അമ്മ പറഞ്ഞു: “ശ്രദ്ധിച്ചുവേണം.” – രാജൻ പി. തൊടിയൂർ

അമ്മ പറഞ്ഞു … “ശ്രദ്ധിച്ചുവേണം.”
സാധാരണചുറ്റുപാടിൽ, വൈദ്യുതിപോലുമില്ലാത്ത ഒരു ഗ്രാമത്തിൽ ജനിച്ചുവളർന്ന ഒരാൾക്ക് പ്രകൃതി നല്കിയ ഉത്തരവാദിത്വങ്ങളും അതിൻറെ സ്വാഭാവിക വിജയങ്ങളും പരാജയങ്ങളുമാണ് ഏഴ് പതിറ്റാണ്ട് കാലത്തെ ജീവിതമെന്നു പലപ്പോഴും തോന്നാറുണ്ട്.
വിജയവും പരാജയവും ഒരേനാണയത്തിൻറെ രണ്ടുവശങ്ങൾ ആണെന്ന മൊഴിമുത്ത് എത്രത്തോളം സത്യമാണെന്ന് തിരിച്ചരിയണമെന്നുണ്ടെങ്കിൽ അതനുഭവിക്കുക തന്നെവേണം.
“ഓടുന്നവർക്ക് മാത്രമേ സ്വർണം ലഭിക്കു എന്നും, എന്നാൽ ഓടുന്നവൻ വീഴാൻ സാദ്ധ്യത ഉണ്ടെന്നുള്ളതും” പഴമൊഴിയല്ല .
വീഴാതിരിക്കാനുള്ള എളുപ്പവഴി, ഓടാതിരിക്കുകയാണ്.
അവരുടെ മുന്നിൽ അപകടങ്ങളില്ല . കീഴടക്കാൻ ദൂരങ്ങളുമില്ല …..എന്നാൽ , ഒരിക്കലും സ്വർണപതക്കവുമില്ല .
മറിഞ്ഞു വീണിട്ട് എഴുന്നേൽക്കുമ്പോൾ, പക്ഷെ, കയ്യിൽ എന്തെങ്കിലുംകൂടി ഉണ്ടായിരിക്കണമെന്നും പഠിപ്പിച്ചു തന്നത് അമ്മയാണ്.
അമ്മ ഒരുപാട് കഥകൾ പറഞ്ഞുതന്നു . ഹരിശ്ചന്ദ്രൻ , കാളിദാസൻ , നളനും ദമയന്തിയും….. ചെറുപ്പത്തിലേകൂടെവന്നു .
ധാരാളം വായിപ്പിച്ചു . ശുഭാപ്തിവിശ്വാസം ഉള്ളിൽനിറച്ചു .
എന്തും ചെയ്യാൻ കൂട്ടുനിന്നു .
അല്ലെങ്കിൽപതിനഞ്ചാംവയസ്സിൽ, ഒരുകർക്കിടകമാസരാവിൽ, അപ്പൻ മരിക്കുമ്പോൾ രണ്ട്സ്വർണക്കടകൾപൂട്ടി പഠിക്കാൻ വിടില്ലയിരുന്നു .
പഠിക്കുന്നകാലത്ത് കൂട്ടുകാരുമായി സിനിമയെടുക്കാൻ സമ്മതിക്കില്ലായിരുന്നു . ‘ദി ഗ്യാപ് ‘ എന്ന കേരളത്തിലെആദ്യത്തെക്യാമ്പസ് സിനിമ കൊല്ലം ഫാത്തിമമാതാകോളേജിൽ ജന്മം കൊള്ളുകയില്ലായിരുന്നു. .
ആയിരത്തിതൊള്ളായിരത്തിഎഴുപത്തിയാറിൽ വിദ്യാർഥികൾ ഒരു സിനിമയെടുക്കുന്നു എന്നുപറഞ്ഞാൽ ആരും വിശ്വസിക്കുകയില്ല . അതും സാഹസികമായിരുന്നു .
തിരക്കഥയെഴുതി . നായകനായി . തോപ്പിൽഭാസി,ഗുരുവായി . തിരക്കഥവായിച്ച് അദ്ദേഹം അനുമോദിച്ചു.
“പുതിയകാര്യങ്ങൾ ചെയ്യുമ്പോൾ തളരരുത് . വിമർശനമുണ്ടാകും. ഭയക്കരുത് . പരാജയമുണ്ടാകും . പിന്തിരിയരുത് “.- അമ്മ വീണ്ടുംവീണ്ടും പഠിപ്പിച്ചു.
എൻറെ അമ്മക്ക്….( https://youtu.be/HS-isrU_bQw?si=Vr2oWrvsfh5bnFE-)
അമ്മയെക്കുറിച്ചുള്ള ചിന്തകൾ, എപ്പോഴും മനസ്സിലുണർത്തുന്നത് നൊമ്പരങ്ങളാണ്.
വളരെ ചെറുപ്പത്തിൽ വിധവയായ, മക്കൾക്ക് വേണ്ടി എപ്പോഴും ചിന്തിക്കുകയും പ്രയത്നിക്കുകയും ദുഖിക്കുകയും ചെയ്ത ഒരമ്മ.
അമ്മ പകർന്നു തന്ന ഊർജ്ജം ; ആത്മധൈര്യം. അത് തന്നെയാണ് ജന്മം തന്നതിനോപ്പം കൈമുതലായി ലഭിച്ചതെന്ന് തോന്നിയിട്ടുണ്ട്, പലപ്പോഴും.
പകരം നൽകുവാൻ ഒന്നുമില്ലാത്ത സ്നേഹവായ്പ്പ്.
മറ്റെങ്ങുനിന്നും ലഭിക്കാത്ത, ലാഭം കൊതിക്കാത്ത മാർഗനിർദ്ദേശങ്ങൾ.
വളരെ വൈകി മാത്രം തിരിച്ചറിയാൻ കഴിഞ്ഞ മൂല്യങ്ങൾ.
അതായിരുന്നു അമ്മ.
ഒരിക്കലും എതിര് നിലക്കാത്ത പ്രകൃതം.
പഠിക്കണം, പഠിപ്പിക്കണം എന്ന കാര്യത്തിൽ അമ്മക്ക് നിർബന്ധമുണ്ടായിരുന്നു.
കലയോടും സാഹിത്യത്തോടും അടുക്കാൻ ശ്രമിച്ചപ്പോൾ, ഒരാഗ്രഹം പോലെ പറഞ്ഞു:
“ഒരു ജഡ്ജി ആയി കാണണമെന്നാണ് ഞാൻ ആഗ്രഹിച്ചതു”.
പത്രം തുടങ്ങണോ സിനിമ എടുക്കണോ എന്ന ചോദ്യത്തിനും തീർത്തു മറുപടി നല്കാഞ്ഞത് എൻറെ ഇഷ്ടത്തിന് എതിരാകുമോ എന്ന് സംശയിച്ചിട്ടകണം.
“നിൻറെ മാമൻ സിനിയിൽ പോയി ഒരുപാട് പേരുദോഷം കേൾപ്പിച്ചിരുന്നു. അത് കൊണ്ടാണ് വിവാഹം വൈകിയത്.” വിവാഹത്തിന് മുൻപ് സിനിമയിൽ പോയാൽ അത് ജീവിതത്തെ ബാധിക്കുമെന്ന് അമ്മ മുന്നറിയിപ്പ് നല്കി.
പത്രം തുടങ്ങുന്നതിനെക്കാൾ ജുവലറി നടത്തുന്നതാണെന്ന് നല്ലതെന്ന് ബന്ധുക്കൾ പറഞ്ഞപ്പോഴും, നിൻറെ ഇഷ്ടം എന്ന് മാത്രമാണ് അമ്മ പറഞ്ഞത്.
‘മധുരം’ വാരിക നടത്തി ഭീമമായ നഷ്ടം വന്നപ്പോഴും ‘തളരരുത്’ എന്നാണ് അമ്മ ഉപദേശിച്ചത്.
ചെറുപ്പത്തിലെ പോലെ, പ്രതിസന്ധികളിൽ തളരാതെ നിന്നവരുടെ കഥകൾ പറഞ്ഞുതന്നു.
പരാജയങ്ങളിൽ നിന്നും വിജയത്തിലേക്ക് ഉയർന്നുവന്നവരുടെ ചരിത്രം.
സ്വന്തം ചാരത്തിൽ നിന്നും ഉയർത്തെഴുന്നേറ്റ ഫീനിക്സ് പക്ഷിയുടെ കഥ.
ഒരുപാട് വായിക്കുമായിരുന്നു , അമ്മ.
അതുകൊണ്ടുതന്നെ പുസ്തകങ്ങളോടും വായനയോടും കൂടുതൽ അടുത്തു.
‘കരിയർ മാഗസിൻ’ തുടങ്ങി.
പതിനെട്ടു വർഷം ഇന്ത്യയിലും ഏഴു വർഷം ദുബൈയിലും ‘കരിയർ മാഗസിൻ’ നടത്തി കൈപൊള്ളി വന്നിരുന്നപ്പോൾ അമ്മ പറഞ്ഞു.
“ജീവിതം ഒരു പരീക്ഷണമാണ്. എത്ര പേർക്ക് ‘കരിയർ മാഗസിൻ’ ജോലി നേടിക്കൊടുത്തു! . എത്ര ജന്മങ്ങൾ രക്ഷപ്പെട്ടു. കേരളത്തിൻറെ പ്രസിദ്ധീകരണ ചരിത്രത്തിൽ നിനക്കൊരിടം. അത് നിസ്സാര കാര്യമല്ല.
കോടികൾ ചെലവഴിച്ചാലും എല്ലാവർക്കും കിട്ടില്ല. ഇനിയുമുണ്ട് സമയം. പ്രവർത്തിക്കാനും പരീക്ഷിക്കാനും.എഡിസണ്‍ എത്രയോ തവണ പരാജിതനായി!”
വർഷങ്ങൾക്കുമുൻപ് വിട്ടുപോയെങ്കിലും അമ്മ നൽകിയ ഊർജ്ജം എപ്പോഴും ശക്തിയാകുന്നു.
അമ്മയാണ് പറഞ്ഞത്, മുതിർന്നവരെ ബഹുമാനിക്കണമെന്ന്.
തിക്കുറുശ്ശിയുടെ കൈ പിടിച്ചത് കടന്നകൈ ആയിപ്പോയെന്ന്.
പക്ഷെ, പിന്നീട് എത്രയോ മഹാരഥന്മാരുടെ, ഭരണാധികാരികളുടെ, കലാപ്രതിഭകളുടെ കരംപിടിക്കാൻ അത് നിമിത്തമായി !
ധൈര്യമായി!
അടുത്ത കാലത്തു , സാഹിത്യകാരനും പത്രപ്രവർത്തകനും കാർട്ടൂണിസ്റ്റും ചിത്രകാരനുമായ എൻറെ സുഹൃത്ത് ഹരി കട്ടേലുമായി സംസാരിച്ചിരുന്നപ്പോൾ , അദ്ദേഹം പറഞ്ഞു. ” ഇത്രയും കാലത്തെ അനുഭവങ്ങൾ, കണ്ടുമുട്ടിയ മഹാരധന്മാരുമായുള്ള നിമിഷങ്ങൾ …എഴുതി വെക്കണം. മറന്നു പോകും മുൻപ്.”
ശരിയാണെന്നു തോന്നി. ഭാസ്കരൻ മാസ്റ്ററെ ( പി. ഭാസ്കരൻ ) അവസാനമായി കാണുമ്പോൾ അദ്ദേഹത്തിന് ഒന്നും ഓർമയുണ്ടായിരുന്നില്ല. അദ്ദേഹത്തെക്കുറിച്ചുപോലും!
” ഞാൻ പുസ്തകം എഴുതുന്നുണ്ട്. ‘കരിയറും കരിയറിസവും’, മദ്യപാനം ആരോഗ്യത്തിന് ?, ‘ സിനിമയിലേക്കുള്ള വഴികൾ, സത്യജിത് റായി പറഞ്ഞത്….ഹരി ചിരിച്ചു കൊണ്ട് പറഞ്ഞു.
” നടന്നാൽ കൊള്ളാം . നിങ്ങൾ ഒരു മടിയനാണ് “.
ഇപ്പോൾ ഡോ. എ പി ജെ യുമായി ബന്ധപ്പെട്ട ഒരു അംഗീകാരം ലഭിച്ചപ്പോഴാണ് എന്തെകിലും എഴുതാമെന്ന് തോന്നിയത്. ഫേസ്ബുക്കിൽ.
ഒരു സാധാരണ ചുറ്റുപാടിൽ ജനിച്ചു , ഗ്രാമത്തിൽ പഠിച്ച ഒരാളുടെ അനുഭവങ്ങൾ. അത്രമാത്രം.
നമ്മൾ പറയുന്നത് കേൾക്കാൻ ലോകം ഉണർന്നിരിക്കുന്നു എന്ന അനുഭവം, വരും തലമുറക്ക് ഒരു തരി വെളിച്ചമെങ്കിലും നല്കുമെങ്കിൽ , സന്തോഷം.
രാജേന്ദ്രൻ ഇന്ദീവരം പറഞ്ഞു, മറ്റാരെങ്കിലും എഴുതിയിരുന്നെങ്കിൽ …എന്ന് .
അതുണ്ടാവില്ല.
മലയാള സാഹിത്യത്തിന് ഏറ്റവും വലിയ സംഭാവനകൾ നൽകിയ പ്രസാധകനായിരുന്നു , മലയാളനാട് ചീഫ് എഡിറ്റർ , എസ് കെ നായർ. അദ്ദേഹം ലോകത്തോട് വിടവാങ്ങി നാല് പതിറ്റാണ്ട് കഴിഞ്ഞിട്ടും അദ്ദേഹത്തോടൊപ്പം നിന്ന ആരും ഓർക്കുന്നില്ല. എഴുതിയില്ല….
കരിയർ മാഗസിൻ , തുടങ്ങുമ്പോൾ പലരും എതിർത്തു . “വെറുതെ കൈപൊള്ളിക്കേണ്ട…ആരും വായിക്കില്ല”.
” ഒരാളെങ്കിലും വായിക്കുമെങ്കിൽ , ഒരാൾക്കെങ്കിലും ജോലി കിട്ടുകയാണെങ്കിൽ തൃപ്തനായി…”
അതെ മനസ്സാണ് ഇപ്പോഴും..
പരീക്ഷണങ്ങളാണ് ജീവിതം എന്ന്തെളിയിച്ചു തന്നത് തോമസ് അൽവാ എഡിസണ്‍ ആണ് .
ലോകത്തുള്ള , ഉണ്ടായിട്ടുള്ള, എല്ലാവിജയികളും പഠിച്ച ഒരു പാഠമുണ്ട് .
വിജയത്തിലേക്കുള്ള വഴി, പരാജയങ്ങളിലൂടെയാണ് .
അത്പഠിപ്പിച്ചത് എഡിസണ്‍ !!!
റബ്ബർപാൽ ഉണ്ടാക്കുന്നതിനുള്ള ചെടി കണ്ടുപിടിക്കാൻ മൂവായിരത്തിലേറെ പരാജയങ്ങൾ . പിന്നേയും എത്രപരാജയങ്ങൾ പിന്നിട്ടശേഷമാണ്എഡിസണ്‍ ലോകത്തിലെ ഏററവും വിജയിയായ മനുഷ്യനായത് !
പരാജയങ്ങളിൽ തളർന്ന് നമുക്ക് നിഷ്‌ക്രിയരായികഴിഞ്ഞുകൂടാം .
വിജയി ആകാൻ ശ്രമിക്കാം .
പരാജയങ്ങളിൽ തളരരുത് എന്ന് അമ്മ പഠിപ്പിച്ചത് നാലാം ക്ലാസ്സിലെ പ്രോഗ്രസ്സ്റിപ്പോർട്ട് കണ്ടപ്പോഴാണ്. ക്ലാസ്ടീച്ചർ, ഗോവിന്ദൻസാർ ചുവന്നവരയിട്ട്തന്ന പ്രോഗ്രസ്സ്റിപ്പോർട്ട് ഒളിച്ചുവെച്ചത്കണ്ടുപിടിച്ച് അമ്മആശ്വസിപ്പിച്ചു , പരാജയങ്ങളിൽ,തളരരുത് …
മനസിലെന്നും നിറഞ്ഞുനില്ക്കുന്ന വാക്കുകൾ .
ജീവിതം, തളരാനുള്ള ഒരുപാട് കാരണങ്ങൾ നമുക്കു മുന്നിൽ നിരത്തി വെക്കുന്നുണ്ട് എന്ന്തിരിച്ചറിയുന്നത് ജീവിതത്തിൽനിന്നുതന്നെയാണ് .
അല്ലെങ്കിൽ ജീവിതത്തിന് നമുക്ക് തരാനുള്ളപാഠമെന്താണ് ?
നമുക്ക് വെറുതെ സ്വപ്നംകാണാം . വെറുതെ നിരാശപ്പെടാം .
വെറുതെ ആത്മഹത്യചെയ്യാം . വെറുതെ വിജയിയാകാം –
വിജയംചിന്തിക്കുക , വിജയിയെപ്പോലെപെരുമാറുക . വിജയിയായിമാറുക .
അങ്ങനെയും നമുക്ക് മുന്നേറാം .
ചിത്രം : അമ്മ (രാജമ്മ )
(തുടരും)
rajan@careermagazine.in






