ഇ- കൊമേഴ്സ് രംഗത്ത് വന് തൊഴിൽ സാദ്ധ്യതകൾ .

Share:

ലോകത്തിലെ ഏറ്റവും വലിയ ഇകൊമേഴ്സ് കമ്പനികളിലൊന്നായ ആമസോണ് ഇന്ത്യയിൽ ശക്ത മാകുന്നു . ഇതിന് പുറമെ രാജ്യത്തെ ഏറ്റവും വലിയ ഓണ്ലൈന് ഷോപ്പിങ് കമ്പനിയായ ഫ്ലിപ്കാര്ട്ട് ഈ രംഗത്തെ മറ്റൊരു പ്രധാന കമ്പനിയായ മിന്ട്ര ഏറ്റെടുത്ത് കോടികള് മുതല്മുടക്കാനുള്ള തയ്യാറെടുപ്പിലാണ്.
ഇകൊമേഴ്സ് രംഗത്ത് അമ്പതിനായിരത്തോളം തൊഴിലവസരങ്ങൾ ഉടൻ ഉണ്ടാകുമെന്നാണ് കരുതുന്നത് .

കഴിഞ്ഞ വര്ഷം റീട്ടെയില് ഉത്പന്നങ്ങളുടെ ഓണ്ലൈന് വില്പനയിലൂടെ കമ്പനികള് നേടിയത് ഏതാണ്ട് 9,600 കോടി രൂപയാണ്. ഓണ്ലൈന് ടിക്കറ്റ് വില്പനയും ഹോട്ടല് മുറി ബുക്കിങ്ങും കൂടി കണക്കിലെടുത്താല് ഇകൊമേഴ്സ് വിപണി 78,000 കോടി രൂപയില് എത്തിയിട്ടുണ്ടെന്നാണ് കെ.പി.എം.ജി.യുടേയും ഇന്റര്നെറ്റ് ആന്ഡ് മൊബൈല് അസോസിയേഷന് ഓഫ് ഇന്ത്യയുടേയും അനുമാനം. റീട്ടെയില് ഉത്പന്നങ്ങളുടെ ഓണ്ലൈന് വില്പന 2021 ആകുന്നതോടെ 4.5 ലക്ഷം കോടി രൂപയിലെത്തുമെന്ന് ഗവേഷണ സ്ഥാപനമായ ടെക്നോപാക്ക് വിലയിരുത്തുന്നു.
ഐ.ടി. രംഗത്തുണ്ടായതിന് സമാനമായ ബൂമാണ് ഈ രംഗത്തുണ്ടാവുക. അടുത്ത രണ്ടര മൂന്നു വര്ഷത്തിനുള്ളില് തന്നെ അരലക്ഷം തൊഴിലവസരങ്ങള് ഇന്ത്യയില് പ്രത്യക്ഷമായും അതിലേറെ പരോക്ഷമായും ഉണ്ടാകും. എം.ബി.എ., എന്ജിനീയറിങ് ബിരുദധാരികള്ക്കാണ് ഏറ്റവുമധികം തൊഴില്സാധ്യത. മുന്നിര ഇകൊമേഴ്സ് കമ്പനികള് ഇന്ത്യന് ഇന്സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്മെന്റ് (ഐ.ഐ.എം.), ഇന്ത്യന് ഇന്സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി.) എന്നിവ ഉള്പ്പെടെ രാജ്യത്തെ മുന്നിര വിദ്യാഭ്യാസ സ്ഥാപനങ്ങളില് നിന്ന് കാമ്പസ് റിക്രൂട്ട്മെന്റിലൂടെ പുതുമുഖങ്ങളെ തിരഞ്ഞെടുക്കുന്നുണ്ട്. ആമസോണ്, ഫ്ലിപ്കാര്ട്ട്മിന്ട്ര, സ്നാപ്ഡീല് എന്നീ കമ്പനികളാണ് കാമ്പസ് റിക്രൂട്ട്മെന്റില് മുന്നില്.
ഇന്ത്യയിലെ മുന്നിര ബിസിനസ് സ്കൂളുകളിലെ (എം.ബി.എ. കോളേജുകള്) വിദ്യാര്ത്ഥികള് ജോലി ചെയ്യാന് താത്പര്യം കാണിക്കുന്ന മേഖലകളില് രണ്ടാം സ്ഥാനത്തെത്തിയിരിക്കുകയാണ് ഇകൊമേഴ്സ്. ആഗോള വിപണി ഗവേഷണ സ്ഥാപനമായ നീല്സണ് ഈയിടെ നടത്തിയ സര്വേയില് ഇത്തരത്തിലുള്ള എം.ബി.എ. വിദ്യാര്ത്ഥികളില് ഏതാണ്ട് 25 ശതമാനം പേര്ക്കും ഓണ്ലൈന് ഷോപ്പിങ് കമ്പനികളിലെ ജോലിയാണ് താത്പര്യം. ഇതിന് മുകളില് എഫ്.എം.സി.ജി. മേഖല മാത്രമാണ് ഉള്ളത്.
പ്രമുഖ ബിസ്കൂളുകളില് നിന്നും എന്ജിനീയറിങ് കാമ്പസ്സുകളില് നിന്നും പഠിച്ചിറങ്ങുന്നവര്ക്ക് ആറു ലക്ഷം രൂപ മുതല് 15 ലക്ഷം രൂപ വരെയാണ് വാര്ഷിക ശമ്പളം. ഇകൊമേഴ്സ് കമ്പനികളില് മാര്ക്കറ്റിങ്, സെയില്സ്, ഓപ്പറേഷന്സ്, ഐ.ടി., ഡാറ്റാ അനലിറ്റിക്സ് എന്നീ രംഗങ്ങളിലാണ് ജീവനക്കാരെ വന്തോതില് ആവശ്യമായി വരുന്നത്. ഡിജിറ്റല് മാര്ക്കറ്റിങ് പ്രൊഫഷണലുകള്ക്കും ഇതു നല്ലകാലമാണ്. ഇതിന് പുറമെ ആയിരക്കണക്കിന് ഡെലിവറി സ്റ്റാഫിനെയും വേണ്ടിവരുന്നുണ്ട്.
ഇന്ത്യയിലെ ഇകൊമേഴ്സ് കമ്പനികളൊന്നും ലാഭത്തിലെത്തിയിട്ടില്ലെങ്കിലും വന്തോതില് മൂലധനം സ്വരൂപിക്കാന് കഴിയുന്നുണ്ട്. ഇന്ത്യന് ഇകൊമേഴ്സ് വിപണിയുടെ ഭാവി സാധ്യത മനസ്സിലാക്കി ആഗോള നിക്ഷേപക സ്ഥാപനങ്ങള് കോടികള് മുതല്മുടക്കുന്നതാണ് കാരണം. ഇന്റര്നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന വര്ധനയാണ് ഇന്ത്യന് ഇകൊമേഴ്സ് വിപണിക്ക് കരുത്തു പകരുന്നത്. രാജ്യത്ത് നിലവില് 21.3 കോടിയാളുകള് ഇന്റര്നെറ്റ് ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. രണ്ട് വര്ഷത്തിനുള്ളില് ഇത് 50 കോടിയാകുമെന്ന് കണ്സള്ട്ടന്സി സ്ഥാപനമായ മെക്കന്സി വിലയിരുത്തുന്നു.

Share: