ലഹരിക്കെതിരെ മാതാപിതാക്കള്‍ക്കും അദ്ധ്യാപകര്‍ക്കും ശാസ്ത്രീയപരിശീലനം നല്കും-മന്ത്രി രവീന്ദ്രനാഥ്
കൊച്ചി: ലഹരിക്കെതിരെ മനസ്സിന്റെ പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കാൻ കുട്ടികളെ പ്രാപ്തരാക്കുന്നതിന് മാതാപിതാക്കള്‍ക്കും അദ്ധ്യാപകര്‍ക്കും ശാസ്ത്രീയപരിശീലനം നല്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. മദ്യം, മയക്കുമരുന്ന് എന്നിവ നല്‍കുന്ന പ്രലോഭനങ്ങളില്‍ വീഴാതെ വിദ്യാര്‍ഥികളെ സംരക്ഷിക്കുന്നതിനും അവയുടെ ഉപയോഗം തടയുന്നതിനും അദ്ധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും വലിയ പങ്കാണ് നിർവ്വഹി ക്കാനുള്ളത് – മന്ത്രി പറഞ്ഞു.
വിദ്യാര്‍ഥികള്‍ക്കിടയിലെ ലഹരി വസ്തുക്കളുടെ ഉപയോഗം എന്ന വിഷയത്തില്‍ നിയമസഭയുടെ, വിദ്യാഭ്യാസം സംബന്ധിച്ച സബ്ജക്ട് കമ്മിറ്റി എറണാകുളത്തു നടത്തിയ തെളിവെടുപ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലഹരിവസ്തുക്കളുടെ ഉപയോഗം തടയാന്‍ വിവിധ തലത്തിലുള്ള പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കുക. മദ്യവും മയക്കുമരുന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് എത്തിക്കുന്നത് തടയുക എന്നതാണ് ഒരു നടപടി. ഇതിനായി എക്‌സൈസ് /പോലീസ് വകുപ്പുകളുടെ സേവനം ഫലപ്രദമായി ഉപയോഗിക്കും. അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും നല്‍കുന്ന പരിശീലനമാണ് രണ്ടാമത്തെ തലം. 38 ലക്ഷം മാതാപിതാക്കള്‍ക്ക് പരിശീലനം നല്‍കാനുള്ള മൊഡ്യൂള്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. ഈ യോഗത്തില്‍ ഉരുത്തിരിഞ്ഞുവന്ന അഭിപ്രായങ്ങളും മൊഡ്യൂളില്‍ ഉള്‍പ്പെടുത്തും. എല്ലാ പ്രശ്‌നങ്ങള്‍ക്കും ഉത്തരവാദി കുട്ടിയാണ് എന്ന അഭിപ്രായം മാറ്റണം. കുട്ടികള്‍ക്ക് ഒറ്റപ്പെടല്‍ തോന്നുന്നതും സ്‌നേഹവും അംഗീകാരവും ലഭിക്കാത്ത സ്ഥിതിയും പലപ്പോഴും കുട്ടികളെ ലഹരിമരുന്നിന് അടിമയാക്കുന്നുണ്ട്. മാതാപിതാക്കളുടെയും അധ്യാപകരുടെയും പൊതുസമൂഹത്തിന്റെയും കാര്യക്ഷമമായ ഇടപെടലിലൂടെ മാത്രമേ ഇത്തരത്തിലുള്ള വൈകാരിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാവൂ. കൃത്യമായ ബോധവല്‍ക്കരണം ഇത്തരത്തില്‍ ഉണ്ടായിരിക്കണം.
ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നതിനു പുറമേ ലഹരി തലച്ചോറിനെ എങ്ങനെ ബാധിക്കുന്നു എന്നും ബോധവല്‍ക്കരണ ക്ലാസുകളില്‍ ദൃശ്യങ്ങള്‍ വഴി വ്യക്തമാക്കും. ലഹരി ഉപഭോഗം സംബന്ധിച്ച നിയമവശങ്ങളും ശാസ്ത്രിയ വശങ്ങളും വിശദമാക്കുന്നതായിരിക്കും ബോധവല്‍ക്കരണ ക്ലാസുകള്‍. വിദ്യാര്‍ഥി-കേന്ദ്രീകൃതമായ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ അധ്യാപകര്‍ പരിശീലിക്കേണ്ടതുണ്ട്. ഹൈടെക്ക് വിദ്യാഭ്യാസസമ്പ്രദായത്തിലേക്കും അധ്യാപകര്‍ മാറണം. ഇതിനുള്ള പരിശീലനവും നല്കി വരുന്നു. ഓരോ കുട്ടിയെയും തിരിച്ചറിഞ്ഞ് അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്ന ടാലന്റ് ലാബ് പൊതുവിദ്യാഭ്യാസയജ്ഞത്തിന്റെ ഭാഗമായി പല സ്‌കൂളുകളിലും നടപ്പിലാക്കിക്കഴിഞ്ഞു. ഇങ്ങനെ കുട്ടികളുടെ സമഗ്രമായ കഴിവുകളെ വളര്‍ത്തുന്നതാണ് ഇപ്പോഴത്തെ വിദ്യാഭ്യാസരീതി.
വിദ്യാര്‍ത്ഥി രാഷ്ട്രീയം ക്യാമ്പസുകളില്‍ നിരോധിക്കുമ്പോള്‍ ഉണ്ടാകുന്ന തിക്തഫലങ്ങളിലൊന്നാണ് ലഹരി മരുന്നുകളുടെ ഉപയോഗം വര്‍ദ്ധിക്കുന്നത്. ഇത്തരത്തിലുള്ള കാര്യങ്ങളും പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. ലഹരിയില്‍ നിന്നും വിദ്യാര്‍ത്ഥികളെ വിമുക്തമാക്കുന്നതിന് പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമായി കൂടുതല്‍ ജനകീയമായ ചര്‍ച്ചകള്‍ കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ നടക്കേണ്ടതുണ്ട് അതുകൊണ്ടാണ് തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളില്‍ നിയമസഭയുടെ സബ്ജക്ട് കമ്മിറ്റി ചര്‍ച്ചകള്‍ നടത്തുന്നത് എന്നും മന്ത്രി പറഞ്ഞു. ചര്‍ച്ചകളില്‍ വന്ന നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച് തയ്യാറാക്കുന്ന മൊഡ്യൂള്‍ ലഹരി വിരുദ്ധ പരിശീലനങ്ങള്‍ക്ക് ഉപയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.
എംഎല്‍എമാരായ കെ സി ജോസഫ്, എം സ്വരാജ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. അഭ്യസ്തവിദ്യരും ഉദ്യോഗസ്ഥരും അടക്കമുള്ള ആളുകള്‍ ലഹരിമരുന്ന് ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കാര്യക്ഷമമായ രീതിയില്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുണ്ടെന്നും ജില്ല കലക്റ്റര്‍ കെ മുഹമ്മദ് വൈ സഫീറുള്ള പറഞ്ഞു. ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ കുടുംബശ്രീക്ക് ഒരുപ്രധാന പങ്കു വഹിക്കാനാവുമെന്ന് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ നെല്‍സണ്‍ പറഞ്ഞു. ലഹരിവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പരിശീലനം അധ്യാപകര്‍ക്ക് നല്‍കണം. പൊതുസമൂഹത്തെ സ്‌കൂളുകളുമായി അടുപ്പിക്കുന്നതു വഴി ലഹരി ഉപയോഗത്തിന് പരിഹാരമുണ്ടാകുമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
2017-ല്‍ എറണാകുളം നഗരത്തില്‍ ലഹരിമരുന്നുമായി ബന്ധപ്പെട്ട് 28 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെന്നും അതില്‍ 29 വിദ്യാര്‍ത്ഥികള്‍ പ്രതികളായി ഉണ്ടെന്നും എറണാകുളം ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു. അധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളും ചേര്‍ന്നാണ് ഇത്തരത്തില്‍ ലഹരിക്കടിമപ്പെട്ട വിദ്യാര്‍ത്ഥികളെ കണ്ടെത്താന്‍ ശ്രമം നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂളുകളിലും കോളേജുകളിലും എക്‌സൈസ് /പോലീസ് പ്രതിനിധികളുടെ സാന്നിധ്യം ലഹരിമരുന്നു വില്‍പന കുറയ്ക്കാന്‍ സഹായിക്കുമെന്ന് യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു.
സ്‌കൂളുകളിലെ ജാഗ്രതാ സമിതികളുടെയും ലഹരിവിരുദ്ധ ക്ലബ്ബുകളുടെയും പ്രവര്‍ത്തനം ശക്തിപ്പെടുത്തണം. വിദ്യാര്‍ഥികളുടെ ഭാവി സംരക്ഷിക്കാനുള്ള ശ്രമത്തില്‍ മൃദുവായ സമീപനം സ്വീകരിക്കുമ്പോള്‍ ലഹരി മരുന്ന് മാഫിയ രക്ഷപ്പെടുകയാണെന്ന് പെരുമ്പാവൂര്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പിടിഎ പ്രതിനിധി അഭിപ്രായപ്പെട്ടു. കുട്ടികളുടെ സര്‍ഗവാസനകളെ പ്രോത്സാഹിപ്പിക്കാന്‍ സ്‌കൂളുകളില്‍ കൂടുതല്‍ സാഹചര്യം ഒരുക്കണമെന്നും ഇത് ലഹരിയില്‍ നിന്ന് അകലാന്‍ കുട്ടികളെ പ്രേരിപ്പിക്കുമെന്നും അധ്യാപകര്‍ യോഗത്തില്‍ പറഞ്ഞു.
ജീവിത നൈപുണ്യ വിദ്യാഭ്യാസം നമ്മുടെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അഡോളസന്റ് കൗണ്‍സലര്‍ സംവിധാനം ശക്തിപ്പെടുത്തണം. വിദ്യാര്‍ഥികളെ മാത്രം ഉള്‍പ്പെടുത്തി കൗണ്‍സലിങ് സെന്ററുകള്‍ ആരംഭിക്കുക, വിദ്യാലയങ്ങള്‍ ലഹരിമരുന്ന് വിമുക്തമായി പ്രഖ്യാപിക്കുക, ജില്ലയില്‍ ഡിഅഡിക്ഷന്‍ സംവിധാനങ്ങള്‍ ഫലപ്രദമാക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ യോഗത്തില്‍ ഉയര്‍ന്നു. യോഗത്തില്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സന്തോഷ്, വിദ്യാഭ്യാസ അഡീഷനല്‍ ഡയറക്ടര്‍ ജിമ്മി കെ ജോസ്, വിദ്യാഭ്യാസ- ആരോഗ്യമേഖലകളിലെ വ്യക്തികള്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ സംസാരിച്ചു.