‘ഇംഗ്ലീഷ് ഭാഷ അറിയാം’ എന്ന പൊങ്ങച്ചം

Share:

തുടർച്ചയായി പരിശീലിക്കുക എന്നതാണ് ഏറ്റവുംവലിയ കാര്യം. അതിനായി തയ്യാറാക്കിയിട്ടുള്ള ആപ്പുകൾ ( Apps ) ഉപയോഗിക്കുന്നത് , വിശേഷിച്ചു അതിലുള്ള മാതൃകാ പരീക്ഷകൾ ( mock exam ) ചെയ്തു പരിശീലിക്കുന്നത് നന്നായിരിക്കും. ബ്രിട്ടീഷ് ഇംഗ്ലീഷ് കേട്ട് പഠിക്കാനും സംസാരിച്ചു പഠിക്കാനും ഉപകരിക്കുന്ന, ബ്രിട്ടനിൽ രൂപകൽപ്പന ചെയ്ത പഠന സഹായി ഇപ്പോൾ ഇവിടെയും ലഭ്യമാണ്. ഇത്തരത്തിൽ നന്നായി പരിശ്രമിച്ചാൽ തീർച്ചയായും നല്ല സ്കോറോടുകൂടെ IELTS പാസാക്കാൻ സാധിക്കും.

  • ഋഷി പി രാജൻ

 

ഇംഗ്ലീഷ് ഭാഷ അറിയാം എന്ന് പൊങ്ങച്ചം പറയുന്നവരെ നമുക്കിടയിൽ എത്ര വേണമെങ്കിലും കാണാൻ കഴിയും. തട്ടിയും മുട്ടിയും ഇംഗ്ലീഷ് പറയാൻ അറിയാം എന്നതിലുപരി വായിക്കാനും,എഴുതാനും, ഇംഗ്ലീഷ് ഭാഷയിൽ ഒരു കാര്യം കേട്ടാൽ അത് മനസിലാക്കാനും നന്നായി സംസാരിക്കാനും എല്ലാവർക്കും കഴിയുമോ? അങ്ങിനെ കഴിയുമെങ്കിൽ മാത്രമേ ഭാഷ അറിയാം എന്ന് പറയാനാകൂ . ഇംഗ്ലീഷ് ഭാഷയിലുള്ള ഈ നൈപുണ്യത്തെ അളക്കുക എന്നതാണ് ഐ ഇ എൽ ടി എസ് ( IELTS )  പരീക്ഷ ലക്ഷ്യം വെക്കുന്നതും. ഇംഗ്ലീഷ് ഭാഷയിൽ സംസാരിക്കുക ( Speaking ) വായിക്കുക ( Reading ) എഴുതുക (Writing ) കേട്ട് മനസ്സിലാക്കുക ( Listening ) എന്നീ കാര്യങ്ങൾ നിങ്ങൾ എങ്ങിനെ കൈകാര്യം ചെയ്യുന്നു എന്ന് അറിയുവാനുള്ള ഒരു പരീക്ഷ , അതാണ് ഐ ഇ എൽ ടി എസ് .

ഐ ഇ എൽ ടി എസ് ( IELTS) പരീക്ഷയെ അക്കാഡമിക് , ജനറൽ എന്നിങ്ങനെ രണ്ടായി വേർതിരിച്ചിട്ടുണ്ട്.

അക്കാദമിക് ടെസ്റ്റ്

ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യത്തെ ഒരു സർവകലാശാലയിൽ ഉന്നത വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്നവർക്കുള്ളതാണ് അക്കാദമിക് ടെസ്റ്റ്. വിദ്യാർത്ഥിയുടെ വിശകലനപരവും വിമർശനാത്മകവുമായ ചിന്താശേഷിയും വായനാ വൈദഗ്ധ്യവും യൂണിവേഴ്സിറ്റി തലത്തിൽ , ഇതിലൂടെ പരിശോധിക്കുന്നതിനാൽ അക്കാഡമിക് പരീക്ഷ ജനറൽ ടെസ്റ്റിനെ അപേക്ഷിച്ച് അൽപ്പം പ്രയാസമേറിയതാണ് എന്ന് പൊതുവെ പറയാറുണ്ട്.   പഠനം അല്ലെങ്കിൽ ജോലിയിൽ വിദ്യാർത്ഥിക്ക് തുടരാൻ കഴിയുമോ എന്നും ഇംഗ്ലീഷിൽ ഫലപ്രദമായി ആശയവിനിമയം നടത്താൻ കഴിയുമോ എന്നും വിലയിരുത്തുന്നതിനാണ് ഇത്. അക്കാദമിക് പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും മുതൽ പത്രങ്ങളും മാസികകളും വരെയുള്ള വിവിധ സ്രോതസ്സുകളിൽ നിന്ന് എടുത്ത ദീർഘവും വിശദവുമായ മൂന്ന് ഭാഗങ്ങളാണ് ഈ പരീക്ഷയിൽ വായിക്കേണ്ടി വരിക. ഇതിന് വേണ്ട കാര്യങ്ങൾ സർവ്വകലാശാല തലത്തിലാണ് രൂപപ്പെടുത്തിയിരിക്കുന്നത്.

ജനറൽ ടെസ്റ്റ്

വിദേശത്തേക്ക് കുടിയേറാൻ തയ്യാറെടുക്കുന്നവരെയും സെക്കൻഡറി വിദ്യാഭ്യാസം നേടാനോ പ്രവൃത്തി പരിചയം നേടാനോ പ്രത്യേക പരിശീലന പരിപാടികളിൽ പങ്കെടുക്കാനോ ആഗ്രഹിക്കുന്നവരെയുമാണ് ഈ വിഭാഗം ലക്ഷ്യം വെക്കുന്നത് . യൂണിവേഴ്സിറ്റി തലത്തിൽ പരീക്ഷാർത്ഥിയുടെ ഉയർന്ന ചിന്താശേഷിയോ വിമർശനാത്മക യുക്തിയോ ജനറൽ ടെസ്റ്റ്, പരീക്ഷിക്കുന്നില്ല. പകരം, ആശയവിനിമയത്തിനുള്ള മാധ്യമം ഇംഗ്ലീഷ് ഭാഷ ആയ ഒരു പുതിയ ചുറ്റുപാടിൽ ആശയവിനിമയത്തിൻറെയും അതിജീവനത്തിൻറെയും ഉദ്ദേശ്യം നിറവേറ്റുന്ന കാര്യത്തിൽ  ഭാഷയുടെ നിലവാരവും അതിലുള്ള അടിസ്ഥാന ധാരണയും വിലയിരുത്താൻ വേണ്ടിയുള്ളതാണ് ജനറൽ ടെസ്റ്റ്.

പരീക്ഷയിൽ വിജയിക്കാൻ ചില മാർഗ്ഗങ്ങൾ

എല്ലാ ഉത്തരങ്ങളും ചോദ്യത്തിൽ തന്നെ ഉണ്ടാകും എന്ന് ആദ്യമേതന്നെ മനസ്സിലാക്കുക. ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ സ്വന്തം അറിവ് പ്രയോഗിക്കേണ്ടതില്ല.

ഓരോ ചോദ്യവും ശരിയായി വായിക്കുക. ഏതെങ്കിലും ചോദ്യത്തിന് ഉത്തരം നൽകുന്നതിന് മുമ്പ്, അത് ശരിയാണെന്ന് ഉറപ്പുവരുത്തുക. കഴിയുമെങ്കിൽ, വായിക്കുമ്പോൾ സാധ്യമായ ഉത്തരങ്ങൾ അടയാളപ്പെടുത്തുക.

ഇംഗ്ലീഷിലുള്ള വിവിധതരം ഗ്രന്ഥങ്ങൾ വായിക്കാൻ പരിശീലിക്കുക. വേഗത്തിൽ വായിക്കാനുള്ള കഴിവ് വളർത്തിയെടുക്കുക.

കമ്പ്യൂട്ടറിലാണ് പരീക്ഷ എഴുതുന്നതെങ്കിൽ , കുറിപ്പുകൾ ഉണ്ടാക്കുക. അല്ലെങ്കിൽ ടെക്സ്റ്റിൻറെ നിശ്ചിത ഭാഗം ഹൈലൈറ്റ് ചെയ്യുക. പിന്നീട് ഉത്തരങ്ങൾ കണ്ടെത്തുന്നത് ഇത് സഹായകമാകും.

ചോദ്യം എന്തിനെക്കുറിച്ചാണെന്ന് ഒരു പൊതു ആശയം ലഭിക്കുന്നതിന് ആദ്യം കണ്ണോടിച്ച് വായിക്കുക. വിഷയം പരിചിതമായിക്കഴിഞ്ഞാൽ, ഉത്തരം കണ്ടെത്തേണ്ട ചോദ്യങ്ങൾ മനസ്സിൽ വച്ചുകൊണ്ട് ശ്രദ്ധാപൂർവ്വം വായിക്കുക.

ഉത്തരം നൽകുമ്പോൾ, ഖണ്ഡികയിൽ നൽകിയിരിക്കുന്നത് പോലെ ശരിയായ അക്ഷരവിന്യാസങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.

വായിക്കുമ്പോൾ പ്രധാനപ്പെട്ട വാക്കുകൾ (കീ വേർഡ്സ് ) അടയാളപ്പെടുത്തുന്നത് നല്ല ശീലമാണ്. ഉദാഹരണത്തിന്, പ്രധാനപ്പെട്ട തീയതികൾ ഉണ്ടെങ്കിൽ, അവ അടയാളപ്പെടുത്തുക, സമാനമായി ഒരു ചോദ്യം ചോദിച്ചാൽ അവ കണ്ടെത്തുന്നത് എളുപ്പമാകും.

അക്ഷരവിന്യാസം എല്ലായ്പ്പോഴും ശരിയാണെന്ന് ഉറപ്പാക്കുക, പ്രത്യേകിച്ചും ഖണ്ഡികയിൽ നിന്ന് ഉത്തരക്കടലാസിലേക്ക് പകർത്തുമ്പോൾ.

പേപ്പറിൽ പരീക്ഷ എഴുതുന്നവരാണെങ്കിൽ ,  ഉത്തരങ്ങൾ ഉത്തരക്കടലാസിൽ ആദ്യമേ എഴുതുക. പിന്നീട്   ഉത്തരങ്ങൾ അധിക സമയം പകർത്താൻ ലഭിക്കില്ല.

തുടർച്ചയായി പരിശീലിക്കുക എന്നതാണ് ഏറ്റവുംവലിയ കാര്യം. അതിനായി തയ്യാറാക്കിയിട്ടുള്ള ആപ്പുകൾ ( Apps ) ഉപയോഗിക്കുന്നത് , വിശേഷിച്ചു അതിലുള്ള മാതൃകാ പരീക്ഷകൾ ( mock exam ) ചെയ്തു പരിശീലിക്കുന്നത് നന്നായിരിക്കും. ബ്രിട്ടീഷ് ഇംഗ്ലീഷ് കേട്ട് പഠിക്കാനും സംസാരിച്ചു പഠിക്കാനും ഉപകരിക്കുന്ന, ബ്രിട്ടനിൽ രൂപകൽപ്പന ചെയ്ത പഠന സഹായി ഇപ്പോൾ ഇവിടെയും ലഭ്യമാണ്. ഇത്തരത്തിൽ നന്നായി പരിശ്രമിച്ചാൽ തീർച്ചയായും നല്ല സ്കോറോടുകൂടെ IELTS പാസാക്കാൻ സാധിക്കും.

(തുടരും)

TagsIELTS
Share: