പരമ്പരാഗത വ്യവസായ മേഖലയോട് സര്‍ക്കാരിന് പ്രതിബദ്ധത: മുഖ്യമന്ത്രി

570
0
Share:

പരമ്പരാഗത വ്യവസായ മേഖലയോടും ഖാദിത്തൊഴിലാളികളോടും പ്രതിബദ്ധതയുള്ള സര്‍ക്കാരാണ് ഇപ്പോഴത്തേതെന്ന് മുഖ്യമന്ത്രി പിണറയി വിജയന്‍ പറഞ്ഞു. ഓണം ബക്രീദ് ഖാദി മേളയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

രാജ്യത്തിന്റെ ചരിത്രത്തില്‍ ഖാദിക്കും ഖാദിപ്രസ്ഥാനത്തിനും വലിയ ഇടമുണ്ട്. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ഖാദിയുടെ പ്രസക്തിയും പ്രാധാന്യവും ഉയര്‍ത്തിപ്പിടിക്കാനാണ് ഖാദി വ്യവസായ കമ്മീഷനും ഖാദി ബോര്‍ഡും രൂപീകരിക്കപ്പെട്ടത്. സംസ്ഥാനത്ത് പതിമൂവായിരത്തോളം തൊഴിലാളികള്‍ ഖാദി മേഖലയിലും പതിനായിരത്തിലധികം പേര്‍ ഗ്രാമവ്യവസായമേഖലയിലും തൊഴിലെടുക്കുന്നുണ്ട്. ഇത്രയധികം പേര്‍ക്ക് നേരിട്ട് തൊഴില്‍ നല്‍കുന്ന ഖാദിവ്യവസായത്തിന് ഉത്സവകാല വിപണനമേളകള്‍ ഏറെ പ്രാധാന്യമുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പരമ്പരാഗത വ്യവസായങ്ങളെ സംരക്ഷിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിന്റേത്. രാജ്യത്ത് പരമ്പരാഗത വ്യവസായങ്ങള്‍ വെല്ലുവിളി നേരിടുന്ന കാലമാണിത്. കേരളമൊഴികെയുള്ള പല സംസ്ഥാനങ്ങളിലും തൊഴിലുറപ്പു തൊഴിലാളികള്‍ക്കു കിട്ടുന്ന കൂലി പോലും ലഭിക്കാത്ത മേഖലയാണ് ഖാദി മേഖല. ഈ മേഖലയിലെ ലക്ഷക്കണക്കിനാളുകളെ രക്ഷിക്കാനുള്ള നയം ദേശീയാടിസ്ഥാനത്തിലാണ് രൂപപ്പെടേണ്ടത്. ഖാദിത്തൊഴിലാളികള്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തിയതും വരുമാനമുറപ്പു പദ്ധതി നടപ്പാക്കിയതും കേരളത്തിലാണ്. ഈ നയങ്ങളുടെ പിന്തുടര്‍ച്ച എന്ന രീതിയിലാണ് ഈ മേഖലയില്‍ ആധുനിക വത്കരണം എന്ന നയവുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. ഖാദിത്തൊഴിലാളികള്‍ക്ക് മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുള്ള പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചതുമുതല്‍ ഒട്ടേറെ കാര്യങ്ങള്‍ കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍ ഖാദി വ്യവസായ രംഗത്ത് സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ട്.

സ്‌കൂളുകളില്‍ ഖാദി യൂണിഫോം സംവിധാനം നടപ്പാക്കുക വഴി ഖാദി തൊഴിലാളികള്‍ക്ക് വരുമാന വര്‍ദ്ധനവിന് വഴിയൊരുക്കി. ബോര്‍ഡിന്റെ കീഴിലുള്ള എല്ലാ തൊഴിലാളികളെയും ഇ.എസ്.ഐയുടെ പരിധിയില്‍ കൊണ്ടുവരാന്‍ കഴിഞ്ഞു. ഉത്പാദന യൂണിറ്റുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനും വിപണി ശക്തിപ്പെടുത്താനുമുള്ള നടപടികള്‍ സ്വീകരിച്ചു. ഇതിന്റെ തുടര്‍ച്ച എന്ന നിലയ്ക്കാണ് ഈ മേഖലയിലെ വനിതകള്‍ക്കുവേണ്ടി ഖാദി ഗ്രാമം എന്ന പദ്ധതിയും ആരംഭിക്കുന്നത്. തെരഞ്ഞെടുത്ത പഞ്ചായത്തുകളില്‍ ഈ മേഖലയുടെ പുരോഗതിക്കായി നാലുകോടിയിലധികം രൂപ ബജറ്റില്‍ വിലയിരുത്തിയിട്ടുണ്ട്. സംരക്ഷണവും പ്രോത്സാഹനവുമില്ലാത്തതിന്റെ പേരില്‍ ഒരു ഗ്രാമീണ വ്യവസായവും നശിച്ചുപോകരുതെന്നാണ് സര്‍ക്കാര്‍ നയം.

ഏതു വ്യവസായത്തിലുമെന്നപോലെ മികച്ച വിപണി കണ്ടെത്തിയാലേ ഖാദിമേഖലയ്ക്ക് വ്യാവസായികമായ നിലനില്‍പുണ്ടാവുകയുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഖാദിബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കുമെന്നും തൊഴിലാളികളുടെ അധ്വാനഭാരം കുറച്ച് ഉത്പാദനക്ഷമത വര്‍ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച വ്യവസായ വകുപ്പുമന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു.

ഖാദി മേളയിലെ ആദ്യ വില്പന ജയലക്ഷ്മിക്കു നല്‍കി വ്യവസായമന്ത്രി നിര്‍വഹിച്ചു. സമ്മാനകൂപ്പണ്‍ വിതരണോദ്ഘാടനം മേയര്‍ വി.കെ. പ്രശാന്ത് നിര്‍വഹിച്ചു. ഖാദിബോര്‍ഡ് വൈസ് ചെയര്‍മാന്‍ എം.വി. ബാലകൃഷ്ണന്‍ മാസ്റ്റര്‍, ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്‍ സംസ്ഥാന ഡയറക്ടര്‍ കെ.പി. ലളിതാമണി, ഖാദി ബേഅര്‍ഡ് അംഗം കെ. ധനഞ്ജയന്‍, കേരള ഖാദി ഗ്രാമ വ്യവസായ ഫെഡറേഷന്‍ സെക്രട്ടറി കെ.പി. ഗോപാല പൊതുവാള്‍, കേരള ഖാദി ഗ്രാമ വ്യവസായ അസോസിയേഷന്‍ സെക്രട്ടറി വി. കേശവന്‍, കേരള ഗാന്ധി സ്മാരക നിധി സെക്രട്ടറി കെ.ജി. ജഗദീശന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Share: