യുവജനങ്ങൾ എന്ത് ചെയ്യണം?

883
0
Share:

-രഞ്ജൻ ഗോപാൽ

യുവജനങ്ങൾക്ക് കേരളത്തിൽ തൊഴിലവസങ്ങൾ ഭീതിതമാം വിധം കുറയുകയാണ്. കേരളാ പബ്ലിക് സർവീസ് കമ്മീഷൻ നിയമനങ്ങൾ യഥാസമയം നടക്കുന്നില്ല. സി & എ ജി റിപ്പോർട്ട് അനുസരിച്ചു പബ്ലിക് സർവീസ് കമ്മീഷൻ യുവജനങ്ങളെ കബളിപ്പിക്കുകയാണ്. പലരീതിയിൽ. സർക്കാർ സർവീസിലെ ഒഴിവുകൾ നികത്താത്തതിൽ സർക്കാരിനെയും വകുപ്പുകളെയും പഴി പറഞ്ഞുകൊണ്ടിരുന്നവർ സി & എ ജി റിപ്പോർട്ട് പുറത്തുവന്നതോടെ ഒരു യാഥാർഥ്യം തിരിച്ചറിഞ്ഞു. യുവജനങ്ങൾക്ക്‌ യഥാസമയം ജോലി ലഭിക്കാത്തതിൽ പി എസ് സിക്കും പങ്കുണ്ട്. സർക്കാർ വകുപ്പുകൾ ഒഴിവുകൾ അറിയിച്ചിട്ടും തസ്തികകളിൽ അപേക്ഷ ക്ഷണിക്കുന്നതിന് പതിനൊന്നു മുതൽ 77 മാസം വരെ എടുത്തതായി സി & എ ജി റിപ്പോർട്ടിൽ പറയുന്നു.
വിജ്ഞാപനം പുറപ്പെടുവിക്കുന്നതിലും റാങ്ക് പട്ടിക ഇറക്കുന്നതിലുമുള്ള കാലതാമസം ഉദ്യോഗാർഥികളെ തൊഴിൽ ലഭിക്കുന്നതിൽനിന്നും എത്രമാത്രം അകറ്റിനിർത്തി എന്ന് ഊഹിച്ചെടുക്കാവുന്നതേയുള്ളു. നമ്മുടെ നാട്ടിൽ മറ്റു മേഖലകളിലും തൊഴിലവസരങ്ങൾ കുറയുകയാണ്. സ്വദേശിവൽക്കരണം ഗൾഫ് നാടുകളിലെ അവസരങ്ങൾ ഇല്ലാതാക്കുന്നു. നമ്മുടെ ചെറുപ്പക്കാർ എന്ത് ചെയ്യണമെന്ന് ഗൗരവപൂർവം ആലോചിക്കേണ്ട സമയമായി.

സമീപകാലത്തെ ഒരു സര്‍ക്കാര്‍ റിപ്പോര്‍ട്ട് അനുസരിച്ച്, കഴിഞ്ഞ വർഷം എട്ടു പ്രധാനപ്പെട്ട കാര്‍ഷികേതര മേഖലകളിലായി വെറും 2.3 ലക്ഷം തൊഴിലുകളേ വര്‍ധിച്ചിട്ടുള്ളൂ. നിര്‍മാണം, വ്യാപാരം, ഗതാഗതം, താമസസൌകര്യവും റസ്റ്റോറന്റുകളും ഐടി/ബിപിഒ, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളാണവ. ഈ മേഖലകളിലെല്ലാംകൂടി രണ്ടുകോടിയിലേറെ തൊഴിലാളികളാണുള്ളത്. മൊത്തം തൊഴിലിന്റെ വെറും 1.1 ശതമാനംമാത്രമാണ് കഴിഞ്ഞവര്‍ഷം വര്‍ധിച്ചത്. ഓരോ വര്‍ഷവും 1.3 കോടി യുവജനങ്ങള്‍ തൊഴില്‍സേനയില്‍ ചേരുന്നിടത്താണ് ഈ അവസ്ഥ. തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണുന്നതിന് തൊഴിലവസരങ്ങള്‍ കൂടുതല്‍ സൃഷ്ടിക്കുന്നതിനായിരിക്കും ഏറ്റവും വലിയ മുന്‍ഗണന നല്‍കുക. അധികാരത്തിലെത്തുവാൻ വേണ്ടി മുദ്രാവാക്യം മുഴക്കുന്നവർ പിന്നീട് അത് മറന്നു പോകുന്നു.

അധികാരമേറ്റ് ഒരു വർഷം കഴിയുമ്പോഴും ഉപദേശകസമിതികളും രാഷ്ട്രീയ കൊലപാതകങ്ങളും പെൺവാണിഭവും മുഖ്യവിഷയമാക്കി മുന്നോട്ടുപോകുന്ന സർക്കാരിന് തൊഴിൽ വാഗ്ദാനങ്ങൾ ഒന്നുംതന്നെ പാലിക്കാൻ കഴിഞ്ഞിട്ടില്ല. പബ്ലിക് സർവീസ് കമ്മീഷൻറെ അഴിമതിയും പിടിപ്പുകേടും നിയന്ത്രിക്കാൻ സർക്കാരിന് കഴിയുന്നില്ല. തൊഴിൽ നൽകുന്നതിനായി കൊട്ടിഘോഷിച്ച പദ്ധതികളെല്ലാം വിസ്മരിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പുകളില്‍ എങ്ങനെ വിജയിക്കാമെന്നതില്‍മാത്രം ശ്രദ്ധിക്കുന്ന രാഷ്ട്രീയ നേതൃത്വം ജനങ്ങളെ വിഡ്ഢികളാക്കുകയാണ്.
അതിനിടയില്‍ ഉദ്യോഗസ്ഥർക്കിടയിലുള്ള പടലപ്പിണക്കങ്ങളും ഘടകകക്ഷികൾക്കിടയിലുള്ള സൗന്ദര്യപ്പിണക്കങ്ങളും തൊഴിൽ രഹിതരുടെ പ്രശ്നങ്ങളെക്കുറിച്ചു ചിന്തിക്കുന്നതിനും അവർക്ക് ജോലിനൽകുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍പാലിക്കുന്നതിനും കഴിയുന്നില്ല.

15-29 പ്രായത്തിലുള്ള യുവജനങ്ങളില്‍ 30 ശതമാനത്തിലേറെയും തൊഴിലോ വിദ്യാഭ്യാസമോ ട്രെയ്നിങ്ങോ ഇല്ലാത്തവരാണെന്നാണ് ഒ ഇ സി ഡി (The Organisation for Economic Co-operation and Development -OECD) യുടെ സമീപകാല റിപ്പോര്‍ട്ട് പറയുന്നത്. വികസിത രാജ്യങ്ങളിലെ സാമ്പത്തികസഹകരണത്തിനും വികസനത്തിനുമായുള്ള സംഘടനയാണ് ഒ ഇ സി ഡി. കേരളത്തെ സംബന്ധിച്ച് ഇത് ഏറെ പ്രസക്തമാണ്.

ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട് അനുസരിച്ച് പുതിയ തൊഴിലുകള്‍ വര്‍ധിക്കുന്നത് വളരെ സാവധാനമാണെന്നുമാത്രമല്ല, വലിയ തോതില്‍ അസന്തുലിതമായുമാണ്. ഉദാഹരണത്തിന് 2.1 ലക്ഷം പുതിയ തൊഴിലവസരങ്ങളില്‍ ഏതാണ്ട് പകുതിയും രണ്ട് മേഖലയില്‍നിന്നാണ്- വിദ്യാഭ്യാസം, തൊഴില്‍ എന്നീ മേഖലകളില്‍. ഈ രണ്ട് മേഖലയില്‍നിന്നായി 1.1 ലക്ഷം തൊഴിലുകളാണ് പുതിയതായി വര്‍ധിച്ചത്.

ഉല്‍പ്പാദനമേഖലയിലെ വര്‍ധന വെറും ഒരുശതമാനമാണ് രേഖപ്പെടുത്തിയത്. കാര്‍ഷികേതര സമ്പദ്ഘടനയുടെ നട്ടെല്ലും തെരഞ്ഞെടുത്ത എട്ട് മേഖലയിലെ പകുതിയോളം തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കുന്നതും ഉല്‍പ്പാദനമേഖലയാണ്. വിപുലമായ ഈ മേഖലയില്‍ ഒരുശതമാനത്തിന്റെ വളര്‍ച്ച എന്നുപറഞ്ഞാല്‍, കാര്യമായി ഒന്നുമില്ല.

ഉല്‍പ്പാദനമേഖലയില്‍ കൂടുതല്‍ മുതല്‍മുടക്കുന്നതില്‍ പരാജയപ്പെട്ടതിനാലും നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ മാന്ദ്യം ഉണ്ടായതിനാലും പുതിയതായി തൊഴിലുകള്‍ ഉണ്ടായി ല്ലെന്നുമാത്രമല്ല, നിലവിലുള്ള തൊഴിലവസരങ്ങള്‍ കുറയുകയും ചെയ്തു.. ഇത് തൊഴില്‍സാഹചര്യം മോശമാകുന്നതിലേക്ക് നയിച്ചുകൊണ്ടിരിക്കുകയാണ്. വ്യവസായ വിശകലന വിദഗ്ധരുടെ പല സമീപകാല റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്, സമീപകാലത്ത് കൂടുതല്‍ തൊഴില്‍ സൃഷ്ടിച്ചുകൊണ്ടിരുന്ന മേഖലകളായ ഐടി, ടെലികോം, ബാങ്കിങ് ഫിനാന്‍ഷ്യല്‍ സേവനമേഖലകള്‍ ഇപ്പോള്‍ അവരുടെ തൊഴില്‍ശക്തിയെ ഒഴിവാക്കിക്കൊണ്ടിരിക്കുന്നതാണ് . ഈ മൂന്ന് മേഖലയുംകൂടി അടുത്ത 12-18 മാസത്തിനുള്ളില്‍ കുറഞ്ഞത് പത്തുലക്ഷം തൊഴിലാളികളെ പിരിച്ചുവിടുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സാമ്പത്തികഘടന മന്ദഗതിയാകല്‍, വന്‍കിട ടെലികോം കമ്പനികള്‍ ലയിക്കുന്നത്, യന്ത്രവല്‍ക്കരണം തുടങ്ങിയവയാണ് കാരണങ്ങളായി പറയുന്നത്. വിപ്രോ, ഇന്‍ഫോസിസ്, കോഗ്നിസന്റ് സൊല്യൂഷന്‍ എന്നിവപോലുള്ള വൻകിട സ്ഥാപനങ്ങൾ ജീവനക്കാരെ കുറച്ചുകൊണ്ടിരിക്കുകയാണ്.

നമ്മുടെ സമ്പത്ഘടന ദുരിത പൂർണ്ണമായ ഒരവസ്ഥയിലേക്കാണ് നീങ്ങുന്നത്.അതുകൊണ്ടാണ് തൊഴിലില്‍ വളര്‍ച്ചയില്ലാത്തത്. സര്‍ക്കാര്‍ മാസംതോറും ഇറക്കുന്ന വ്യവസായ ഉല്‍പ്പാദനസൂചിക ഈ ഭയാനകമായ അവസ്ഥയെ സ്ഥിരീകരിക്കുന്നതാണ്. 2015 ജനുവരിക്കും 2017 ജനുവരിക്കും ഇടയില്‍ ഒരുശതമാനത്തിന്റെ വളര്‍ച്ചയേ രേഖപ്പെടുത്തിയിട്ടുള്ളൂ.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏറ്റവും ഒടുവിലത്തെ ഡാറ്റ അനുസരിച്ച് മേല്‍പ്പറഞ്ഞ കാലയളവില്‍ വ്യവസായമേഖലയ്ക്കുള്ള മൊത്തം ബാങ്ക്വായ്പയില്‍ വെറും 0.3 ശതമാനം വളര്‍ച്ചയേ കാണിക്കുന്നുള്ളൂ. അതുതന്നെ മൈക്രോ, ചെറുകിട, ഇടത്തരം, വന്‍കിട വ്യവസായങ്ങളെല്ലാം ചേര്‍ന്ന 40 ശതമാനത്തോളം വായ്പകൂടി ഉള്‍പ്പെട്ടതാണ്. വ്യവസായവായ്പയിലെ പരിതാപകരമായ വളര്‍ച്ച ഉല്‍പ്പാദനമേഖലയിലെ തളര്‍ച്ചയുടെ ലക്ഷണമാണ്. അതും തൊഴില്‍ വളര്‍ച്ചക്കുറവിനെ പ്രതിഫലിപ്പിക്കുന്നതാണ്. ദേശീയവരുമാനവും ചെലവും സംബന്ധിച്ച രണ്ടാം മൂല്യനിര്‍ണയത്തിന്റെ വിശദാംശങ്ങള്‍ കഴിഞ്ഞമാസം സര്‍ക്കാര്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. അതില്‍ ഉല്‍പ്പാദനമേഖല തളരുകയാണെന്ന് സ്ഥിരീകരിക്കുന്നു. ഫിക്സഡ് ക്യാപ്പിറ്റല്‍ രംഗത്തെ വളര്‍ച്ച ഒരുവര്‍ഷംകൊണ്ട് പത്തിലൊന്നായി കുറഞ്ഞു. 2015-16ല്‍ ഈ രംഗത്തെ വളര്‍ച്ച 6.1 ശതമാനമായി ഞെട്ടിപ്പിക്കുംവിധം ഇടിഞ്ഞു. പുതിയ ഉല്‍പ്പാദന ക്രമീകരണങ്ങള്‍ക്കനുസൃതമായി നിക്ഷേപം കോര്‍പറേറ്റ് മേഖല നടത്തുന്നില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

യഥാര്‍ഥ ഉല്‍പ്പാദനം കണക്കാക്കാനുള്ള ഒരു രീതിയായ അടിസ്ഥാനവിലകളുടെ മൊത്തം മൂല്യവര്‍ധിതവളര്‍ച്ച 2015-16ല്‍ 7.8 ശതമാനമായിരുന്നത് 2016-17ല്‍ 6.7 ശതമാനമായി കുറഞ്ഞു. സമ്പദ്ഘടനയുടെ പോക്ക് സുഗമമല്ല എന്നതിന്റെ മറ്റൊരു സ്ഥിരീകരണംകൂടിയാണിത്. അങ്ങനെ തൊഴില്‍വളര്‍ച്ചയുടെ മന്ദതയാണ് ഇത് വ്യക്തമാക്കുന്നത്

മേക്ക് ഇന്‍ ഇന്ത്യ, സ്കില്‍ ഇന്ത്യ, സ്റ്റാര്‍ട് അപ് ഇന്ത്യ തുടങ്ങിയ പരിപാടികള്‍ തൊഴിലില്ലായ്മയ്ക്ക് പരിഹാരമാകുമെന്നും ഇന്ത്യയെ വന്‍ പുരോഗതിയിലേക്ക് നയിക്കുമെന്നും കരുതിയിരുന്നെങ്കിലും ബാങ്കുകളുടെ നിസ്സഹകരണം മൂലം അത് ഉദ്ദേശിച്ച ഫലം ചെയ്യുന്നതിൽ പരാജയപ്പെട്ടു. ഗൾഫ് മലയാളികളുടെ മടങ്ങിവരവും അവിടങ്ങളിൽ തൊഴിലവസരങ്ങൾ ഇല്ലാതാകുന്നതും നാം ഗൗരവത്തോടെ കാണണം. യുവജനങ്ങൾക്കായി പുതിയപദ്ധതികൾ ആസൂത്രണം ചെയ്യണം. എങ്കിൽ മാത്രമേ പുതിയ തലമുറയെ സംരക്ഷിക്കാനാകൂ.

Share: