എ. അയ്യപ്പന്‍
മലയാള കവി. 1949 ഒ. 27-ന് തിരുവനന്തപുരത്ത് ജനിച്ചു. ബാല്യകാലത്തു തന്നെ മാതാപിതാക്കള്‍ അന്തരിച്ചു. സഹോദരിയായ സുബ്ബലക്ഷ്മിയുടെ സംരക്ഷണയില്‍ വളര്‍ന്ന അയ്യപ്പന്‍ വിദ്യാഭ്യാസത്തിനുശേഷം അക്ഷരം മാസികയുടെ പ്രസാധകനും പത്രാധിപരുമായി.
ബലിക്കുറിപ്പുകള്‍ (1982), പ്രവാസിയുടെ ഗീതം (1989), ചിത്തരോഗാശുപത്രിയിലെ ദിവസങ്ങള്‍ (1985), മാളമില്ലാത്ത പാമ്പ് (1990), കറുപ്പ് (1993) എന്നിവയാണ് മുഖ്യകൃതികള്‍. ബലിക്കുറിപ്പുകള്‍ എന്ന കവിതാസമാഹാരത്തില്‍ 22 കവിതകളാണുള്ളത്.
32 കവിതകളുടെ സമാഹാരമാണ് പ്രവാസിയുടെ ഗീതം. സ്മരണകളായി മാറാന്‍ കൂട്ടാക്കാത്ത യാഥാര്‍ഥ്യങ്ങളെ കവിതകളാക്കി മാറ്റിയിരിക്കുകയാണിവിടെ. സമൂഹത്തിന്റെ സാമ്പ്രദായിക മൂല്യങ്ങളെ നിരാകരിക്കുന്ന കവിയാണു അയ്യപ്പന്‍. ജീവിതത്തിന്റെ നിഷ്ഫലതയെയും അര്‍ഥത്തെയും ഒരേസമയം കവി ധ്വനിപ്പിക്കുന്നു.
പ്രവാസിയുടെ ഗീതത്തിന് 1992-ല്‍ കനകശ്രീ അവാര്‍ഡ് ലഭിച്ചു. ഗ്രീഷ്മവും കണ്ണീരും, മുളന്തണ്ടിന് രാജയക്ഷ്മാവ്, കല്‍ക്കരിയുടെ നിറമുള്ളവര്‍, വെയില്‍ തിന്നുന്ന പക്ഷി, ബുദ്ധനും ആട്ടിന്‍ കുട്ടിയും എന്നിവ അയ്യപ്പന്റെ ശ്രദ്ധേയമായ കവിതാസമാഹാരങ്ങളാകുന്നു. 1999-ല്‍ വെയില്‍ തിന്നുന്ന പക്ഷിക്ക് കേരളാ സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. 2010 ഒക്ടോബര്‍ 21-ന് ഇദ്ദേഹം അന്തരിച്ചു.