സ്‌ട്രേ വേക്കൻസി: ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാൻ അവസരം

Share:

തിരുഃ 2024-25 അധ്യയന വർഷത്തെ ആയൂർവേദ/ഹോമിയോ/സിദ്ധ/യുനാനി/മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള മൂന്നാംഘട്ട സ്‌ട്രേ വേക്കൻസി ഫില്ലിംഗ് അലോട്ട്മെൻറിന് ശേഷം ഒഴിവുളള സീറ്റുകൾ നികത്തുന്നതിനായി നാലാംഘട്ട സ്‌ട്രേ വേക്കൻസി ഫില്ലിംഗ് അലോട്ട്മെന്റ് നടത്തും. പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിച്ച കേരള സ്റ്റേറ്റ് മെഡിക്കൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുളള വിദ്യാർത്ഥികൾക്ക് നാലാംഘട്ട സ്‌ട്രേ വേക്കൻസി ഫില്ലിംഗ് അലോട്ട്മെൻറിനായി ഡിസംബർ 15ന് രാത്രി 11.59 വരെ ഓൺലൈനായി ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാവുന്നതാണ്. ഡിസംബർ 10, 2024 ലെ വിജ്ഞാപന പ്രകാരം/മുൻ വിജ്ഞാപനങ്ങൾ പ്രകാരം ഓൺലൈൻ അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾക്കും ആയുഷ് കോഴ്സുകൾക്കുള്ള ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം. എന്നിരുന്നാലും പുതുക്കിയ കേരള സ്റ്റേറ്റ് മെറിറ്റ് ലിസ്റ്റിൽ ഉൾപ്പെടുന്ന വിദ്യാർത്ഥികളെ മാത്രമേ അലോട്ട്മെൻറിനായി പരിഗണിക്കുകയുള്ളൂ.

ഓൺലൈൻ സ്‌ട്രേ വേക്കൻസി ഫില്ലിംഗ് അലോട്ട്മെൻറിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിലെ അവരുടെ ഹോം പേജിൽ പ്രവേശിച്ച് ‘Stray Vacancy Option Registration’ എന്ന മെനു ക്ലിക്ക് ചെയ്ത് ഓൺലൈനായി ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്. സ്ട്രേ വേക്കൻസി അലോട്ട്മെന്റ് പ്രക്രിയയിൽ ഉണ്ടാകാനിടയുളള ഒഴിവുകളും ഈ ഘട്ടത്തിൽ തന്നെ നികത്തപ്പെടുമെന്നതിനാൽ താത്പര്യമുളള എല്ലാ കോളേജിലേയ്ക്കും, കോഴ്സിലേയ്ക്കും ഓപ്ഷൻ നൽകാൻ വിദ്യാർത്ഥികൾ ശ്രദ്ധിക്കേണ്ടതാണ്.

വിശദമായ വിജ്ഞാപനത്തിനായി പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റ് കാണുക.
ഫോൺ: 0471 2525300

Share: