എംബിബിഎസ് /ബിഡിഎസ് : നീറ്റിൽ യോഗ്യത നേടിയവർക്ക് രജിസ്ട്രേഷന് 11 വരെ
സിബിഎസ്ഇ നടത്തിയ അഖിലേന്ത്യാ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിൽ ( NEET ) യോഗ്യത നേടിയവർക്ക് 15 ശതമാനം അഖിലേന്ത്യാ ക്വാേട്ട അനുസരിച്ചുള്ള പ്രവേശനത്തിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. 11-ാം തീയതി വരെ രജിസ്ട്രേഷനു സൗകര്യം ഉണ്ടായിരിക്കും. കേരളത്തിലെ മെഡിക്കൽ കോളജുകളിലും അഖിലേന്ത്യാ ക്വോട്ടയിലുള്ള പ്രവേശനം ലഭിക്കും.
രണ്ട് റൗണ്ട് അലോട്ട്മെന്റാണ് നിശ്ചയിച്ചിട്ടുള്ളത്. ചോയ്സ് ഫില്ലിംഗിന് 12ന് ഒരു ദിവസം മാത്രമാണ് അനുവദിച്ചിട്ടുള്ളത്. 11ന് മോക് അലോട്മെന്റും നിശ്ചയിച്ചിട്ടുണ്ട്. ആദ്യ റൗണ്ട് സീറ്റ് അലോട്മെന്റ് 13,14 തീയതികളിൽ നടക്കും. തുടർന്ന് ആദ്യ അലോട്മെന്റ് 15ന് പ്രഖ്യാപിക്കും. അലോട്മെന്റ് ലഭിച്ചവർ തുടർന്ന് 16നും 22നും മധ്യേ അതതു കോളജുകളിൽ പ്രവേശനം നേടണം. ഓഗസ്റ്റ് ഒന്നിന് രണ്ടാം ഘട്ട അലോട്മെന്റ് പ്രക്രിയ ആരംഭിക്കും. ഓഗസ്റ്റ് എട്ടിന് രണ്ടാം ഘട്ട അലോട്മെന്റ് പ്രഖ്യാപിക്കും. ഓഗസ്റ്റ് 16നകം അഡ്മിഷൻ നടപടികൾ പൂർത്തിയാക്കും.
അപേക്ഷ സമർപ്പിച്ചപ്പോൾ നൽകിയ ചില വിവരങ്ങൾ രജിസ്ട്രേഷൻ സമയത്തും നൽകേണ്ടതുണ്ട്. ഇക്കാര്യങ്ങളെല്ലാം തികച്ചും രഹസ്യമായി സൂക്ഷിക്കേണ്ടതാണ്. പേരിന്റെ സ്പെല്ലിംഗും മറ്റും അപേക്ഷ സമർപ്പിച്ചപ്പോൾ നൽകിയതു തന്നെയായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഈ സമയത്തു ലഭിക്കുന്ന പാസ്വേഡ് അഡ്മിഷൻ കഴിയുന്നതു വരെയും സൂക്ഷിച്ചു വയ്ക്കണം. രജിസ്ട്രേഷനും ചോയ്സ് ഫില്ലിംഗും വളരെ ശ്രദ്ധയോടെ നിർവഹിച്ച ശേഷം ലോക്ക് ചെയ്ത് പ്രിന്റൗട്ട് എടുത്തു സൂക്ഷിക്കണം.
താത്പര്യമുള്ള കോളജുകൾ ആദ്യ ചോയ്സായി നൽകി എത്ര കോളജുകളിലേക്കു വേണമെങ്കിലും ചോയ്സ് നൽകാം.
അലോട്മെന്റ് ലഭിച്ചു കഴിഞ്ഞാൽ അവസാന തീയതിക്കു കാത്തിരിക്കാതെ എത്രയും വേഗം കോളജിൽ ചേരാൻ ശ്രമിക്കണം. അഡ്മിഷൻ സമയത്തു ഹാജരാക്കേണ്ട രേഖകൾ സംബന്ധിച്ച വിവരം വെബ്സൈറ്റിലുണ്ട്. യഥാർഥ രേഖകൾ തന്നെ ഈ സമയത്തു ഹാജരാക്കണം. രണ്ടാം റൗണ്ടിൽ പങ്കെടുക്കാൻ താത്പര്യമുണ്ടോ എന്ന വിവരവും അറിയിക്കണം.
ആദ്യ റൗണ്ടിനു ശേഷം വന്ന ഒഴിവുകളിലേക്കാണ് രണ്ടാം റൗണ്ട് അലോട്മെന്റ്. ആദ്യ റൗണ്ടിൽ അലോട്മെന്റ് ലഭിക്കാത്തവർക്കും കൂടുതൽ മെച്ചപ്പെട്ട കോളജുകൾ വേണമെന്ന് താത്പര്യം അറിയിച്ചവർക്കും ഇതിൽ പങ്കെടുക്കാം.
കേരളത്തിലെ എംബിബിഎസ്, ബിഡിഎസ്, ആയൂർവേദം , ഹോമിയോപ്പതി, സിദ്ധ, യൂനാനി എന്നീ മെഡിക്കൽ കോഴ്സുകളിലേയും അഗ്രികൾച്ചറൽ, ഫോറസ്ട്രി, വെറ്ററിനറി , ഫിഷറീസ് എന്നീ അനുബന്ധ കോഴ്സുകളിലേക്കും പ്രവേശനത്തിനായുള്ള സംസ്ഥാന റാങ്ക് ലിസ്റ്റുകൾ തയാറാക്കുന്നതിലേയ്ക്ക് വിദ്യാർഥികൾ അവരവരുടെ നീറ്റ് ഫലം പ്രവേശനപ്പരീക്ഷാ കമ്മീഷണർക്ക് സമർപ്പിക്കണം.
കേരളത്തിലെനീറ്റ് സ്കോറിന്റെ അടിസ്ഥാനത്തിൽ പ്രവേശന പരീക്ഷാ കമ്മീഷണർ തയാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നും ഏകീകൃത കൗണ്സലിംഗ് വഴിയായിരിക്കും പ്രവേശനം നടത്തുന്നത്.
കൂടാതെ ആയുർവേദം, ഹോമിയോപ്പതി, സിദ്ധ, യൂനാനി എന്നീ മെഡിക്കൽ കോഴ്സുകളിലേയും അഗ്രികൾച്ചറൽ, ഫോറസ്ട്രി, വെറ്ററിനറി, ഫിഷറീസ് എന്നീ അനുബന്ധ കോഴ്സുകളിലേയും പ്രവേശനം നീറ്റ് സ്കോറിന്റെ അടിസ്ഥാനത്തിൽ പ്രവേശന പരീക്ഷാ കമ്മീഷണർ തയാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നും ആയിരിക്കും. ഹെൽപ് ലൈൻ നന്പർ: 0471 2339101, 2339102, 2339102, 2339103, 2339104. മെഡിക്കൽ കൗണ്സിൽ ഓഫ് ഇന്ത്യയുടെ വെബ്സൈറ്റായ www.mcc.nic.in മുഖാന്തിരം വേണം രജിസ്ട്രേഷനും ചോയിസ് ഫില്ലിംഗും നടത്താൻ.
- സുകുമാരൻ നായർ പി കെ