കേരള സര്‍ക്കാര്‍ വകുപ്പുകളില്‍ 761 പുതിയ തസ്തികകൾ

Share:

സംസ്ഥാനത്ത് വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലുമായി 761 പുതിയ തസ്തിക സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ജൂലൈ 12നും 19നും ചേര്‍ന്ന മന്ത്രിസഭാ യോഗങ്ങള്‍ യഥാക്രമം 218-ഉം 543-ഉം തസ്തികകളാണ് പുതുതായി സൃഷ്ടിക്കാന്‍ തീരമാനിച്ചത്.
മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്, കൊയിലാണ്ടി എസ്എആര്‍ബിടിഎം സര്‍ക്കാര്‍ കോളേജ്, ആരോഗ്യ സര്‍വകലാശാല, മുന്നോക്ക ക്ഷേമ കോര്‍പറേഷന്‍ എന്നിവിടങ്ങളിലാണ് പുതിയ തസ്തികകള്‍.
ആരോഗ്യ സര്‍വകലാശാലയില്‍ അധ്യാപകവിഭാഗത്തില്‍ 17 തസ്തികയും അനധ്യാപക വിഭാഗത്തില്‍ 146 തസ്തികയും സാങ്കേതിക വിഭാഗത്തില്‍ 12 തസ്തികയും അനുവദിച്ചു. മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പത്ത് അധ്യാപക തസ്തികയാണ് അനുവദിച്ചത്. കൊയിലാണ്ടി എസ്എആര്‍ബിടിഎം സര്‍ക്കാര്‍ കോളേജില്‍ ഫിസിക്സ് ലാബില്‍ മൂന്ന് അറ്റന്‍ഡര്‍ തസ്തിക അനുവദിച്ചു. മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് വേണ്ടിയുള്ള സംസ്ഥാന കമീഷനില്‍ 30 തസ്തിക സൃഷ്ടിച്ചു.
സബോര്‍ഡിനേറ്റ് ജുഡീഷ്യറിയില്‍ കീഴ്ക്കോടതികളിലും സബ് കോടതികളിലുമായി 460 തസ്തിക സൃഷ്ടിച്ചു. ഹൈക്കോടതി ആവശ്യപ്പെട്ട പ്രകാരം ആദ്യഘട്ടമായാണ് 460 എണ്ണം അനുവദിച്ചത്.
വിഴിഞ്ഞം പുനരധിവാസപദ്ധതി നടപ്പാക്കാന്‍ മൂന്നു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ പത്ത് തസ്തിക അനുവദിച്ചു.
കേരള മുന്നോക്ക സമുദായ ക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാന്റെ ഓഫീസിലേക്ക് നാലു തസ്തിക അനുവദിച്ചു. വിയ്യൂര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ അക്കാദമിയില്‍ 22 തസ്തിക സൃഷ്ടിക്കും. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ തിരുവനന്തപുരം ബെഞ്ചിലേക്ക് 37 തസ്തിക സൃഷ്ടിച്ചു. മലപ്പുറം തൃപ്രങ്ങോട് പഞ്ചായത്തില്‍ ആലത്തിയൂര്‍ ആസ്ഥാനമായി ന്യൂനപക്ഷ യുവജന പരിശീലനകേന്ദ്രം ആരംഭിക്കാന്‍ തീരുമാനിച്ചു. ഇതിനായി പത്ത് തസ്തിക സൃഷ്ടിച്ചു.

Share: