മെഡിക്കല്‍ പ്രവേശനം : എസ്‌സി, എസ്ടി കുട്ടികള്‍ ആശങ്കപ്പെടേണ്ടതില്ല- മന്ത്രി
നീറ്റ് ലിസ്റ്റില്‍ നിന്നും സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം ലഭിക്കുന്ന പട്ടികജാതി/പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ ഫീസ് സര്‍ക്കാര്‍ നല്‍കുമെന്ന് പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി എ കെ ബാലന്‍ അറിയിച്ചു.
സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഫീസുമായി ബന്ധപ്പെട്ട ആശങ്ക പട്ടികജാതി, പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടാകേണ്ടതില്ല. സര്‍ക്കാരോ, കോടതിയോ നിശ്ചയിക്കുന്ന ഫീസ് ഏതായാലും നീറ്റ് ലീസ്റ്റില്‍ നിന്നും പ്രവേശനം ലഭിക്കുന്ന കുട്ടികള്‍ക്ക് സര്‍ക്കാര്‍ നല്‍കും. ഇത് മൂലം ഉണ്ടാകുന്ന സാമ്പത്തിക ബാധ്യത സര്‍ക്കാര്‍ വഹിക്കും. ഇക്കാര്യം നിയമസഭയിലും വ്യക്തിമാക്കിയിട്ടുള്ളതാണ്. തുടര്‍ന്ന് നടക്കുന്ന സ്‌പോട്ട് അഡ്മിഷനില്‍ പ്രവേശനം ലഭിക്കുന്നവര്‍ക്കും ഈ സഹായം ലഭിക്കും.
കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഫീസിന്റെ പേര് പറഞ്ഞ് പട്ടികജാതി, പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നിഷേധിച്ചാല്‍ അത്തരം മാനേജ്‌മെന്റുകള്‍ക്കെതിരെ സര്‍ക്കാര്‍ നിയമ നടപടി സ്വീകരിക്കും.
ചില മാനേജ്‌മെന്റുകള്‍ ഫീസിന്റെ പേരില്‍ സീറ്റ് നിഷേധിക്കുകയോ വിദ്യാര്‍ത്ഥികളോട് വിലപേശുകയോ ചെയ്യുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് വിശദീകരണമെന്നും മന്ത്രി പത്രക്കുറിപ്പില്‍ അറിയിച്ചു.