ഒളിമ്പിക്സ് : ഭാരോദ്വഹനത്തിൽ രാജ്യത്തിന് ആദ്യ വെള്ളി
ടോക്കിയോ : ഭാരോദ്വഹനത്തില്‍ വെള്ളി മെഡല്‍ നേടി ടോക്കിയോ ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ അഭിമാനമായി മീരാബായ് ചാനു. ഒളിംപിക്സിൽ ആദ്യ ദിനം ഇന്ത്യ മെഡൽ നേടുന്നത് ചരിത്രത്തിൽ ആദ്യം. 49 കിലോ വനിതാ വിഭാഗത്തിലാണ് ചാനു വെള്ളി മെഡല്‍ നേടി ഇന്ത്യയുടെ അക്കൗണ്ട് തുറന്നത്. സ്‌നാച്ചിലും ക്ലീന്‍ ആന്‍ഡ് ജര്‍ക്കിലും മികച്ച പ്രകടനം ചാനു കാഴ്ച്ച വെച്ചു . 202 കിലോ ഉയര്‍ത്തിയാണ് ചരിത്രനേട്ടം. സ്‌നാച്ചില്‍ 87 കിലോയും ജര്‍ക്കില്‍ 115 കിലോയും മീരാബായ് അനായാസം കീഴടക്കി.
ചൈനയുടെ ഷിഹൂയി ഹൗ ഒളിമ്പിക് റെക്കോഡോടെ സ്വര്‍ണം നേടി.
ഇന്തോനീഷ്യയുടെ ഐസ വിന്‍ഡി വെങ്കല മെഡല്‍ സ്വന്തമാക്കി.
ഒരു ഇന്ത്യന്‍ വനിത ഭാരോദ്വഹനത്തില്‍ വെള്ളി മെഡല്‍ നേടുന്നതും ഇതാദ്യമായാണ് . ഒളിംപിക് ചരിത്രത്തില്‍ ഭാരോദ്വഹനത്തിൽ മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് ചാനു. നേരത്തെ ഭാരോദ്വഹനത്തിൽ കര്‍ണം മല്ലേശ്വരിയിലൂടെയാണ് ഇന്ത്യ മെഡല്‍ നേടിയത്. സിഡ്നി ഒളിംപിക്സിലായിരുന്നു ഇത്. സ്നാച്ചിലും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കിലും 110, 130 കിലോ ഉയര്‍ത്തിയാണ് കര്‍ണം മല്ലേശ്വരി 2000ല്‍ സിഡ്നിയില്‍ വെങ്കലം നേടിയത്. ഈ ഇനത്തില്‍ 21 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യക്ക് മെഡല്‍ ലഭിക്കുന്നത്.
മീരാഭായിയുടെ വിജയം ഓരോ ഭാരതീയനും പ്രചോദനമാണെന്ന് പ്രധാനമന്ത്രി അഭിനന്ദിച്ചു.