“എന്തിന്?” – രാജൻ പി. തൊടിയൂർ

‘കരിയർ മാഗസിൻ’ തുടങ്ങി 42 വർഷങ്ങൾ കഴിയുമ്പോൾ ഒരു തിരിഞ്ഞുനോട്ടം.
എന്തിന്? എന്ന് ചോദിച്ചാൽ.മറുപടിയില്ല.
‘കരിയർ മാഗസിൻ; തുടങ്ങിയത് എന്തിന്? എന്ന് ചോദിക്കുന്നതുപോലെ.
1984 ൽ കരിയർ മാഗസിൻ തുടങ്ങാനുള്ള തീരുമാനം പത്രപ്രവർത്തക ഗുരുവായ തെങ്ങമം ബാലകൃഷ്ണൻ സാറിനെ അറിയിക്കുമ്പോൾ അദ്ദേഹം എന്നോട് ചോദിച്ച ഒരു ചോദ്യമാണ്-
“എന്തിന്? ‘മധുരം’ നടത്തി ഒരു പരുവമായില്ലേ? ആരും വായിക്കാൻ ഇടയില്ലാത്ത ഒരു പ്രസിദ്ധീകരണം?”.
കോമ്പറ്റീഷൻ സക്സസ്റിവ്യൂവിൻറെയും കരിയർ ആൻഡ് കോമ്പറ്റീഷൻ ടൈസിൻറെയും എംപ്ലോയ്മെൻറ് ന്യൂസിൻറെയും ഉദാഹരണം പറഞ്ഞപ്പോൾ അദ്ദേഹം ചിരിച്ചു.
” കഥയും കവിതയും തുടർക്കഥയും നോവലും കാർട്ടൂണും ഇല്ലാത്ത ഒരു പ്രസിദ്ധീകരണം മലയാളികൾ സ്വീകരിക്കുമെന്ന് നിനക്കുറപ്പുണ്ടോ? എൻറെ അനുഭവം പറയുകയാണെങ്കിൽ, ഇല്ല. മലയാളികൾ അവിടെവരെ എത്തിയിട്ടില്ല”.
ജനയുഗം പത്രത്തിൻറെയും വാരികയുടെയും ബാലയുഗം, സിനിരമ, നോവൽ പതിപ്പ് എന്നിവയുടെയും ചീഫ് എഡിറ്റർ ആയ തെങ്ങമം പറയുന്നതിൽ തെറ്റില്ല.
ഞാൻ ഒരു പ്രസിദ്ധീകരണം തുടങ്ങണമെന്നും അതിൻറെ എഡിറ്റർ ആകണമെന്നും ഒരുകാലത്ത് എന്നോട് ആവശ്യപ്പെട്ടത് തെങ്ങമം അങ്കിളാണ്.
ജനയുഗം വാരികയിലും സിനിരമയിലും ബാലയുഗത്തിലും പത്രത്തിലുമൊക്കെ എഴുതിയത് കൊണ്ട് എനിക്ക് ഒരു പത്രപ്രവർത്തകൻ ആകാനുള്ള യോഗ്യതയുണ്ട് എന്ന ധാരണ അദ്ദേഹത്തിനുണ്ടായിരുന്നു.
അതുകൊണ്ടാണ് ജനയുഗം പ്രസിദ്ധീകരണത്തിൻറെ എഡിറ്റോറിയൽ ബോർഡിൽ ഞാൻ ഉണ്ടാകണമെന്ന് അദ്ദേഹം ആഗ്രഹിച്ചത്. എന്നാൽ പാർട്ടിയിലെ ചിലർക്ക് അതിൽ യോജിപ്പില്ലായിരുന്നു .
മധുരം ‘കൈപ്പാ’യപ്പോൾ, സർക്കാർ ജോലി മാത്രമാക്കാം എന്ന് കരുതി . കാരണം ജോലി കിട്ടും എന്നുള്ളത് റാങ്ക് ലിസ്റ്റിൽ വ്യക്തമായിരുന്നു.
പക്ഷേ എന്നോടൊപ്പം ഉള്ള സുഹൃത്തുക്കൾ…. പത്രാധിപസമിതിയിലും മറ്റും ജോലി ചെയ്യുന്ന ചെറുപ്പക്കാർ…. എന്നാൽ ഒരു പരീക്ഷണം കൂടി ആകാം എന്ന് തീരുമാനിക്കുന്നു.
‘കരിയർ മാഗസിൻ’. മലയാളത്തിലെ ആദ്യത്തെ തൊഴിൽ വിദ്യാഭ്യാസ ബോധവൽക്കരണ പ്രസിദ്ധീകരണം.
എന്തുതന്നെയായാലും ഒരു പരീക്ഷണം കൂടി.
പ്രസിദ്ധീകരണ രംഗത്ത് ആരും കൈ വെക്കാൻ ധൈര്യപ്പെടാത്ത ഒരു മേഖല.
അന്ന് കുങ്കുമം വാരികയുടെ എഡിറ്റർ ആയിരുന്ന എൻ. വി. കൃഷ്ണവാരിയർ സാറും സ്നേഹത്തോടെ നിരുത്സാഹപ്പെടുത്തി.
തിരുവനന്തപുരം എം എൽ എ ഹോസ്റ്റലിൽ ഇരുന്ന് സുഹൃത്തായ പന്തളം സുധാകരനോട് വിശദമായി സംസാരിച്ചു. പുതിയ പ്രസിദ്ധീകരണത്തെക്കുറിച്ചു പന്തളം ശ്രദ്ധയോടെ കേട്ടു.
“നമ്മൾ ഇത് മുഖ്യമന്ത്രിയെ കൊണ്ട് പ്രകാശനം ചെയ്യിക്കും”. അന്ന് എംഎൽഎ ആയിരുന്ന പന്തളം സുധാകരൻ ആ ജോലി ഏറ്റെടുത്തു.
ദക്ഷിണേന്ത്യയിലെ ആദ്യ തൊഴിൽ വിദ്യാഭ്യാസ പ്രസിദ്ധീകരണം
1984 ഓഗസ്റ്റ് 1
മലയാളത്തിലെ ആദ്യ തൊഴിൽ വിദ്യാഭ്യാസ പ്രസിദ്ധീകരണം ജന്മം കൊണ്ടു ‘ കരിയർ മാഗസിൻ’.
42 വർഷങ്ങൾക്കു മുൻപ് കൊല്ലം പബ്ലിക് ലൈബ്രറി ആഡിറ്റോറിയത്തിൽ അന്നത്തെ കേരള മുഖ്യമന്ത്രി കെ കരുണാകരൻ ആദ്യ പ്രതി വ്യവസായ പ്രമുഖനായ കെ രവീന്ദ്രനാഥൻ നായർക്ക് നൽകി പ്രകാശനം ചെയ്യുമ്പോൾ അത് മലയാള പത്രപ്രവർത്തന ചരിത്രത്തിലെ അസാധാരണ മാതൃകയായി മാറുമെന്ന് അധികമാരും കരുതിയില്ല. കരിയർ മാഗസിൻ മഹാവിജയമായി എന്ന് മാത്രമല്ല അതിൻറെ ചുവടൊപ്പിച്ചു നിരവധി പ്രസിദ്ധീകരണങ്ങൾ കേരളത്തിലുണ്ടാകുകയും ചെയ്തു.
ഭദ്രദീപം കൊളുത്തി ഉത്ഘാടനം നടത്തുന്നതിനിടയിൽ , ‘ഇത്തരമൊരു സംരംഭത്തിന് എല്ലാ സഹായങ്ങളും എൻറെ പക്കൽ നിന്നുണ്ടാകുമെന്ന്’ മാത്രമല്ല , ‘ഏതവസരത്തിലും എന്നെ വന്നു കാണാൻ പത്രാധിപർക്ക് ഞാൻ പ്രത്യേക അനുമതിയും നൽകുകയാണ് ‘ എന്ന് മുഖ്യമന്ത്രി പറഞ്ഞത് പലരെയും അമ്പരപ്പിച്ചു. കേരളം കണ്ട ഏറ്റവും ശക്തനായ മുഖ്യമന്ത്രി അത്തരമൊരനുവാദം നൽകിയത് മാതൃഭൂമിയുൾപ്പെടെയുള്ള പത്രങ്ങൾ വളരെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. അദ്ദേഹം ഒരു കാര്യം കൂടി കൂട്ടിച്ചേർത്തു. കേരളത്തിൻറെ തൊഴിൽ സംസ്ക്കാരം വളർത്തിയെടുക്കാനും സമ്പൂർണ്ണ സാക്ഷരതാ പ്രസ്ഥാനത്തിന് പിൻബലം നൽകാനും കരിയർ മാഗസിന് കഴിയും എന്ന്.
പി എൻ പണിക്കർ, തെങ്ങമം ബാലകൃഷ്ണൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന സമ്പൂർണ്ണ സാക്ഷരതാ പ്രസ്ഥാനത്തിന് ‘ കരിയർ മാഗസിൻ’ നൽകിയ സംഭാവന മുൻലക്കങ്ങൾ മറിച്ചു നോക്കുന്ന ആർക്കും വ്യക്തമാകും.
മലയാള ഭാഷയുടെ വളർച്ചക്കായി , തെറ്റില്ലാത്ത മലയാളം , നല്ല മലയാളം, എന്നീ പരമ്പരകൾ ( പ്രൊഫ. പന്മന രാമചന്ദ്രൻ നായർ ) ആദ്യമായി ഒരു മലയാള പ്രസിദ്ധീകരണത്തിൽ അച്ചടിച്ചു വരൂന്നത് കരിയർ മാഗസിനിലാണ്. അതോടൊപ്പം ഇംഗ്ലീഷ് ഭാഷ പഠിക്കുന്നതിനായി , ‘ഇംഗ്ലീഷ് ഭാഷ സംസാരിക്കാൻ’ ( പ്രൊഫ. ബലറാം മൂസദ് ) ഇംഗ്ലീഷ്; ഇംഗ്ലീഷ് ( ഒ അബൂട്ടി ) ഭാരതത്തിൻറെ ഭരണഘടന ( പ്രൊഫ -ഡോ – എം വി പൈലി ) ഗാന്ധി ദർശനം , കമ്പ്യൂട്ടർ പഠനം ( കെ കെ വാസു ) തുടങ്ങിയ പരമ്പരകളും.
പുതിയ തലമുറയെ കംപ്യൂട്ടറിൻറെ അനന്ത സാദ്ധ്യതകൾ പഠിപ്പിക്കാൻ 42 വർഷങ്ങൾക്ക് മുൻപ് മുതൽ കരിയർ മാഗസിൻ ശ്രമിച്ചിരുന്നതായി കാണാം.
42 വർഷങ്ങൾ പുറകോട്ട് നോക്കുമ്പോൾ, മലയാളി മനസ്സിൽ തൊഴിൽ വിദ്യാഭ്യാസ മേഖലയെക്കുറിച്ചു പുത്തൻ വർണ്ണ ചിത്രങ്ങൾ കോറിയിടാൻ കരിയർ മാഗസിന് കഴിഞ്ഞു എന്ന് തിരിച്ചറിയുന്നതിൽ ചാരിതാർഥ്യമുണ്ട്. കരിയർ മാഗസിൻ വായിച്ചും പഠിച്ചും ജോലി നേടിയ അനേകായിരങ്ങൾ ഇന്നും നമിക്കുമ്പോൾ ‘സാർത്ഥകമായ പ്രയത്നം’ എന്ന് തോന്നാറുണ്ട്.
‘ലീഡർ’കൊളുത്തിയ ദീപം തെളിഞ്ഞു പ്രകാശം പരത്തി.
കരിയർ മാഗസിൻ ഒരു ലക്ഷം പ്രതി വരെ അച്ചടിച്ചു.
കേരളത്തിലെ സ്കൂളുകളിൽ അത് തുടർച്ചയായി എത്തി. വിദ്യാഭ്യാസ വകുപ്പ് അതിന് അംഗീകാരം നൽകി.
ദുബായിലും ലബനോനിലും റഷ്യയിലും ജർമ്മനിയിലും പതിപ്പുകൾ ഉണ്ടാകാൻ വോഗ് പബ്ലിഷിങ് മുൻകൈ എടുത്തു. .
കരിയർ മാഗസിൻറെ സ്വീകാര്യത അത്തരം പ്രസിദ്ധീകരണങ്ങൾ കേരളത്തിൽ വ്യാപകമാകാൻ ഇടയാക്കി.
വൻകിട പത്രക്കാർ ‘കരിയർ മാഗസിൻ’ തുടങ്ങിവെച്ച പംക്തികൾ അതേപടി പകർത്തി പ്രസിദ്ധീകരണമിറക്കി. നൂറു വർഷത്തിലേറെ പ്രസിദ്ധീകരണ പാരമ്പര്യം അവകാശപ്പെടുന്ന പ്രസിദ്ധീകരണം കരിയർ മാഗസിൻറെ തലക്കെട്ട് അതേപടി പകർത്തി.
അനേകം യുവതീ-യുവാക്കൾ കരിയർ മാഗസിൻ വായിച്ചു തൊഴിൽ നേടി.
മലയാളത്തിലെ ആദ്യത്തെ ഡിജിറ്റൽ എഡ്യൂക്കേഷൻ പ്ലാറ്റഫോം കരിയർ മാഗസിൻ ഡോട്ട് ഇൻ ( www.careermagazine.in ) ഇന്ന് മലയാളികളുടെ മുന്നിൽ തുറന്ന് വെച്ചിരിക്കുകയാണ്. അതിൻറെ മൊബൈൽ ആപ്പ്ളിക്കേഷൻ നിർമ്മാണ പുരോഗതിയിലാണ്. കഴിഞ്ഞ 42 വർഷങ്ങളായി ‘കരിയർ മാഗസിൻ’ എന്ന പേരിൽ വിശ്വാസമർപ്പിച്ച വലിയൊരു വിഭാഗം ആളുകൾ ഇവിടെയുണ്ട്.
അവരോടു നന്ദി പറയാൻ ഈ അവസരം ഉപയോഗിക്കുകയാണ്.
കരിയർ മാഗസിൻറെ വിജയത്തിനായി പ്രവർത്തിച്ച രഘു കെ. തഴവ, രാജ് മോഹൻ , എം സുരേഷ് കുമാർ , രാജീവ് പെരുമ്പുഴ , പ്രശാന്ത് ചിറക്കര, ജോയ് പെരേര , ഗോപാലകൃഷ്ണൻ നായർ, ഷൈലജ , ജയ , ഉഷ പുത്തൂർ, ഉല്ലാസ് , രാധാകൃഷ്ണൻ പട്ടാഴി, കെ രാധാകൃഷ്ണൻ , റിയാസ് ജലാലുദീൻ, ഷാജു ടി പറങ്ങോട് , രാജശ്രീ, രാജൻ മണപ്പള്ളി , ഹരി കട്ടേൽ , ഗോപാലകൃഷ്ണ പിള്ള തുടങ്ങിയവർ നൽകിയ സംഭാവനകൾ. തെങ്ങമം ബാലകൃഷ്ണൻ , ഡോ. സുകുമാർ അഴിക്കോട്, ഡോ. എം വി പൈലി, പ്രൊഫ. പന്മന രാമചന്ദ്രൻ , നായർ, കാക്കനാടൻ, ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ, പ്രൊഫ. ആനന്ദക്കുട്ടൻ, പ്രൊഫ. എസ് . ഗുപ്തൻ നായർ , പി വി രവീന്ദ്രൻ, ഒ വി വിജയൻ , പവനൻ , സി അച്യുത മേനോൻ , പി ടി ഭാസ്കരപ്പണിക്കർ, ബി എസ് വാരിയർ , കെ കെ വാസു, ഒ . അബൂട്ടി, ഏവൂർ പരമേശ്വരൻ, എം എ എലിക്കോട്ടിൽ, ഡോ. ജെയിംസ് വടക്കുംചേരി, മലയാറ്റൂർ രാമകൃഷ്ണൻ, സി രാധാകൃഷ്ണൻ , എൻ വി കൃഷ്ണവാരിയർ , കെ എ ഡൊമിനിക്, ഇ ഡി ജോസഫ് , എം ജി കെ നായർ, നൂറനാട് ഹനീഫ്, ആൻറണി കളപ്പുര, സിറാജ് മീനത്തേരി, വി എസ് ജി നായർ, എം ആർ കൂപ് മേയർ തുടങ്ങിയവർ നൽകിയ രചനകളും അനുഗ്രഹവർഷവും കരിയർ മാഗസിന് എന്നും ശക്തിയായി. കടപ്പാട് വാക്കുകളിൽ ഒതുക്കാവുന്നതല്ല.
1984 ൽ ലീഡർ പകർന്നുതന്ന ശുഭ വിശ്വാസത്തിൻറെ ശക്തി സ്രോതസ്സുകൾ ഇപ്പോഴും ഊർജ്ജമായി നിൽക്കുന്നു.
ഇന്നിപ്പോൾ ഡിജിറ്റൽ ‘കരിയർ മാഗസിൻ’ ലോകമെമ്പാടും നിറഞ്ഞു നിൽക്കുമ്പോൾ ലീഡർ കൊളുത്തിയ ദീപം പുതിയ വെളിച്ചമായി യുവജനങ്ങളിൽ എത്തുന്നു. www.careermagazine.in
ചിത്രം: ആദ്യ പ്രതി പ്രകാശനത്തിനായി മുഖ്യമന്ത്രിക്ക് . സമീപം- പന്തളം സുധാകരൻ.
(തുടരും )
rajan@careermagazine.in






