കമ്പയിന്‍റ് ഗ്രാജ്വേറ്റ് ലെവല്‍ പരീക്ഷ (സി.ജി.എല്‍.ഇ) ഓണ്‍ലൈന്‍ വഴി

577
0
Share:

സ്റ്റാഫ് സെലക്ഷന്‍ കമീഷന്‍ (എസ്.എസ്.സി) ഉദ്യോഗാര്‍ഥികള്‍ക്കായി നടത്തുന്ന കമ്പയിന്‍റ് ഗ്രാജ്വേറ്റ് ലെവല്‍ പരീക്ഷകള്‍ (സി.ജി.എല്‍.ഇ) ഓണ്‍ലൈന്‍ വഴി ആക്കുന്നു. എഴുത്തുപരീക്ഷയിലൂടെ നടക്കുന്ന തട്ടിപ്പുകള്‍ തടയാനും പരീക്ഷകള്‍ കൂടുതല്‍ സുതാര്യമാക്കുന്നതിനുമാണ് ഓണ്‍ലൈന്‍ രീതി സ്വീകരിക്കുന്നത് .
നേരത്തേ രണ്ടു ഘട്ടങ്ങളായി നടത്തിയിരുന്ന പരീക്ഷകള്‍ പുതിയ രീതിപ്രകാരം മൂന്ന് ഘട്ടങ്ങളായി മാറുമെന്നതാണ് ഒരു പ്രത്യേകത. ആദ്യ രണ്ട് പരീക്ഷകള്‍ ഓണ്‍ലൈന്‍ വഴിയും മൂന്നാമത്തേത് എഴുത്തുപരീക്ഷയുമായിരിക്കും. ഒ.എം.ആര്‍ അടിസ്ഥാനത്തില്‍ ഓണ്‍ലൈന്‍ വഴി നടത്തുന്ന ആദ്യ രണ്ട് പരീക്ഷകളില്‍ നേടുന്ന മാര്‍ക്കുകളുടെ അടിസ്ഥാനത്തിലായിരിക്കും മൂന്നാമത്തെ ഘട്ടമായ എഴുത്തുപരീക്ഷക്കായി ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുക.
എഴുത്തുപരീക്ഷയില്‍ ഹിന്ദി, ഇംഗ്ളീഷ് ഭാഷകള്‍ യഥേഷ്ടം തെരഞ്ഞെടുക്കാവുന്നതാണ്. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു രീതി എസ്.എസ്.സി പരീക്ഷിക്കുന്നത്. അടുത്ത രണ്ടു മാസത്തിനകം നടക്കുന്ന പരീക്ഷകള്‍ ഈ രീതിയിലായിരിക്കും നടത്തുകയെന്ന് എസ്.എസ്.സി ചെയര്‍മാന്‍ ആഷിം ഖുരാന വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പേഴ്സനല്‍ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും എസ്.എസ്.സിയുടെ ചരിത്രപരമായ ഈ തീരുമാനത്തെ സ്വാഗതം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അസി. ഇന്‍റലിജന്‍സ് ബ്യൂറോ, ഇന്‍സ്പെക്ടര്‍ ഇന്‍ ഇന്‍കം ടാക്സ്, സി.ബി.ഐ തുടങ്ങി 30ഓളം കേന്ദ്ര സര്‍ക്കാര്‍ ജോലികള്‍ക്കെല്ലാം ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുക പുതിയ രീതിയിലായിരിക്കും. ഉദ്യോഗാര്‍ഥികള്‍ക്ക് പുതിയ രീതി മനസ്സിലാക്കുന്നതിനായി ഇതിന്‍െറ സഹായക വിഡിയോ എസ്.എസ്.സിയുടെ ഒൗദ്യോഗിക വെബ്സൈറ്റില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
നിലവില്‍ 38 ലക്ഷം പേരാണ് സി.ജി.എല്‍.ഇക്കായി ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
അടുത്ത രണ്ടു മാസത്തിനുള്ളില്‍ ഇവര്‍ക്ക് പുതിയ രീതിയിലായിരിക്കും പരീക്ഷകള്‍ നടത്തുക. ഉദ്യോഗാര്‍ഥികളില്‍നിന്ന് മികച്ച പ്രതികരണമാണ് പുതിയ രീതി സംബന്ധിച്ച് ലഭിക്കുന്നതെന്ന് എസ്.എസ്.സി ചെയര്‍മാന്‍ പറഞ്ഞു. ഓണ്‍ലൈന്‍ പരീക്ഷകള്‍ വഴി കൂടുതല്‍ സ്വകാര്യതയും വേഗത്തില്‍ ഫലം അറിയാനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗസറ്റഡ് പോസ്റ്റായ ഇന്ത്യന്‍ ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്സ് ഡിപ്പാര്‍ട്മെന്‍റ് പരീക്ഷക്ക് ആദ്യമായാണ് പുതിയ രീതിയില്‍ ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുന്നത്. ടയര്‍ വണ്‍ ഓണ്‍ലൈന്‍ പരീക്ഷക്ക് 100 ചോദ്യങ്ങളായിരിക്കും ഉണ്ടാവുക. ഇതിന് 1.15 മണിക്കൂര്‍ സമയമാണ് ലഭിക്കുക. നേരത്തേ രണ്ടു മണിക്കൂറിനുള്ളില്‍ 200 ചോദ്യങ്ങള്‍ക്കാണ് ഉത്തരമെഴുതേണ്ടിയിരുന്നത്. ടയര്‍ ടു പരീക്ഷകളില്‍ മാറ്റമില്ല. 200 മാര്‍ക്കിന്‍െറ രണ്ട് പേപ്പറുകളാണ് ഇതിലുണ്ടാവുക. ഈ രണ്ടു ഘട്ട പരീക്ഷകളിലും വിജയിക്കുന്നവരെ മൂന്നാം ഘട്ടമായ ടയര്‍ ത്രീ പരീക്ഷക്കായി തെരഞ്ഞെടുക്കും. മൂന്നാം ഘട്ടത്തില്‍ 100 മാര്‍ക്കിന്‍െറ എഴുത്തുപരീക്ഷയായിരിക്കും നടത്തുക. ടയര്‍ വണ്‍ പരീക്ഷകള്‍ ആഗസ്റ്റ് 27നാണ് നോട്ടിഫൈ ചെയ്തിരിക്കുന്നത്.
പരീക്ഷകളുടെ മാതൃക
ടയര്‍ ഒന്ന്:
A. ജനറല്‍ ഇന്‍റലിജന്‍സ് ആന്‍ഡ് റീസണിങ് – 25 ചോദ്യങ്ങള്‍ (50 മാര്‍ക്ക്)
B. ജനറല്‍ അവേര്‍നസ്- 25 ചോദ്യങ്ങള്‍ (50 മാര്‍ക്ക്)
C. ക്വാന്‍റിറ്റേറ്റിവ് ആപ്റ്റിറ്റ്യൂഡ്- 25 ചോദ്യങ്ങള്‍ (50) മാര്‍ക്ക്
D. ഇംഗ്ളീഷ് രചനാവൈഭവ പരിശോധന- 25 ചോദ്യങ്ങള്‍ (50 മാര്‍ക്ക്)
ആകെ 200 മാര്‍ക്ക്
സമയം ഒന്നേകാല്‍ മണിക്കൂര്‍
വൈകല്യമുള്ളവര്‍ക്ക് 15 മിനിറ്റ് അധികം അനുവദിക്കും
ടയര്‍ രണ്ട് സമാന രീതിയിലായിരിക്കും നടത്തുക.
ടയര്‍ മൂന്ന്:
പേനയോ പെന്‍സിലോ ഉപയോഗിച്ചുള്ള എഴുത്തുപരീക്ഷാ രീതിയിലായിരിക്കും. ഹിന്ദിയോ ഇംഗ്ളീഷോ ഭാഷയായി തെരഞ്ഞെടുത്ത് എഴുതാം. എസ്സേ റൈറ്റിങ്, സംഗ്രഹം, ലെറ്റര്‍/ആപ്ളിക്കേഷന്‍ റൈറ്റിങ് (100 മാര്‍ക്ക്) ഒരു മണിക്കൂര്‍.
വൈകല്യമുള്ളവര്‍ക്ക് 20 മിനിറ്റ് അധികം അനുവദിക്കും.
ഏതെങ്കിലും പരീക്ഷകളില്‍ തോല്‍ക്കുന്നവര്‍ക്ക് യോഗ്യത നേടാനാവില്ല. ഇതിന് കട്ട്ഓഫ് മാര്‍ക്കില്ല.

Share: