ഹോംസ്‌റ്റേ വ്യവസായം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും : കടകംപള്ളി സുരേന്ദ്രന്‍
കേരളത്തിന്റെ വിനോദസഞ്ചാര രംഗത്തെ പുതിയ തലത്തിലേക്ക് ഉയര്‍ത്താന്‍ ഹോംസ്‌റ്റേ വ്യവസായത്തിന് കഴിയുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വിവിധ തലത്തിലുള്ള തൊഴിൽ സാദ്ധ്യതകളും ഇതിലൂടെ ഉണ്ടാകും. രണ്ടാമത് ഹോം സ്‌റ്റേ ആന്റ് റൂറല്‍ ടൂറിസം ട്രാവല്‍ മീറ്റ് ബോള്‍ഗാട്ടിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2024 ആവുമ്പോഴേക്കും രാജ്യത്തെ ജിഡിപിയുടെ 4.35 ട്രില്യന്‍ ഡോളര്‍ ടൂറിസം രംഗത്തു നിന്നാവുമെന്നാണ് കണക്കുകൂട്ടല്‍.
ടൂറിസം രംഗത്ത് മുന്നിട്ടു നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. വിദേശ വിനോദസഞ്ചാരികള്‍ 10.38 ലക്ഷവും ആഭ്യന്തര വിനോദസഞ്ചാരികള്‍ 1.32 കോടിയും കഴിഞ്ഞ വര്‍ഷം കേരളത്തിലെത്തി. കഴിഞ്ഞവര്‍ഷം എകദേശം 38,000 കോടി രൂപയാണ് കേരളത്തിന് വിനോദസഞ്ചാരരംഗത്ത് നിന്ന് ലഭിച്ചത്. വിനോദസഞ്ചാരരംഗത്തെ വെല്ലുവിളികളെല്ലാം നേരിട്ട് ഈ മേഖലയെ പുതിയ തലത്തിലേക്കുയര്‍ത്താന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.
പ്രൊഫസര്‍ കെ വി തോമസ് എംപി അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ ഹൈബി ഈഡന്‍, ജോണ്‍ ഫെര്‍ണാണ്ടസ്, മുന്‍മന്ത്രി ഡൊമിനിക് പ്രസന്റേഷന്‍, കെ വി കിഷോര്‍, ബേബി മാത്യു സോമതീരം, മുളവുകാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി ഷാജന്‍, ഉത്തരവാദ ടൂറിസം സംസ്ഥാന കോ-ഓഡിനേറ്റര്‍ രൂപേഷ്, കേരള ഹോം സ്‌റ്റേ & ടൂറിസം സൊസൈറ്റി ഡയറക്ടര്‍ എം പി ശിവദത്തന്‍, ഫിനാന്‍സ് ഡയറക്ടര്‍ കെ മുരളീധര മേനോന്‍, ജപ്പാന്‍ നാരാ പ്രക്ച്വല്‍ സര്‍വകലാശാല പ്രതിനിധി പ്രൊഫ തെത്‌സുയ നകടാനി, മലേഷ്യന്‍ ടൂറിസം ഡയറക്ടര്‍ നൂര്‍ അസ്മാന്‍ ബിന്‍ സംസുദീന്‍, അഗ്രിടൂറിസം ഇന്ത്യ എംഡി പാണ്ഡുരംഗ് തവാരെ തുടങ്ങിയവര്‍ പങ്കെടുത്തു. 134 സ്റ്റാളുകളാണ് പരിപാടിയുടെ ഭാഗമായി ബോള്‍ഗാട്ടിയില്‍ ഒരുക്കിയിരിക്കുന്നത്. രാജ്യത്തെ 11 സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍, നേപാള്‍, മലേഷ്യ, സിംഗപൂര്‍, തായ്‌ലന്റ് തുടങ്ങിയ വിദേശരാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍, സംസ്ഥാനത്തെ പ്രതിനിധികള്‍ തുടങ്ങിയവര്‍ മീറ്റില്‍ പങ്കെടുക്കുന്നുണ്ട്