ശ്രദ്ധാകേന്ദ്രമാകുക : വിജയത്തിലേക്കുള്ള എളുപ്പവഴി

Share:
Personality development

എം ആർ കൂപ് മേയർ                                                                     പരിഭാഷ : എം ജി കെ നായർ

നിങ്ങളെ ശ്രദ്ധിക്കുകപോലും ചെയ്യാത്ത ആളുകളെ സ്വാധീനിക്കാനോ സുഹൃത്തുക്കളെ സമ്പാദിക്കാനോ നിങ്ങള്‍ക്ക് സാധിക്കുകയില്ല.

നിങ്ങള്‍ ശ്രദ്ധിക്കപ്പെടാനും അറിയപ്പെടാനും നിങ്ങളെ ഇഷ്ടപ്പെടാനും തെളിയിക്കപ്പെട്ട ഒരു വിജയമാർഗ്ഗമാണ് ഇനി പറയുന്നത് : ശ്രദ്ധാകേന്ദ്രമാകുക.

ഒരു യോഗസ്ഥലത്തു പ്രവേശിക്കുന്നതിനു മുമ്പ്, ഒരു വിരുന്നില്‍ പങ്കെടുക്കുന്നതിനു മുമ്പ്, ഒരു സംഘത്തോടു ചേരുന്നതിനു മുമ്പ്…… നിമിഷനേരത്തെ ഇടവേള എടുക്കുക. സന്നിഹിതരായിട്ടുള്ള എല്ലാവരേയും നിങ്ങള്‍ക്ക് അറിയാമെന്നും എല്ലാവരേയും നിങ്ങള്‍ ഇഷ്ടപ്പെടുന്നുവെന്നും വിശ്വാസപൂര്‍വ്വം മനസ്സില്‍ സങ്കല്‍പ്പിക്കുക.

പിന്നീട് സംഘത്തില്‍ ഇടപഴകുമ്പോള്‍ നിങ്ങളെ വീക്ഷിക്കുന്ന ഓരോ വ്യക്തിക്കും “അംഗീകാര”ത്തിന്‍റെ വിനയപൂര്‍വ്വമുള്ള പുഞ്ചിരിയും അഭിവാദനത്തിന്‍റെ സൗഹൃദപരമായ തലയാട്ടലും സമ്മാനിക്കുക.

നിങ്ങള്‍ അവരെ ഇഷ്ടപ്പെടുന്നുവെന്ന് അവര്‍ അറിയുകയും അനുഭവിക്കുകയും ചെയ്യട്ടെ!

അവരെ അറിയുമെങ്കിലും ഇല്ലെങ്കിലും ഇതു ചെയ്യുക. അവര്‍ നിങ്ങളെ എന്തുകൊണ്ട് ഓര്‍മ്മിക്കുന്നില്ലെന്ന് അവര്‍ അത്ഭുതപ്പെടട്ടെ! ഇതുകൊണ്ട് അവര്‍ നിങ്ങളെ ശ്രദ്ധിക്കുക മാത്രമല്ല നിങ്ങളെപ്പറ്റി ചിന്തിക്കുകയും നിങ്ങളെ ഓര്‍മ്മിക്കാന്‍ ശ്രമിക്കുകയും ചെയ്യും!

നിങ്ങള്‍ മുമ്പേതന്നെ സ്നേഹിതരായിരുന്നുവെന്ന വിധത്തില്‍ നിങ്ങളുടെ അടുത്തുള്ള ഓരോരുത്തരോടും സൗഹൃദസംഭാഷണം നടത്തുക. ആകാംഷാഭരിതനും എടുത്തുചാട്ടക്കാരനും ആകരുത്. പഴയ സുഹൃത്തുക്കളുടെ ഇടയിലെന്നപോലെ സ്വതന്ത്രമായും സന്തോഷമുണ്ടാക്കുന്ന വിധത്തില്‍ ഹൃദയംഗമമായും ഇടപെടുക.

വളരെ വേഗം അവിടെയുള്ള ഒരോരുത്തരും നിങ്ങളെ നേരത്തെ അറിയുമെന്നു വിചാരിക്കും: അല്ലെങ്കില്‍ നിങ്ങളെ അറിയാനാഗ്രഹിക്കും. നിങ്ങള്‍ ശ്രദ്ധിക്കപ്പെടും, അറിയപ്പെടും, നിങ്ങളെ ഇഷ്ടപ്പെടും!

ജനപ്രീതിയുള്ള വ്യക്തിത്വത്തിലേക്കുള്ള ആദ്യത്തെ മൂന്നു ചുവടുകളാണ് അവ: (1) ശ്രദ്ധിക്കപ്പെടുക (2) അറിയപ്പെടുക (3) ഇഷ്ടപ്പെടുക.

“ഇതാ സഹായം!” എന്ന എന്‍റെ പുസ്തകത്തിലെ ഒരു പ്രത്യേകഭാഗത്ത് പഠിപ്പിച്ച ‘വ്യക്തിപരമായ ആകര്‍ഷണ ശക്തി’ ഉണ്ടാക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ കൂടി മുകളില്‍ പറഞ്ഞ മൂന്നു ചുവടുകളോടു കൂട്ടിച്ചേര്‍ക്കണം.

ഇതാ : (1) നേത്രസമ്പര്‍ക്കത്തിന്‍റെ കാന്തശക്തി സ്ഥാപിക്കുന്നതിന് മറ്റുള്ളവരുടെ കണ്ണുകളില്ലേക്ക് നേരിട്ട് ആഴത്തില്‍ നോക്കാന്‍ പഠിക്കുക!

(2) നിങ്ങളുടെ വിചാരങ്ങള്‍ നിങ്ങളുടെ കണ്ണുകളിലൂടെ മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കാനുള്ള നേത്രഭാഷ വശമാക്കുക, നേത്രഭാഷ ഉപയോഗിച്ചു മാത്രം സംസാരിക്കുവാന്‍ പഠിക്കുക.

(3) നിങ്ങളുടെ കണ്ണുകള്‍ കൊണ്ട് മന്ദഹസിക്കുവാന്‍ പഠിക്കുക.

(4) നിങ്ങളുടെ കണ്ണുകളിലൂടെ നിങ്ങളുടെ ശബ്ദം ക്ഷേപിക്കുവാന്‍ പഠിക്കുക!

(5) ആന്തരികശോഭയുണ്ടാക്കി ബാഹ്യശോഭ പ്രസരിപ്പിക്കാന്‍ പഠിക്കുക…… അതാണ് വ്യക്തിപരമായ കാന്തശക്തി!

വ്യക്തിപരമായ ആകര്‍ഷണശക്തി ഉണ്ടാക്കുന്നതിന് മുകളില്‍ പറഞ്ഞമാര്‍ഗ്ഗങ്ങള്‍ ‘ഇതാ സഹായം!’ എന്ന എന്‍റെ പുസ്തകത്തില്‍ പ്രതിപാദിച്ചിട്ടുള്ളത് ഈ അദ്ധ്യായത്തിലെ (1) ശ്രദ്ധിക്കപ്പെടുക (2) അറിയപ്പെടുക (3) ഇഷ്ടപ്പെടുക എന്നീ പാഠഭാഗങ്ങളോടോപ്പം കൂട്ടിച്ചേര്‍ക്കുക. എന്നിട്ട് കാന്തികശക്തിയുള്ള, ജനപ്രീതിയുള്ള വ്യക്തിത്വത്തിന്‍റെ ഫലങ്ങള്‍ നേടിയെടുക്കുക.

( തുടരും ) www.careermagazine.in

Share: