വെക്കേഷന്‍ ഫോസ്റ്റര്‍കെയര്‍: അപേക്ഷ ക്ഷണിച്ചു

Share:

വേനല്‍ അവധിക്കാലത്ത് കാസര്‍കോട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സംരക്ഷണത്തില്‍ കഴിയുന്ന പെണ്‍കുട്ടികളെ സ്വന്തം വീട്ടില്‍ സംരക്ഷിച്ച് പോറ്റിവളര്‍ത്താന്‍ താല്‍പര്യമുള്ളവരില്‍ നിന്നും വേക്കേഷന്‍ ഫോസ്റ്റര്‍കെയര്‍ പദ്ധതിപ്രകാരം അപേക്ഷ ക്ഷണിച്ചു. സ്വന്തംകുടുംബങ്ങളില്‍ വളരുവാന്‍ സാഹചര്യമില്ലാത്ത കുട്ടികള്‍ക്ക് കുറച്ചുകാലത്തേക്കെങ്കിലും കുടുംബാന്തരീക്ഷത്തില്‍ സുരക്ഷിതരായി വളരാന്‍ സാഹചര്യമൊരുക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

വനിതാ ശിശു വികസന വകുപ്പിലെ ജില്ലാചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെയും ചൈല്‍ഡ്‌വെല്‍ഫെയര്‍ കമ്മിററിയുടെയും സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സംരക്ഷണത്തില്‍ കഴിയുന്ന ഏഴിനും പതിമൂന്നിനും ഇടയില്‍ പ്രായമുള്ള ആറു പെണ്‍കുട്ടികളെയാണ് സ്‌ക്കൂള്‍ വെക്കേഷന്‍ സമയമായ ഏപ്രില്‍, മെയ് മാസങ്ങളില്‍ കുടുംബത്തില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ പോറ്റിവളര്‍ത്താന്‍ നല്‍കുന്നത്. മേല്‍ കുട്ടികളില്‍ രണ്ട് പേര്‍ സഹോദരിമാരാണ്. കുട്ടികളില്ലാത്ത ദമ്പതികള്‍,കുട്ടികളുള്ള മാതാപിതാക്കള്‍ തുടങ്ങിയവര്‍ക്ക് അപേക്ഷിക്കാം. ഒന്നിലധികം കുട്ടികളെ സംരക്ഷിക്കാന്‍ സന്നദ്ധരായവര്‍ക്ക് മുന്‍ഗണന.
ജില്ലാചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്‌വഴിയാണ് അപേക്ഷ സ്വീകരിക്കുന്നത്. അപേക്ഷകരെക്കുറിച്ച് ജില്ലാശിശുസംരക്ഷണ യൂണിറ്റിലെ ഉദ്യോഗസ്ഥര്‍ കുടുംബാന്വേഷണ റിപ്പോര്‍ട്ട് ചൈല്‍ഡ്‌വെല്‍ഫെയര്‍ കമ്മിററി മുമ്പാകെ സമര്‍പ്പിക്കും. മാനദണ്ഡപ്രകാരം അനുയോജ്യരെന്ന് ബോധ്യപ്പെടുന്നപക്ഷം ചൈല്‍ഡ്‌വെല്‍ഫെയര്‍ കമ്മിറ്റി ഉത്തരവ്പ്രകാരമായിരിക്കും വെക്കേഷന്‍ ഫോസ്റ്റര്‍കെയര്‍ പദ്ധതി വഴികുട്ടികളെ താല്‍ക്കാലിക സംരക്ഷണത്തിനായി നല്‍കുന്നത്.
താല്‍പര്യമുള്ളവര്‍ ഈ മാസം 15 നകം വിദ്യാനഗര്‍ -സിവില്‍സ്റ്റേഷന്‍ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് ഓഫീസില്‍ അപേക്ഷ നല്‍കണം.ഫോണ്‍: 04994256990.

Share: