മാറ്റങ്ങൾ മനസ്സിലാക്കാതെ പി എസ് സി
നിപ്പാ വൈറസ് പടരുന്ന സാഹചര്യത്തിൽ ശനിയാഴ്ച നിശ്ചയിച്ചിരുന്ന പോലീസ് വകുപ്പിലെ സിവിൽ പോലീസ് ഓഫീസർ/വുമണ്‍ പോലീസ് കോണ്‍സ്റ്റബിൾ (കാറ്റഗറി നന്പർ 653/2017, 657/2017) എന്നി പരീക്ഷകൾ മാറ്റിവെക്കാൻ പി എസ് സി തീരുമാനിച്ചു. നിപ്പാ വൈറസിനെ തുടർന്നു കോഴിക്കോട് ജില്ലയിലെ പൊതുപരിപാടികളെല്ലാം നിർത്തിവയ്ക്കാൻ ഉത്തരവായ സാഹചര്യത്തിലാണ് പിഎസ്സിയുടെ നടപടി. പരീക്ഷയുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണെന്നും പിഎസ്സി വ്യക്തമാക്കി.
6,56,058 പേരാണ് സിവില്‍ പൊലീസ് ഒാഫീസര്‍ പരീക്ഷക്കായി അപേക്ഷിച്ചിരിക്കുന്നത്. ഇതില്‍ 5,25,352 പേരാണ് പരീക്ഷയെഴുതുന്നതിനുള്ള കണ്ഫര്മേഷന് നല്‍കിയത്. ഇതില്‍ തന്നെ 4,65,352 പേരാണ് ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് എടുത്തിരിക്കുന്നത്.
മേയ് 26 ന് നടത്താൻ തീരുമാനിച്ച സിവിൽ പൊലീസ് ഓഫിസർ പരീക്ഷക്ക് കൂട്ടത്തോടെ ഹാൾടിക്കറ്റ് ജനറേറ്റ് ചെയ്ത് ഉദ്യോഗാർഥികൾ കോപ്പിയടിക്ക് കളമൊരുക്കി എന്ന ആരോപണം നേരത്തെ ഉണ്ടായിരുന്നു.
ഒരേ പരീക്ഷാഹാളും അടുത്തിരുന്ന് കോപ്പിയടിയും ലക്ഷ്യമിട്ട് ഉദ്യോഗാർഥികൾ കൂട്ടത്തോടെ ഹാൾടിക്കറ്റ് ജനറേറ്റ് ചെയ്യുന്നത് അവസാനിപ്പിക്കാൻ പി.എസ്.സി ചില നടപടികൾ കൈക്കൊണ്ടു. ഒരേസമയം ഹാൾടിക്കറ്റ് ജനറേറ്റ് ചെയ്യുന്നത് ഒഴിവാക്കാൻ പി.എസ്.സിയുടെ സോഫ്റ്റ്വെയറിൽ മാറ്റം വരുത്തി . ഉദ്യോഗാർഥികൾക്ക് ഹാൾടിക്കറ്റ് നേരിട്ട് ലഭ്യമാക്കാനും പി എസ് സി നടപടി സ്വീകരിച്ചു.
സിവിൽ പൊലീസ് ഓഫിസർ, വനിത സിവിൽ പൊലീസ് ഓഫിസർ തസ്തികകളിലെ പരീക്ഷക്ക് കൂട്ടത്തോടെ ഹാൾടിക്കറ്റ് തരപ്പെടുത്തി തട്ടിപ്പ് നടത്തുന്നതായുള്ള പത്ര വാർത്തയെതുടർന്നായിരുന്നു നടപടി.
പരീക്ഷാകേന്ദ്രവും രജിസ്റ്റർ നമ്പറും നിശ്ചയിക്കുന്നത് സോഫ്റ്റ്വെയർ ആണെന്നിരിക്കെ ഉദ്യോഗാർഥികൾ കൂട്ടത്തോടെ ഹാൾ ടിക്കറ്റ് ജനറേറ്റ് ചെയ്യാനായി പി.എസ്.സി വെബ്സൈറ്റിൽ പ്രവേശിച്ചു. കൂട്ടത്തോടെ ഹാൾടിക്കറ്റ് ജനറേറ്റ് ചെയ്യുന്നതിെൻറ ഗുണം വിശദീകരിക്കുന്ന ശബ്ദരേഖ ഉദ്യോഗാർഥികളുടെ വാട്ട്സ്ആപ് ഗ്രൂപ്പുകളിൽ പ്രചരിക്കുകയും ചെയ്തു. ഫയർമാൻ, എൽ.ഡി.സി പരീക്ഷകളിൽ ഈ വിധം ഹാൾടിക്കറ്റ് ചെയ്തതിന്റെ ഫലമായി ജോലി ലഭിച്ചതും ശബ്ദരേഖയിലുണ്ട്. തട്ടിപ്പ് സംബന്ധിച്ച് നേരത്തേ പി.എസ്.സിക്ക് പരാതി ലഭിച്ചിരുന്നെങ്കിലും അവഗണിച്ച മട്ടായിരുന്നു. സിവിൽ പൊലീസ് ഒാഫിസർ തസ്തികയിലും തട്ടിപ്പ് നടക്കുന്നുവെന്ന പ്രചാരണം വന്നതോടെയാണ് പി.എസ്.സിയുടെ അടിയന്തര നടപടി സ്വീകരിച്ചത്.
ചില കോച്ചിങ് സെന്ററുകളിൽനിന്ന് പഠിച്ചിറങ്ങുന്നവരാണ് ന്യൂജെൻ തട്ടിപ്പിന്റെ ആസൂത്രകർ. ഇവിടെ പഠിക്കുന്നവർ ഒരേസമയം പി.എസ്.സി വെബ്സൈറ്റുകളിൽ പ്രവേശിക്കും. പ്രൊഫൈലിൽ കയറി ഒരേസമയം ജനറേറ്റ് ബട്ടൺ അമർത്തുന്നതോടെ ഏകദേശം ഒരേ പരീക്ഷാകേന്ദ്രം ലഭിക്കുകയും ചെയ്യും. രാത്രിയിലാണ് തട്ടിപ്പ് നടക്കുന്നത്. ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് പരീക്ഷ നടത്തുന്നതിനെക്കുറിച്ചോ അപാകതകൾ ഒഴിവാക്കുന്നതിനെക്കുറിച്ചോ ബന്ധപ്പെട്ടവർ ചിന്തിക്കുന്നില്ല എന്നതാണ് ഉദ്യോഗാർഥികളുടെ ഉറക്കം കെടുത്തുന്നത് .