ജനറല്‍ മോട്ടോഴ്സിൻറെ തെളിയിക്കപ്പെട്ട വിജയമാര്‍ഗ്ഗം, ഇതാ!
എം ആർ കൂപ്മേയർ പരിഭാഷ: എം ജി കെ നായർ
മറ്റുള്ളവര്‍ വിജയകരമായി പരീക്ഷിച്ചു തെളിയിച്ചിട്ടുള്ള വിജയമാര്‍ഗ്ഗങ്ങള്‍ പ്രയോഗിക്കുക എന്നതാണ് വിജയിക്കുന്നതിനുള്ള ഏറ്റവും ഉറപ്പായ മാര്‍ഗ്ഗം. അവരുടെ വിജയങ്ങള്‍ വലുതാകുന്തോറും അവരുടെ വിജയ മാര്‍ഗ്ഗങ്ങള്‍ കൂടുതല്‍ ആശ്രയിക്കത്തക്കവയായി മാറുന്നു.ഇതു നമ്മെ ജനറല്‍ മോട്ടോഴ്സിലേക്കാണ് നയിക്കുന്നത്.
ജനറല്‍ മോട്ടോഴ്സ് ഒരു വന്‍ വിജയമാണ്. മറ്റേതൊരു മാനുഫാക്ചറിംഗ് കമ്പനിയേക്കാളും വലുത്.
എന്നാല്‍ തുടക്കത്തില്‍ ജനറല്‍ മോട്ടോഴ്സ് അത്രയും വലുതായിരുന്നില്ല. അതു കൂടുതല്‍ വലുതായിക്കൊണ്ടിരുന്നു…. കൂടുതല്‍ വലുത് ….. ഏറ്റവും വലുത്.
ആകസ്മികമായി സംഭവിച്ച വളര്‍ച്ചയല്ല, ഭാഗ്യം കൊണ്ടുമല്ല. പിന്നെയോ വളരെ ലളിതമായ ഒരു വിജയമാര്‍ഗ്ഗം പ്രയോഗിക്കുക വഴി, അതു നിങ്ങള്‍ക്കും ഉപയോഗിക്കാന്‍ കഴിയും.
ജനറല്‍ മോട്ടോഴ്സിൻറെ തെളിയിക്കപ്പെട്ട വിജയമാര്‍ഗ്ഗം ഇതാ –
സെല്‍ഫ് – സ്റ്റാര്‍ട്ടര്‍ ഉള്‍പ്പെടെ ഉപയോഗപ്രദമായ വസ്തുക്കള്‍ കണ്ടുപിടിച്ച ചാള്‍സ് കെറ്ററിംഗിൻറെ കാലത്താണ് ഒരു പക്ഷേ അതിൻറെ തുടക്കം.
ജനറല്‍ മോട്ടോഴ്സ് ഏറ്റവും ലളിതമായ, തെളിയിക്കപ്പെട്ട വിജയമാര്‍ഗ്ഗം പ്രയോഗത്തില്‍ വരുത്തി.
1. ആളുകള്‍ ആഗ്രഹിക്കുന്നതെന്തോ അത് അവര്‍ക്ക് കൂടുതല്‍ നല്‍കുക.
2. ആളുകള്‍ ആഗ്രഹിക്കാത്തത് അവര്‍ക്ക് കുറച്ച് നല്‍കുക.
ഏറ്റവും ലളിതമായ, പ്രാഥമികമായ വിജയമാര്‍ഗ്ഗം ആണ് ഇതെന്ന് തോന്നുന്നില്ലേ?
അതേ …..നിങ്ങള്‍ വിചാരിക്കുകയും പറയുകയും എഴുതുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന എല്ലാറ്റിലും ഇതു പരീക്ഷിച്ചു നോക്കുന്നതുവരെ, നിങ്ങളുടെ കരിയര്‍ അതിന്മേല് കെട്ടിപ്പൊക്കാന്‍ നിങ്ങള്‍ ശ്രമിക്കുന്നതുവരെ – ജനറല്‍ മോട്ടോഴ്സ് ചെയ്തതുപോലെ. നിങ്ങളുടെ ജീവിതവും ഭാവിയും അതിന്മേല് കെട്ടിപ്പടുക്കാന്‍ നിങ്ങള്‍ ശ്രമിക്കുന്നതു വരെ ….
അപ്പോള്‍, പെട്ടെന്ന് , അതത്ര ലഘുവല്ലെന്ന് ബോദ്ധ്യമാകും. ആളുകള്‍ സ്വാഭാവികമായി ആ വിധത്തില്‍ ചിന്തിക്കറില്ല. വാസ്തവത്തില്‍, മിക്ക ആളുകളും മറ്റുള്ളവര്‍ ആഗ്രഹിക്കുന്നതെന്താണെന്ന് ചിന്തിക്കാറെയില്ല.
മിക്ക ആളുകളും ആഗ്രഹിക്കുന്നത് അവര്‍ക്കുവേണ്ടതൊക്കെ മറ്റുള്ളവര്‍ നല്‍കണമെന്നാണ്; അവര്‍ക്കു വേണ്ടതൊക്കെ മറ്റുള്ളവര്‍ ചെയ്യണമെന്നാണ്.
ആഗ്രഹിക്കുന്നത് നേടാനുള്ള വ്യഗ്രതയില്‍, ആഗ്രഹിക്കുന്നത് നേടാനുള്ള മാര്‍ഗ്ഗം ആദ്യം മറ്റുള്ളവര്‍ക്ക് അവര്‍ ആഗ്രഹിക്കുന്നതു കൊടുക്കുന്നതിലൂടെയാണ് ആരംഭിക്കേണ്ടതെന്ന കാര്യം പലരും മറക്കുന്നു. ഏറ്റവും കുറഞ്ഞ പക്ഷം, മറ്റുള്ളവര്‍ ആഗ്രഹിക്കുന്നത് കൂടുതലായി നല്‍കുക. ഏറ്റവും നല്ലത്, മറ്റുള്ളവരുടെ ആവശ്യങ്ങള്‍ മുഴുവനായും നിറവേറ്റുക.
ആളുകള്‍ ആഗ്രഹിക്കുന്നത് കൂടുതല്‍ കൂടുതല്‍ നല്കുമ്പോള്, ആത്യന്തികമായി, അതില്‍ കൂടുതല്‍ നിങ്ങള്‍ക്ക് പകരമായി ലഭിക്കും. ജനറല്‍ മോട്ടോഴ്സിന്റെ വലുപ്പവും വിജയവും അതുതെളിയിക്കുന്നു.
ഇതിന്റെ അര്‍ത്ഥം തെളിയിക്കപ്പെട്ട വിജയമാര്‍ഗ്ഗം – ആളുകള്‍ക്ക് ആവശ്യമുള്ളത് കൂടുതലായി പ്രദാനം ചെയ്യുക എന്ന മാര്‍ഗ്ഗം – ഉപയോഗിക്കുന്ന സ്ഥാപനം ജനറല്‍ മോട്ടോഴ്സ് മാത്രമാണെന്നല്ല.
വിജയിച്ചിട്ടുള്ള എല്ലാ ആളുകളും സ്ഥാപനങ്ങളും കൃത്യമായി അതുതന്നെയാണ് ചെയ്യുന്നതെന്നുള്ളതാണ് യഥാര്‍ത്ഥ വസ്തുത. അല്ലെങ്കില്‍ അധികകാലം അവര്‍ വിജയിക്കുകയില്ല. അവരുടെ വിജയത്തിൻറെ അളവ് തെളിയിക്കപ്പെട്ട വിജയമാര്‍ഗ്ഗം അവര്‍ പ്രയോഗിച്ചതിൻറെ കൃത്യമായ അനുപാതത്തില്‍ ആയിരിക്കുകയും ചെയ്യും. ശരാശരിക്കാരും പരാജിതരും എല്ലായ്പ്പോഴും മറ്റുള്ളവരെക്കൊണ്ടു ചെയ്യിക്കാനുള്ള പ്രയത്നത്തില്‍ മുഴുകിയിരിക്കുന്നവരാണ്. അതിനാല്‍ ജീവിതം മുഴുവന്‍ എതിര്‍പ്പുകള്‍ നിറഞ്ഞതായി അവര്‍ കാണുന്നു. അതിനാല്‍ വിജയം അസാദ്ധ്യമായിത്തീരുകയും ചെയ്യുന്നു.
നിങ്ങളുടെ ആഗ്രഹത്തില്‍ ആളുകള്‍ക്ക് യാതൊരു താല്പര്യവുമില്ല. അവര്‍ക്ക് താല്പര്യം അവരുടെ സ്വന്തം ആഗ്രഹങ്ങളിലാണ്. അതിനാല്‍, നിങ്ങള്‍ ആഗ്രഹിക്കുന്നത് മറ്റുള്ളവര്‍ തരണമെന്നുണ്ടെങ്കില്‍, ആദ്യം അവര്‍ ആഗ്രഹിക്കുന്നത് കൊടുക്കണം.
നിങ്ങളെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട വ്യക്തികളില്‍ ഓരോരുത്തരും യഥാര്‍ത്ഥത്തില്‍ എന്താഗ്രഹിക്കുന്നുവെന്ന് കണ്ടുപിടിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ആരംഭിക്കാം. അവര്‍ എന്താഗ്രഹിക്കുന്നുവെന്ന് അവരോടു ചോദിക്കുകയെന്നതാണ് ഏറ്റവും എളുപ്പമായ മാര്‍ഗ്ഗം. ആഗ്രഹിക്കുന്നത് എന്താണെന്ന് പറയാന്‍ മറ്റുള്ളവര്‍ അതീവ തല്പരരാണെന്ന് നിങ്ങള്‍ക്കു കാണാന്‍ കഴിയും. പ്രത്യേകിച്ച്, അവരുടെ ആഗ്രഹം നിങ്ങള്‍ നിറവേറ്റുമെന്നോ നിറവേറ്റാന്‍ സഹായിക്കുമെന്നോ പറയുന്ന പക്ഷം.
അപ്പോള്‍, അതുതന്നെ ചെയ്യുക. അവര്‍ക്ക് ആവശ്യമുള്ളത് നല്‍കുക അല്ലെങ്കില്‍ അത് ലഭിക്കാന്‍ സഹായിക്കുക.
എന്നാല്‍ അതുസംബന്ധിച്ച എല്ലാം പൂര്‍ണ്ണമാകുന്നില്ല. അത് നിങ്ങളെ സമ്പന്നനാക്കും, പക്ഷേ കൂടുതല്‍ സമ്പന്നനാക്കുകയില്ല….. വേഗത്തില്‍ – അതെപ്പറ്റിയാണ് ഈ പുസ്തകം.
കൂടുതല്‍ സമ്പന്നനാകാന്‍ … എളുപ്പത്തില്‍ – അതിനുള്ള മാര്‍ഗ്ഗം ആളുകള്‍ക്ക് എന്താണാവശ്യമായി വരികയെന്ന് മുന്‍കൂട്ടി അറിയലാണ്; അവര്‍ അതാഗ്രഹിക്കുന്നതിന് മുമ്പു തന്നെ!
ഒന്നുകൂടി ലളിതമായി പറഞ്ഞാല്‍:
(1) ആളുകള്‍ ഇപ്പോള്‍ അതേപ്പറ്റി ബോധവാന്മാരല്ലെങ്കിലും ഭാവിയില്‍ അവര്‍ക്കുണ്ടാകുന്ന ആവശ്യം കണ്ടെത്തുക.
(2) അത് അവര്‍ക്കുവേണ്ടി കണ്ടെത്തുക.
(3) അത് അവര്‍ക്ക് ഇപ്പോള്‍ ആവശ്യമാണെന്ന് അവരെ പ്രേരണയിലൂടെ ബോദ്ധ്യപ്പെടുത്തുക.
അങ്ങനെയാണ് യഥാര്‍ത്ഥത്തില്‍ വന്‍സമ്പത്ത് ഉണ്ടാക്കുന്നത്. വമ്പിച്ച ധനം, ദശലക്ഷങ്ങള്‍, സഹസ്രകോടികള്‍, ജനറല്‍ മോട്ടോഴ്സിനോടു ചോദിക്കു. അല്ലെങ്കില്‍ ബഹുകോടികളുടെ ഉടമയായ യഥാര്‍ത്ഥ വിജയിയോടു ചോദിക്കൂ.
പൊതുജനാവശ്യം ഉയരും മുമ്പേ കൂടുതല്‍ മെച്ചപ്പെട്ട കാര്യങ്ങള്‍ സൃഷ്ടിക്കുക എന്നതാണ് അതിൻറെ രഹസ്യം.
എന്നാല്‍ ആദ്യം വേണ്ടത് കാര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുവേണ്ട ലളിതമായ ഒരു തെളിയിക്കപ്പെട്ട വിജയമാര്‍ഗ്ഗം നിങ്ങള്‍ പഠിക്കണമെന്നതാണ്.
ശരി, കാര്യങ്ങള്‍ നിങ്ങള്‍ക്ക് എങ്ങനെ ബോധപൂര്‍വ്വം മെച്ചപ്പെടുത്താം?
‘ബോധപൂര്‍വ്വം’ എന്നതാണ് സൂത്രപദം. ബോധപൂര്‍വ്വം നിങ്ങള്‍ മെച്ചപ്പെടുത്തണം – യാദൃശ്ചികമാവരുത്, ഭാഗ്യം കൊണ്ടുമാവരുത് – പ്രത്യുത, ബോധപൂര്‍വ്വം, സോദ്ദേശ്യമായി ഒരു ലക്ഷ്യത്തോടെ, ബോധപൂര്‍വ്വം.
ഈ പുസ്തകത്തില്‍ മറ്റൊരിടത്ത് അറുപത്തൊന്ന് മാന്ത്രിക ചോദ്യങ്ങളിലൂടെ, ആശയങ്ങള്‍ക്ക് എങ്ങനെ തിരികൊളുത്താം എന്ന ഒരദ്ധ്യായമുണ്ട്.
61 മാന്ത്രികചോദ്യങ്ങള്‍ അവിടെ നിങ്ങള്‍ക്കു തന്നിരിക്കുന്നു. ആകെ നിങ്ങള്‍ ചെയ്യേണ്ടത് 61 മാന്ത്രിക ചോദ്യങ്ങള്‍ സ്വയം ചോദിക്കുക മാത്രം. നവവും ലാഭകരവുമായ ആശയങ്ങള്‍ മാന്ത്രികശക്തിയാലെന്നപോലെ നിങ്ങളുടെ മനസ്സില്‍ മിന്നിവിടരും.
നിങ്ങളുടെ മനസ്സ് ആശയങ്ങള്‍ ജ്വലിപ്പിക്കും !
നിങ്ങളെ കൂടുതല്‍ ധനവാനാക്കുന്ന ആശയങ്ങള്‍…. എളുപ്പത്തില്‍ ! പക്ഷേ, അതു പിന്നീടുള്ള ഒരദ്ധ്യായമാണ്. ജനറല്‍ മോട്ടോഴ്സിൻറെ തെളിയിക്കപ്പെട്ട വിജയമാര്ഗ്ഗത്തിൻറെ ഉത്തരാര്‍ത്ഥം നമുക്കു പൂര്‍ത്തീകരിക്കാം.
ആദ്യഭാഗം നിങ്ങള്‍ പഠിച്ചുകഴിഞ്ഞു.
(1) ആളുകള്‍ക്ക് അവര്‍ ആഗ്രഹിക്കുന്നത് അധികമായി നല്‍കുക.
ഇനി രണ്ടാം ഭാഗം.
(2) ആളുകള്‍ക്കു വേണ്ടാത്തത് വളരെ കുറഞ്ഞ അളവില്‍ നല്‍കുക.
ആവശ്യമില്ലാത്തത് ഒഴിവാക്കുന്നതില്‍ ആളുകള്‍ കൂടുതല്‍ ശ്രദ്ധാലുക്കളാകാറുണ്ടെങ്കിലും ആവശ്യമുള്ളത് നേടുന്നതില്‍, അവര്‍ അത്ര ശ്രദ്ധപതിപ്പിക്കാറില്ല.
തിരഞ്ഞെടുപ്പില്‍, ബിസിനസ്സില്‍, പ്രേമത്തില്‍, ജീവിതത്തില്‍ പരാജയം വരിക്കാനുള്ള സുനിശ്ചിതമാര്‍ഗ്ഗം, ആളുകള്‍ക്ക് ആവശ്യമില്ലാത്തത് അവര്‍ക്കു കൊടുക്കുകയോ ആവശ്യമില്ലാത്ത എന്തെങ്കിലുമായി ബന്ധമുണ്ടെന്ന് അവരുടെ മനസ്സില്‍ തോന്നലുണ്ടാക്കുകയോ ആണ്.
ഗവേഷണ പരീക്ഷണങ്ങള്‍ക്കും തെളിയിക്കപ്പെട്ട വിജയമാര്‍ഗ്ഗങ്ങള്‍ സമാഹരിക്കുന്നതിനുമായി നാല്പതു വര്‍ഷങ്ങള്‍ ഞാന്‍ ചെലവഴിച്ചു. ഏറ്റവും പ്രധാനപ്പെട്ട, ഏറ്റവും ഒഴിച്ചുകൂടാന്‍ വയ്യാ ത്ത, ഏറ്റവും ലാഭകരമായ കാര്യങ്ങളിൽ ഒന്നാണിതെന്ന് ഞാന്‍ തീവ്രമായി വിശ്വസിക്കുന്നു. കാരണം, എല്ലാ ആളുകളേയും എല്ലാ സാഹചര്യങ്ങളിലും എല്ലാക്കാലത്തും പ്രചോദിപ്പിക്കുന്നതിനുള്ള അടിസ്ഥാന ഘടകങ്ങള്‍ ഇത് സംയോജിപ്പിക്കുന്നുവെന്നുള്ളതാണ്.
നിങ്ങള്‍ക്ക് ഇതിനേക്കാള്‍ നന്നായി ചെയ്യാന്‍ സാധിയ്ക്കുകയില്ല!
പക്ഷേ ഇത് വായിക്കുക മാത്രം ചെയ്താല്‍ നിങ്ങള്‍ക്ക് നാമമാത്രപ്രയോജനമേ ഉണ്ടാവികയുള്ളു. അതുപയോഗിക്കാന്‍ ഇപ്പോള്‍ത്തന്നെ ആരംഭിക്കുക!
(1) നിങ്ങളെ സംബന്ധിച്ചിടത്തോളം പ്രാധാന്യമര്‍ഹിക്കുന്ന വ്യക്തികളുടെ ഒരു ലിസ്റ്റ് എഴുതിയുണ്ടാക്കുക.
(2) ഒരോരുത്തരുടേയും പേരിനുതാഴെ എഴുതുക. ഓരോ വ്യക്തിയും കൃത്യമായി എന്താണാഗ്രഹിക്കുന്നത്, അതിനേക്കാൾ കൂടുതലായി നിങ്ങള്‍ക്ക് എങ്ങനെ കൊടുക്കാന്‍ കഴിയും, ഓരോ വ്യക്തിക്കും ആവശ്യമില്ലാത്തത് എത്ര മാത്രം കുറയ്ക്കുവാന്‍ സാധിക്കും.
(3) ഓരോ വ്യക്തിക്കും എന്തുവേണമെന്നും (അതു നിങ്ങള്‍ക്കു കൊടുക്കാന്‍ കഴിയുന്നതാണ്) എന്തു വേണ്ടെന്നും. (അതു നിങ്ങള്‍ക്ക് ഒഴിവാക്കാനോ നീക്കം ചെയ്യാനോ കഴിയുന്നതാണ്). നിങ്ങള്‍ക്ക് അറിയാമെന്ന് നിങ്ങള്‍ വിചാരിക്കുന്നുവെങ്കില്പ്പോലും …. ചോദിക്കുക ! ആത്മാര്‍ത്ഥമായി, നിര്‍വ്യാജമായി, ലളിതമായി, ധീരമായി. നിങ്ങള്‍ ചോദിക്കുന്നുവെന്ന വസ്തുതന്നെ നിങ്ങളുടെ ബന്ധം വലിയൊരളവില്‍ മെച്ചപ്പെടാന്‍ ഇടയാക്കും.
ഒരുദാഹരണം മാത്രം.
നിങ്ങളൊരു തൊഴിലാളിയാണെങ്കില്‍ മുതലാളിയോടു ചോദിക്കുക.
“എന്നെക്കൊണ്ടു കൂടുതല്‍ പ്രയോജനം ലഭിക്കാന്‍ ഞാനെന്തു ചെയ്യണം?”
“എൻറെ ജോലി കൂടുതല്‍ ഭംഗിയായി എനിക്കെങ്ങനെ ചെയ്യാന്‍ സാധിക്കും?”
സ്ഥാപനത്തിന് കൂടുതല്‍ പ്രയോജനം ചെയ്യത്തക്കവിധം കൂടുതല്‍ കാര്യങ്ങള്‍ എനിക്ക് എങ്ങനെ പഠിക്കാന്‍ സാധിക്കും? ഏതു പുസ്തകങ്ങളും വ്യാപാര പ്രസിദ്ധീകരണങ്ങളുമാണ് ഞാന്‍ വായിക്കേണ്ടത്? എന്തൊക്കെ പരിശീലന പരിപാടികളിലാണ് ഞാന്‍ പങ്കെടുക്കേണ്ടത്? ബിസിനസ്സിനെപ്പറ്റി കൂടുതല്‍ പഠിക്കാന്‍ എന്തൊക്കെ അധിക ജോലികളാണ് എനിക്കു ചെയ്യാന്‍ കഴിയുന്നത്?”
ജോലിയെ സംബന്ധിച്ച് അല്ലെങ്കില്‍ തൊഴില്‍ ബാഹ്യമായ എന്തു പരിശീലമാണ് എനിക്കു കിട്ടാവുന്നത്? എനിക്കു തിരുത്താവുന്നതും മെച്ചപ്പെടുത്താവുന്നതുമായ ഏതുകാര്യമാണ് ഞാന്‍ തെറ്റായി അല്ലെങ്കില്‍ അവിദഗ്ദ്ധമായി ചെയ്യുന്നത്?”
ഇത്തരം ചോദ്യങ്ങള്‍, ചോദിച്ചാല്‍ അത്ഭുതങ്ങള്‍ ഉണ്ടാവുമെന്ന് എനിക്ക് സംശയാതീതമായി ഉറപ്പുനല്‍കാന്‍ സാധിക്കും. എന്തുകൊണ്ടെന്നാല്‍, അനേകവര്ഷങ്ങള്ക്കുമുമ്പ്, ഞാന്‍ ഒരു വലിയ കോര്‍പ്പറേഷനില്‍ ഒരു ഓഫീസ് ബോയ് ആയിരുന്നപ്പോള്‍ ഇതേ ചോദ്യങ്ങള്‍ എൻറെ ബോസിനോടു ചോദിച്ചു.
ഇതാണ് സംഭവിച്ചത്.
എൻറെ ബോസ് ഉടനെതന്നെ എന്നില്‍ പ്രത്യേക താല്പര്യം എടുത്തു. പുസ്തകങ്ങളും മാഗസിനുകളും കമ്പനിയുടെ വലിയ കാറ്റ്ലോഗും പഠിക്കാന്‍ തന്നു. പ്രത്യേക പരിശീലന ക്ലാസ്സുകള്‍ക്കുള്ള എൻറെ ഫീസ് അദ്ദേഹം കൊടുത്തു. ഒരു വകുപ്പില്‍ നിന്നും മറ്റൊന്നിലേക്ക് ഉദ്യോഗക്കയറ്റം നല്‍കുക വഴി എനിക്ക് ബിസിനസ് പഠിക്കാന്‍ സാധിച്ചു. വലിയ ഷോറുമുകളിലൊന്നില് എന്നെ മാനേജരാക്കി. മൂന്നു വര്‍ഷത്തിനുള്ളില്‍ !
ഒടുവില്‍ ഞാന്‍ എട്ട് കോര്‍പ്പറേഷനുകളുടെ പ്രസിഡന്റായി. മുതലാളിയുടെ ഭാഗത്തു നിന്നുനോക്കിയാല്‍ അതിങ്ങനെയാണ് കാണാന്‍ കഴിയുക. മുകളില്‍ പറഞ്ഞതോ അതുപോലെയുള്ളതോ ആയ ചോദ്യങ്ങള്‍ ചോദിച്ച ഏതു തൊഴിലാളിക്കും എനിക്ക് ആദ്യബോസില് നിന്നും ലഭിച്ചതു പോലെയുള്ള പ്രത്യേക പരിഗണനയും പരിശീലനവും ഉദ്യോഗക്കയറ്റവും ലഭിക്കും എന്നത് തീര്‍ച്ചയാണ്.
അതിനാല്‍ തെളിയിക്കപ്പെട്ട ഒരു വിജയമാര്‍ഗ്ഗം നിങ്ങള്‍ക്ക്, പ്രവൃത്തി പഥത്തില്‍ കൊണ്ടുവരാനുണ്ട് – യഥാര്‍ത്ഥ ജീവിതത്തില്‍,
ചെയ്യുക, അതുപോലെ ചെയ്യുക !
നിങ്ങളുടെ തൊഴില്‍ ദാതാവിന്റെ കാര്യത്തില്‍ മാത്രമല്ല, നിങ്ങളെ സംബന്ധിച്ചിടത്തോളം പ്രാധാന്യമുള്ള ഓരോ വ്യക്തിയുടെയും കാര്യത്തില്‍ അതു ചെയ്യുക.
ഇതു പ്രത്യക്ഷത്തില്‍ അടുത്ത തെളിയിക്കപ്പെട്ട വിജയമാര്ഗ്ഗത്തിലേക്കു നിങ്ങളെ നയിക്കുന്നു. നിങ്ങള്‍ക്കു പ്രത്യേക പരിഗണന കിട്ടാനും ഉദ്യോഗക്കയറ്റം കിട്ടാനും മുന്നേറാനും എളുപ്പത്തില്‍, കൂടുതല്‍ ധനവാനാകാനും ഉറപ്പാക്കുന്ന വിജയമാര്‍ഗ്ഗം!
അടുത്ത അദ്ധ്യായത്തില്‍……..