വിജയമാർഗ്ഗങ്ങൾ -31 : നിങ്ങളുടെ യജമാനന്‍ നിങ്ങള്‍ തന്നെയായാല്‍?

Share:
Personality development

എം ആർ കൂപ്മേയർ                                                                             പരിഭാഷ : എം ജി കെ നായർ 

നിങ്ങളുടെ ഭാവനയ്ക്ക് ഒരു മഹാനായ അദ്ധ്യാപകനാകാന്‍ കഴിയും.
രസകരവും വെല്ലുവിളികള്‍ ഉയര്‍ത്തുന്നതുമായ ഒട്ടനവധി സന്ദര്‍ഭങ്ങള്‍ നിങ്ങള്‍ക്ക് ഭാവനയില്‍ ദര്‍ശിക്കാന്‍ കഴിയും.  എന്നിട്ട്, സാങ്കല്‍പ്പികമായ വെല്ലുവിളിയെ എങ്ങനെ നേരിടണമെന്നോ  സന്ദര്‍ഭത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്നോ തീരുമാനിക്കാനും അതിനുവേണ്ടി പരിശീലനം നടത്താനും നിങ്ങള്‍ക്ക് സാധിക്കും.

ഓരോ യഥാര്‍ത്ഥ അനുഭവങ്ങളിലൂടെയും കടന്നുപോകാതെ, സങ്കല്‍പത്തില്‍ പരിശീലനം നടത്തുന്നത് കൊണ്ട് നിങ്ങളുടെ പ്രതികരണങ്ങളേയും സമ്പ്രദായങ്ങളേയും മെച്ചപ്പെടുത്താന്‍ കഴിയും.  (‘ഉയര്‍ച്ചയിലേക്കുള്ളവഴികള്‍’ എന്ന എന്‍റെ ഗ്രന്ഥത്തില്‍ വിശദമായി പഠിപ്പിച്ചിട്ടുള്ളതുപോലെ.)

ഉദാഹരണമായി: നിങ്ങളുടെ യജമാനന്‍ നിങ്ങള്‍ തന്നെയായാല്‍ എങ്ങനെയിരിക്കും?
നിങ്ങള്‍ക്ക് ആവശ്യമായ നേതൃത്വ ഗുണങ്ങള്‍ ഉണ്ടോ? നിങ്ങളുടെ മേല്‍നോട്ടത്തില്‍ ജോലിചെയ്യുന്ന ജീവനക്കാരുടെ തൃപ്തികരമല്ലാത്ത തൊഴില്‍ വൈദഗ്ദ്ധ്യം നിങ്ങള്‍ എങ്ങനെ ശരിപ്പെടുത്തും? ജീവനക്കാരുടെ പരിദേവനങ്ങളും സങ്കടങ്ങളും എങ്ങനെ നിങ്ങള്‍ കൈകാര്യം ചെയ്യും? കൂടുതല്‍ നന്നായി പണിയെടുക്കാന്‍ ജീവനക്കാര്‍ക്ക് നിങ്ങള്‍ എങ്ങനെ പ്രചോദനം നല്കും? ജീവനക്കാര്‍ക്ക് ഇന്‍സന്റിവ് നല്‍കുന്ന ഏതൊക്കെ പദ്ധതികള്‍ നിങ്ങള്‍ പ്രയോഗത്തില്‍ വരുത്തും? എന്തുകൊണ്ട്? എന്തൊക്കെ മാറ്റങ്ങളാണ് നിങ്ങള്‍ വരുത്താന്‍ പോകുന്നത്?  കാര്യങ്ങള്‍ നിങ്ങള്‍ എങ്ങനെ മെച്ചപ്പെടുത്തും?

നിങ്ങള്‍ സ്വയം ‘ബോസാ’യിത്തീരുന്ന സാങ്കല്‍പിക പരിതസ്ഥിതിയില്‍ നിങ്ങള്‍ സ്വയം ചോദിക്കേണ്ട അനേകം ചോദ്യങ്ങളില്‍ ചിലതുമാത്രമാണ് മുകളില്‍ കൊടുത്തിരിക്കുന്നത്.
നിങ്ങളുടെ ‘ബോസി’ന്‍റെ സ്ഥാനത്തിന് അര്‍ഹതനേടാന്‍ എത്രമാത്രം, കൃത്യമായി എന്തു പഠിക്കണമെന്ന്  മുകളില്‍പറഞ്ഞ ‘ചോദ്യങ്ങള്‍ക്കുള്ള നിങ്ങളുടെ ഉത്തരങ്ങള്‍ വെളിപ്പെടുത്തും.  നിങ്ങളുടെ സ്ഥാപനത്തിലും നിങ്ങളുടെ വ്യവസായത്തിലും നേതൃത്വത്തിലുള്ള കൂടുതല്‍ ഉയര്‍ന്ന സ്ഥാനങ്ങള്‍ നേടുന്നതിനും അവ സഹായിക്കും.
അല്ലെങ്കില്‍, ഇപ്പോള്‍ത്തന്നെ നിങ്ങള്‍ ഒരു എക്സിക്യുട്ടീവ്‌ ആണെങ്കില്‍, നിങ്ങൾ,  നിങ്ങളുടെ ജീവനക്കാരില്‍ ഒരാളാണെന്ന് – ഒരോരുത്തരുമാണെന്ന് സങ്കല്‍പിച്ചു നിങ്ങളെത്തന്നെ വിമർ ശനാത്മകമായി ദീര്‍ഘമായി നോക്കികാണുക.

നിങ്ങള്‍ ജോണ്‍ ആയിരുന്നെങ്കില്‍, നിങ്ങളെ ബോസ്സായി എങ്ങനെ ഇഷ്ടപ്പെടും?  ഭാവനയില്‍ ‘ജോണ്‍’ ആയിത്തീരുക.  അയാളുടെ ബോസ്, നിങ്ങള്‍, ചെയ്യുന്ന എന്തൊക്കെകാര്യങ്ങള്‍ ‘ജോണ്‍’ ഇഷ്ടപ്പെടുമെന്ന് ചിന്തിക്കുക.

നിങ്ങള്‍ക്കു കുറേക്കൂടി നല്ല മനോഭാവം ഉണ്ടായിരുന്നെങ്കില്‍, അല്ലെങ്കില്‍ ജോണിന്‍റെ പ്രശ്നങ്ങളില്‍ കൂടുതല്‍ പരിഗണന നല്‍കിയിരിരുന്നെങ്കില്‍, അവ പരിഹരിക്കാന്‍ വ്യക്തിപരമായി കൂടുതല്‍ സഹായകരമായ നിലപാടെടുത്തിരുന്നെങ്കില്‍, നിങ്ങള്‍ കൂടുതല്‍ നല്ല സൂപ്പര്‍വൈസര്‍ ആകുമായിരുന്നോ എന്ന്  നിങ്ങളുടെ ഭാവനയില്‍, ജോണിന്‍റെ സ്ഥാനത്തു നിന്നുകൊണ്ട് ചിന്തിക്കുക.
എന്നിട്ട് തൊഴിലുടമ എന്ന നിലയില്‍, ഓരോ ജീവനക്കാരനും നിങ്ങളെ എങ്ങനെ വീക്ഷിക്കുന്നുവെന്ന് ഭാവനയില്‍ ദര്‍ശിക്കുക.
മറ്റുള്ളവര്‍ നിങ്ങളെ വീക്ഷിക്കുന്നതുപോലെ സത്യസന്ധമായി സ്വയം നോക്കിക്കാണാന്‍ നിങ്ങള്‍ യത്നിക്കുക.
ജീവിതത്തില്‍ സ്വന്തം സ്ഥാനം എന്തായിരുന്നാലും ജോലിസ്ഥലത്തായിരുന്നാലും വീട്ടിലായിരുന്നാലും ഒരോരുത്തരും ഇതു ചെയ്യണം.

ജീവിതത്തിലൂടെ മുന്നേറാന്‍ ഓരോരുത്തര്‍ക്കും തന്‍റെതായ കൊച്ചുകൈവണ്ടിയുണ്ട്.  സ്വന്തം കൈവണ്ടിയിലിരുന്ന്  മുന്നോട്ട് വലിക്കുവാന്‍ നിങ്ങള്‍ക്ക് സാധിക്കുകയില്ല.
നിങ്ങളുടെ വണ്ടിയിലിരിക്കുന്ന മറ്റാരെയെങ്കിലും മുന്നോട്ടു വലിച്ചു കൊണ്ടു പോകുമ്പോള്‍, നിങ്ങളും മുമ്പോട്ടു നീങ്ങുന്നു. മുമ്പിലെത്തുന്നതു നിങ്ങളാണ്!

( തുടരും)

Share: