്തര ബിരുദ കോഴ്സുകൾക്ക് ജനുവരി 26നകവും അപേക്ഷിക്കണം.
രണ്ടു തവണയായാണ് അഡ്മിഷൻ നടത്തുന്നത്. ഏർലി അഡ്മിഷനും റെഗുലർ അഡ്മിഷനും. ഏർലി അഡ്മിഷൻ രീതിയിൽ ജനുവരിയോടെ പ്രവേശന നടപടികൾ പൂർത്തിയാക്കും. റെഗുലർ അഡ്മിഷൻ നടപടികൾ ഏപ്രിൽ-മേയിലാണു നിശ്ചയിച്ചിട്ടുള്ളത്. ഇതിൽ ഏർലി അഡ്മിഷനാണ് ഡിസംബർ അഞ്ചിനകം അപേക്ഷിക്കേണ്ടത്.
ഏർലി അഡ്മിഷനു തിരുവനന്തപുരം പരീക്ഷാ കേന്ദ്രമാണ്. ഡിസംബർ 17നാണു പ്രവേശന പരീക്ഷ. റീഡിംഗ് കോംപ്രിഹെൻഷൻ, റീസണിംഗ്, ജനറൽ ആൻഡ് സോഷ്യൽ അവേർനെസ്, എസേ റൈറ്റിംഗ് എന്നിവയാണ് പ്രവേശന പരീക്ഷയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
വിശദ വിവരങ്ങൾ www.azimpremjiuniversity.edu.in/admissions എന്ന വെബ്സൈറ്റിൽ ലഭിക്കും
ടോൾ ഫ്രീ നമ്പർ : 1800 266 2001.