ഗണിതശാസ്ത്ര ഒളിമ്പിക്സ് : ഇപ്പോൾ തയ്യാറെടുക്കാം
അന്താരാഷ്ട്രതലത്തിൽ ഹൈസ്കൂൾ വിദ്യാർഥികൾക്കായി നടത്തപ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ട ഗണിതശാസ്ത്ര മത്സരത്തിന് ജൂലൈ 12 ന് വെള്ളത്തുണിയിൽ ഇമോ ( IMO – International Mathematical Olympiad) ചിഹ്നം രേഖപ്പെടുത്തിയ പതാകയുയരും. 1959 ൽ റൊമേനിയയിൽ നടന്ന ആദ്യ ഗണിതശാസ്ത്ര ഒളിന്പ്യാഡ് അഥവാ ഐഎംഒ. ഒളിന്പ്യാഡിൽ ഏഴു രാജ്യങ്ങൾ മാത്രം പങ്കെടുത്തപ്പോൾ ഇന്ന് ലോകത്തിലെ 100 രാജ്യങ്ങളാണ് ബ്രസീലിൽ എത്തുന്നത്. റിയോ ഡി ജെനീറോ, മിടുക്കന്മാരുടെയും മി ടുക്കികളുടെയും
ഗണിതശാസ്ത്ര പോരാട്ട വേദിയായി മാറും.
അതിസങ്കീർണമായ ഗണിതതത്വങ്ങളിലും സൂത്രവാക്യങ്ങളിലും ഉള്ള വെറും സാങ്കേതികമായ സാമർഥ്യമല്ല, മറിച്ച് ഗണിത പ്രശ്നങ്ങളുടെ ഉള്ളിലേക്ക് ഇറങ്ങിച്ചെന്ന് യുക്തിപരമായി അത് പരിഹരിക്കാനുള്ള ഒരു വിദ്യാർഥിയുടെ ചിന്താശക്തിയാണ് ഇവിടെ ഉരച്ചുനോക്കപ്പെടുന്നത്. ഗണിതശാസ്ത്ര ഒളിന്പ്യാഡിലെ പല വിജയികളും ഗണിതശാസ്ത്ര നൊബേൽ പ്രൈസ് എന്നറിയപ്പെടുന്ന ഫീൽഡ്സ് മെഡലിനുവരെ അർഹരായിട്ടുണ്ടെന്നുള്ളത് ഒളിന്പ്യാഡിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെ സാധൂകരിക്കുന്നതാണ്. ഇതൊക്കെ കേട്ടിട്ട് ഒന്നു പങ്കെടുത്തുകളയാം എന്ന് തോന്നുന്നുണ്ടോ? എങ്കിൽ പുതിയ പ്രശ്നപരിഹാര മാർഗങ്ങൾ തേടാൻ ഭയപ്പെടാത്ത, ഗണിതം ആസ്വദിക്കുന്ന സമർഥർക്ക് 2018 ലെ ഒളിന്പ്യാഡിന് തയാറെടുക്കാനുള്ള സമയം എത്തിയിരിക്കുന്നു.
ഗണിതശാസ്ത്ര പ്രതിഭകളെ സ്കൂൾ തലത്തിൽ നിന്നുതന്നെ കണ്ടെത്താനുള്ള അന്താരാഷ്ട്ര ഗണിത ഒളിന്പ്യാഡിലേക്കുള്ള തെരഞ്ഞെടുപ്പ് പല ഘട്ടങ്ങളായാണ് നടത്തപ്പെടുന്നത്. സംസ്ഥാനതലത്തിൽ നടത്തപ്പെടുന്ന മത്സരങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾ ദേശീയ ഗണിതശാസ്ത്ര ഒളിന്പ്യാഡിൽ പങ്കെടുക്കുന്നു. ദേശീയ തലത്തിലെ മത്സരത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ആറ് സമർഥരുടെ ഒരു ടീം ആണ് അന്താരാഷ്ട്ര ഗണിത ഒളിന്പ്യാഡിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നത്.
കഴിഞ്ഞ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഇത്തവണ സംസ്ഥാനതലത്തിലെ പ്രധാന മത്സരപരീക്ഷയ്ക്ക് മുൻപായി ഒബ്ജക്ടീവ് മാതൃകയിലെ പ്രാഥമിക പരീക്ഷ കൂടി നടത്തുവാനാണ് തീരുമാനിച്ചിട്ടുള്ളത്. 2017 ലെ അന്താരാഷ്ട്ര ഗണിത ഒളിന്പ്യാഡിലേക്കുള്ള പ്രവേശന നടപടികൾ പൂർത്തിയായിക്കഴിഞ്ഞു. 2018 ൽ നടക്കുന്ന ഒളിന്പ്യാഡിൽ പങ്കെടുക്കുന്നതിനുള്ള പടവുകൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.
ഭാരത സർക്കാരിന്റെ ആണവോർജ വകുപ്പിന് കീഴിലുള്ള നാഷണൽ ബോർഡ് ഫോർ ഹയർ മാത്തമാറ്റിക്സ് അഥവാ എൻബിഎച്ച്എം ആണ് ഇന്ത്യയിലെ ഗണിത ഒളിന്പ്യാഡ് മത്സരങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. ബോർഡിനുവേണ്ടി ദേശീയതലത്തിലെ മത്സര ഏകോപനവും പരിശീലന ക്യാന്പുകൾ സംഘടിപ്പിക്കലും നടത്തുന്നത് മുംബൈയിലെ ഹോമി ഭാഭ സെന്റർ ഫോർ സയൻസ് എഡ്യുക്കേഷൻ ആണ്.
കേരളത്തിൽ ഇവർക്കുവേണ്ടി പ്രാഥമിക സ്ക്രീനിംഗും റീജണൽ ഒളിന്പ്യാഡും നടത്തുന്നതിന് മേൽനോട്ടം വഹിക്കുന്നത് കൊച്ചിൻ സർവകലാശാലയുടെ ഗണിതശാസ്ത്ര വിഭാഗമാണ്.
ഒളിന്പ്യാഡിൽ പങ്കെടുക്കുന്നതിന് തൽപരരായ വിദ്യാർഥികൾ ഒബ്ജക്ടീവ് മാതൃകയിലെ 30 ചോദ്യങ്ങൾ അടങ്ങുന്ന പ്രീ റീജണൽ ഗണിത ഒളിന്പ്യാഡ് അഥവാ പിആർഎംഒ എന്ന കടന്പ ആദ്യം കടക്കണം. കേരളത്തിലെ സ്കൂളുകൾക്ക് പിആർഎംഒ പരീക്ഷാ കേന്ദ്രമായി പ്രവർത്തിക്കാനുള്ള താൽപര്യമുണ്ടെങ്കിൽ ഹോമി ഭാഭാ സെന്ററിന്റെ വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യാം. വിദ്യാർഥികൾക്കുള്ള പിആർഎംഒ രജിസ്ട്രേഷൻ മേൽപറഞ്ഞ വെബ്സൈറ്റിൽ ജൂണ് 30 വരെ നടത്താം. പരീക്ഷാഫീസ് 200 രൂപ. രജിസ്ട്രേഷൻ സമയത്ത് താൽപര്യമുള്ള പരീക്ഷാ സെന്റർ തെരഞ്ഞെടുക്കാം.
1998 ഓഗസ്റ്റ് ഒന്നിനു ശേഷം ജനിച്ച പ്ലസ് വണ് അല്ലെങ്കിൽ അതിനു താഴെ ക്ലാസുകളിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാവുന്നതാണ്.പിആർഎംഒയിലെ ഉയർന്ന മാർക്ക് നേടുന്ന 300 വിദ്യാർഥികൾക്ക് കേരളത്തിലെ റീജണൽ ഗണിത ഒളിന്പ്യാഡിൽ പങ്കെടുക്കാം. ജ്യോമട്രി, നന്പർ തിയറി, ആൾജിബ്ര തുടങ്ങിയ മേഖലകളിൽ നിന്നും (അത്ര ലളിതമല്ലാത്ത) ചോദ്യങ്ങൾ പ്രതീക്ഷിക്കാവുന്ന പരീക്ഷകൾക്ക് നിശ്ചിതമായ സിലബസ് ഒന്നും ഇല്ല. മുൻവർഷത്തെ ചോദ്യപേപ്പറുകളും സഹായകരമായ പുസ്തകങ്ങളുടെ വിവരങ്ങളും ഹോമി ഭാഭാ സെന്ററിന്റെ വെബ്സൈറ്റിൽ നിന്നും ലഭിക്കും. റീജണൽ ഒളിന്പ്യാഡ് കേരളത്തിൽ നടക്കുന്നത് ഒക്ടോബർ എട്ടിനാണ്.
വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന റീജണൽ ഒളിന്പ്യാഡുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന 30 വിദ്യാർഥികൾ ഇന്ത്യൻ നാഷണൽ ഒളിന്പ്യാഡിൽ പങ്കെടുക്കും. അടുത്ത ജനുവരി 21 നാണ് ഇത് നടക്കുക.
ഇതിലെ ആറ് സമർഥർ 2018ൽ റൊമേനിയയിൽ നടക്കുന്ന അന്താരാഷ്ട്ര ഒളിന്പ്യാഡിൽ ഇന്ത്യയെ പ്രതിനിധീകരിക്കും.
കേരളത്തിലെ റീജണൽ ഒളിന്പ്യാഡിൽ വിജയിക്കുന്നവർക്ക് വിവിധ സമ്മാനങ്ങളും മെറിറ്റ് സർട്ടിഫിക്കറ്റുകളും നൽകുന്നതാണ്. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്സിലിന്റെ കാഷ്പ്രൈസുകൾ, പ്രഫ. വെങ്കട്ടരാമൻ സ്മാരക പ്രൈസ്, പ്രഫ. അബ്ദി സ്മാരക പ്രൈസ് എന്നിവ വിജയികൾക്കുള്ള ചില സമ്മാനങ്ങളാണ്. നാഷണൽ ഒളിന്പ്യാഡ് ജേതാക്കൾക്ക് സ്കോളർഷിപ്പ് ഉൾപ്പെടെയുള്ള മറ്റു പാരിതോഷികങ്ങളും ലഭിക്കും.
ഒളിന്പ്യാഡ് സംബന്ധിച്ച വിശദവിവരങ്ങൾ ഹോമി ഭാഭാ സെന്ററിന്റെ ഒളിന്പ്യാഡ് വെബ്സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കായി താഴെപ്പറയുന്ന റീജണൽ കോ-ഓർഡിനേറ്റർമാരെയും സമീപിക്കാവുന്നതാണ്.
ഡോ. എ. നൗഫൽ – ഫോണ്: 9447327154 ഇമെയിൽ: noufalasharaf@gmail.com ഡോ. എ.എ. അന്പിളി – ഫോണ്: 09048751352 ഇമെയിൽ: aaambily@gmail.com
പ്രധാന വെബ്സൈറ്റുകൾ
കേരള റീജണൽ ഒളിന്പ്യാഡ് വിശദവിവരങ്ങൾ: www.mat hforum.in/krmo2017
ഹോമി ഭാഭാ സെന്ററിന്റെ ഒളിന്പ്യാഡ് വെബ്സൈറ്റ്: http:// olym piads.hbcse.tifr.res.in/
ഒളിന്പ്യാഡിനെപ്പറ്റിയുള്ള ചില പ്രയോജനപ്രദമായ വിവരങ്ങൾ തെലുങ്കാന റീജണൽ ഒളിന്പ്യാഡ് വെബ്സൈറ്റിൽ ലഭ്യമാണ്. http://math-olympiad-telangana.in
ഔദ്യോഗിക വെബ്സൈറ്റ് : www.imo-official.org
- ഡോ. കെ. വിഷ്ണുനമ്പൂതിരി