എങ്ങനെ സമ്പന്നനാകാം എളുപ്പത്തില്‍-22

Share:

വസ്തുതകള്‍ പഠിച്ചാല്‍ മാത്രം പോരാ!

എം ആർ കോപ് മേയർ പരിഭാഷ: എം ജി കെ നായർ

ഏതൊരു നല്ല ആധുനിക സര്‍വ്വവിജ്ഞാനകോശത്തിന്‍റെ സെറ്റിലും നിങ്ങള്‍ക്ക് എക്കാലവും പഠിക്കാന്‍ കഴിയുന്നതിനേക്കാള്‍ കൂടുതല്‍ വസ്തുതകള്‍ ഉണ്ടായിരിക്കും.

ഏകദേശം 5000 രൂപക്ക് നിങ്ങളുടെ തൊഴില്‍ദായകന് അത്തരമൊരുസെറ്റുവാങ്ങാന്‍ സാധിക്കും. അദ്ദേഹത്തിന് ആവശ്യമുള്ളപ്പോഴോക്കെ എല്ലാ വസ്തുതകളും അതില്‍ നിന്നും കിട്ടും. സര്‍വ്വവിജ്ഞാനകോശം ഉച്ചഭക്ഷണം കഴിക്കാനോ കാപ്പികുടിക്കാനോ ഒഴിവുദിനങ്ങള്‍ ചെലവഴിക്കാനോ എവിടെയും പോകുകയില്ല. ആകെ ചെലവ് 5000 രൂപ (നികുതി കുറയ്ക്കാവുന്നത്) മാത്രം. ജീവനക്കാര്‍ക്കു വേണ്ടിയുള്ള സാമൂഹ്യ സുരക്ഷിതത്വ നികുതിയോ മറ്റാനുകൂല്യങ്ങളോ കൊടുക്കേണ്ടതില്ല.

എല്ലാ വസ്തുതകള്‍ക്കും വേണ്ടി 5000 രൂപ മാത്രം.

അതിനാല്‍…. ഒരു ബിസിനസ്സിന് നിങ്ങളെക്കൊണ്ടുള്ള പ്രയോജനം നിങ്ങള്‍ സ്കൂളില്‍ പോയിട്ടുണ്ടെന്നുള്ളതും വസ്തുതകള്‍ പഠിച്ചിട്ടുണ്ടെന്നുള്ളതും ആണെങ്കില്‍ – എല്ലാവസ്തുതകളും നിങ്ങള്‍ പഠിച്ചിട്ടുണ്ടെന്നു സങ്കല്‍പ്പിച്ചാല്‍ത്തന്നെ – നിങ്ങളുടെ തൊഴില്‍ദായകന് നിങ്ങളുടെ ജീവിതകാലം കൊണ്ടു ലഭിക്കുന്ന മൂല്യം കേവലം 5000 രൂപ!

എന്നാല്‍ മിക്ക ആളുകകൾക്കും 10 രൂപ വിലയുള്ള ഒരു പഞ്ചാംഗത്തിലെ എല്ലാവിവരങ്ങള്‍ പോലും അറിയുകയില്ല. ആ അടിസ്ഥാനത്തില്‍ കണക്കാക്കിയാല്‍ അവരുടെ ജീവിതകാലമൂല്യം വെറും 10 രൂപയായിരിക്കണം. വാസ്തവത്തില്‍, തൊഴില്‍ദായകന് 10 രൂപ വിലയുള്ള ഒരു പഞ്ചാംഗം വാങ്ങുന്നതാണ് കൂടുതല്‍ സൗകര്യവും കൂടുതല്‍ കാര്യക്ഷമവും.

അതിനാല്‍ വസ്തുതകള്‍ അറിയുന്നതുകൊണ്ട് ഒരു ജീവിതകാലത്തിന് നിങ്ങള്‍ക്കുള്ള മൂല്യം 10 മുതല്‍ 5000 രൂപ വരെയാണ് – നിങ്ങള്‍ ഒരു പഞ്ചാംഗത്തിനോ സര്‍വ്വവിജ്ഞാനകോശത്തിനോ, ഏതിനാണ് തുല്യം എന്നതിനെ ആശ്രയിച്ച്!

വസ്തുതകള്‍ക്ക് മൂല്യമുണ്ടാകുന്നത് അവ ആശയങ്ങള്‍ മുഖാന്തിരം പ്രവര്‍ത്തിപ്പിക്കുമ്പോഴാണ്!

(1) പ്രയോജനകരമായ വസ്തുതകള്‍ നിങ്ങള്‍ അറിയുക.

(2) ആ വസ്തുതകള്‍ പ്രായോഗികാശയങ്ങള്‍ കൊണ്ട് പ്രവര്‍ത്തിപ്പിക്കുക.

(3) അതിലൂടെ മെച്ചപ്പെടുത്തലുകളും നേട്ടമുണ്ടാക്കുന്ന പുരോഗതിയും ഉണ്ടാക്കുന്നതിന്‍റെ തോതനുസരിച്ച് നിങ്ങള്‍ മൂല്യം കരസ്ഥമാക്കും – അതു നിങ്ങളെ എളുപ്പത്തില്‍, കൂടുതല്‍ സമ്പന്നനാക്കും!

ഒരു വസ്തുത നിശ്ചലമാണ്. രേഖപ്പെടുത്തപ്പെട്ട അറിവ്; അത് പ്രവര്‍ത്തനരഹിതമാണ്. ഉപയോഗിക്കാത്ത കാലത്തോളം ഒരു വസ്തുത ഉല്പാദനക്ഷമമല്ല. അതിനാല്‍ അതു ലാഭമുണ്ടാക്കുന്നില്ല.

ഉപയോഗിക്കപ്പെടാത്ത വസ്തുത ഉപയോഗിക്കപ്പെടാത്ത ഒരു സ്പ്രിംഗ് ബോര്‍ഡാണ്. കാരണം, അതുപയോഗിക്കുമ്പോള്‍ അതിന് ഉയര്‍ത്താനുള്ള ശക്തിയുണ്ട്! ഓരോ വസ്തുതയും ഒരവസരത്തിനുവേണ്ടിയുള്ള സ്പ്രിംഗ് ബോര്‍ഡാണ്!

മെച്ചപ്പെടുത്തലുകളുടെയും നേട്ടങ്ങളുണ്ടാക്കുന്ന പുരോഗതിയുടെയും ഉന്നതങ്ങളിലേക്ക് നിങ്ങളുടെ ആശയങ്ങളെ ഉയര്‍ത്തുവാനുള്ള സ്പ്രിംഗ് ബോര്‍ഡുകളായി വസ്തുതകളെ ഉപയോഗിക്കുന്നതിന്‍റെ പ്രത്യക്ഷാനുപാതത്തിലാണ് നിങ്ങള്‍ എളുപ്പത്തില്‍, കൂടുതല്‍ ധനവാനാകുന്നത്.

പ്രയോജനകരമായ വസ്തുതകള്‍ പഠിക്കുകയെന്നത് വന്‍സമ്പത്തിലേക്കുള്ള സുവര്‍ണ്ണപാതയാണ്… പ്രയോജനകരമായ ആശയങ്ങള്‍ ഉപയോഗിച്ച് അനുസ്യുതം അവയെ പ്രവര്‍ത്തിപ്പിച്ച് (പൊതുവേ വസ്തുതകള്‍ സംയോജിപ്പിച്ച്) വിലയേറിയ, മെച്ചപ്പെടുത്തലുകളും ലാഭകരമായ പുരോഗതിയും കൈവരിക്കുന്നതിലൂടെ നിങ്ങള്‍ കൂടുതല്‍ ഉപയോഗയോഗ്യനും കൂടുതല്‍ വിലപ്പെട്ടവനുമായിത്തീരുന്നു…. തല്‍ഫലമായി നിങ്ങള്‍ എളുപ്പത്തില്‍ കൂടുതല്‍ ധനവാനാകുന്നു.

വന്‍സമ്പത്ത് നേടുകയെന്നത് അതിനേക്കാള്‍ സങ്കിര്‍ണ്ണമോ പ്രയാസമേറിയതോ അല്ല.

നിങ്ങള്‍ക്ക് അതു ചെയ്യാന്‍കഴിയും. ആര്‍ക്കും അതു ചെയ്യാവുന്നതേയുള്ളൂ. മിക്കപ്പോഴും, സമയത്തിന്‍റെ മുക്കാല്‍ പങ്ക് യുവജനങ്ങളില്‍ വസ്തുതകള്‍ കുത്തിനിറയ്ക്കാന്‍ ചെലവഴിക്കുന്ന നമ്മുടെ സ്കൂളുകളില്‍ ഇതു പഠിപ്പിക്കേണ്ടതാണ്. നമ്മുടെ വിദ്യാഭ്യാസ വിചക്ഷണന്‍മാര്‍ക്ക് വായിച്ചുകൊടുക്കാന്‍ ‘അനാറ്റൊള്‍ ഫ്രാന്‍സ്’ ആവശ്യമായിരിക്കുന്നു – ഏറ്റവും കുറഞ്ഞപക്ഷം, താഴെപ്പറയുന്ന രണ്ടു ചെറിയ വാചകങ്ങള്‍:

“നമ്മുടെ അദ്ധ്യാപനം നിറയെ ആശയങ്ങള്‍ ആയിരിക്കട്ടെ. ഇതുവരെ അതില്‍ കുത്തിനിറച്ചിരുന്നത് വസ്തുതകള്‍ മാത്രമാണ്”

ഓരോ വിദ്യാര്‍ത്ഥിയേയും മൂന്നുകാര്യങ്ങള്‍ പഠിപ്പിക്കണം:

(1) പ്രയോജനകരമായ വസ്തുതകള്‍, പ്രത്യേകിച്ച് ലക്ഷ്യമിട്ടിട്ടുള്ള ഒരു തൊഴിലിന് പ്രസക്തമായ വസ്തുതകള്‍.

(2) പ്രയോജനകരമായ വസ്തുതകള്‍ വിലയേറിയ മെച്ചപ്പെടുത്തലുകളായും ലാഭകരമായ പുരോഗതിയായും സംയോജിപ്പിക്കാനും രൂപാന്തരപ്പെടുത്താനും മാറ്റാനും കഴിയുന്ന പ്രയോജനകരമായ ആശയസൃഷ്ടി.

(3) തല്‍ഫലമായുണ്ടാകുന്ന വിലയേറിയ മെച്ചപ്പെടുത്തലുകള്‍ അറിയിക്കുന്നതിനും ലാഭകരമായ പുരോഗതി നടപ്പിലാക്കുന്നതിനും.

പഠിക്കേണ്ട ഈ മൂന്നു അത്യാവശ്യ സംഗതികള്‍ സ്കൂള്‍കുട്ടികള്‍ക്കു മാത്രമായുള്ളവയല്ല. സ്വയം മെച്ചപ്പെടുത്തുന്നതിനുവേണ്ടി വീട്ടിലിരുന്നുപഠിക്കുന്ന ഓരോരുത്തര്‍ക്കും അവ ബാധകമാണ്. തെളിയിക്കപ്പെട്ട വിജയമാര്‍ഗ്ഗങ്ങള്‍ പഠിക്കാന്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന ഈ പുസ്തകത്തിന്‍റെയും എന്‍റെ മറ്റുപുസ്തകങ്ങളുടെയും ഉദ്ദേശ്യം അതാണ്.

തെളിയിക്കപ്പെട്ട വിജയമാര്‍ഗ്ഗങ്ങള്‍ (എവിടെനിന്നായാലും) പഠിക്കാതെയും ഉപയോഗിക്കാതെയും വെറുതേ നിങ്ങള്‍ക്കു വിജയം വരിക്കാന്‍ സാദ്ധ്യമല്ല.

അടുത്ത അദ്ധ്യായത്തില്‍ മുകളില്‍ പറഞ്ഞിട്ടുള്ളവയില്‍ മൂന്നാമത്തെ സമ്പ്രദായം നിങ്ങളെ പഠിപ്പിക്കും: നിങ്ങളുടെ ആശയങ്ങള്‍ എങ്ങനെ വിലയേറിയ മെച്ചപ്പെടുത്തലുകള്‍ക്കുവേണ്ടി മറ്റുള്ളവര്‍ക്ക് എത്തിക്കാമെന്നും ലാഭകരമായ പുരോഗതിക്കുവേണ്ടി എങ്ങനെ നടപ്പിലാക്കാമെന്നും.

അതിന്‍റെ തലക്കെട്ട്:

മെച്ചപ്പെടുത്തലുകള്‍ക്കു വേണ്ടിയുള്ള നിങ്ങളുടെ ആശയങ്ങളെപ്പറ്റി വെറുതെ ചിന്തിച്ചാല്‍പോരാ – അവയെ സംബന്ധിച്ച് എന്തെങ്കിലും ചെയ്യുക!

Share: