ആർട്ടിസാൻസ് ഡേറ്റ ബാങ്ക് : മുഴുവൻ ആർട്ടിസാൻസും സഹകരിക്കണം

Share:

ആർട്ടിസാൻസ് ഡേറ്റ ബാങ്ക് : കേരളത്തിലെ മുഴുവൻ ആർട്ടിസാൻസും സഹകരിക്കണം

– നെടുവത്തൂർ സുന്ദരേശൻ

( ചെയർമാൻ, കേരള ആർട്ടിസാൻസ് ഡെവലപ്മെൻറ് കോർപറേഷൻ )

പരമ്പരാഗത തൊഴിലാളികളായ ആർട്ടിസാൻസ് വിഭാഗത്തിൻറെ വിശദ വിവരങ്ങൾ ശേഖരിക്കുന്നതിനും തൊഴിൽ നഷ്ട്ടപ്പെട്ടവർക്കായി പുനരധിവാസ പദ്ധതികൾ ആവിഷ്കരിക്കുന്നതിനും വേണ്ടി കേരള ആർട്ടിസാൻസ് ഡെവലപ്മെൻറ് കോർപറേഷൻ (കാഡ്‌കോ ) , തയ്യാറാക്കുന്ന ‘ആർട്ടിസാൻസ് ലേബർ ഡേറ്റ ബാങ്ക്’ രജിസ്ട്രേഷൻ 2020 ജനുവരിയിൽ ആരംഭിക്കുമെന്നും കേരളത്തിലെ മുഴുവൻ ആർട്ടിസാൻസും സഹകരിക്കണമെന്നും കേരള ആർട്ടിസാൻസ് ഡെവലപ്മെൻറ് കോർപറേഷൻ ചെയർമാൻ നെടുവത്തൂർ സുന്ദരേശൻ.

കേരളത്തിലെ 2717 അക്ഷയ കേന്ദ്രങ്ങളുടെ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയിൽ കേരളത്തിലെ മുഴുവൻ ആർട്ടിസാനുകളും രജിസ്റ്റർ ചെയ്യുന്നതിലൂടെ കാഡ്‌കോ നടപ്പാക്കാനുദ്ദേശിക്കുന്ന വിവിധ പദ്ധതികളുടെ ഗുണഫലം അവരിൽ എത്തുമെന്നും പരമ്പരാഗത തൊഴിലാളികൾ നേരിടുന്ന തൊഴിലില്ലായ്മക്കും അവഗണനക്കും ശാശ്വത പരിഹാരം കണ്ടെത്തുവാനുള്ള പദ്ധതികൾ വിജയകരമായി നടപ്പാക്കാനാകുമെന്നും തിരുവനന്തപുരം പ്രസ് ക്ളബ്ബിൽ നടന്ന പത്രസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി.

പരമ്പരാഗത ആർട്ടിസാനുകളെ ഇടത്തട്ടുകാരുടെ ചൂഷണത്തിൽ നിന്നും വിമുക്തമാക്കുന്നതിനു വേണ്ടി 1981 ൽ സംസ്ഥാന സർക്കാർ പൊതുമേഖലയിൽ ആരംഭിച്ച കേരള ആർട്ടിസാൻസ് ഡെവലപ്മെൻറ് കോർപറേഷൻറെ പ്രഖ്യാപിത ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിന് ആർട്ടിസാൻ സമൂഹത്തിൻറെ കൃത്യമായ വിവരങ്ങൾ അറിഞ്ഞിരിക്കേണ്ടത് അനിവാര്യമായതു കൊണ്ടാണ് ആർട്ടിസാൻസ് ലേബർ ഡേറ്റ ബാങ്ക് തയ്യാറാക്കാൻ ‘കാഡ്‌കോ ‘ മുൻകൈ എടുക്കുന്നത്.

പത്തു ലക്ഷത്തോളം ആർട്ടിസാൻമാരുടെ രജിസ്ട്രേഷൻ ആണ് പ്രാരംഭ ഘട്ടത്തിൽ കാഡ്‌കോ പ്രതീക്ഷിക്കുന്നത്. കേരളത്തിലെ മുഴുവൻ ആർട്ടിസാൻസിൻറെയും ജീവിത ശൈലിയിൽ കാലോചിതമായ പുരോഗതി കൈവരിക്കുന്നതിനുള്ള അടിസ്ഥാന രേഖയായിരിക്കും ‘ആർട്ടിസാൻസ് ലേബർ ഡേറ്റ ബാങ്ക്’ എന്നും ഏവരും സഹകരിച്ചു പ്രവർത്തിക്കണമെന്നും ‘കാഡ്‌കോ ‘ ചെയർമാൻ അഭ്യർഥിച്ചു.

കേരള ആർട്ടിസാൻസ് ഡെവലപ്മെൻറ് കോർപറേഷൻ പ്രോജെക്ട് മാനേജർ എസ് . ആദർശ് , ലേബർ ഡേറ്റ ബാങ്ക് സ്റ്റേറ്റ് കോ ഓർഡിനേറ്റർ രാജൻ പി തൊടിയൂർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Share: