നീറ്റ് പരീക്ഷ: ഫലം പ്രസിദ്ധീകരിച്ചു
മെഡിക്കൽ, ഡൻറൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പഞ്ചാബിൽ നിന്നുള്ള നവദീപ് സിങ്ങാണ് ഒന്നാം റാങ്ക് നേടിയത്. ആദ്യ 25 റാങ്കുകളിൽ മൂന്നു മലയാളികൾ ഇടംപിടിച്ചു. ആറാം റാങ്ക് നേടിയ ഡെറിക് ജോസഫ്, 18ാം റാങ്ക് നേടിയ നദാ ഫാത്തിമ, 21–ാം റാങ്ക് നേടിയ മരിയ ബിജി വർഗീസ് എന്നിവരാണ് കേരളത്തിന്റെ അഭിമാനമായത്.
രാജ്യത്താകെ 65,000 എം.ബി.ബി.എസ് സീറ്റുകളിലേക്കും 25,000 ബി.ഡി.എസ് സീറ്റുകളിലേക്കുമാണ് പരീക്ഷ നടന്നത്. സർക്കാർ, സ്വാശ്രയ കോളജുകളിലും കൽപിത സർവകലാശാലയിലുമായി സംസ്ഥാനത്താകെ 4050 എം.ബി.ബി.എസ് സീറ്റും 840 ബി.ഡി.എസ് സീറ്റുമാണുള്ളത്.
മെഡിക്കൽ, ഡൻറൽ പ്രവേശനത്തിനുള്ള ഏകീകൃത പരീക്ഷയായ നീറ്റ് രാജ്യത്തെ 1921 കേന്ദ്രങ്ങളിലായി മെയിലാണ് നടന്നത്. 11 ലക്ഷം വിദ്യാർഥികൾ പരീക്ഷ എഴുതിയിരുന്നു. ഒരു ലക്ഷത്തിപതിനായിരത്തോളം വിദ്യാർഥികളാണ് കേരളത്തിൽ പരീക്ഷ എഴുതിയത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തൃശൂർ, കണ്ണൂർ നഗരങ്ങളിലാണ് പരീക്ഷ നടന്നത്. പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന തർക്കങ്ങൾക്ക് ഒടുവിൽ പരിഹാരമായി.
സെൻട്രൽ ബോർഡ് ഒാഫ് സെക്കൻഡറി എജുക്കേഷനായിരുന്നു (സി.ബി.എസ്.ഇ) പരീക്ഷ നടത്തിപ്പ് ചുമതല.
http://cbseresults.nic.in എന്ന സി.ബി.എസ്.ഇ വെബ് സൈറ്റിൽ ഫലം ലഭ്യമാണ്.