ഫോട്ടോഗ്രാഫി തൊഴിൽ മാത്രമല്ല; വലിയൊരുത്തരവാദിത്തവുമാണ് : മുഖ്യമന്ത്രി

Share:

ഫോട്ടോഗ്രാഫി തൊഴിൽ മാത്രമല്ല; സമൂഹത്തോടുള്ള   വലിയൊരുത്തരവാദിത്തവുമാണെന്നും തങ്ങളുടെ കൈയിലുള്ള ക്യാമറയുടെ ബലവും ദൗര്‍ബല്യവും തിരിച്ചറിയാന്‍ ഫോട്ടോഗ്രാഫര്‍മാര്‍ തയാറാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ . സൗന്ദര്യാരാധന മാത്രമാകാതെ ജീവിതത്തിന്റെ ദുരന്തമുഖങ്ങളിലേക്കും ക്യാമറക്കണ്ണുകള്‍ നീങ്ങുമ്പോഴാണ് ഫോട്ടോഗ്രാഫി സമഗ്രമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. 2017ലെ സംസ്ഥാന ഫോട്ടോഗ്രാഫി അവാര്‍ഡുകള്‍ സമ്മാനിച്ച് സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സമൂഹത്തിന്റെ സമഗ്രതയിലുള്ള ജീവിതചിത്രമാകണം ഫോട്ടോഗ്രാഫറുടെ ആത്യന്തിക ലക്ഷ്യം. ഫോട്ടോഗ്രാഫിയുടെ രാഷ്ട്രീയം ലോകമെങ്ങും ഇന്ന് ചര്‍ച്ച ചെയ്യപ്പെടുകയാണ്. വര്‍ത്തമാനകാലത്ത് പ്രശ്‌നബാധിത പ്രദേശങ്ങളില്‍ നിന്ന് സോഷ്യല്‍ മീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങള്‍ ഉയര്‍ത്തുന്ന രാഷ്ട്രീയ ചലനങ്ങള്‍ ചെറുതല്ല. ചിത്രത്തിന്റെ സൗന്ദര്യമല്ല, അതെടുക്കുന്ന സാഹചര്യവും വിഷയവുമാണ് പ്രധാനം എന്നുതന്നെയാണ് ഇതെല്ലാം തെളിയിക്കുന്നത്. ആയിരം വാക്കുകളേക്കാള്‍ ജനമനസില്‍ ഇടംപിടിക്കാന്‍ ഒരു ചിത്രത്തിനാകും. മനസിനെ തൊട്ടുണര്‍ത്തുന്ന വിഷയമാണെങ്കില്‍ ശക്തി ഇരട്ടിക്കും. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍, ഉത്തര്‍പ്രദേശില്‍ പ്രാണവായു കിട്ടാതെ മരിച്ച കുട്ടികളുടെയും അവരുടെ മാതാപിതാക്കള്‍ മൃതദേഹങ്ങള്‍ പേറി വാഹനം കിട്ടാതെയുള്ള യാത്ര തുടങ്ങിയ ചിത്രങ്ങള്‍ ഉണ്ടാക്കിയ വേദന ഉദാഹരണങ്ങളാണ്.

പല ലേഖനങ്ങള്‍ കൊണ്ട് കഴിയാത്ത ആശയസംവേദനം ഒരേയൊരു ചിത്രം കൊണ്ട് ഫോട്ടോഗ്രാഫര്‍ക്ക് സാധിക്കും. ലോകത്ത് വിസ്മയകരമായ കാഴ്ചകള്‍ ധാരാളമുണ്ടാവുന്ന സമയമാണിത്. ദിനപ്പത്രങ്ങളും ടെലിവിഷനും ഓരോരുത്തരുടെയും കൈയിലുള്ള മൊബൈല്‍ ഫോണുകള്‍ പോലും ഇത്തരം ദൃശ്യവിസ്മയങ്ങളുടെ മാധ്യമങ്ങളാവുകയാണ്. ഫേസ്ബുക്ക്, വാട്ട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സാമൂഹികമാധ്യമങ്ങള്‍ ഗ്രാമീണജനതയിലടക്കം വലിയ സ്വാധീനമാണ് ചെലുത്തുന്നത്. മൊബൈലിലായാലും ഡിജിറ്റല്‍ ക്യാമറയിലായാലും ചിത്രത്തിന്റെ ആശയത്തിനാണ് മൂല്യമെന്നത് മറക്കരുത്. സമൂഹത്തിന്റെ പൊതുബോധത്തിനൊപ്പം സഞ്ചരിക്കുമ്പോള്‍ തന്നെ സമൂഹത്തിന് ദോഷകരമാകുന്ന വിഷയങ്ങളില്‍ ആത്മസംയമനം പാലിക്കാനും ശ്രമിക്കണം. ഫോട്ടോഗ്രാഫിയുടെ സാധ്യതകള്‍ക്കൊപ്പം അതുണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ചുകൂടി നാം ബോധവാന്‍മാരാകണം. വിവേകമില്ലാത്ത സെല്‍ഫിഭ്രമം വരുത്തിയ എത്രയോ ദുരന്തങ്ങള്‍ നമ്മുടെ കണ്‍മുന്നിലുണ്ട്.

അതത് കാലത്തെ പ്രസക്ത വിഷയങ്ങള്‍ ജനകീയമാക്കാന്‍ സഹായിക്കുന്നവയാണ് ഫോട്ടോഗ്രാഫി അവാര്‍ഡിന് തെരഞ്ഞെടുക്കുന്നത്. അത്തരത്തില്‍ ‘ഹരിതകേരളം സുന്ദരകേരളം’ എന്ന ഈ വര്‍ഷത്തെ വിഷയം അഭിനന്ദനാര്‍ഹമാണ്. ഒരു വിഷയമെന്ന നിലയ്ക്കല്ല, ഭൂമിയുടേയും മനുഷ്യരാശിയുടെയും അതിജീവനവുമായി ബന്ധപ്പെട്ട അതിഗൗരവമായ പ്രശ്‌നം എന്ന നിലയ്ക്കാണ് ഫോട്ടോഗ്രാഫര്‍മാര്‍ സമീപിച്ചിരിക്കുന്നതെന്നതില്‍ സന്തോഷമുണ്ട്. ഭൂമിയും പ്രകൃതി വിഭവങ്ങളും നമുക്ക് മാത്രമല്ല, വരുംതലമുറയ്ക്കും അവകാശപ്പെട്ടതാണെന്ന ചിന്ത ഇത്തരമൊരു സമീപനത്തിന് പിന്നിലുണ്ട്. ജീവിതം ഫോട്ടോഗ്രാഫിക്കായി ഉഴിഞ്ഞുവെച്ച പുനലൂര്‍ രാജനെ ആദരിക്കാനുള്ള തീരുമാനവും ഉചിതമാണ്. അദ്ദേഹത്തിന്റെ മിക്ക ചിത്രങ്ങളും ചരിത്രരേഖകളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന ഫോട്ടോഗ്രാഫി അവാര്‍ഡ് വിതരണ ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തത് നൂറുകണക്കിന് ക്യാമറകളുമായി വളഞ്ഞ ഫോട്ടോഗ്രാഫര്‍മാരുടെ ചിത്രം ക്ലിക്ക് ചെയ്തുകൊണ്ട്. സംസ്ഥാനമുടനീളമുള്ള ഫോട്ടോഗ്രാഫി സംഘടനകളുടെ പ്രതിനിധികളുടെയും മാധ്യമഫോട്ടോഗ്രാഫര്‍മാരുടെയും അവാര്‍ഡ് ജേതാക്കളുടെയും ക്യാമറകള്‍ക്ക് നടുവില്‍നിന്ന് ക്യാമറ ക്ലിക്കിലൂടെ അവരെ ഒരു സ്‌നാപ്പിലൊതുക്കുകയായിരുന്നു മുഖ്യമന്ത്രി.

സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ നടന്ന പ്രൗഡഗംഭീര ചടങ്ങിലാണ് ക്യാമറക്ലിക്കിനുശേഷം അദ്ദേഹം അവാര്‍ഡുകള്‍ വിതരണം ചെയ്തത്.

പെരുമ്പാവൂര്‍ വെസ്റ്റ് വെങ്ങോല സ്വദേശി വിനോദ് കണ്ണിമോളത്തിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. കോഴിക്കോട് മേരിക്കുന്ന് വലിയപൂനംപറമ്പില്‍ പൗര്‍ണ്ണമിയില്‍ അനൂപ് എന്‍.എം രണ്ടാം സമ്മാനവും മൂവാറ്റുപുഴ ഈസ്റ്റ് മാറാടി വാഴയില്‍ പുത്തന്‍പുരയില്‍ സന്ദീപ് മാറാടി മൂന്നാം സമ്മാനവും ഏറ്റുവാങ്ങി. ഒന്നാം സമ്മാനമായി 50,000 രൂപയും ശില്പവും പ്രശസ്തിപത്രവും രണ്ടാം സമ്മാനമായി 30,000 രൂപയും ശില്പവും പ്രശസ്തിപത്രവും മൂന്നാം സമ്മാനമായി 25,000 രൂപയും ശില്പവും പ്രശസ്തിപത്രവും ജേതാക്കള്‍ക്ക് സമ്മാനിച്ചു. കൂടാതെ, പത്ത് പേര്‍ക്ക് 2,500 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പ്രോത്സാഹന സമ്മാനവും നല്‍കി.

അവാര്‍ഡ് ലഭിച്ച ചിത്രങ്ങളുടെ പ്രദര്‍ശനവും ചടങ്ങിനോടനുബന്ധിച്ച് ദര്‍ബാര്‍ ഹാളില്‍ ഒരുക്കിയിരുന്നു. പ്രശസ്ത ഫോട്ടോഗ്രാഫര്‍ പുനലൂര്‍ രാജനെയാണ് അദ്ദേഹത്തിന്റെ സമഗ്ര സംഭാവനകള്‍ കണക്കിലെടുത്ത് ഇത്തവണ ആദരിച്ചത്. ശാരികാസ്വാസ്ഥ്യങ്ങള്‍ കാരണം സ്ഥലത്തെത്താന്‍ കഴിയാതിരുന്നതിനാല്‍ മാങ്ങാട് രത്‌നാകരന്‍ പുരസ്‌കാരം ഏറ്റുവാങ്ങി.

ചടങ്ങില്‍ തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. അവാര്‍ഡ് നിര്‍ണയ സമിതി ചെയര്‍മാനും പ്രശസ്ത ഛായാഗ്രാഹകനുമായ അഴകപ്പന്‍ സന്നിഹിതനായിരുന്നു. ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മനോജ് ജോഷി സ്വാഗതവും ഡയറക്ടര്‍ ഡോ.കെ. അമ്പാടി നന്ദിയും പറഞ്ഞു. പ്രമുഖ ഛായാഗ്രാഹകന്‍ അഴകപ്പന്‍ ചെയര്‍മാനും പ്രമുഖ വന്യജീവി ഫോട്ടോഗ്രാഫര്‍ സീമ സുരേഷ്, മലയാള മനോരമ മുന്‍ ചീഫ് ഫോട്ടോഗ്രാഫര്‍ പി. മുസ്തഫ എന്നിവര്‍ അംഗങ്ങളും ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ചീഫ് ഫോട്ടോഗ്രാഫര്‍ ആര്‍. സന്തോഷ് മെമ്പര്‍ സെക്രട്ടറിയുമായ ജഡ്ജിംഗ് കമ്മിറ്റിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്.

Share: