സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് 2017: മികച്ച നടന്‍ ഇന്ദ്രന്‍സ്, നടി പാര്‍വതി

Share:

2017 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലനാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. മികച്ച നടനായി ഇന്ദ്രന്‍സ് (ആളൊരുക്കം, ഒരു ലക്ഷംരൂപയും ശില്‍പവും പ്രശസ്തി പത്രവും), മികച്ച നടിയായി പാര്‍വതി (ടേക്ക് ഓഫ്, ഒരു ലക്ഷംരൂപയും ശില്‍പവും പ്രശസ്തി പത്രവും)എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. നഷ്ടപ്പെട്ട മകനെ തേടി ഇറങ്ങുന്ന ഒരു പിതാവിന്റെ നിസ്സഹായതയും അന്വേഷണത്തിന്റെ ഒടുവില്‍ മകന്‍, മകളായി മുന്നിലെത്തുമ്പോഴുള്ള അന്തഃസംഘര്‍ഷങ്ങളും അയത്‌ന ലളിതമായി പ്രതിഫലിപ്പിക്കുന്ന അഭിനയ മികവാണ് ഇന്ദ്രന്‍സ് കാഴ്ചവച്ചത്.

ഇറാഖിലെ യുദ്ധഭൂമിയില്‍ ജോലി തേടിയെത്തുന്ന മലയാളി നഴ്‌സിന്റെ ആത്മസംഘര്‍ഷങ്ങളുടെ മികവാര്‍ന്ന ആവിഷ്‌കാരമായിരുന്നു പാര്‍വതിയുടേതെന്നും ജൂറി വിലയിരുത്തി.

മികച്ച കഥാചിത്രമായി ഒറ്റമുറി വെളിച്ചം (നിര്‍മാതാവ് രാഹുല്‍ ആര്‍. നായര്‍ക്ക് രണ്ട് ലക്ഷം രൂപയും ശില്‍പവും പ്രശസ്തി പത്രവും സംവിധായകന്‍ രാഹുല്‍ റിജി നായര്‍ക്ക് രണ്ട് ലക്ഷം രൂപയും ശില്‍പവും പ്രശസ്തി പത്രവും) തെരഞ്ഞെടുക്കപ്പെട്ടു. ഗാര്‍ഹിക പീഡനത്തിന് ഇരയാകുന്ന ഒരു പെണ്‍കുട്ടിയുടെ അഭൂതപൂര്‍വമായ ചെറുത്തുനില്‍പാണ് ഈ ചിത്രത്തില്‍ ആവിഷ്‌കരിക്കുന്നത്.

മികച്ച രണ്ടാമത്തെ ചിത്രമായി ഏദന്‍ തെരഞ്ഞെടുക്കപ്പെട്ടു. (സംവിധായകന്‍ സഞ്ജു സുരേന്ദ്രന് ഒന്നര ലക്ഷം രൂപയും ശില്‍പവും പ്രശസ്തി പത്രവും നിര്‍മാതാവ് മുരളി മാട്ടുമ്മലിന് ഒന്നര ലക്ഷം രൂപയും ശില്‍പവും പ്രശസ്തി പത്രവും).

മൂന്നു വ്യത്യസ്ത കഥാ സന്ദര്‍ഭങ്ങളുടെ സമന്വയത്തിലൂടെ ഒരു പുതിയ ചലച്ചിത്ര ഭാഷയുടെ അവതരണം ഈ ചിത്രം നിര്‍വഹിക്കുന്നതായി ജൂറി കണ്ടെത്തി.

മികച്ച സംവിധായകനായി ലിജോ ജോസ് പെല്ലിശേരിയെ (ഇ.മ.യൗ) തെരഞ്ഞെടുത്തു. രണ്ട് ലക്ഷം രൂപയും ശില്‍പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. ഒരു മരണത്തെ ചൂഴ്ന്നുനില്‍ക്കുന്ന സംഭവവികാസങ്ങളിലൂടെ വെളിപ്പെടുന്ന മനുഷ്യാവസ്ഥയുടെ കൃത്യതയാര്‍ന്ന ചിത്രീകരണമാണ് ഈ സിനിമ നിര്‍വഹിക്കുന്നത്.

മികച്ച സ്വഭാവ നടനായി അലന്‍സിയര്‍ ലേ ലോപ്പസ് (തൊണ്ടിമുതലും ദൃക്‌സാക്ഷിയും) 50000 രൂപയും ശില്‍പവും പ്രശസ്തി പത്രവും) തെരഞ്ഞെടുക്കപ്പെട്ടു. പോലീസ്‌സ്റ്റേഷനിലുള്ളിലെ ഒരു പോലീസുകാരന്റെ പെരുമാറ്റ രീതികളെ സ്വാഭാവികമായി അവതരിപ്പിച്ചതിനാണ് അവാര്‍ഡ്.

മികച്ച സ്വഭാവ നടിയായി പോളിവല്‍സന്‍ (ഇ.മ.യൗ, ഒറ്റമുറിവെളിച്ചം, 50000 രൂപയും ശില്‍പവും പ്രശസ്തി പത്രവും) തെരഞ്ഞെടുക്കപ്പെട്ടു. കടലോരത്തേയും മലയോരത്തേയും രണ്ട് വ്യത്യസ്ത കഥാപാത്രങ്ങളെ അനായാസമായി അവതരിപ്പിച്ചതിനാണ് അവാര്‍ഡ്.

മികച്ച ബാലതാരം (ആണ്‍) മാസ്റ്റര്‍ അഭിനന്ദ് (സ്വനം, 50000 രൂപയും ശില്‍പവും പ്രശസ്തി പത്രവും) അന്ധവിദ്യാര്‍ത്ഥിയുടെ ആത്മവിശ്വാസത്തോടെയുള്ള ചലനങ്ങളുടെ സൂക്ഷ്മമായ ആവിഷ്‌കാരത്തിനാണ് അവാര്‍ഡ്.

മികച്ച ബാലതാരം (പെണ്‍) നക്ഷത്ര (രക്ഷാധികാരി ബൈജു ഒപ്പ്, 50000 രൂപയും ശില്‍പവും പ്രശസ്തി പത്രവും). നിഷ്‌കളങ്കയായ ഒരു ഗ്രാമീണ ബാലികയുടെ നൈസര്‍ഗികമായ അവതരണത്തിനാണ് അവാര്‍ഡ്.

മികച്ച കഥാകൃത്ത് എം.എ. നിഷാദ് (കിണര്‍, 50000 രൂപയും ശില്‍പവും പ്രശസ്തി പത്രവും). കാലികപ്രസക്തമായ ഒരു പ്രമേയം. കുടിവെള്ളത്തിന് വേണ്ടി ഒരു സ്ത്രീയുടെ അനുസ്യൂതമായ പോരാട്ടത്തിന്റെ കഥയാണിത്.

മികച്ച ക്യാമറാമാന്‍ മനേഷ് മാധവന്‍ (ഏദന്‍, 50000 രൂപയും ശില്‍പവും പ്രശസ്തി പത്രവും). കാവ്യാത്മകമായ ആഖ്യാനത്തിന് ഭംഗം വരാതെ ആസ്വാദനത്തിന് അനുയോജ്യമായ വിധത്തില്‍ ക്യാമറ സൂക്ഷ്മമായി ഉപയോഗിച്ചിരിക്കുന്നു.

മികച്ച തിരക്കഥാകൃത്ത് സജീവ് പാഴൂര്‍ (തൊണ്ടിമുതലും ദൃക്‌സാക്ഷിയും, 50000 രൂപയും ശില്‍പവും പ്രശസ്തി പത്രവും). ചെറിയൊരു കഥാതന്തുവില്‍ നിന്ന് അനുക്രമമായി വികസിച്ച് പോലീസ്‌സ്റ്റേഷന്റെ പശ്ചാത്തലത്തില്‍ സമൂഹഘടനയേയും മനസുകളേയും സൂക്ഷ്മമായി വിശകലനം ചെയ്യുന്ന സുഘടിതമായ തിരക്കഥയ്ക്ക്.

മികച്ച തിരക്കഥ (അഡാപ്‌റ്റേഷന്‍) എസ്. ഹരീഷ്, സഞ്ജു സുരേന്ദ്രന്‍ (ഏദന്‍, 25000 രൂപയും ശില്‍പവും പ്രശസ്തി പത്രവും വീതം). മൂന്നു കഥകളുടെ ക്രിയാത്മകമായ സംയോജനത്തിന്.

മികച്ച ഗാനരചയിതാവ് -പ്രഭാവര്‍മ്മ (ക്ലിന്റ്, ഗാനം ഓളത്തിന്‍ മേളത്താല്‍) 50,000 രൂപയും ശില്പവും പ്രശസ്തിപത്രവും) ചലച്ചിത്രത്തിന്റെ സമഗ്രഭാവത്തെ ഏകോപിപ്പിച്ച്, കാവ്യഭാവമുളള ഗാനരചനക്ക്.

മികച്ച സംഗീത സംവിധായകന്‍ (ഗാനം) എം.കെ. അര്‍ജുനന്‍ (ഭയാനകം എന്ന ചിത്രത്തിലെ എല്ലാ ഗാനങ്ങളും 50,000 രൂപയും ശില്പവും പ്രശസ്തിപത്രവും) ശബ്ദമുഖരിതമായ ഇന്നത്തെ പുതിയ സംഗീതരീതിയില്‍ നിന്ന് മാറി ഗുണപരമായ സംഗീത സംഭാവന നല്‍കിയതിന്.

മികച്ച സംഗീത സംവിധായകന്‍ (പശ്ചാത്തല സംഗീതം) ഗോപി സുന്ദര്‍ (ടേക്ക് ഓഫ്) 50,000 രൂപയും ശില്പവും പ്രശസ്തിപത്രവും. ചലച്ചിത്രത്തിന്റെ സ്വഭാവിക ഗതിക്ക് അനുയോജ്യമായ, മിതമായ പശ്ചാത്തല സംഗീതത്തിന്.

മികച്ച പിന്നണി ഗായകന്‍ ഷഹബാസ് അമന്‍ (മായാനദി എന്ന ചിത്രത്തിലെ മിഴിയില്‍ നിന്നും) 50,000 രൂപയും ശില്പവും പ്രശസ്തിപത്രവും. പ്രണയത്തിന്റെയും വിരഹത്തിന്റെയും ഭാവങ്ങളെ ചാലിച്ചെടുത്ത ആലാപന സൗകുമാര്യത്തിന്.

മികച്ച പിന്നണി ഗായിക സിത്താര കൃഷ്ണകുമാര്‍ (വിമാനം എന്ന ചിത്രത്തിലെ വാനമകലുന്നുവോ) 50,000 രൂപയും ശില്പവും പ്രശസ്തിപത്രവും. ശോകസാന്ദ്രമായ ഭാവത്തിലേക്ക് പതഞ്ഞിറങ്ങുന്ന ശബ്ദത്തിന്.

മികച്ച ചിത്ര സംയോജകന്‍ -അപ്പു ഭട്ടതിരി (ഒറ്റമുറിവെളിച്ചം, വീരം) 50, 000 രൂപയും ശില്പവും പ്രശസ്തിപത്രവും. വ്യത്യസ്തതാളങ്ങളിലുളള രണ്ട് ചിത്രങ്ങള്‍ക്ക് ഉചിതവും ക്രിയാത്മകവുമായ ചിത്ര സന്നിവേശം നല്‍കിയതിന്.

മികച്ച കലാ സംവിധായകന്‍ സന്തോഷ് രാമന്‍ (ടേക്ക് ഓഫ്) 50,000 രൂപയും ശില്പവും പ്രശസ്തിപത്രവും. ഇറാഖ് യുദ്ധഭൂമിയുടെ പ്രതീതി ജനിപ്പിക്കാന്‍ പര്യാപ്തമാം വിധം വൈദഗ്ധ്യത്തോടെയുളള കലാസംവിധാനത്തിന്.

മികച്ച സിങ്ക് സൗണ്ട് സ്മിജിത്ത് കുമാര്‍ പി.ബി (രക്ഷാധികാരി ബൈജു ഒപ്പ്) 50,000 രൂപയും ശില്പവും പ്രശസ്തിപത്രവും. ഒരേ സ്ഥലത്ത് നിരവധി കഥാപാത്രങ്ങളുടെ സംഭാഷണം നൈസര്‍ഗികത ചോരാതെ രേഖപ്പെടുത്തിയതിന്.

മികച്ച ശബ്ദമിശ്രണം -പ്രമോദ് തോമസ് (ഏദന്‍) 50,000 രൂപയും ശില്പവും പ്രശസ്തി പത്രവും. ശബ്ദത്തിന്റെ ഘടകങ്ങളെ വൈദഗ്ധ്യത്തോടെ കൂട്ടിയിണക്കി ചിത്രത്തിന്റെ ഭാവത്തെയും വേഗത്തേയും അനുഭവിപ്പിക്കുന്ന ശബ്ദസംയോജനത്തിന്.

മികച്ച ശബ്ദ ഡിസൈന്‍ രംഗനാഥ് രവി (ഇ.മ.യൗ) 50,000 രൂപയും ശില്പവും പ്രശസ്തിപത്രവും. കഥനടക്കുന്ന സ്ഥലത്തിന്റെ ശബ്ദങ്ങളെ യഥാതഥമായും കഥാപാത്രങ്ങളുടെ മാനസികാവസ്ഥയെ ക്രിയാത്മകമായും ഉപയോഗിക്കുന്ന ശബ്ദവിന്യാസത്തിന്.

മികച്ച ലബോറട്ടറി/കളറിസ്റ്റ് ചിത്രാഞ്ജലി സ്റ്റുഡിയോ (കെ.എസ്.എഫ്.ഡി.സി) (ഭയാനകം) 50,000 രൂപയും ശില്പവും പ്രശസ്തിപത്രവും. കഴിഞ്ഞുപോയ ഒരു കാലഘട്ടത്തിന്റെ പുനരാവിഷ്‌കാരം സാധ്യമാക്കുന്ന വര്‍ണ്ണവിന്യാസത്തിന്.

മികച്ച മേക്കപ്പ്മാന്‍ രഞ്ജിത് അമ്പാടി (ടേക്ക് ഓഫ്) 50,000 രൂപയും ശില്പവും പ്രശസ്തിപത്രവും, സ്‌ഫോടനത്തില്‍ മുറിവേറ്റ മുനുഷ്യരെ തന്‍മയത്വത്തോടെ ചമയിച്ചൊരുക്കിയതിന്.

മികച്ച വസ്ത്രാലങ്കാരം സഖി എല്‍സ (ഹേയ് ജൂഡ്) 50,000 രൂപയും ശില്പവും പ്രശസ്തിപത്രവും, ഗോവന്‍ പശ്ചാത്തലത്തില്‍ വ്യത്യസ്തമായ വേഷവിതാനങ്ങളെ വിവേകപൂര്‍വ്വം അവതരിപ്പിച്ചതിന്.

മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് (ആണ്‍) അച്ചു അരുണ്‍ കുമാര്‍ (തീരം) കഥാപാത്രം അലി. 50,000 രൂപയും ശില്പവും പ്രശസ്തിപത്രവും. വൈകാരികഭാവങ്ങളെ അവതരിപ്പിച്ച ശബ്ദമികവിന്.

മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് (പെണ്‍) സ്‌നേഹ എം (ഈട) കഥാപാത്രം ഐശ്വര്യ 50,000 രൂപയും ശില്പവും പ്രശസ്തിപത്രവും. പ്രാദേശികമായ ഭാഷണത്തിലൂടെ ഭാവവ്യതിയാനം സാധ്യമാക്കുന്ന ശബ്ദമികവിന്.

മികച്ച നൃത്ത സംവിധായകന്‍ -പ്രസന്ന സുജിത്ത് (ഹേയ് ജൂഡ്) 50,000 രൂപയും ശില്പവും പ്രശസ്തിപത്രവും. വേറിട്ടൊരു സംസ്‌കാരത്തിന് അനുയോജ്യമായ നൃത്ത സംവിധാനത്തിന്.

ജനപ്രീതിയും കലാമേന്മയുമുളള മികച്ച ചിത്രത്തിനുളള പ്രത്യേക അവാര്‍ഡ് -രക്ഷാധികാരി ബൈജു ഒപ്പ്. നിര്‍മ്മാതാവ് (100-ാം മങ്കി മൂവീസ്) സംവിധായകന്‍ രഞ്ജന്‍ പ്രമോദ്. നിര്‍മ്മാതാവിനും സംവിധായകനും 1,00,000 രൂപയും ശില്പവും പ്രശസ്തിപത്രവും വീതം. ഗ്രാമപശ്ചാത്തലത്തില്‍ നന്മയുടെ മൂല്യങ്ങളെ സംരക്ഷിക്കുകയും ജീവിതാഭിമുഖ്യം ഉണര്‍ത്തുകയും ചെയ്യുന്ന ആസ്വാദ്യകരമായ ചിത്രം.

മികച്ച നവാഗത സംവിധായകന്‍ മഹേഷ് നാരായണന്‍ (ടേക്ക് ഓഫ്)1,00,000 രൂപയും ശില്പവും പ്രശസ്തിപത്രവും. യുദ്ധഭീതിയുടെ നിഴലില്‍ യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി കൈയടക്കത്തോടെ അവതരിപ്പിച്ച സംവിധാന മികവിന്.

മികച്ച കുട്ടികളുടെ ചിത്രം സ്വനം നിര്‍മ്മാതാവ് രമ്യ രാഘവന്‍ സംവിധായകന്‍ ദീപേഷ്.റ്റി, നിര്‍മ്മാതാവിന് 3,00,000 രൂപയും ശില്പവും പ്രശസ്തിപത്രവും സംവിധായകന് 1,00,000 രൂപയും ശില്പവും പ്രശസ്തി പത്രവും. ഒരു അന്ധബാലന്റെ ആത്മവിശ്വാസവും സൗഹൃദവും നന്മയും ആര്‍ദ്രതയും പ്രസരിപ്പിക്കുന്ന ചിത്രത്തിന്.

പ്രതേ്യക ജൂറി അവാര്‍ഡ് -വിനീതാകോശി (അഭിനയം) സിനിമ – ഒറ്റ മുറിവെളിച്ചം. 50,000 രൂപയും ശില്പവും പ്രശസ്തിപത്രവും. ഭര്‍തൃപീഡനത്തിനിരയാകുന്ന ഒരു ഉള്‍നാടന്‍ പെണ്‍കുട്ടിയുടെ ചെറുത്തു നില്‍പ്പിന്റെയും അതിജീവനത്തിന്റെയും ഭാവതീവ്രമായ ആവിഷ്‌കാരത്തിന്.

പ്രതേ്യക ജൂറി പരാമര്‍ശങ്ങള്‍

അഭിനയം: വിജയ് മേനോന്‍ (ഹേയ് ജൂഡ്), ശില്പവും പ്രശസ്തിപത്രവും, വിചിത്ര ജീവിതം നിയിക്കുന്ന ഒരു ഗോവന്‍ മലയാളിയെ അവതരിപ്പിച്ചതിന്.

അഭിനയം: മാസ്റ്റര്‍ അശാന്ത് കെ.ഷാ (ലാലിബേലാ) ശില്പവും പ്രശസ്തിപത്രവും പിതാവിനോട് അഗാധമായ സ്‌നേഹം നിലനിര്‍ത്തുന്ന നിഷ്‌കളങ്ക ഗ്രാമീണ ബാലനെ അവതരിപ്പിച്ചതിന്.

അഭിനയം: മാസ്റ്റര്‍ ചന്ദ്രകിരണ്‍ ജി.കെ. (സിനിമ – അതിശയങ്ങളുടെ വേനല്‍) ശില്പവും പ്രശസ്തിപത്രവും. കാണാതായ അച്ഛന്റെ സ്മരണയില്‍ സ്വയം അപ്രത്യക്ഷമാകാന്‍ നിരന്തരം ശ്രമിക്കുന്ന ബാലനെ അവതരിപ്പിച്ചതിന്.

അഭിനയം ജോബി എ.എസ്, (മണ്ണാങ്കട്ടയും കരിയിലയും). ശില്പവും പ്രശസ്തി പത്രവും, ക്രൂരമായ ജീവിത മുഹൂര്‍ത്തങ്ങളെ അതിജീവിക്കാന്‍ ശ്രമിക്കുന്ന ഒരു പാവം മനുഷ്യനെ അവതരിപ്പിച്ചതിന്.

മികച്ച ചലച്ചിത്ര ഗ്രന്ഥത്തിന് വി. മോഹനകൃഷ്ണന്റെ സിനിമ കാണും ദേശങ്ങള്‍ അര്‍ഹമായി. 30,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. സിനിമ ദൃശ്യമാധ്യമമെന്നപോലെ സാംസ്‌കാരിക മാധ്യമം കൂടിയാണ്. അതുകൊണ്ട് തന്നെ ചലച്ചിത്രപഠനങ്ങള്‍ സാംസ്‌കാരിക പഠനവും ചരിത്രപഠനവും കൂടിയാണ്. ചരിത്രവും സാംസ്‌കാരവും അവബോധവും ചലച്ചിത്രങ്ങളിലൂടെ പരിണമിച്ചെത്തുന്ന രീതികൂടി അനേ്വഷിക്കുന്നതാണ് വി. മോഹനകൃഷ്ണന്റെ കൃതിയെന്ന് ജൂറി വിലയിരുത്തി.

മികച്ച ചലച്ചിത്ര ലേഖനമായി എ. ചന്ദ്രശേഖരന്റെ റിയലിസത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ തെരഞ്ഞെടുത്തു. ( 20,000 രൂപയും ശില്പവും പ്രശസ്തിപത്രവും)

ജീവിതത്തെ അതേ രീതിയില്‍ ചിത്രീകരിക്കുന്നതാണ് റിയലിസമെന്ന ധാരണയെ നിരസിച്ചുകൊണ്ട് കടന്നുവന്ന ‘റിയലിസം’ നിര്‍മ്മിതിയാണെന്ന കാഴ്ചപ്പാടിനെ ആസ്പദമാക്കിയുളള അനേ്വഷണങ്ങള്‍ നടത്തുകയാണ് ലേഖകന്‍ ചെയ്യുന്നത്. സിനിമയിലെ യാഥാര്‍ത്ഥ്യങ്ങള്‍ കാലാകാലങ്ങളില്‍ എങ്ങനെ ദൃശ്യഭാഷയിലൂടെ നിര്‍മ്മിക്കപ്പെടുന്നു എന്ന് ഈ ലേഖനത്തില്‍ പഠനവിഷയമാക്കുന്നു.

ചലച്ചിത്രലേഖനത്തിനുളള പ്രതേ്യക ജൂറി പരാമര്‍ശം

രശ്മി.ജി, അനില്‍ കുമാര്‍ കെ.എസ് എന്നിവര്‍ എഴുതിയ (വെളളിത്തിരയിലെ ലൈംഗികത കാമനകളുടെ /കമ്പോളത്തിന്റെ രാഷ്ട്രീയം) എന്ന ലേഖനത്തിന് ലഭിച്ചു. (ശില്പവും പ്രശസ്തിപത്രവും)

ഒബ്‌സിന്‍ എന്ന പദത്തിന് രംഗത്ത് കാണിക്കാന്‍പാടില്ലാത്തത് എന്നാണ് അര്‍ത്ഥം. ദൃശ്യകലകളില്‍ രംഗത്ത് കാണിക്കാന്‍ പാടില്ലാത്തവ കടന്ന് വരുന്നു. അതിന്റെ വിപണിതാത്പര്യവും രാഷ്ട്രീയവും അധിനിവേശ സ്വഭാവവും വളരെ ആഴത്തില്‍ അപഗ്രഥിക്കുന്ന ലേഖനമാണിത്.

ആറ് കുട്ടികളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെ നൂറ്റിപ്പത്ത് സിനിമകളാണ് അവാര്‍ഡ് കമ്മിറ്റിയുടെ മുന്‍പാകെ പരിഗണനയ്ക്കായി എത്തിയത്. അതില്‍ 58 ചിത്രങ്ങള്‍ പുതുമുഖ സംവിധായകരുടേതായിരുന്നു. ഒരു ചിത്രം മാത്രമാണ് സ്ത്രീ സംവിധായികയുടേത്. 110 ചിത്രങ്ങളുണ്ടായിട്ടും പൊതുവായുളള സിനിമകളുടെ നിലവാരം ശുഭോദര്‍ക്കമായിരുന്നില്ല. ചിത്രങ്ങളില്‍ ഏറിയപങ്കും സിനിമ എന്ന മാധ്യമത്തെ ഗൗരവമായി കണക്കാക്കാതെ സൃഷ്ടിക്കപ്പെട്ടവയായിരുന്നു. വിധി നിര്‍ണ്ണയസമിതിയുടെ മുന്‍പാകെ വന്ന ചിത്രങ്ങള്‍ മാത്രം പരിഗണിച്ചാണ് ഈ വിലയിരുത്തല്‍ എന്നു ജൂറി വിലയിരുത്തി.

പുരസ്‌കാര ജേതാക്കളില്‍ 78 ശതമാനം കലാകാരന്മാരും ആദ്യമായി സംസ്ഥാന പുരസ്‌കാരം നേടുന്നവരാണ് എന്നതാണ് ഈ വര്‍ഷത്തെ പ്രത്യേകത. ചിത്രങ്ങളുടെ തെരഞ്ഞെടുപ്പ് രണ്ട് കമ്മിറ്റികളുടെ മേല്‍നോട്ടത്തിലാണ് നടത്തിയത്. ഈ രണ്ട് കമ്മിറ്റികളും തെരഞ്ഞെടുത്ത 23 ചിത്രങ്ങള്‍ എല്ലാ ജൂറി അംഗങ്ങളും ഒന്നിച്ചിരുന്നു കാണുകയും അന്തിമവിധിനിര്‍ണ്ണയത്തില്‍ എത്തുകയും ചെയ്തു.

അവാര്‍ഡിനായി എത്തുന്ന ചിത്രങ്ങളുടെ വര്‍ദ്ധന കണക്കിലെടുത്ത് ജൂറി അംഗങ്ങളുടെ എണ്ണം ചെയര്‍മാന്‍ ഉള്‍പ്പെടെ 12 പേരായി ഉയര്‍ത്തണം. ഇവര്‍ മൂന്ന് കമ്മിറ്റികളായി തിരിഞ്ഞ് ചിത്രങ്ങള്‍ കാണുകയും തെരഞ്ഞെടുക്കുന്ന ചിത്രങ്ങള്‍ ഒന്നിച്ച് കണ്ട് അന്തിമ വിധി നിര്‍ണ്ണയം നടത്തുകയും വേണം. ബെസ്റ്റ് വിഷ്വല്‍ എഫക്ട് എന്ന പേരില്‍ പുതിയൊരു അവാര്‍ഡ് ഏര്‍പ്പെടുത്തണം, അവസാന പരിഗണനയില്‍ വരുന്ന മികച്ച അഞ്ച് ചിത്രങ്ങളില്‍ പ്രധാന പുരസ്‌കാരങ്ങള്‍ ലഭിക്കാത്ത ചിത്രങ്ങള്‍ക്ക് പ്രേത്യക പരാമര്‍ശം നല്‍കണം,ക്യാഷ് അവാര്‍ഡോടുകൂടിയ പ്രതേ്യക ജൂറി പുരസ്‌കാരം ഒന്നില്‍ നിന്ന് രണ്ടായി ഉയര്‍ത്തുക, മികച്ച നടന്‍, നടി, സഹനടന്‍, സഹനടി എന്നീ പുരസ്‌കാരങ്ങള്‍ അഭിനേതാക്കള്‍ തന്നെ സ്വന്തം ശബ്ദം നല്‍കുന്നവര്‍ക്കേ നല്‍കുവാന്‍ പാടുളളു, ആര്‍ട്ട് ഡയറക്ടര്‍ എന്ന അവാര്‍ഡിന്റെ പേര് പ്രൊഡക്ഷന്‍ ഡിസൈനര്‍ എന്ന് പുനര്‍നാമകരണം ചെയ്യണം. തുടങ്ങിയ നിര്‍ദേശങ്ങളും ജൂറി മുന്നോട്ട് വച്ചു.

ടി.വി. ചന്ദ്രന്‍ (ചെയര്‍മാന്‍) ഡോ. ബിജു, മനോജ് കാന, വിവേക് സച്ചിതാനന്ദ്, സന്തോഷ് തുണ്ടിയില്‍, ജെറി അമല്‍ദേവ്, ചെറിയാന്‍ കല്‍പ്പകവാടി, ഡോ. എം.രാജീവ് കുമാര്‍, ജലജകുമാരി (അംഗങ്ങള്‍) മഹേഷ് പഞ്ചു (മെമ്പര്‍ സെക്രട്ടറി) എന്നിവരായിരുന്നു ചലച്ചിത്ര വിഭാഗം ജൂറി അംഗങ്ങള്‍. ഡോ. പി.കെ. രാജശേഖരന്‍ (ചെയര്‍മാന്‍) പ്രൊഫ.ഒലീന എ.ജി, ഡോ. പി. സോമന്‍ (അംഗങ്ങള്‍) മഹേഷ് പഞ്ചു (മെമ്പര്‍ സെക്രട്ടറി) എന്നിവരായിരുന്നു രചനാ വിഭാഗം ജൂറി അംഗങ്ങള്‍. വാര്‍ത്താ സമ്മേളനത്തില്‍ ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു, ചെയര്‍മാന്‍ കമല്‍, ജൂറി ചെയര്‍മാന്‍ ടി.വി ചന്ദ്രന്‍, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് എന്നിവരും പങ്കെടുത്തു.

Share: