ഹോമിയോപ്പതിക്ക് മികച്ച പരിഗണന : ആരോഗ്യ മന്ത്രി

439
0
Share:

ആര്‍ദ്രം മിഷനില്‍ ഹോമിയോപ്പതിക്ക് മികച്ച പരിഗണന നല്‍കിയിട്ടുണ്ടെന്ന് ആയുഷ്, ആരോഗ്യ, കുടുംബക്ഷേമ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. തിരുവനന്തപുരം ഐരാണിമുട്ടം ഗവ. ഹോമിയോ മെഡിക്കല്‍ കോളേജില്‍ ഹോമിയോ ഡയറക്ടറേറ്റ്, ഫാര്‍മസി കോളേജ്, ലേഡീസ് ഹോസ്റ്റല്‍ എന്നിവയുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

ആയുഷ് വകുപ്പിന്റെ വളര്‍ച്ചയ്ക്കുവേണ്ടി ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ ഈ സര്‍ക്കാര്‍ നടത്തി. അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട്, ഔഷധിയുടെ മരുന്നുത്പാദനക്ഷമത ഉയര്‍ത്താന്‍ പദ്ധതി എന്നിവയ്ക്ക് നടപടി തുടങ്ങി. ആയുര്‍വേദ ആശുപത്രികളില്ലാത്ത നാലു പഞ്ചായത്തുകളില്‍ക്കൂടി ആയുര്‍വേദ ആശുപത്രികള്‍ സ്ഥാപിച്ച് കേരളത്തെ സമ്പൂര്‍ണ ആയുര്‍വേദ ഗ്രാമമാക്കാന്‍ നടപടി ആരംഭിച്ചതിനൊപ്പം ഹോമിയോപ്പതിയിലും വന്‍ കുതിച്ചു ചാട്ടത്തിന് സര്‍ക്കാര്‍ നടപടി സ്വീകരിച്ചു.

ഹോമിയോ ഡിസ്‌പെന്‍സറികളില്ലാത്ത 49 പഞ്ചായത്തുകളില്‍ ഡിസ്‌പെന്‍സറി തുടങ്ങും. ഈ വര്‍ഷം പകുതിയെങ്കിലും അനുവദിക്കും. തസ്തിക സൃഷ്ടിക്കാനുള്ള നടപടികള്‍ക്കായി ധനകാര്യ വകുപ്പിനെ സമീപിച്ചിട്ടുണ്ട്. ഹോമിയോ ഡയറക്ടറേറ്റ് സ്ഥാപിക്കാന്‍ ഈ സര്‍ക്കാര്‍ ഏഴരക്കോടി രൂപ അനുവദിച്ചു. നേരത്തേ സമാഹരിച്ച പത്തുകോടി ഉള്‍പ്പെടെ പതിനേഴരക്കോടി ചെലവില്‍ അഞ്ചു നിലകളിലായി 3522 ച. മീറ്റര്‍ വിസ്തീര്‍ണത്തില്‍ ഹോമിയോപ്പതി ഡയറക്ടറേറ്റിന്റെ നിര്‍മാണം വേഗം പൂര്‍ത്തിയാക്കും. മൂന്ന് നിലകളില്‍ 1982 ച.മീ. വിസ്തീര്‍ണത്തില്‍ ഫാര്‍മസി കോളേജ് നിര്‍മിക്കാന്‍ 8.25 കോടി രൂപയും 1893 ച.മീറ്റര്‍ വിസ്തീര്‍ണത്തില്‍ പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ കെട്ടിടം നിര്‍മിക്കാന്‍ 9.35 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. കൂടാതെ ഹോമിയോ വിദ്യാഭ്യാസ ഡയറക്ടറേറ്റ് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായും അതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ 41 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

തിരുവനന്തപുരം, കോഴിക്കോട് ഹോമിയോ മെഡിക്കല്‍ കോളേജുകളില്‍ പുതിയ പി.ജി.കോഴ്‌സ് ആരംഭിച്ചു. പി.ജി., യു.ജി., വിദ്യാര്‍ത്ഥികളുടെ സ്റ്റൈപന്റ് വര്‍ധിപ്പിച്ചു. വകുപ്പില്‍ റിസര്‍ച്ചിനും, അധ്യാപകര്‍ക്ക് പരിശീലനം നല്‍കാനും വിഭാഗങ്ങള്‍ ആരംഭിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പുതിയ വന്ധ്യതാ ചികിത്സ ക്ലിനിക് ആരംഭിച്ചു. 46 ലക്ഷം രൂപ ചെലവില്‍ കണ്ണൂരിലെ ജനനി വന്ധ്യതാ ചികിത്സ സെന്റര്‍ ആശുപത്രിയായി ഉയര്‍ത്തുന്നതിന് നിര്‍മാണ പ്രവര്‍ത്തനം തുടങ്ങി. ഈ വര്‍ഷത്തെ ബഡ്ജറ്റില്‍ മാത്രം 20 കോടി രൂപ ഹോമിയോ വകുപ്പിന് അനുവദിച്ചു. കൂടാതെ എല്ലാ ജില്ലയിലും തെരഞ്ഞെടുത്ത ഹോമിയോ ആശുപത്രികളില്‍ കാന്‍സര്‍ സാന്ത്വന പരിചരണ യൂണിറ്റുകള്‍ ആരംഭിച്ചു.

ജീവിതശൈലീരോഗചികിത്സയ്ക്ക് സൗകര്യങ്ങള്‍ ഒരുക്കി. ഓരോ ജില്ലയിലെയും മികച്ച ഒരു ഹോമിയോ ആശുപത്രിയെ മാതൃകാ ആശുപത്രിയായി ഉയര്‍ത്തും. ഹോമിയോ മരുന്നുത്പാദന യൂണിറ്റായ ഹോംകോയുടെ ഉന്നമനത്തിനായി 62 കോടി രൂപയുടെ പദ്ധതി തയ്യാറാക്കി സമര്‍പ്പിച്ചിട്ടുണ്ട്. വണ്ടൂരില്‍ ദേശീയ നിലവാരത്തിലുള്ള കാന്‍സര്‍ ആശുപത്രി ഉദ്ഘാടനം ചെയ്തു പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. കോട്ടയത്ത് കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള മെന്റല്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിച്ച് നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ ഒ. രാജഗോപാല്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. മേയര്‍ വി.കെ. പ്രശാന്ത്, ഹോമിയോപ്പതി ഡയറക്ടര്‍ ഡോ. ജമുന, കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സി. ജയ, മെഡിക്കല്‍ കോളേജ് യൂണിയന്‍ ചെയര്‍ പേഴ്‌സണ്‍ ശില്‍പ കെ., പി ഡബ്ല്യുഡി സ്‌പെഷ്യല്‍ ഡിവിഷന്‍ എക്‌സി. എന്‍ജിനീയര്‍ ജ്യോതി തുടങ്ങിയവര്‍ സംബന്ധിച്ചു.

Share: