കരിയറും കരിയറിസവും : രാജൻ പി. തൊടിയൂർ

മത്സര പരീക്ഷകൾക്ക് പഠിക്കാൻ ഒരു ആനുകാലിക പ്രസിദ്ധീകരണം ഉണ്ടെന്നറിയുന്നത്, കൊല്ലം ഫാത്തിമ മാത നാഷണൽ കോളേജിൽ പഠിക്കുമ്പോഴാണ്. 1973-ൽ.
ഒരു ദിവസം അടുത്തിരുന്ന രഘുവിൻറെ പുസ്തകക്കൂട്ടങ്ങൾക്കിടയിൽ ‘കോമ്പറ്റീഷൻ സക്സസ് റിവ്യൂ’ കണ്ടു. അത് മറിച്ചു നോക്കിയപ്പോൾ അത്ഭുതപ്പെട്ടു….എത്രയെത്ര മത്സര പരീക്ഷകൾ! എന്തൊക്കെ കോഴ്സുകൾ!! എത്രമാത്രം ചോദ്യോത്തരങ്ങൾ!!! എന്തൊക്കെ വിവരങ്ങൾ!
അന്ന് മനസ്സിൻറെ കോണിൽ ഒരു ചോദ്യം: മലയാളത്തിൽ ഇങ്ങനെ ഒന്ന് ഇല്ലല്ലോ!?
സൈനിക സ്കൂളിൽ പഠിച്ചിട്ടാണ് രഘു ഡിഗ്രിക്ക് വന്നത്. ഞാനും ഉണ്ണിയും ജോണും ജവഹറും കരുണാകരപിള്ളയും ഒക്കെ ഗ്രാമങ്ങളിൽ നിന്നെത്തിയവർ.
എങ്കിലും രഘു ഞങ്ങളുടെ സുഹൃത്തായി.
ഡിഗ്രിക്ക് പഠിക്കുമ്പോഴും രഘുവിൻറെ ചിന്ത നാഷണൽ ഡിഫൻസ് അക്കാഡമിയിൽ എത്തണം എന്നതായിരുന്നു. എൻ ഡി എ , എന്താണെന്ന് ഞങ്ങൾക്ക് അറിയുകപോലുമില്ല.
എൻ ഡി എ പരീക്ഷയെഴുതാനായി രഘു എല്ലാമാസവും കോമ്പറ്റീഷൻ സക്സസ് റിവ്യു വാങ്ങി.
ഒഴിവു നേരങ്ങളിൽ അത് മുഴുവൻ വായിച്ചു പഠിച്ചു. എൻഡിഎ പ്രവേശനം കിട്ടിയില്ലെങ്കിലും രഘുവിന് ഡിഗ്രി കഴിഞ്ഞ ഉടൻ തന്നെ ബാങ്കിൽ ജോലി കിട്ടി.
ദേശീയവും പ്രാദേശികവുമായ മത്സരപരീക്ഷകളെ കുറിച്ച് ഞങ്ങളെക്കാൾ കൂടുതൽ രഘുവിന് അറിയാമായിരുന്നു. മത്സരബുദ്ധിയോടെ പഠിച്ചു. അതുകൊണ്ടുതന്നെ ഇഷ്ടപ്പെട്ട ജോലി ലഭിച്ചു.
നമ്മുടെ ഗ്രാമങ്ങളിലെ കുട്ടികൾക്ക് അത്തരത്തിലുള്ള ആനുകാലികങ്ങൾ ലഭിച്ചിരുന്നില്ല.
എന്ത് പഠിക്കണം എന്ന് അവർക്കറിയില്ല… എന്തിനുവേണ്ടി പഠിക്കണം എന്നറിയില്ല… കോഴ്സുകളെ കുറിച്ച് അറിയില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളെ കുറിച്ച് അറിയില്ല. സ്കോളർഷിപ്പ് സാധ്യതകളെ കുറിച്ച് അറിയില്ല. മത്സരപരീക്ഷകളെ കുറിച്ച് അറിയില്ല. അവസരങ്ങളെ കുറിച്ച് അറിയില്ല. അൻപത് വർഷങ്ങൾക്കു മുമ്പുള്ള അവസ്ഥ അതായിരുന്നു.
കുട്ടികൾക്ക് ‘കരിയർ ഗൈഡൻസ്’ അഥവാ തൊഴിൽ മാർഗ്ഗനിർദ്ദേശം നൽകാൻ ആരുമില്ല. അതേക്കുറിച്ച് അറിയാവുന്നവർ കേരളത്തിൽ അങ്ങോളം ഇങ്ങോളം ഉണ്ടെങ്കിലും അത് വിദ്യാർഥികളിലും ഉദ്യോഗാർത്ഥികളിലും എത്തിക്കാൻ ഒരു മാധ്യമമില്ല.
അതിനായി ഒരു പ്രസിദ്ധീകരണം ?
“കോമ്പറ്റീഷൻ സക്സസ് റിവ്യൂ” – പോലെ ഒരെണ്ണം എന്തുകൊണ്ട് മലയാളത്തിൽ?
“അതിന് വായനക്കാരുണ്ടായില്ല.. അതിനിവിടെ മാർക്കറ്റില്ല… തൊഴിൽ മാർഗ്ഗനിർദ്ദേശം ഇവിടെ ആവശ്യമില്ല… “അതിനൊരിക്കലും കേരളത്തിൽ സാധ്യതയില്ല… ” -സുഹൃത്തുക്കൾ പറഞ്ഞു. ഉപദേശിച്ചു..
അക്കാലത്ത് നിറയെ തൊഴിലവസരവാർത്തകളുമായി എത്തുന്ന ‘എംപ്ലോയ്മെൻറ് ന്യൂസി’ൻറെ മലയാളം പതിപ്പ് കേരളത്തിൽ പ്രസിദ്ധീകരിക്കുന്നതിനെക്കുറിച്ച് കേന്ദ്ര ഗവൺമെൻറിൻറെ പബ്ലിക്കേഷൻ ഡിവിഷൻ ആലോച്ചപ്പോൾ, അതിനിവിടെ, കേരളത്തിൽ സാധ്യതയില്ല എന്ന് റിപ്പോർട്ട് അയച്ചവരാണ് നമ്മുടെ ഉദ്യോഗസ്ഥ മേലാളന്മാർ.
1980-ല് ‘കരിയർ മാഗസിൻ’ എന്ന ടൈറ്റിൽ രജിസ്റ്റർ ചെയ്തു.
‘കരിയർ മാഗസിൻ’ ഇറക്കുന്നതിനെ കുറിച്ച് ആലോചിച്ചപ്പോൾ പത്ര രംഗത്തെ സുഹൃത്തുക്കൾ കളിയാക്കി ചിരിച്ചു. മറ്റു ചിലർ പറഞ്ഞു ആശയം കൊള്ളാം. പക്ഷേ ഒന്നുരണ്ട് ചെറുകഥകൾ. നീണ്ടകഥ അതായത് തുടരൻ അല്ലെങ്കിൽ നോവൽ, കവിത ഇവ കൂടി ചേർത്താൽ ഒരുപക്ഷേ വിറ്റുപോയേക്കും. ഇത്തരം ചേരുവകൾ ഇല്ലാത്ത ഒരു പ്രസിദ്ധീകരണം കേരളത്തിലെ വായനക്കാർ സ്വീകരിക്കില്ല.
“നമ്മുടെ തൊഴിൽ രഹിതർ? അഭ്യസ്തവിതരായ തൊഴിലന്വേകർ വിദ്യാർഥികൾ…?”
“അതൊക്കെ തോന്നലാണ്. അവർക്കാർക്കും ഇതൊന്നും ആവശ്യമില്ല”.
തൊഴിൽരഹിതർക്കായി പ്രസിദ്ധീകരണം എന്ന ആശയം വീണ്ടും മാറ്റിവച്ചു. അതിൻറെ സാധ്യത ആർക്കും മനസ്സിലാകുന്നില്ല.
കാലാവധി പുതുക്കാൻ മൂന്നാമത് തവണ എത്തിയപ്പോൾ ആർ ഡി ഓ (ഒരു പഞ്ചാബി) വഴക്കു പറയുകയായിരുന്നു. “തൻറെ കളിക്കു നിൽക്കാൻ സമയമില്ല” എന്നോ മറ്റോ ആണ് അയാൾ ദേഷ്യപ്പെട്ട് പറഞ്ഞത്.
നാളുകൾക്ക്ശേഷം, മലയാളനാടിൻറെ പത്രാധിപ സമിതിയിൽ പ്രവർത്തിക്കുമ്പോൾ, മലയാളനാട് എഡിറ്റോറിയൽ മീറ്റിംഗ് കഴിഞ്ഞ് ചീഫ് എഡിറ്റർ എസ് കെ നായർ സാറിനോടൊപ്പം ഇരിക്കുമ്പോഴാണ് ‘കരിയർ മാഗസിൻ’ എന്ന ആശയം വീണ്ടും പുറത്തുവരുന്നത്.
അദ്ദേഹം എല്ലാം കേട്ടു. ഒടുവിൽ പറഞ്ഞു: ” കൊള്ളാം നല്ല ആശയം. നമുക്കിത് പ്രസിദ്ധീകരിക്കാം. പുതിയൊരു തുടക്കം ആയിരിക്കും.”
മലയാളനാട് കുടുംബത്തിൽ നിന്നും ‘മധുരം’ വാരിക ഇറക്കിയ സമയമായിരുന്നു അത്.
വളരെ പ്രതീക്ഷയോടെ ഇറക്കിയ ‘മലയാളനാട് രാഷ്ട്രീയ വാരിക’ പ്രതീക്ഷിച്ചത് പോലെ വിജയിച്ചില്ല. മധുരം വാരികയും പ്രതീക്ഷിച്ചത് പോലെ ‘പിടിച്ചു കയറുന്നില്ല’. ‘മിഠായി’ എന്ന ഒരു കുട്ടികളുടെ മാസികയെക്കുറിച്ച് ചിന്തിക്കുന്നതിനിടയിലാണ് കരിയർ മാഗസിനെ കുറിച്ച് ഞാൻ പറയുന്നത്.
അതേക്കുറിച്ച് ആലോചിക്കാമെന്ന് പറഞ്ഞെങ്കിലും എസ് കെ നായർ പെട്ടെന്ന് രോഗബാധിതനായി.
അധികം വയ്കാതെ അദ്ദേഹം നമ്മെ വിട്ടു പോയി. മലയാളനാട് അടച്ചുപൂട്ടി.
ഞങ്ങൾ തൊഴിൽരഹിതരായി.
(തുടരും)
ചിത്രം : എസ് കെ നായർ
rajan@careermagazine.in





