കൈറ്റിന്റെ പരിശീലന ക്യാമ്പ്

235
0
Share:

പഠനത്തിനുള്ള ഡിജിറ്റൽ ഉള്ളടക്കം തയ്യാറാക്കുന്നതോടൊപ്പം വിദ്യാലയങ്ങളിൽ നിന്നുള്ള വാർത്തകളും പ്രവർത്തനങ്ങളും റിപ്പോർട്ടു ചെയ്യാൻ കഴിയുന്ന വിധത്തിൽ 5710 ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളെ സജ്ജമാക്കുന്നതിന് ഈ മാസം 26 മുതൽ ദ്വിദിന ക്യാമ്പുകൾ കേരളാ ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ സംഘടിപ്പിക്കും.

വാർത്തകൾ തയ്യാറാക്കുന്നതിന്റെ ഭാഗമായി വാർത്ത കണ്ടെത്തൽ, സ്‌ക്രിപ്റ്റ് രചന, ക്യാമറയുടെ പ്രവർത്തനം, ഫോട്ടോഗ്രഫി, വീഡിയോ ഷൂട്ടിംഗ്, ഓഡിയോ റെക്കോർഡിംഗ്, ഓഡിയോ മിക്‌സിംഗ്, വീഡിയോ എഡിറ്റിംഗ്, ടൈറ്റിലിങ്ങ്, അവതരണം എന്നിങ്ങനെയുള്ള പ്രവർത്തനങ്ങളിൽ ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങൾക്ക് പരിശീലനം നൽകും. കുട്ടികൾ തയ്യാറാക്കുന്ന വീഡിയോകൾ ഹൈടെക് സ്‌കൂളുകളിലെ ഡിജിറ്റൽ ശൃംഖലവഴി കേന്ദ്രീകൃത സെർവറിലേക്ക് സ്‌കൂളുകൾക്ക് അപ്‌ലോഡുചെയ്യാനും കൈറ്റ് സംവിധാനം ഒരുക്കിയിട്ടുണ്ട്.

ഹൈടെക് സ്‌കൂൾ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ ഹൈസ്‌കൂൾ- ഹയർസെക്കൻഡറി വിഭാഗങ്ങളിലെ 4578 സ്‌കൂളുകൾക്ക് ഡി.എസ്.എൽ.ആർ ക്യാമറ ലഭ്യമാക്കിയിട്ടുണ്ടെന്ന് കൈറ്റ് വൈസ് ചെയർമാൻ കെ. അൻവർ സാദത്ത് അറിയിച്ചു. ഇവയുടെ പ്രവർത്തനം, പരിപാലനം എന്നിവയുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ‘സമഗ്ര’ പോർട്ടലിൽ അക്കാദമിക് സ്വഭാവമുള്ള ഡിജിറ്റൽ ഉള്ളടക്കം തയ്യാറാക്കുന്നതിനും പരിശീലനം നൽകും. കൈറ്റ് വിക്ടേഴ്‌സിലേക്കും മറ്റുമായി സ്‌കൂൾ വാർത്തകൾ തയ്യാറാക്കുന്നതിനുള്ള പ്രത്യേക പരിശീലനമാണ് പ്രത്യേക അവധിക്കാല ക്യാമ്പായി നടത്തുന്നത്.

266 സെന്ററുകളിൽ നടക്കുന്ന അവധിക്കാല ക്യാമ്പിന്റെ മുന്നോടിയായി 532 പരിശീലകർക്ക് കൈറ്റ് പരിശീലനം നൽകി. പൂർണമായും സ്വതന്ത്ര സോഫ്റ്റ്‌വെയർ അധിഷ്ഠിത മൾട്ടിമീഡിയ – ഗ്രാഫിക്‌സ് സങ്കേതങ്ങൾ ഉപയോഗിച്ച് ഇത്രയും കൂടുതൽ പേർക്ക് വാർത്തകൾ തയ്യാറാക്കുന്നതു മുതൽ അവയുടെ എഡിറ്റിംഗും സംപ്രേഷണവും ഉൾപ്പെടെ പൂർണ്ണതോതിലുള്ള പരിശീലനം നല്കുന്നത് ഇന്ത്യയിൽ ആദ്യമായാണ്. ക്യാമ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം 26ന് രാവിലെ 11ന് തിരുവനന്തപുരം ജഗതി ബധിര വിദ്യാലയത്തിന് സമീപമുള്ള കൈറ്റിന്റെ പരിശീലന കേന്ദ്രത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിർവഹിക്കും.

Share: