പൊതുവിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുക സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി എ.സി. മൊയ്തീന്
കൊച്ചി: വികസന സൂചികകളില്‍ സംസ്ഥാനത്തെ മുന്‍നിരയിലെത്തിച്ച പൊതുവിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിലെ നിലവാരം കാലാനുസൃതമായി ഉയര്‍ത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് വ്യവസായ, സ്പോര്‍ട്സ്, യുവജനക്ഷേമ വകുപ്പ് മന്ത്രി എ.സി. മൊയ്തീന് പറഞ്ഞു. നവോത്ഥാന പ്രസ്ഥാനങ്ങളുടെയും പുരോമനാശയങ്ങളുടെയും സൃഷ്ടിയാണ് കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പി.എം. ഫൗണ്ടേഷന്റെ 31-ാമത് വാര്‍ഷിക വിദ്യാഭ്യാസ അവാര്‍ഡ് വിതരണം കൊച്ചിയില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
താഴ്ന്ന പശ്ചാത്തലത്തില്‍ ജനിച്ചു വളര്‍ന്ന മലയാളികളില്‍ വലിയൊരു ഭാഗംഇന്ന് ലോകത്തിന്റെ എല്ലാ മേഖലകളിലും എത്തിച്ചേര്‍ന്ന് വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഇതിന് അവരെ പ്രാപ്തരാക്കിയത് പുരോഗമനാശയങ്ങളുടെ അടിത്തറയില്‍ പണിതെടുത്ത പൊതുവിദ്യാലയങ്ങളാണ്. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളില്‍ ചില വിഭാഗം ജനങ്ങള്‍ പാര്ശ്വവല്ക്കരിക്കപ്പെട്ടപ്പോഴും ആ സ്ഥിതി കേരളത്തില്‍ ഉണ്ടാകാതിരിക്കാന്‍ കാരണമായതും പുരോഗമന ചിന്തകള്‍ക്ക് ആഴത്തിലുണ്ടായ വേരോട്ടമാണ്. സ്ത്രീ വിദ്യാഭ്യാസം വിലക്കുകയും ബാല വിവാഹം പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്ന തെറ്റായ മതബോധനത്തെ അതത് സമുദായങ്ങള്‍ തള്ളിക്കളഞ്ഞതിന്റെ നേട്ടങ്ങളും കേരളത്തില്‍ ദൃശ്യമാണെന്ന് മന്ത്രി പറഞ്ഞു.
വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് സര്‍ക്കാര്‍ നടത്തുന്നതിനുള്ള ശ്രമങ്ങളോട് മറ്റ് പ്രസ്ഥാനങ്ങളും സഹകരിക്കണം. ഇക്കാര്യത്തില്‍ മികച്ച മാതൃകയാണ് പി.എം ഫൗണ്ടേഷന്റേത്. വിദ്യാഭ്യാസം കമ്പോളത്തിന്റെ ഉല്പ്പന്നമായതോടെ ഈ രംഗത്ത് ചെലവ് വര്‍ധിച്ചിരിക്കുകയാണ്. വിദ്യാഭ്യാസത്തിനായി വായ്പ എടുത്തവര്‍ കടക്കെണി നേരിടുന്നു. ഇതില്‍ അവര്‍ക്ക് ആശ്വാസം നല്‍കുന്നതിന് 900 കോടി രൂപ വേണമെന്നാണ് വിലയിരുത്തല്‍. ഈ ദിശയിലുള്ള ശ്രമം സര്‍ക്കാര്‍ നടത്തിവരികയാണ്.
കേരളത്തിലെ അഭ്യാസ്തവിദ്യരായ യുവാക്കള്‍ക്ക് വിദേശ രാജ്യങ്ങള്‍ തൊഴില്‍ നല്കുന്ന സാഹചര്യം എത്രത്തോളം നീണ്ടുനില്‍ക്കുമെന്ന് പറയാനാകില്ല. എണ്ണയില്‍ അധിഷ്ഠിതമായ സമ്പദ് വ്യവസ്ഥകളിലുണ്ടാകുന്ന പ്രതിസന്ധി കേരളത്തെയും ബാധിക്കുന്നു. സ്വദേശിവല്‍ക്കരണമാണ് മറ്റൊരു പ്രതിസന്ധി. ഈ സാഹചര്യത്തില്‍ കേരളത്തില്‍ നിക്ഷേപത്തിന് അനുകൂലമായ സാഹചര്യമുണ്ടാകുകയും യുവതീയുവാക്കളുടെ വിദ്യാഭ്യാസവും കഴിവും ഇവിടെത്തന്നെ പ്രയോജനപ്പെടുത്താന്‍ വഴിയൊരുക്കുകയും വേണം. നിക്ഷേപം ആകര്‍ഷിക്കാനുള്ള പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കുകയാണ് സര്‍ക്കാരിന്റെ കടമയെന്നും മന്ത്രി പറഞ്ഞു.
ഹരിതവിദ്യാലയം മുഖ്യപ്രമേയമാക്കി ലോവര്‍ പ്രൈമറി മുതല്‍ ഹയര്‍ സെക്കണ്ടറി തലം വരെയുള്ള വിദ്യാലയങ്ങള്‍ക്ക് പി.എം ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയ പ്രൊഫ. കെ.എ ജലീല്‍ അക്കാദമിക് എക്സലന്‍സ് അവാര്‍ഡ് മന്ത്രി സമ്മാനിച്ചു. മൂന്ന് ലക്ഷം രൂപ സമ്മാനത്തുകയുള്ള ഒന്നാംസമ്മാനം കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പ് ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളും രണ്ടു ലക്ഷം രൂപയുടെ രണ്ടാം സമ്മാനം പാലക്കാട് ഭീമനാട് ഗവ. യു.പി സ്കൂളും സ്വീകരിച്ചു. കാസര്‍കോട് പീലിക്കോട് കൃഷ്ണന്‍നായര്‍ സ്മാരക ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളിനാണ് ഒരു ലക്ഷം രൂപയുടെ മൂന്നാം സ്ഥാനം. വിവിധ പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍, അധ്യയനപ്രവര്ത്തനങ്ങളില് മികവ് പുലര്‍ത്തിയ അധ്യാപകര്‍, മികച്ച വിജയം കൈവരിച്ച സ്കൂളുകള്‍ തുടങ്ങിയവര്‍ക്കുള്ള ഇ. അഹമ്മദ് സ്മാരക പുരസ്കാരങ്ങളും മന്ത്രി വിതരണം ചെയ്തു.
പ്രൊഫ. കെ.വി. തോമസ് എം.പി, പി.എം ഫൗണ്ടേഷന് സ്ഥാപകന്‍ ഡോ. പി. മുഹമ്മദലി, ചെയര്മാന് എ.പി.എം. മുഹമ്മദ് ഹനീഷ്, തമിഴ്നാട് മുന്‍ ഗവര്‍ണര്‍ ജസ്റ്റിസ് ഫാത്തിമബീവി, കേരള ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ എം.കെ.സി നായര്‍, ഡോ. ഷീന ഷൂക്കൂര്‍, മാലദ്വീപ് സര്‍വകലാശാല ചാന്‍സലര്‍ ഡോ. മുഹമ്മദ് ഷാഹിം അലി സഈദ്, ഡോ. അഷറഫ് കടക്കല്‍, ടി.കെ. ഫാറൂഖ്, എന്‍.എം. ഷറഫുദ്ദീന്, ഖദീജ മുഹമ്മദലി, ടി.പി. ഇമ്പിച്ചഹമ്മദ്, സി.പി. കുഞ്ഞിമുഹമ്മദ്, ഡോ. കെ.ടി. അഷറഫ്, പ്രൊഫ. ഇമ്പിച്ചക്കോയ, ഷീബ അമീര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.