ഐ ബി പി എസ് ക്ളർക് പരീക്ഷ : ഓഗസ്ററ് 11 മുതൽ അപേക്ഷിക്കാം

പൊതുമേഖലാ ബാങ്കുകളിലെ ക്ലാർക്ക് തസ്തികയിലെ നിയമനത്തിനായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ സെലക്ഷൻ (ഐബിപിഎസ്) നടത്തുന്ന പൊതുപരീക്ഷയ്ക്ക് ഓഗസ്റ്റ് 11 മുതൽ അപേക്ഷിക്കാം.56 ബാങ്കുകളിലായി 15000 – ത്തിലേറെ ഒഴിവുകളാണുള്ളത്. ഓണ്‍ലൈൻ പരീക്ഷയാണ് നടത്തുന്നത്. നവംബർ മാസത്തിലാണ് പ്രിലിമിനറി പരീക്ഷ. 19 പൊതുമേഖലാ ബാങ്കുകൾക്കൊപ്പം മറ്റേതെങ്കിലും ബാങ്കിനും ധനകാര്യ സ്ഥാപനത്തിനും ഇതുവഴി തെരഞ്ഞെടുപ്പ് നടത്താൻ അവസരമുണ്ട്. ബിരുദധാരികൾക്കാണ് അവസരം. അപേക്ഷ ഓണ്‍ലൈനായി.
അലഹാബാദ് ബാങ്ക്, ആന്ധ്രാ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, കനറ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, കോർപ്പറേഷൻ ബാങ്ക്, ദേന ബാങ്ക്, ഇന്ത്യൻ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ്, പഞ്ചാബ് നാഷണൽ ബാങ്ക്, പഞ്ചാബ് ആൻഡ് സിൻഡ് ബാങ്ക്, സിൻഡിക്കറ്റ് ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, യൂക്കോ ബാങ്ക്, വിജയാ ബാങ്ക്, മറ്റേതെങ്കിലും ബാങ്ക്/ധനകാര്യ സ്ഥാപനം എന്നിവയാണ് ഐ ബിപിഎസ് വഴി തെരഞ്ഞെടുപ്പ് നടത്തുന്ന ബാങ്കുകൾ.
തെരഞ്ഞെടുപ്പ്: ഐബിപിഎസ് പൊതുപരീക്ഷയിൽ നേടുന്ന സ്കോറിന്റെ അടിസ്ഥാനത്തിലാണ് ആദ്യ തെരഞ്ഞെടുപ്പ്. പരീക്ഷയിൽ യോഗ്യത നേടുന്നവർക്ക് ഐബിപിഎസ് നടത്തുന്ന കോമണ്‍ ഇന്റർവ്യൂ ഉണ്ടാകും. പൊതുപരീക്ഷയിലും ഇന്റർവ്യൂവിലും ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർഥിയെ ബാങ്കുകളിലൊന്നിലേക്ക് അലോട്ട് ചെയ്യും. അലോട്ട്മെന്റ് വിവരങ്ങൾ ഐബിപിഎസ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
ക്ലാർക്ക് തസ്തികയിലെ നിയമനങ്ങൾ സംസ്ഥാനം/കേന്ദ്രഭരണ പ്രദേശത്തിന്റെ അടിസ്ഥാനത്തിലായതിനാൽ ഏതെങ്കിലും ഒരു സംസ്ഥാനം/കേന്ദ്രഭരണ പ്രദേശത്തിലേക്കു മാത്രം അപേക്ഷിക്കുക. ആ സംസ്ഥാനം/കേന്ദ്രഭരണ പ്രദേശത്തിനു ബാധകമായ പരീക്ഷാകേന്ദ്രത്തിൽ വേണം പൊതുപരീക്ഷ എഴുതാൻ.
യോഗ്യത: അംഗീകൃത സർവകലാശാലയിൽനിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം. അല്ലെങ്കിൽ തത്തുല്യ യോഗ്യത. കംപ്യൂട്ടർ പ്രവർത്തിപ്പിക്കാനും ഉപയോഗിക്കാനും അറിവുള്ളവരായിരിക്കണം. കംപ്യൂട്ടർ ഓപ്പറേഷൻസ്/ലാംഗ്വേജിൽ സർട്ടിഫിക്കറ്റ്/ഡിപ്ലോമ/ഡിഗ്രി യോഗ്യത ഉണ്ടായിരിക്കണം. അല്ലെങ്കിൽ ഹൈസ്കൂൾ/കോളജ്/ഇൻസ്റ്റിറ്റ്യൂട്ട് തലത്തിൽ കംപ്യൂട്ടർ/ഐടി ഒരു വിഷയമായി പഠിച്ചിരിക്കണം. അപേക്ഷിക്കുന്ന സംസ്ഥാനത്തെ ഒൗദ്യോഗിക ഭാഷാപരിജ്ഞാനമുള്ള ഉദ്യോഗാർഥികൾക്ക് മുൻഗണനയുണ്ട്.
പ്രായം: 20-28 വയസ്. അപേക്ഷകർ 1989 ഓഗസ്റ്റ് രണ്ടിനു മുന്‍പോ 1997 ഓഗസ്റ്റ് ഒന്നിനു ശേഷമോ ജനിച്ചവരാകരുത്. പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കാർക്ക് മൂന്നും വികലാംഗർക്കു പത്തും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവു ലഭിക്കും. വിമുക്തഭടൻമാർക്ക് നിയമപ്രകാരം ഇളവു ലഭിക്കും. യോഗ്യത, പ്രായം എന്നിവ 2017 ഓഗസ്റ്റ് ഒന്ന് അടിസ്ഥാനമാക്കി കണക്കാക്കും.
ഓണ്‍ലൈനായാണു പരീക്ഷ നടത്തുന്നത്. രണ്ടു മണിക്കൂറാണ് പരീക്ഷാ സമയം. അഞ്ചു വിഷയങ്ങളിൽനിന്നായി 200 മാർക്കിന്റെ പരീക്ഷയാണു നടത്തുന്നത്. റീസണിംഗ്, ഇംഗ്ലീഷ് ലാംഗ്വേജ്, ന്യൂമറിക്കൽ എബിലിറ്റി, ജനറൽ അവയർനെസ്, കംപ്യൂട്ടർ പരിജ്ഞാനം എന്നീ വിഷയങ്ങളിൽനിന്നാണു ചോദ്യങ്ങൾ. പരീക്ഷയ്ക്കു നെഗറ്റീവ് മാർക്കുണ്ട്. പരീക്ഷയിലെ ഓരോ വിഷയത്തിനും നിർദിഷ്ട കട്ട് ഓഫ് മാർക്ക് നേടണം. ടോട്ടൽ വെയിറ്റേജ് സ്കോറിന്റെ അടിസ്ഥാനത്തിലാണ് അപേക്ഷകരെ ഇന്റർവ്യൂവിനു ഷോർട്ട് ലിസ്റ്റ് ചെയ്യുന്നത്.
പട്ടികവിഭാഗം, വിമുക്തഭടൻമാർ, ന്യൂനപക്ഷവിഭാഗം, വികലാംഗർ എന്നിവർക്ക് കൊച്ചി, തിരുവനന്തപുരം തുടങ്ങിയ കേന്ദ്രങ്ങളിൽ പരീക്ഷാ പരിശീലനത്തിനുള്ള സൗകര്യം ലഭിക്കുന്നതാണ്.
അപേക്ഷാഫീസ്: 600 രൂപ. പട്ടികവിഭാഗം, വികലാംഗർ, വിമുക്തഭടൻമാർ എന്നിവർക്ക് 100 രൂപ . ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് മുഖേന ഓണ്‍ലൈനിലൂടെയും അല്ലെങ്കിൽ സിബിഎസ് സൗകര്യമുള്ള ബാങ്ക് ശാഖകളിലൂടെ ഓണ്‍ലൈനായും ഫീസടയ്ക്കാം. ഓണ്‍ലൈനായി ഫീസടയ്ക്കുന്പോൾ അതിനുള്ള നിർദേശങ്ങൾ സ്ക്രീനിൽ ലഭിക്കും. ട്രാൻസാക്ഷൻ പൂർത്തിയാകുന്പോൾ ലഭിക്കുന്ന ഇ-രസീതിന്റെ പ്രിന്റെടുക്കണം.
സിബിഎസ് ചെലാനുപയോഗിച്ച് ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര എന്നീ പൊതുമേഖലാബാങ്കുകളിലൂടെ ഓഫ്ലൈനായി സെപ്റ്റംബർ ഒന്നു വരെ ഫീസടയ്ക്കാം.
ഓണ്‍ലൈൻ രജിസ്ട്രേഷനു ശേഷം സിസ്റ്റം ജനറേറ്റഡ് ഫീ പേയ്മെന്റ് ചെലാന്റെ പ്രിന്റെടുത്തു വേണം ഫീസടയ്ക്കാൻ. രജിസ്ട്രേഷൻ കഴിഞ്ഞുള്ള രണ്ടാമത്തെ പ്രവൃത്തിദിനം മുതൽ ഫീസ് തുക സ്വീകരിക്കും. മൂന്നു പ്രവൃത്തിദിനങ്ങൾക്കുള്ളിൽ ഫീസടയ്ക്കണം. വെബ്സൈറ്റിലെ നിർദേശങ്ങൾക്കനുസരിച്ചു ഫീസടയ്ക്കുക.
അപേക്ഷ:www.ibps.in , http://www.ibpsrecruitment.in/ എന്നീ വെബ്സൈറ്റ് വഴി ഓണ്‍ലൈൻ അപേക്ഷ സമർപ്പിക്കാം. നിർദേശങ്ങൾ വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്. അപേക്ഷകർക്ക് ഇ-മെയിൽ ഐഡി ഉണ്ടായിരിക്കണം. ഓണ്‍ലൈൻ അപേക്ഷയിൽ അപ്ലോഡ് ചെയ്യാൻ അപേക്ഷകന്റെ ഒപ്പും പാസ്പോർട്ട്സൈസ് കളർ ഫോട്ടോയും സ്കാൻ ചെയ്തു സൂക്ഷിക്കണം. ഓണ്‍ലൈൻ അപേക്ഷാ സമയത്തു രജിസ്ട്രേഷൻ നന്പരും പാസ്വേർഡും ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക് www.ibps.in , http://www.ibpsrecruitment.in/
ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 1, 2017