നോണ്‍ ക്രീമിലെയര്‍ : അപേക്ഷകര്‍ മാനദണ്ഡം മനസ്സിലാക്കണം
സംസ്ഥാനത്ത് മറ്റു പിന്നാക്ക വിഭാഗങ്ങളില്‍പ്പെട്ടവരില്‍ വിദ്യാഭ്യാസ പ്രവേശനത്തിനും ഉദ്യോഗ നിയമനത്തിനുമായി നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കുമ്പോള്‍ ഇതിനുള്ള മാനദണ്ഡങ്ങള്‍ ഈ സര്‍ട്ടിഫിക്കറ്റിന് അര്‍ഹരാണോ എന്ന് വ്യക്തമായി മനസ്സിലാക്കിയിരിക്കണമെന്ന് ലാന്റ് റവന്യൂ കമ്മീഷണറേറ്റിലെ പബ്ലിക് റിലേഷന്‍സ് വിഭാഗം അറിയിച്ചു.
ഭരണഘടന പദവിയിലുള്ളവര്‍, യു.എന്‍., യുനസ്‌കോ, ലോക ബാങ്ക് തുടങ്ങിയ അന്തര്‍ദേശീയ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍, സര്‍ക്കാര്‍/അര്‍ധസര്‍ക്കാര്‍ സേവനങ്ങളില്‍ മാതാപിതാക്കള്‍ രണ്ടുപേരും ഗസറ്റഡ് തസ്തികയില്‍ പ്രവേശിച്ചവര്‍, മാതാപിതാക്കളില്‍ ഒരാള്‍ ക്ലാസ് വണ്‍ ആയി പ്രവേശിച്ചവര്‍ (സംസ്ഥാന സര്‍വ്വീസില്‍ 36 വയസ്സിനു മുമ്പും കേന്ദ്ര സര്‍വീസില്‍ 40 വയസ്സിനു മുമ്പും ഈ തസ്തികകളില്‍ പ്രവേശിച്ചവരായിരിക്കണം), സായുധ സേനയില്‍ കേണല്‍ പദവി#ില്‍ കുറയാത്ത പദവി വഹിക്കുന്നവര്‍, ഭൂവുടമകള്‍/അഞ്ച് ഹെക്ടറില്‍ കുറയാത്ത ജലസേചനമുള്ള ഭൂമിയുള്ളവര്‍/പ്ലാന്റേഷനുള്ളവര്‍ എന്നിവരെ ക്രീമിലെയര്‍ ആയി കണക്കാക്കി സംവരണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവര്‍ നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റിന് അര്‍ഹരല്ല. വരുമാനം കണക്കാക്കുമ്പോള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ആറുലക്ഷം രൂപയിലധികം വരുമാനമുള്ളവര്‍ (കേന്ദ്ര ആവശ്യങ്ങള്‍ക്ക് ഇത് എട്ടു ലക്ഷം) വരുമാനം കണക്കു കൂട്ടുന്നതില്‍ ശമ്പളവും കാര്‍ഷിക വരുമാനവും പരിഗണിക്കാന്‍ പാടില്ല. ഉദ്യോഗസ്ഥരെ സംബന്ധിച്ച് അവര്‍ ഏതു ക്ലാസില്‍ സര്‍വീസില്‍ പ്രവേശിച്ചു എന്നതാണ് ക്രീമിലെയര്‍ ആയി കണക്കാക്കുന്നതിനുള്ള മാനദണ്ഡം.
നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷ നല്‍കുന്നതിനു മുമ്പ് അപേക്ഷകര്‍ ഇക്കാര്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കിയിരിക്കണം. ഇതു സംബന്ധിച്ച മാനദണ്ഡങ്ങളുടെയും മാര്‍ഗനിര്‍ദേശങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കണം റവന്യൂ ഉദ്യോഗസ്ഥര്‍ അപേക്ഷയില്‍ തീര്‍പ്പു കല്‍പ്പിക്കേണ്ടത്. ഇക്കാര്യത്തില്‍ പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്‌ക്കിലെ 0471 – 2727379, 9961288520 എന്നീ നമ്പരുകളില്‍ വിളിച്ച് സംശയ നിവാരണം വരുത്തണമെന്ന് ലാന്റ് റവന്യൂ കമ്മീഷണറേറ്റിലെ പബ്ലിക് റിലേഷന്‍സ് വിഭാഗം അറിയിച്ചു.