ഇമ്മാനുവൽ മാക്രോൺ : ഫ്രാൻസിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡണ്ട്
-സതീഷ് ചന്ദ്രൻ
സെൻട്രിസ്റ്റ് പ്രതിനിധി എന്ന നിലയിൽ ഇടതിനെയും വലതിനെയും ഒന്നിപ്പിക്കുകയല്ല, മറിച്ച് ഫ്രഞ്ച് ജനതയെ ഒന്നിപ്പിക്കുക എന്നതാണു തന്റെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ബ്രെക്സിറ്റ് അനന്തര കാലഘട്ടത്തിൽ യൂറോപ്യൻ യൂണിയനെ ഒരുമിച്ചു നിർത്തുക എന്ന കൂടുതൽ വിശാലമായ ലക്ഷ്യം ആ വാക്കുകളിൽ ലോകം കാണുകയും ചെയ്യുന്നു.
മുപ്പത്തൊമ്പതാം വയസിൽ ഫ്രാൻസിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റാണ് ഇമ്മാനുവൽ മാക്രോൺ. മാക്രോണിന്റെ വിജയം എന്നതിലുപരി മറീൻ ലെ പെന്നിന്റെ പരാജയം എന്ന വലിയൊരു വ്യാഖ്യാനം കൂടിയുണ്ട് ഫ്രഞ്ച് തെരഞ്ഞെടുപ്പു ഫലത്തിന്.
ഓസ്ട്രിയയിൽ ഫ്രീഡം പാർട്ടിയുടെ നോർബർട്ട് ഹോഫറെയും നെതർലൻഡ്സിൽ പാർട്ടി ഫൊർ ഫ്രീഡത്തിന്റെ ഗീർട്ട് വൈൽഡേഴ്സിനെയും വോട്ടർമാർ നിരാകരിച്ചപ്പോൾ ഉയർന്ന ശുഭ പ്രതീക്ഷയാണ് ഫ്രാൻസിൽ നാഷണൽ ഫ്രണ്ടിന്റെ മറീൻ ലെ പെന്നിന്റെ പരാജയത്തോടെ വാനോളം ഉയർന്നിരിക്കുന്നത്.
തീവ്ര ദേശീയ വാദവും, കുടിയേറ്റ- അഭയാർഥിത്വ വിരുദ്ധ നിലപാടുകളും, യൂറോപ്യൻ യൂണിയൻ വിരുദ്ധതയും, ഇസ്ലാം വിരുദ്ധതയും മുഖമുദ്രയാക്കിയ തീവ്ര വലതുപക്ഷ പാർട്ടികളെയാണ് യൂറോപ്പിലെ മൂന്നു പ്രമുഖ രാഷ്ട്രങ്ങൾ തള്ളിക്കളഞ്ഞിരിക്കുന്നത്. ലോകത്ത് ഇനിയും പ്രതീക്ഷയ്ക്കു വകയുണ്ടെന്നതിന് ഉത്തമോദാഹരണങ്ങൾ. യൂറോപ്യൻ യൂണിയനിൽനിന്നു പിൻമാറാനുള്ള ബ്രിട്ടന്റെ തീരുമാനത്തിലും ഡോണൾഡ് ട്രംപിനെ പ്രസിഡന്റായി തെരഞ്ഞെടുത്ത അമെരിക്കൻ ജനതയുടെ തീരുമാനത്തിലും അന്തർലീനമായിരുന്ന തീവ്ര വലതു ചായ്വിനുള്ള മറുപടിയായും വിലയിരുത്താം മാക്രോണിന്റെ തെരഞ്ഞെടുപ്പു വിജയത്തെ.
യൂണിയൻ ഫൊർ എ പോപ്പുലർ മൂവ്മെന്റ് പ്രതിനിധിയായ നിക്കോളാസ് സർക്കോസിക്കു പകരം സോഷ്യലിസ്റ്റ് ബദലിൽ വിശ്വാസമർപ്പിച്ചാണ് ഫ്രഞ്ച് ജനത കഴിഞ്ഞ ടേമിൽ ഫ്രാൻസ്വ ഒളാന്ദിനെ അധികാരത്തിലേറ്റിയത്.
2008 മുതൽ യൂറോപ്പ് നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്കു സോഷ്യലിസ്റ്റ് മാർഗത്തിലൂടെ പരിഹാരം എന്ന പ്രതീക്ഷ അതിൽ തെളിഞ്ഞു നിന്നു. എന്നാൽ, ജർമനിയും ബ്രിട്ടനും അടക്കം മേഖലയിലെ മറ്റു വൻ ശക്തികൾ മാന്ദ്യത്തിൽനിന്നു കരകയറിയിട്ടും ഫ്രാൻസിന് അത്ര വലിയ മുന്നേറ്റം സാധ്യമാക്കാൻ കഴിഞ്ഞില്ല. തുടർച്ചയായ ഭീകരാക്രമണങ്ങൾ രാജ്യത്തെ പിടിച്ചുലയ്ക്കുകയും ചെയ്തതോടെ ഒളാന്ദിനും സോഷ്യലിസ്റ്റ് പാർട്ടിക്കും ഭരണത്തുടർച്ച എന്ന വിദൂര പ്രതീക്ഷ പോലും നഷ്ടപ്പെടുകയും ചെയ്തു.
ആധുനിക യൂറോപ്പും ഫ്രാൻസും നേരിടുന്ന സാമ്പത്തികവും സുരക്ഷാപരവുമായ വെല്ലുവിളികൾക്കുള്ള ഉത്തരം ഇടതുപക്ഷത്തിന്റെയോ സോഷ്യലിസത്തിന്റെയോ പക്കൽ ഇല്ല എന്ന പരോക്ഷ സമ്മതത്തിലൂടെയാണ് ഒളാന്ദ് ഇക്കുറി മത്സരത്തിൽനിന്നു വിട്ടുനിന്നത്. രാജ്യത്തിന്റെ സമീപകാല ചരിത്രത്തിൽ ഒരു പ്രസിഡന്റും രണ്ടാം വട്ടം മത്സരിക്കുന്നതിൽ വിമുഖത കാട്ടിയിട്ടില്ല. എന്നാൽ, മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളിൽ മാറിമാറി ഭാഗ്യ പരീക്ഷണം നടത്തുന്ന പതിവിൽനിന്ന് ഒന്നു മാറി ചിന്തിക്കാനാണ് ഫ്രഞ്ച് ജനത ഇക്കുറി തീരുമാനിച്ചത്. അങ്ങനെയാണ് ഒരു വർഷം മാത്രം മുൻപ് സ്വയം രൂപീകരിച്ച എൻ മാർഷെ എന്ന പാർട്ടിയുമായി മാക്രോൺ പ്രസിഡന്റിന്റെ സിംഹാസനം കയ്യടക്കുന്നത്.
ഒളാന്ദിന്റെ ക്യാബിനറ്റിലെ ധനമന്ത്രി എന്ന നിലയിൽ അത്ര മികച്ച അഭിപ്രായമുണ്ടാക്കാൻ സാധിച്ചിരുന്നില്ല അദ്ദേഹത്തിന്. 2014ൽ മന്ത്രിയായതോടെയാണ് അദ്ദേഹം ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധിക്കപ്പെടുന്നതു തന്നെ. അതിനു മുൻപ് പ്രസിഡന്റിന്റെ സാമ്പത്തികകാര്യ ഉപദേഷ്ടാവായിരുന്നു. മന്ത്രിയെന്ന നിലയിൽ മുതലാളിത്ത സൗഹാർദപരമായ ഉദാരീകരണം നടപ്പാക്കാനുള്ള ശ്രമം കടുത്ത ജനരോഷത്തിനു കാരണമായി.
തൊഴിൽ വിപണിയിൽ വരുത്തിയ മാറ്റങ്ങളും പെൻഷൻ പരിഷ്കരണവും തൊഴിലാളി യൂണിയനുകൾക്കു ശക്തമായ വേരോട്ടമുള്ള ഫ്രാൻസിൽ വലിയ വിമർശനങ്ങൾക്കും കാരണമായിരുന്നു. പാർലമെന്റിൽ സമവായമുണ്ടാകാത്തതു കാരണം ഇത്തരം നിർദേശങ്ങളിൽ പലതും സർക്കാരിന്റെ പ്രത്യേക അധികാരം ഉപയോഗിച്ചു നടപ്പാക്കേണ്ടതായും വന്നു.
ഇപ്പോഴും ഗുരുതരമായ സാമ്പത്തിക പ്രശ്നങ്ങൾക്കു നടുവിലാണു ഫ്രാൻസ്. യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മാ നിരക്ക് കുറഞ്ഞിട്ടുണ്ടെങ്കിലും ആശ്വസിക്കാവുന്ന അവസ്ഥയിലേക്കു താഴ്ന്നിട്ടില്ല. 2015 നവംബറിൽ പാരീസിലുണ്ടായ ഭീകരാക്രമണത്തെത്തുടർന്നു പ്രഖ്യാപിച്ച അടിയന്തരാവസ്ഥ ഇപ്പോഴും തുടരുകയാണ്. ഇതിനെല്ലാം പരിഹാര നിർദേശങ്ങളുമായാണ് മാക്രോൺ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ചെലവുചുരുക്കൽ തുടരുമെന്നും, എന്നാൽ, കോർപ്പറേറ്റ് നികുതി 33 ശതമാനത്തിൽനിന്ന് 25 ശതമാനമാക്കുമെന്നുമുള്ള പ്രഖ്യാപനങ്ങൾ ഇവയിൽ ചിലതു മാത്രം. സർക്കാരിന്റെ ക്ഷേമ പദ്ധതികളിലും പെൻഷൻ പദ്ധതികളിലും കൂടുതൽ പരിഷ്കരണങ്ങൾ പ്രതീക്ഷിക്കാം. യൂറോപ്പിൽ ഏറ്റവും കൂടുതൽ ഭീകരാക്രമണങ്ങളും ഏറ്റവും രൂക്ഷമായ ഭീഷണികളും നേരിടുന്ന രാജ്യം എന്ന നിലയിൽ, പൊലീസിന്റെയും സൈന്യത്തിന്റെയും സമീപനങ്ങളിൽ മാറ്റം വരുത്താനും അദ്ദേഹം ഉദ്ദേശിക്കുന്നു. ഭീകരരുടെ ഓൺലൈൻ പ്രവർത്തനങ്ങൾ തടസപ്പെടുത്താനുള്ള നടപടികളും വാഗ്ദാനം ചെയ്തിരുന്നു.
യൂറോപ്യൻ യൂണിയൻ അംഗത്വവും യൂറോ കറൻസിയും ഉപേക്ഷിക്കുന്നതു സംബന്ധിച്ച ഹിത പരിശോധനയായിരുന്നു മറീൻ ലെ പെന്നിന്റെ പ്രധാന വാഗ്ദാനങ്ങളെങ്കിൽ, മാക്രോൺ യൂറോപ്യൻ യൂണിയനും യൂറോയ്ക്കുമൊപ്പം ഉറച്ചു നിൽക്കും എന്ന ഉറപ്പ് യൂറോപ്പിനു നൽകുന്ന ശുഭാപ്തി വിശ്വാസം ചെറുതല്ല. അംഗരാജ്യങ്ങൾക്കിടയിൽ അതിരുകളില്ലാത്ത യൂറോപ്യൻ യൂണിയൻ എന്ന് ഒരുപടി കൂടി കടന്നു ചിന്തിക്കുകയും ചെയ്യുന്നു മാക്രോൺ.
സെൻട്രിസ്റ്റ് പ്രതിനിധി എന്ന നിലയിൽ ഇടതിനെയും വലതിനെയും ഒന്നിപ്പിക്കുകയല്ല, മറിച്ച് ഫ്രഞ്ച് ജനതയെ ഒന്നിപ്പിക്കുക എന്നതാണു തന്റെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ബ്രെക്സിറ്റ് അനന്തര കാലഘട്ടത്തിൽ യൂറോപ്യൻ യൂണിയനെ ഒരുമിച്ചു നിർത്തുക എന്ന കൂടുതൽ വിശാലമായ ലക്ഷ്യം ആ വാക്കുകളിൽ ലോകം കാണുകയും ചെയ്യുന്നു.