ഭിന്നശേഷിയുളളവര്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനം

Share:

കൊച്ചി: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ അംഗീകാരത്തോടെ പത്തനംതിട്ട ജില്ലയില്‍ തിരുവല്ല താലൂക്കില്‍ വളളംകുളത്ത് പ്രവര്‍ത്തിക്കുന്ന വികലാംഗര്‍ക്കുളള തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഡി.റ്റി.പി, ഡിപ്ലോമ ഇന്‍ ഓഫീസ് ഓട്ടോമേഷന്‍, ഫോട്ടോഷോപ്പ്, റ്റാലി, പ്രിന്റിംഗ് ടെക്‌നോളജി, ബുക്ക് ബൈന്‍ഡിംഗ്, സ്‌ക്രീന്‍ പ്രിന്റിംഗ്, ഓഫ്‌സെറ്റ് പ്രിന്റിംഗ്, ടൈപ്പ് റൈറ്റിംഗ് ഇംഗ്ലീഷ് & മലയാളം, എന്നീ കെ.ജി.റ്റി കോഴ്‌സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
15 നും 35 നും ഇടയ്ക്ക് പ്രായമുളള കൈകാല്‍ സ്വാധീനമില്ലാത്തവര്‍, ചെറിയ തോതില്‍ ബുദ്ധിവൈകല്യം ഉളളവര്‍, ബധിരരായ പെണ്‍കുട്ടികള്‍, ഭാഗികമായി കാഴ്ച കുറവുളളവര്‍ എന്നിവര്‍ക്കാണ് പ്രവേശനം നല്‍കുന്നത്.
രണ്ട് വര്‍ഷമാണ് പരിശീലനത്തിന്റെ കാലാവധി. പരിശീലനം സൗജന്യമാണ്.

ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ഹോസ്റ്റല്‍ സൗകര്യം ലഭ്യമാണ്. വിദ്യാര്‍ഥികളെ ബന്ധപ്പെട്ട വിഷയങ്ങളില്‍ കെ.ജി.റ്റി പരീക്ഷയ്ക്ക് ചേര്‍ക്കും.

പ്രവേശനം ആഗ്രഹിക്കുന്നവര്‍ പേര്, വിലാസം, ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, വൈകല്യത്തിന്റെ സ്വഭാവം, ഇവ രേഖപ്പെടുത്തിയ അപേക്ഷയോടൊപ്പം മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, ജനനതീയതി, വിദ്യാഭ്യാസ യോഗ്യത ഇവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ജില്ലാ മെഡിക്കല്‍ ബോര്‍ഡില്‍ നിന്നുളള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ എന്നീ രേഖകളുടെ പകര്‍പ്പ് സഹിതം മാര്‍ച്ച് 20-ന് മുമ്പായി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, കാര്‍ത്തികാ നായര്‍ മെമ്മോറിയല്‍ റീഹാബിലിറ്റേഷന്‍ സെന്റര്‍, വളളംകുളം പി.ഒ, തിരുവല്ല 689541. എന്ന വിലാസത്തില്‍ അയക്കണം.
അഞ്ച് രൂപ സ്റ്റാമ്പ് സഹിതം സ്വന്തം മേല്‍വിലാസം എഴുതിയ കവര്‍ അയക്കുന്നവര്‍ക്ക് അപേക്ഷാഫോറവും പ്രോസ്‌പെക്ടസും സൗജന്യമായി അയച്ചു കൊടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0469-2608176. www.karthikarehab.com വെബ്‌സൈറ്റില്‍ നിന്നും അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും ഡൗണ്‍ലോഡ് ചെയ്യാം.

Share: